സേവനത്തിനാവശ്യം ഹൃദയ പരിവര്‍ത്തനം

ക്ഷണികമായ ഈ ജീവിതത്തില്‍ എപ്പോഴും ക്രിസ്തുവിനെ കേന്ദ്രീകരിച്ച്  പ്രവര്‍ത്തിക്കുക എന്നത് വളരെ അത്യാവശ്യമാണെന്ന് ഫ്രാന്‍സീസ് പാപ്പ. ”ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുകയും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യണം.” ഒക്‌ടോബര്‍ 10 തിങ്കളാഴ്ച പള്ളോട്ടൈന്‍ സമൂഹാംഗങ്ങള്‍ക്കുവേണ്ടിയുള്ള പ്രൈവറ്റ് ഓഡിയന്‍സില്‍ സംസാരിക്കുകയായിരുന്നു ഫ്രാന്‍സീസ് പാപ്പ.

”അനവധിയായ വെല്ലുവിളികള്‍ നേരിടുന്ന ഈ ലോകത്തിലെ തീര്‍ത്ഥാടകരാണ് നമ്മള്‍. ക്രിസ്തുവിലുള്ള വിശ്വാസത്തില്‍ അഗാധമായ പരിവര്‍ത്തനം നമുക്ക് ആവശ്യമാണ്.” ക്രിസ്തുവില്‍ ആഴത്തിലുള്ള വിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ കഴിയൂ എന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുവിലുളള വിശ്വാസം പുതുക്കുന്നതിലേക്ക് ഓരോ ദിവസവും നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും ദൗത്യം പൂര്‍ത്തിയാക്കാന്‍ ക്രിസ്തുവിന്റെ ജീവിതം നമുക്ക് പ്രചോദനമാകണം. ഏറ്റവും മികച്ച, പ്രഥമ സുവിശേഷകന്‍ ക്രിസ്തുവാണ്. ഏത് രീതിയിലുള്ള സുവിശേഷ ശുശ്രൂഷ ആയിരുന്നാലും അതിന്റെ അടിസ്ഥാനം ക്രിസ്തുവില്‍ നിന്നാണ്. പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ ക്രിസ്തുവിനെ പ്രചോദനമാക്കിയാവണം നമ്മുടെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍.

പള്ളോട്ടൈന്‍ സമൂഹ സ്ഥാപകനായ വിശുദ്ധ വിന്‍സെന്റ് പള്ളോട്ടിയെയും പാപ്പാ അനുസ്മരിച്ചു. ‘സഭയില്‍ നിത്യം ജ്വലിച്ചു നിന്നിരുന്ന, പ്രചോദനം നല്‍കിയിരുന്ന വ്യക്തിത്വം’ എന്നാണ് പാപ്പ വിശുദ്ധനെ വിശേഷിപ്പിച്ചത്. കരുണയാല്‍ സമ്പൂര്‍ണ്ണനും സമ്പന്നനുമായിരുന്നു അദ്ദേഹം. ക്രിസ്തുവിന്റെ ആര്‍ദ്ര സ്‌നേഹത്തിലേക്കും അനന്തമായ കരുണയിലേക്കുമാണ് അവിടുന്ന് മറ്റുള്ളവരെ വിളിച്ചത്.

40 രാജ്യങ്ങളിലായി 2500 പുരോഹിതരും ബ്രദേഴ്‌സുമാണ് പള്ളോട്ടൈന്‍ സഭയിലുള്ളത്. സ്ഥാപക പിതാവിന്റെ പാതയില്‍ സഞ്ചരിക്കാന്‍ പാപ്പാ അംഗങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.