കരം തളരുന്നതിന് മുന്‍പ് രചിച്ച വിസ്മയ ശില്‍പം

ബെര്‍നീനിയുടെ Ecstasy of St. Theresa എന്ന വിശ്വ പ്രസിദ്ധ ശില്‍പം 

1598 ഡിസംബര്‍ 7- ന് ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിക്കുകയും 1680 – ല്‍ റോമില്‍ വച്ചു മരണമടയുകയും ചെയ്ത വിശ്വപ്രസിദ്ധനായ കലാകാരന്‍ ജിയാന്‍ ലെറെന്‍സോ ബെര്‍നീനി ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു.

ബെര്‍നിനി തന്റെ കുട്ടിക്കാലം ചെലവഴിച്ചത് ഇറ്റലിയിലെ നേപ്പിള്‍സ് എന്ന നഗരത്തിലായിരുന്നെങ്കിലും പിന്നീട് പിതാവായ പിയെത്രോ ബെര്‍നീനിയോടും മറ്റു കുടുംബാംഗങ്ങളോടുമൊപ്പം റോമാ നഗരത്തിലേക്ക് താമസം മാറ്റി. കലാകാരനായുള്ള ജിയാന്‍ ലൊറെന്‍സോ ബെര്‍നീനിയുടെ വളര്‍ച്ച കലയുടെ നഗരമായ റോമില്‍ ആയിരുന്നു. അവിടെ വച്ച് കലാകാരന്‍ തന്നെയായ പിതാവ് പിയെത്രോ ബെര്‍നീനിയുടെ ഒപ്പം നിരവധി ദേവാലയങ്ങള്‍ക്ക് ശില്പജോലികളില്‍ സഹായിച്ചു വന്നു. ഏകദേശം 1614-ല്‍ അദ്ദേഹം ഒരു സ്വതന്ത്ര ശില്‍പിയായി അറിയപ്പെട്ടുതുടങ്ങി.

റോമന്‍ നഗരത്തിലെ ജീവിതം കുറെയേറെ മെത്രാന്‍മാരെയും കര്‍ദിനാള്‍മാരെയും പരിചയപ്പെടുന്നതിന് അദ്ദേഹത്തിന്അവസരം നല്‍കി. ഈ ബന്ധങ്ങള്‍ പലതും നിരവധി ശില്‍പജോലികള്‍ ഏറ്റെടുക്കുന്നതിന് ബെര്‍നീനിയെ സഹായിച്ചു. ആദ്യകാലങ്ങളില്‍ മൈക്കലാഞ്ചലോയുടെ പൂര്‍ത്തിയാകാതെ കിടന്ന ജോലികള്‍ തീര്‍ക്കുന്നതായിരുന്നു ബെര്‍നീനിയുടെ ദൗത്യം. ഏല്‍പ്പിക്കപ്പെട്ട ജോലികളെല്ലാം വിജയകരമായി പൂര്‍ത്തീകരിച്ചതിനാല്‍ യുവാവായ ബെര്‍നീനിക്ക് മറ്റനവധി ജോലികള്‍ ഏല്‍പ്പിക്കപ്പെട്ടു. ഇതിനകം തന്നെ അദ്ദേഹത്തിന്റെ കീര്‍ത്തി നാടെങ്ങും പരന്നിരുന്നു.

ബെര്‍നിനി ഒരു ശില്‍പി എന്നതിനപ്പുറം ചിത്രകലയിലും പ്രാവീണ്യം തെളിയിച്ച കലാകാരനാണ്. അതില്‍ എടുത്തു പറയേണ്ടവയാണ് അദ്ദേഹം വരച്ചിരുന്ന ഛായാചിത്രങ്ങള്‍. വ്യക്തികളുടെ മുഖത്ത് മിന്നിമറഞ്ഞിരുന്ന ഭാവപ്രകടനങ്ങള്‍ സവിശേഷമായ രീതിയില്‍ ചിത്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്യപാരമായിരുന്നു; അവയൊക്കെയും തന്നെ ജീവന്‍ തുടിക്കുന്നവയായിരുന്നു.

