ഒക്‌ടോ. 16 : മിഷന്‍ ഞായര്‍-ഫലം നേടാന്‍ കൂടെയായിരിക്കുക

ഏലിയാ ശ്ലീവാ മൂശാകാലം 9-ാം ഞായര്‍

വിചിന്തനത്തിനായി നാം വിശുദ്ധ മത്തായിയുടെ സുവിശേഷം 10-ാം അധ്യായം ഒന്നുമുതല്‍ തുറന്നുവയ്ക്കുമ്പോള്‍ മൂന്നുനാലു വാക്യങ്ങള്‍ പുറകോട്ടു വായിക്കണം. കാരണം, ആ വാക്യങ്ങളുടെ പൂര്‍ത്തീകരണമാണ് അപ്പസ്‌തോലന്മാരെ അയയ്ക്കുന്നത്. നമ്മെ സംബന്ധിച്ചിടത്തോളം വേലക്കാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ പറയുന്ന ഈശോ വേലക്കാരെ തരുന്നു. വിളയെല്ലാം പാകമായിട്ടും കൊയ്‌തെടുക്കുന്നില്ലെങ്കില്‍ അവ വീണ്ടും മുളച്ച് ഫലശൂന്യമായിപോകും. അതാണ് ഈശോ ഇവിടെ ഉദ്ദേശിക്കുക. നാം ഇന്നു മിഷന്‍ സണ്‍ഡേ ആചരിക്കുമ്പോള്‍ വിത്തും വിളയും ഞാന്‍ യഥാവിധം കാത്തുസൂക്ഷിച്ചോ?

ഭീകരര്‍ തങ്ങളുടെ കൂട്ടത്തിലേക്ക് ആളെക്കൂട്ടുകയും അവരെ അയക്കുകയും ചെയ്യുമ്പോള്‍ ഈ ലോകത്തില്‍ അവര്‍ക്കു ലഭിക്കാവുന്ന എല്ലാത്തരത്തിലുള്ള സുഖസൗകര്യങ്ങളും നല്‍കിയാണ് പറഞ്ഞു വിടുക. എന്നാല്‍ ക്രിസ്തു തന്റെ ശിഷ്യനെ അയക്കുമ്പോള്‍ ചില നല്ല നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ട്. രണ്ട് ഉടുപ്പുകള്‍ പാടില്ല, ചെരുപ്പ്, വടി എന്നിവ പാടില്ല, അരപ്പട്ടയില്‍ നാണയം പാടില്ല. ആധുനികലോകത്തിന്റെ മായക്കാഴ്ചകള്‍ക്കു പുറകെ പോകുമ്പോള്‍ ഇതെല്ലാം തീരെ വിരോധാഭാസമായി തോന്നാം. കാരണം, പണമില്ലാത്ത മിഷന്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒന്നു ചിന്തിക്കുവാന്‍ കൂടി നമുക്കാവില്ല. പക്ഷേ, യേശുനാഥന്‍ പറയുമ്പോള്‍ ഇവിടെ അര്‍ത്ഥമാക്കുക ഒരിക്കലും നിന്റെ ആശ്രയം പണത്തിലാകരുത്. നീ പിണമായി മാറും. മറിച്ച് മകനെ/മകളെ നിന്റെ ആശ്രയം എന്നിലാകണം. ദൈവം തരുന്ന വചനത്തില്‍ ആശ്രയം വയ്ക്കുമ്പോഴാണ് നാം യഥാര്‍ത്ഥ ക്രിസ്ത്യാനിയാവുക. ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ കൂടെ നടക്കുന്നവനായിമാറണം. എന്നില്‍നിന്നോ നിന്നില്‍ നിന്നോ അകലയല്ല മറിച്ച് നിന്നോടുകൂടെ എപ്പോഴുമുള്ള നിന്റെ ദൈവത്തിന്റെ കൂടെ നടക്കുക. ഇങ്ങനെ കൂടെ നടന്നവരുടെ ചരിത്രം പറയുകയാണ് സഭയുടെ വിശുദ്ധര്‍. ലോകത്തില്‍ സഭ തകര്‍ക്കപ്പെടുകയാണ് നശിപ്പിക്കപ്പെടുകയാണ് എന്നെല്ലാം പറയുമ്പോഴും സഭയില്‍ ജീവിച്ച രക്തസാക്ഷികളുടെയും വിശുദ്ധരുടെയും മാതൃക ഇന്ന് അനേകജനങ്ങള്‍ക്ക് പ്രചോദനമായി അതിലേറെ അവരുടെ മാര്‍ഗ്ഗദീപമായി മാറുന്നു.

