തടവുകാരോടും രോഗികളോടും അവഗണന അരുത് – ഫ്രാന്‍സീസ് പാപ്പ

വത്തിക്കാന്‍: അസഹിഷ്ണുതയുടെ കുഴിയില്‍ വീണുപോകാതെ കരുണയുടെ സജീവ ഉപകരണങ്ങളായി മാറുക എന്ന് ഫ്രാന്‍സീസ് പാപ്പയുടെ ആഹ്വാനം. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ വാരാന്ത്യ പ്രസംഗത്തിലാണ് തീര്‍ത്ഥാടകരോട് പാപ്പ ഇപ്രകാരം പറഞ്ഞത്. കരുണയുടെ വര്‍ഷത്തിന്റെ ജൂബിലിയാഘോഷങ്ങളുടെ അവസാനഘട്ടത്തിലേക്ക് നാം അടുത്തുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തില്‍ രോഗികളെയും തടവില്‍ കഴിയുന്നവരെയും സന്ദര്‍ശിക്കുക. ഇത് ദൈവം നമ്മെ ഏല്‍പിച്ചിരിക്കുന്ന കരുണയുടെ ഭൗതിക പ്രവര്‍ത്തിയാണ്.

രോഗികളും ശയ്യാവലംബരുമായവര്‍ എപ്പോഴും തനിച്ചായിരിക്കും. അങ്ങനെയുള്ളവരുടെ സമീപത്തേക്ക് നടത്തുന്ന ഹ്രസ്വസന്ദര്‍ശനം പോലും അവരെ വലിയ അളവില്‍ സന്തോഷിപ്പിക്കും. ”ചെറിയ ചങ്ങാത്തങ്ങള്‍ പോലും വളരെ വലിയ മെഡിസിന്റെ ഗുണമുള്ളവയായിരിക്കും. ഒരു പുഞ്ചിരി, സാന്ത്വനം, അല്ലെങ്കില്‍ ഒരു ഷേക്ക്ഹാന്‍ഡ്, അതുമല്ലെങ്കില്‍ അവരോടുളള കരുണ പ്രകടമാകുന്ന ഏതെങ്കിലും ആംഗ്യവിക്ഷപം, ഇതില്‍ ഏതെങ്കിലും ഒന്നുമതി അവരെ സന്തോഷിപ്പിക്കാന്‍. ഒരു കാര്യം പ്രത്യേകം ഓര്‍മ്മിക്കുക, രോഗികളായവരെ തനിച്ചാക്കരുത്” ഫ്രാന്‍സീസ് പാപ്പ ഉദ്‌ബോധിപ്പിച്ചു.

”രോഗികളെയും തടവുകാരെയും നാം എത്ര പ്രാവശ്യം സന്ദര്‍ശിക്കുന്നുവോ അത്രമാത്രം ചാരിറ്റി പ്രവര്‍ത്തികളില്‍ നാം സമ്പന്നരാകുകയാണ് ചെയ്യുന്നത്. എത്ര വലിയ കുറ്റം ചെയ്ത തടവുകാരനാണെങ്കിലും അവന്‍ ദൈവത്തിന് പ്രിയപ്പെട്ടവനാണ്. അവന്റെ മനസ്സിന്റെ ആഴങ്ങളില്‍ കടന്നു ചെന്ന് അത് മനസ്സിലാക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അവന്റെ സങ്കടങ്ങളും മനസാക്ഷിക്കുത്തും എത്ര പേര്‍ക്ക് മനസ്സിലാകും? മറ്റൊരാളെ തെറ്റുകാരനെന്ന് വിധിക്കാന്‍ വളരെ എളുപ്പമാണ്.” പാപ്പ തുടര്‍ന്നു.

”സ്വാതന്ത്ര്യത്തിന്റെ അഭാവമാണ് ഒരു മനുഷ്യന് വിധിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ. മറ്റുള്ളവരാല്‍ താഴ്ത്തിക്കെട്ടുന്നവരാണ് തടവുകാര്‍. ഒരു ക്രൈസ്തവനെന്ന നിലയില്‍ അവരുടെ മാന്യതയും സന്തോഷവും പുനസ്ഥാപിക്കേണ്ടത് നമ്മുടെ കടമയാണ്.” പങ്കിടലിന്റെയും സ്‌നേഹത്തിന്റെയും പെരുമാറ്റമാണ് അവര്‍ക്ക് നല്‍കേണ്ടതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

Pope Francis visits prisoners at Curran-Fromhold Correctional Facility in Philadelphia

”ജയിലില്‍ കഴിയുന്നവരെക്കുറിച്ച് ഞാന്‍ മിക്കപ്പോഴും ചിന്തിക്കാറുണ്ട്. ഞാനവരെ എന്റെ ഹൃദയത്തില്‍ വഹിക്കുന്നു.  കുറ്റകൃത്യത്തിലേക്ക് അവരെ നയിച്ചതെന്താണെന്നും അവര്‍ എങ്ങനെയാണ് തിന്മയ്ക്ക് കീഴ്‌പ്പെട്ട് പോയതെന്നും ഞാന്‍ അത്ഭുതപ്പെടാറമുണ്ട്. ഈ ചിന്തകള്‍ക്കൊപ്പം തന്നെ അവരോട് അടുപ്പവും ആര്‍ദ്രതയും പ്രകടിപ്പിക്കാന്‍ ഞാന്‍ തയ്യാറാണ്. കാരണം ദൈവത്തിന്റെ കരുണയ്ക്ക് അത്ഭുതം പ്രവര്‍ത്തിക്കാനാകും.” പാപ്പ വിശദീകരിച്ചു.

താന്‍ സന്ദര്‍ശിച്ച എല്ലാ തടവുകാരും കരഞ്ഞുകൊണ്ടാണ് തന്നെ സ്വീകരിച്ചതെന്ന് പാപ്പ അനുസ്മരിച്ചു. കാരണം അവര്‍ സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവരാണ്. നമ്മുടെ കാരുണ്യപ്രവര്‍ത്തികള്‍ മറ്റുള്ളവരുടെ സന്തോഷവും മാന്യതയും തിരികെ ലഭിക്കാന്‍ കാരണമാകണമെന്ന് പാപ്പ ആവര്‍ത്തിച്ച് പറഞ്ഞു. രോഗികളോടും തടവുകാരോടും കരുണയുള്ളവരായിരിക്കുക എന്ന ആഹ്വാനത്തോടെയാണ് പാപ്പ തന്റെ വാരാന്ത്യ പ്രസംഗം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.