വി. യൗസേപ്പ്: ഉത്തരവാദിത്വങ്ങളിലേക്കുള്ള ഒരു ചോദ്യം

ഒരു ചെറുവീടിന്റെ സ്വപ്‍നം മുഴുവൻ തന്റെ തോളിലേറ്റി, അതിൽ ഉള്ളവർക്കുവേണ്ടി മറുകര കണ്ടേ പറ്റൂ എന്ന ഉറച്ച ബോധ്യത്തോടു കൂടി ജീവിച്ച വ്യക്തിയാണ് വി. യൗസേപ്പ്. തന്റെ ഉത്തരവാദിത്വങ്ങളുടെ തിരക്കഥകൾക്കു ജീവിതം കൊണ്ട് അടിക്കുറിപ്പുകൾ സമ്മാനിച്ചപ്പോൾ യൗസേപ്പിതാവിനെ 1870 -ൽ സാർവത്രികസഭയുടെ മദ്ധ്യസ്ഥനായും പിന്നീട് pious XII മൻ പാപ്പാ തൊഴിലാളികളുടെ മദ്ധ്യസ്ഥനായും വാഴ്ത്തിപ്പാടി.

ദാവീദിന്റെ വംശത്തിൽ പിറന്നവൻ, ബെത്ലഹേമിൽ നിന്നുള്ളവൻ, നസ്രത്തിൽ താമസിക്കുന്നവൻ എന്ന ഓമനപ്പേരുകളോടൊപ്പം തന്നെ ദാവീദിന്റെ വിശിഷ്ട സന്താനം, ഗോത്രപിതാക്കളുടെ പ്രകാശം, കന്യാവ്രതക്കാരുടെ കാവൽക്കാരൻ, ദൈവജനനിയുടെ ഭർത്താവ്, ദാരിദ്ര്യത്തിന്റെ സ്നേഹിതൻ, വേലക്കാരുടെ ദൃഷ്ടാന്തം, കുടുംബങ്ങളുടെ ആധാരം, രോഗികളുടെ ആശ്രയം, നന്മരണ മദ്ധ്യസ്ഥൻ എന്നീ സംജ്ഞകൾ കൂടി ചേർത്തുവയ്ക്കുന്നതു മറ്റൊന്നും കൊണ്ടല്ല… He had a quality… നീതി…

ദൈവവഴികളിൽ ചരിക്കുന്നവനെയും ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവനെയും ദൈവത്തിന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നവനെയും നീതിമാൻ എന്നു വിളിക്കാം. എന്നാൽ പഴയനിയമത്തിലെ നീതിമാൻ വചനം അനുസരിച്ചു ജീവിക്കുന്നവനാണ്. നിയമ. 22: 22-37, ഭാര്യ താൻ അറിയാതെ ഗർഭിണിയായാൽ കല്ലെറിഞ്ഞു കൊല്ലുക എന്ന നിയമം നിലനിന്നിരുന്ന കാലം. പഴയനിയമ നീതിബോധ ചിന്തകൾക്കു ഉത്തരവാദിത്വത്തിന്റെ സുഗന്ധം നൽകുന്നു വി. യൗസേപ്പ്. കല്ലെറിഞ്ഞു കൊല്ലമായിരിന്നിട്ടും അവളെ അപമാനിക്കാൻ മനസുവരാത്ത നീതിബോധം കല്ലെറിയാൻ വിട്ടുകൊടുക്കാതെ രഹസ്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. സ്ത്രീത്വത്തിനു നേരെ പണവും മാധ്യമങ്ങളും പദവിയും കൊണ്ട് വിലപറയുന്ന നീതിബോധത്തിന്റെ അന്ധതകൾക്കു മുന്നിൽ ഒരു ഉത്തരവാദിത്വത്തിന്റെ ഉത്തരമാണ്, തന്റെ പെണ്ണിന്റെ ജീവനു വേണ്ടി, മാനത്തിനു വേണ്ടി സ്വന്തം ജീവിതം നിശബ്ദമാക്കുന്ന വി. യൗസേപ്പ്. “അസമയം” എന്ന ലേബലിനുള്ളിൽ സ്ത്രീയെ തളച്ചിടുന്ന നവയുഗ പുരുഷകേസരിമാർ തിരിച്ചറിയണം, എല്ലാം നല്ല സമയം ആണെന്നും അസമയം എന്നുള്ളത് സ്ത്രീക്ക് ഇല്ലെന്നും ഓരോ നിമിഷവും എന്റെ ഉത്തവാദിത്തമാണെന്നും. സംരക്ഷിക്കുക, പരിപാലിക്കുക എന്നുള്ളത് എന്റെ ജീവിതത്തിന്റെ ഉത്തരവാദിത്വം ആണെന്ന് തിരിച്ചറിയുക.

