വിശുദ്ധ സര്‍പ്പങ്ങള്‍! മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ അവിശ്വസനീയമായ അത്ഭുതം

ഗ്രീക്ക് ദ്വീപിലെ ഒരു ആശ്രമദൈവാലയത്തില്‍ എല്ലാ വര്‍ഷവും ദൈവമാതാവായ പരി. കന്യകാമറിയത്തിന്റെ തിരുനാളിനോടനുബന്ധിച്ച് ഒരു അത്ഭുതം നടക്കാറുണ്ട്. മാതാവിന്റെ തിരുസ്വരൂപം വണങ്ങാനെത്തുന്ന പാമ്പുകള്‍.

എല്ലാ വര്‍ഷവും ഓഗസ്റ്റ് അഞ്ചു മുതല്‍ പതിനഞ്ചു വരെയുള്ള ദിവസങ്ങളിലാണ് കറുത്ത നിറമുള്ള ചെറുപാമ്പുകള്‍ ദ്വീപില്‍ കാണപ്പെടുന്നത്. പിന്നീട് ഇവ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കപ്പെടുന്ന ദൈവാലയത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കും. തലയിലും ശരീരത്തിലുമൊക്കെയായി നിരവധി കുരിശടയാളങ്ങളുമുണ്ട്, ഈ പാമ്പുകള്‍ക്ക്. മാതാവിന്റെ തിരുസ്വരൂപം വണങ്ങാന്‍ പാമ്പുകള്‍ എത്തുന്നതിന് പിന്നില്‍ ഒരു ഐതിഹ്യവുമുണ്ട്.

1705 ല്‍ ദ്വീപിലെ ഒരു സന്ന്യാസസമൂഹത്തിന്റെ നേര്‍ക്ക് കടല്‍കൊള്ളക്കാരുടെ ആക്രമണമുണ്ടായി. ആ സമയത്ത് അവര്‍ പരി. കന്യകാമറിയത്തെ വിളിച്ച് ഇപ്രകാരം അപേക്ഷിച്ചു. ഒന്നുകില്‍ കൊള്ളക്കാര്‍ തിരിച്ചറിയാത്തവിധം ഞങ്ങളെ പാമ്പുകളാക്കുക, അല്ലെങ്കില്‍ അവര്‍ക്കു കടന്നുവരാനാവാത്തവിധം ഇവിടം പാമ്പുകളെക്കൊണ്ട് നിറയ്ക്കുക. ഏതായാലും കൊള്ളക്കാരില്‍ നിന്ന് അവര്‍ രക്ഷപ്പെട്ടു.

പിറ്റേ വര്‍ഷം മുതല്‍ കറുത്ത ചെറുപാമ്പുകള്‍ ദ്വീപില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പാമ്പുകള്‍ സ്ഥിര സാന്നിധ്യമായതോടെ ആളുകള്‍ വഴിയില്‍ കാണുന്നവയെയെല്ലാം പിടിച്ചുകൊണ്ടുവന്ന് മാതാവിന്റെ രൂപത്തില്‍ മുട്ടിക്കുകയാണ് പതിവ്. സാധാരണ ഗതിയില്‍ ആക്രമണകാരികളായ ഈ പാമ്പുകള്‍ ഈ രണ്ടാഴ്ചയില്‍ തികച്ചും ശാന്തസ്വഭാവക്കാരായാണ് കാണപ്പെടുന്നത്. തിരുനാളിന് ശേഷം അടുത്ത വര്‍ഷം ഇതേസമയം വരെ പാമ്പുകള്‍ ദ്വീപില്‍ നിന്ന് അപ്രത്യക്ഷരാവുകയും ചെയ്യുന്നു. രണ്ടാം ലോക മഹായുദ്ധം നടന്നിരുന്ന സമയത്തും അതിഭീകരമായ ഭൂകമ്പമുണ്ടായ 1953 ലും മാത്രമാണ് പാമ്പുകള്‍ തിരുനാള്‍ നാളുകളില്‍ ദ്വീപില്‍ എത്താതിരുന്നത്. ഏതായാലും വര്‍ഷങ്ങളായി ഈ ദ്വീപുനിവാസികള്‍ കന്യകാമാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത് പാമ്പുകളോടൊപ്പമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.