നിരവധി സ്മാരകങ്ങളുടെ സ്രഷ്ടാവ്

1629-ല്‍ തന്റെ പിതാവിന്റെ മരണശേഷം ബെര്‍നീനിക്ക് തന്‍രെ വലിയ ഒരു ആശ്രയം നഷ്ടമായെങ്കിലും മറുഭാഗത്ത് ഇന്ന് ലോകത്ത് അറിയപ്പെടുന്ന റോമിലെ ഒട്ടനവധി സ്മാരകങ്ങള്‍ക്ക് രൂപഭാവങ്ങള്‍ കൊടുക്കാന്‍ ഒരു നിയോഗം പോലെ ബെര്‍നീനി തിരഞ്ഞെടുക്കപ്പെട്ടു. അതില്‍ എടുത്തുപറയേണ്ടവയാണ് ആകര്‍ഷകമായ ഫൗണ്ടനുകള്‍. ഫൊന്താന ദി ത്രേവി’,  ‘ഫൊന്താനാ ദേയി ക്വാത്രാ ഫ്യൂമി’,  ‘ഫൊന്താനാ ദെല്‍ മൊറെ’, ‘ഫൊന്താനാ ദെല്‍ ത്രിത്തോണെ’ എന്നിവ അവയില്‍ ചിലതാണ്.

trevi

വത്തിക്കാന്റെ അടുത്തുള്ള ‘വിശുദ്ധ ആഞ്ചലോ പാലം’ ബെര്‍നീനി രൂപകല്‍പ്പന ചെയ്തതാണ്. പാലത്തിന് മുകളില്‍ ഇരു വശങ്ങളിലുമായി കര്‍ത്താവിന്റെ പീഢാനുഭവങ്ങളെ സൂചിപ്പിക്കുന്ന ചില പ്രതീകങ്ങളും കൈകളിലേന്തിനില്‍ക്കുന്ന പത്ത് മാലാഖമാര്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രൊജക്ട്. എന്നാല്‍ അതില്‍ രണ്ടെണ്ണം മാത്രമെ ബെര്‍നീനിയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളുവെന്നും പിന്നീട് ക്ലെമന്റ് ഒമ്പതാമന്‍ പാപ്പായുടെ കാലത്ത് മറ്റ് കലാകാരന്മാരെക്കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത് എന്നതും ചരിത്രസാക്ഷ്യം.

വിശുദ്ധ പത്രോസിന്റെ ദേവാലയവും ചത്വരവും 

st-peters-squireലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ റോമിലെ വിശുദ്ധ പത്രോസിന്റെ ദേവാലയവും അതിന് പുറത്തുള്ള ചത്വരവും രൂപകല്‍പ്പന ചെയ്തത് ബെര്‍നീനിയാണ്. റോം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് അദ്ദേഹം രൂപകല്‍പ്പന ചെയ്ത ഈ തൂണുകള്‍ കാണാതിരിക്കാനാവില്ല. ഈ തൂണുകള്‍ വളരെ പ്രതീകാത്മകമാണ്. ലോകത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുകയും ഇരു കൈകളും നീട്ടി ആലിംഗനം ചെയ്യുകയും ചെയ്യുന്ന സഭയുടെ പ്രതീകമാണവ. ഒപ്പം അതിനുള്ളിലുള്ള സ്ഥലം വി. പത്രോസിന്റെ ചത്വരമായി അറിയപ്പെടുന്നു.

വി. തെരേസയുടെ അവാച്യമായ ആനന്ദം

റോമന്‍ ബറോക്ക് കാലഘട്ടത്തിലെ ഏറ്റവും സവിശേഷമായ ശില്‍പ്പങ്ങളില്‍ ഒന്നാണ് ബെര്‍നീനിയുടെ ”Ecstasy of St. Theresa.” റോമിലെ ‘സാന്താ മരിയ ദെല്ല വിത്തോറിയ എന്ന ദേവാലയത്തിലെ ‘കെര്‍ണാറോ’ കപ്പേളയില്‍ സ്ഥാപിച്ചിരിക്കുന്ന  ചെയ്യുന്ന ഈ ശില്‍പം ഇന്നസെന്റ് പത്താമന്‍ മാര്‍പ്പാപ്പായുടെ കാലത്താണ് പണി പൂര്‍ത്തിയാക്കിയത്.