വി. കൊച്ചുത്രേസ്യയെക്കുറിച്ച് നാം അനേകം കേട്ടിട്ടുണ്ട് ചെറുപ്പത്തില്‍ സ്വര്‍ഗ്ഗം പുല്‍കിയവള്‍pray-for-the-mission-2016. ലോകത്തിന്റെ കോണുകളില്‍ മിഷന്‍ പ്രവര്‍ത്തനം നടത്താത്തവള്‍. മഠത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ദൈവത്തില്‍ പൂര്‍ണ്ണ ആശ്രയം വച്ച് ജീവിച്ചപ്പോള്‍ അനേകര്‍ക്കുവേണ്ടി ദൈവത്തോടു മാദ്ധ്യസ്ഥ്യം യാചിച്ചപ്പോള്‍ അവളുടെ ജീവിതത്തെ  അള്‍ത്താരയില്‍ വണങ്ങുന്നതിനായി ദൈവം അവളെ ഒരുക്കി. സ്‌നേഹം ദൈവത്തില്‍ നിന്നും വാങ്ങിനല്‍കാന്‍ ഇത്രയേറെ തിടുക്കം കാട്ടിയ വേറെയൊരു വിശുദ്ധയില്ല ആ ചെറിയ സാഹചര്യത്തിലും ജീവിച്ചിട്ടും കൊച്ചുത്രേസ്യ ഒരു വിശുദ്ധയും, വേദപാരംഗതയും ആഗോള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥയും ആയെങ്കില്‍ ഒരുപാട് നല്ല സാഹചര്യങ്ങള്‍ ഉള്ള നമ്മുടെ ജീവിതവും ദൈവത്തിന് വേണ്ടി മാറ്റിവയ്ക്കുന്ന ഒന്നാകണം.

സാഹചര്യങ്ങളെ പഴിച്ചിരിക്കാതെ നാം ആയിരിക്കുന്ന ചുറ്റപാടില്ല നമ്മള്‍ക്ക് കഴിയുന്ന പ്രേഷിതപ്രവര്‍ത്തനം നടത്താം. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കു അടിമപ്പെട്ടു പോകുന്ന നമ്മുടെ ബാല്യ-കൗമാരക്കാരെ ജീവിതത്തെ ശരിയായ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചാല്‍, ഏറ്റവും പ്രധാന കാര്യമാണ്. ഒരു സ്‌നേഹത്തോടെയുള്ള നോട്ടത്തിലൂടെയോ, സംസാരത്തിലൂടെയോ ഇന്നത്തെ അവഗണിക്കപ്പെടുന്നവര്‍ക്ക് ഒരു സാന്ത്വനം നല്‍കാന്‍ പറ്റിയാല്‍, നമ്മുടെ ജീവിതത്തില്‍ പ്രേഷിതപ്രവര്‍ത്തനം നടന്നു കഴിഞ്ഞു. ഇന്നിന്റെ വിശുദ്ധരായ മദര്‍ തെരേസയും, ഫാ. ഡാമിയേനും, വി. അല്‍ഫോന്‍സാമ്മയുമെല്ലാം നല്‍കുന്ന പാഠം ഇതുതന്നെയാണ്. ഈശോ അയക്കുന്നതിനു മുമ്പേ ചെയ്യുന്നത് പേരുചൊല്ലി വിളിച്ച് തന്റെ ശിഷ്യരെ മാറ്റിനിര്‍ത്തുകയാണ്. ബൈബിള്‍ പണ്ഡിതന്മാര്‍ പറയും ഒന്നിച്ചു നടന്ന പ്രവര്‍ത്തിയല്ല ഇതുരണ്ടും മറിച്ച് അയച്ചത് ആരെയാണ് എന്നതിന്റെ പ്രധാന്യം കാണിക്കാനായിട്ട് ഇവിടെ ചേര്‍ത്തിരിക്കുന്നതാണ്.

മര്‍ക്കോസിന്റെ സുവിശേഷത്തില്‍ തിരഞ്ഞടുപ്പിനെക്കുറിച്ച് പറയുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരു ഉദ്യേശ്യം പറഞ്ഞുവയ്ക്കുന്നു: മര്‍ക്കോ. 3:14-ല്‍ പറയുന്നു, തന്നോടു കൂടെയായിരിരിക്കാന്‍ ഈശോ ശിഷ്യന്മാരെ വിളിച്ചു എന്ന്. എന്നു പറഞ്ഞാല്‍ ക്രിസ്തുശിഷ്യന്റെ ആദ്യത്തെ ജോലി എന്നു പറയുക ദൈവത്തിന്റെ കൂടെ ആയിരിക്കുക എന്നതാണ്. അതില്‍നിന്നും ശക്തിസ്വീകരിച്ച് നാം പ്രേഷിതരാകണം. ഏതു നിമിഷവും ദൈവത്തോടു നാം ഒന്നായിരിക്കണം. അപ്പോള്‍ മാത്രമേ നമ്മുടെ മിഷന്‍ ഏതെന്നു വെളിപ്പെടുകയുള്ളൂ. നാം ഓരോ ദിവസവും ബലിയര്‍പ്പണത്തിന് അണയുമ്പോള്‍ മറക്കാതിരിക്കണം ദൈവം തന്നത്തന്നെ വിളിപ്പെടുത്തുന് സമയമാണിതെന്ന്. തിരുവോസ്തി രൂപന്‍ നിങ്ങളില്‍ വരുമ്പോള്‍ ദൈവമേ എന്നെയും അങ്ങയുടെ ഉപകരമാക്കണമേ, എന്ന പ്രാര്‍ത്ഥനയോടെ വി. ബലി തുടരാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.