യൗസേപ്പ് എന്ന നാമത്തിന്റെ അർത്ഥം – വളർത്തുന്നവൻ. തന്റെ പേരിന്റെ അർത്ഥം ജീവിതം കൊണ്ട് അടയാളപ്പെടുത്തി വി. യൗസേപ്പ്. ദൈവത്തെ സ്വപ്‍നം കാണുന്നവൻ. കണ്ട സ്വപ്നങ്ങൾ യാഥാർത്യമാകാൻ പിന്നീടുള്ള ഉറക്കം മുഴുവൻ വേണ്ടെന്നുവയ്ക്കുന്ന യൗസേപ്പിതാവ്, നിന്നെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്‍നം എന്ന ചിന്തയുടെ (അബ്‌ദുൾ കലാം) മുന്നാസ്വാദനം തന്നെയാണ്. വളർത്തുക എന്ന ജീവിത ത്വരയുടെ ഉൾക്കാമ്പു ചിന്തകൾ ഉത്തരവാദിത്വത്തിന്റെ അഗ്നിയായി യൗസേപ്പിതാവിൽ ആളിക്കത്തിയപ്പോൾ, യേശുവെന്ന പേരു കൊടുത്തു. വളർത്തുമകന്റെ കരം പിടിച്ചു സിനഗോഗുകളിൽ സഞ്ചരിച്ച് പൈതൃകത്തിന്റെ പാരമ്പര്യചിന്തകൾ പകർന്നുനൽകി. യേശുവിന്റെ 12 ആം വയസ്സിന്റെ അപക്വതയിൽ നിന്നും ജീവിതം മുറിച്ചുനൽകുന്ന കുർബാനയുടെ പക്വതയിലേക്കു വളർത്തിയെടുത്തു. ക്രിസ്തുജീവിതത്തിന്റെ പ്രഥമ കളരിയായി ഈ പാറാവുകാരൻ. മറ്റുള്ളരെ വളർത്തുക എന്നുള്ളത് എന്റെ ജീവിത ഉത്തരവാദിത്വം ആണ്. ജീവിതത്തിൽ നിന്നതല്ല, ദൈവം എന്നെ നിറുത്തിയതാണെന്നും ഞാൻ നേടിയതല്ല ദൈവം എനിക്ക് നല്‍കിയതാണെന്നും എന്ന അവബോധം ആണ് യൗസേപ്പിതാവിനു ഇതിനു പ്രേരകം ആയിരിക്കുക.

ഒരുവന്റെ ജീവിതം call of duty യും call of beauty യും തമ്മിലുള്ള ഒരു യുദ്ധം തന്നെയാണ്. കാത്തിരിക്കുന്ന കടമകളുടെയും ഉത്തരവാദിത്വങ്ങളുടെയും ഗൗരവം എല്ലാം മറന്നു വഴിയോര കാഴച്ചകളിൽ മുഴുകാനുള്ള വ്യഥ – അമിത്തായുടെ പുത്രൻ യോനയെ പോലെ, ദാവീദിനെ പോലെ, സോളമെനെപോലെ, അനനിയ -സഫിറ ദമ്പതികളെ പോലെ. ഈ call of duty എന്നു പറയുന്നത് – ദീർഘകാല സന്തോഷങ്ങൾക്കും സാധ്യതകൾക്കും ഞാൻ എന്റെ കാലിക സന്തോഷങ്ങളെ വേണ്ടാന്നു വയ്ക്കുന്നതാണ്. ക്രിക്കറ്റ്‌ (or ഫുട്ബോൾ) ഉം പരീക്ഷയും എന്റെ മുന്നിലുണ്ട്. ക്രിക്കറ്റും ഫുട്ബോളും മനോഹരം തന്നെ. എന്നാൽ എനിക്ക് എന്റെ കടമകളും പ്രതിജ്ഞകളും ഉത്തരവാദിത്വങ്ങളും ഉണ്ട്. അതിനാൽ ഞാൻ പഠനം തിരഞ്ഞെടുക്കുന്നു എന്ന ബോധ്യം പോലെ. ഇതിനു വേണ്ടത് ഒരു mind of quality ആണ്. call of beauty യുടെ പുറകെ call of duty മറന്നു പോകുന്നവർ വ്യർത്ഥവിഗ്രഗങ്ങളുടെ പുറകെ പോകുന്നവരാണ് (ref. യോനാ 2, 8).

