വീട്ടിലെ പിശാചുക്കള്‍

കുടുംബങ്ങളെ ലക്ഷ്യമാക്കി ആക്രമിച്ച് കീഴടക്കുന്ന ഒരു അശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഭൂതോച്ചാടകനായ ഫാദര്‍ സീസര്‍ ത്രൂക്കി. അശുദ്ധാത്മാക്കളെ ഒഴിപ്പിക്കുന്ന പുരോഹിതര്‍ക്കായി റോമില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

കുടുംബങ്ങളെ ഉപദ്രവിക്കുക എന്നതാണ് ഈ ദുരാത്മാവിന്റെ ലക്ഷ്യമെന്ന് ഫാദര്‍ സീസര്‍ മുന്നറിയിപ്പ് നല്‍കി. വിവാഹമോചനങ്ങളാണ് ഈ ഭൂതത്തെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തോബിയാസിന്റെ കഥയില്‍ പറഞ്ഞിരിക്കുന്ന അസ്‌മോഡിയസ് എന്ന അശുദ്ധാത്മാവാണിത്. പഴയ നിയമത്തില്‍ സാറയുടെ ഏഴ് ഭര്‍ത്താക്കന്‍മാര്‍ കൊല്ലപ്പെട്ടത് ഈ ആത്മാവ് നിമിത്തമായിരുന്നു. വിശുദ്ധ റാഫേല്‍ ഇതിനെ മരുഭൂമിയില്‍ ബന്ധിച്ചതായും പറയുന്നു.

ഈയിടെ മരണമടഞ്ഞ  പ്രസിദ്ധ ഭൂതോച്ചാടകനായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെയും മറ്റൊരു ഭൂതോച്ചാടകനായ ഫാ. ഫ്രാന്‍സിസ്‌ക്കോ ബമോന്തയുടെയും കൂടെ പ്രവര്‍ത്തിച്ച് പരിചയമുള്ള ആളാണ് ഫാ. ത്രൂക്കി. കുടംബങ്ങളെ ബാധിച്ചിരിക്കുന്ന ഇത്തരം ബാധകളെ ഒഴിപ്പിക്കുന്നതില്‍ വളരെ പ്രഗത്ഭനായിരുന്നു ഫാദര്‍ ഗബ്രിയേല ആമോര്‍ത്ത്. 29 വര്‍ഷത്തിനുള്ളില്‍ എഴുപതിനായിരത്തിലധികം കുടുംബങ്ങളെ രക്ഷപ്പെടുത്താന്‍ ഫാദര്‍ ആമോര്‍ത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തൊടൊപ്പം സേവനം ചെയ്യാന്‍ കഴിഞ്ഞത് വലിയ ഒരു അനുഗ്രഹമായിരുന്നെന്ന് ഫാദര്‍ ത്രൂക്കി അനുസ്മരിച്ചു. ഒപ്പം ഒരു സംഭവകഥയും അദ്ദേഹം വിശദികരിച്ചു.

”ഒരിക്കല്‍ വിവാഹം കഴിക്കാന്‍ തയ്യാറായ രണ്ട് പേര്‍ ഫാദര്‍ ആമോര്‍ത്തിനെ  സന്ദര്‍ശിക്കാന്‍ വന്നിരുന്നു. അവര്‍ തമ്മില്‍ വളരെ ഐക്യത്തിലാണ് ജീവിച്ചത്. എന്നാല്‍ പെണ്‍കുട്ടിയില്‍ അശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തിന്റെ രൂപത്തിലായിരുന്നു അശുദ്ധാത്മാവിന്റെ സാന്നിദ്ധ്യം.” ഫാദര്‍ ട്രൂകി തുടര്‍ന്നു. ”അശുദ്ധാത്മാവിനെ ഒഴിപ്പിക്കുന്ന സമയത്ത് വളരെ ക്രുദ്ധമായും ഭീഷണിപ്പെടുത്തുന്ന രീതിയിലും അശുദ്ധാത്മാവ് പ്രതികരിച്ചു. വിവാഹം തടഞ്ഞില്ലെങ്കില്‍ യുവതിയെ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അശുദ്ധാത്മാവിന്റെ വെറും ഭീഷണി മാത്രമായിരുന്നു അത.്”

സ്വാതന്ത്ര്യത്തിന്റെ, പുരോഗമന ചിന്താഗതിയുടെയും രൂപത്തിലാണ് മിക്ക യുവതീയുവാക്കളിലും അശുദ്ധാത്മാവ് പ്രവര്‍ത്തിക്കുന്നത്. ചില ആദര്‍ശങ്ങളും ജീവിത രീതികളും വച്ചു പുലര്‍ത്തുന്നവരുമുണ്ടാകാം.  ഇത്തരം കാര്യങ്ങള്‍ പങ്കാളിക്ക് അംഗീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ വിവാഹജീവിതത്തില്‍  പ്രതിസന്ധികള്‍ ഉണ്ടാകുന്നു. ഇവ വിവാഹമോചനത്തില്‍ എത്തിച്ചേരാന്‍ കാരണമായിത്തീരും.

”പങ്കാളിയുടെ ഇഷ്ടത്തിന് ജീവിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ വിവാഹമോചനമാണ് നല്ലത് എന്ന് ചിന്തിക്കുന്ന സ്ത്രീകളും പുരുഷന്‍മാരുമുണ്ട്. എന്നാല്‍ വിവാഹമോചനത്തിന്റെ ദോഷഫലങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് അവരുടെ കുട്ടികളെയാണെന്ന കാര്യം ഇവര്‍ മറന്നു പോകുന്നു. മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് ജീവിക്കുന്ന കുട്ടികള്‍ വളരെ നിരാശരും ദുര്‍ബലരുമായിട്ടാണ് കാണപ്പെടുന്നത്. അവരെയാണ് നാം ഓര്‍ക്കേണ്ടത്.” ഫാദര്‍ സീസര്‍ ട്രൂകി പറഞ്ഞു.

ദൈവം വസിക്കുന്ന കുടുംബങ്ങളെ ഇല്ലായ്മ ചെയ്ത് അവിടെ വസിക്കാന്‍ കാത്തിരിക്കുന്ന ദുര്‍ഭൂതങ്ങള്‍ ഉണ്ട് എന്ന് ഫ്രാന്‍സീസ് പാപ്പയും മുന്നറിയിപ്പ് നല്‍കിയിരുന്നു.  2014- ലെ കരിസ്മാറ്റിക് റിന്യൂവല്‍ വേളയിലായിരുന്നു പാപ്പയുടെ ഈ മുന്നറിയിപ്പ്. ”അശുദ്ധാത്മാക്കള്‍ക്കൊരിക്കലും കുടുംബങ്ങളെ സ്‌നേഹിക്കാന്‍ സാധിക്കുകയില്ല. സ്‌നേഹത്തിന്റെയും കുടുംബത്തിന്റെയും നാശമാണ് അവന്‍ ആഗ്രഹിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കേണ്ടത് ആവശ്യമാണ്. സഭയുടെ ആദ്യരൂപമാണ് കുടംബങ്ങള്‍. അത് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണ്.” റോമിലെ ഒളിമ്പിക് സ്റ്റേഡിയത്തില്‍ തടിച്ചു കൂടി അമ്പത്തിരണ്ടായിരത്തോളം ജനങ്ങളോടാണ് പാപ്പാ അന്ന് ഇപ്രകാരം പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.