ഒരു പിടി മണ്ണിനുവേണ്ടി, ചന്തമുള്ള ഒരു പെണ്ണിന് വേണ്ടി, ഒരു നുള്ള് പൊന്നിന് വേണ്ടി ചിതലരിക്കുന്ന നോട്ടിനുവേണ്ടി, പാഞ്ഞുപോകാൻ വാഹനത്തിനു വേണ്ടി ഉത്തരവാദിത്വങ്ങളെ മറക്കുന്നവരാണ് നാം. പണക്കാരന്റെ കൂടെ ധൂർത്തിനും, പ്രശസ്തന്റെ കൂടെ ആർഭാടത്തിനും, നേതാവിന്റെ കൂടെ അധികാരം കയ്യിട്ടുവാരാനും, പെണ്ണിന്റെ കൂടെ തൃഷ്ണകൾക്കു ശമനമേകാനും, ആഘോഷങ്ങളുടെകൂടെ ലഹരിയിൽ മതിമറക്കാനും ഇറങ്ങിപ്പുറപ്പെടുമ്പോൾ ജീവിതത്തിന്റെ ഉത്തരവാദിത്വങ്ങളെ മറക്കുന്നു. കാശുണ്ടാക്കാൻ ഓടിനടക്കുമ്പോൾ മക്കളെ വളർത്താനും സ്നേഹിക്കാനും മറന്നുപോകുന്ന വിരുദ്ധഭാസം സൃഷ്ടിക്കപ്പെടുക ഉത്തരവാദിത്വങ്ങൾ മറക്കുമ്പോളാണ്. തൊട്ടടുത്തു കിടക്കുന്ന ഭാര്യക്കും ഭർത്താവിനും ഇടയിൽ പ്രകാശവർഷത്തേക്കാൾ വലിയ അകലങ്ങൾ സൃഷ്ടിക്കപെടുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം – പരിഗണിക്കുക, മനസിലാക്കുക, കേൾക്കുക, പ്രോത്സാഹിപ്പിക്കുക, സ്നേഹിക്കുക എന്നീ കുടുംബ ഉത്തരവാദിത്വങ്ങൾ അവർക്കിടയിൽ നഷ്ടമായിരിക്കുന്നു എന്നുള്ളതാണ്. മക്കളും കൂട്ടുകാരുമൊക്കെ inbox disease (ഇടയ്ക്കു ഇടയ്ക്കു message നോക്കുന്നത്) ന്റെയും നോമോഫോബിയ (fear of losing your cell signal) യുടെയും പുറകെ നടന്നു അടുത്തള്ളവരെ അകലെയാക്കുന്നുണ്ടെങ്കിൽ, അടുത്തുള്ളവരെ കണ്ണ് തുറന്നു കാണുക എന്ന ഉത്തരവാദിത്വത്തെ മറന്നു പോകുന്നവരാണ്. ഉത്തരവാദിത്വത്തെ മറക്കുന്നവർ ചിറകു കരിച്ച പക്ഷിയെ പോലെയാണ്. ഉത്തരവാദിത്വങ്ങളെ മറക്കുന്നവർ ശവകുടീര മനശാസ്ത്രത്തിന്റെ വക്താക്കളായി സ്വയംമരണ സംസ്‌കൃതിയുടെ തീട്ടൂരങ്ങളെ സൃഷ്ടിക്കുന്നവരാണ്.

ഇഷ്ടവസന്തങ്ങൾക്കു പുറകെ പോയി ജീവിതത്തെ നഷ്ടവസന്തമാക്കാതെ, ഉത്തരവാദിത്വ വസന്തങ്ങൾക്കു പുറകെ പോയി ജീവിതത്തിന്റെ സ്നേഹസന്തോഷങ്ങളെ തിരികെ പിടിക്കാം. വി. യൗസേപ്പിനെ എന്നും എന്റെ ഉത്തരവാദിത്വങ്ങളുടെ പൂര്‍ണ്ണതയ്ക്ക് മാതൃകയാക്കാം. നമ്മുടെ കൂടെയുള്ളവരെ നമ്മള്‍ സംരക്ഷിച്ചാൽ മുകളിലുള്ളവൻ നമ്മെയും സംരക്ഷിക്കും.

ഫാ. ഷെബിൻ ചീരംവേലിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.