ആവിലായുടെ വി. അമ്മ ത്രേസ്യായുടെ മിസ്റ്റിക്കല്‍ അനുഭവത്തിന്‍റെ ചുവടുപിടിച്ചാണ് ബെര്‍നീനി ഈ ശില്പം രൂപകല്‍പ്പന ചെയ്തിരുന്നത്. വിശുദ്ധയ്ക്കുണ്ടായ ഒരു ആത്മീയാനുഭവത്തില്‍ വിശുദ്ധ ഒരു മാലാഖയെ കണ്ടുമുട്ടുന്നത് ഇപ്രകാരമാണ് വിവരിച്ചിരിക്കുന്നത്:

”ഞാന്‍ അവന്റെ കൈകളില്‍ നീളം കൂടിയ, സ്വര്‍ണ്ണം കൊണ്ടുള്ള ഒരു കുന്തം കണ്ടു. അതിന്റെ അഗ്രഭാഗത്ത് അഗ്നിയുണ്ടായിരുന്നു. ചില നേരങ്ങളില്‍ അവന്‍ അതിന്റെ മുന കൊണ്ട് എന്റെ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ടായിരുന്നു. വേദന എന്നിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. എങ്കിലും  ദൈവസ്‌നേഹത്തിന്റെ  ഒരു അഗ്നി എന്നില്‍ അത് അവശേഷിപ്പിച്ചിരുന്നു. വിലപിക്കാന്‍ പോലും പറ്റാത്ത തരം അസ്സഹനീയമായ വേദനയായിരുന്നു. എങ്കിലും അതിനെ മറികടക്കുന്നതായിരുന്നു അതിനു ശേഷമുള്ള അത് നല്‍കുന്ന മാധുര്യം. അതിനാല്‍ തന്നെ അതില്‍ നിന്നും ഒരു വിടുതല്‍ ഞാന്‍ മോഹിച്ചതുമില്ല. ഇപ്പോള്‍ എന്റെ ആത്മാവ് ദൈവത്തെ കുറഞ്ഞ് ഒന്നിനെക്കൊണ്ടും തൃപ്തയല്ല.  ഈ വേദന ശാരീരികമല്ല, ആത്മീയമാണ്. എന്നാല്‍ ശരീരവും ഈ വേദനയുടെ ഭാഗമാകുന്നുണ്ട് എന്നത് സത്യമാണ്. ഇത് എന്റെ ആത്മാവും ദൈവവും തമ്മിലുള്ള മാധുര്യമേറിയ ഒരു സ്‌നേഹസംഗമമാണ്.”estasi-di-santa-teresa-bernini

ചിത്രാവലോകനം 

കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നതാണ് ഇതിന്റെ കോമ്പോസിഷന്‍. മേഘച്ചുരുളുകള്‍ക്ക് മുകളില്‍ കിടക്കുന്നതായിട്ടാണ് വി. തെരേസയെ ചിത്രീകരിച്ചിരിക്കുന്നത്. ഇത് കാഴ്ച്ചക്കാരില്‍ ഒരു ദൈവീക അനുഭുതി ഉണ്ടാക്കും. തേജസ്സുറ്റ മുഖത്തോടും പാതിയടഞ്ഞ കണ്ണുകളോടും കൂടി സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ന്നിരിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. ഒപ്പം അധരങ്ങള്‍ അല്‍പം തുറന്നിരിക്കുന്നു!

ജീവന്‍ ത്രസിക്കുന്ന രീതിയിലാണ് തൊട്ടടുത്ത് നില്‍ക്കുന്ന മാലാഖ. പുഞ്ചിരി തൂകിക്കൊണ്ട് കൈകളില്‍ ഒരു സ്വര്‍ണ്ണക്കുന്തം പിടിച്ചു കൊണ്ട് നില്‍ക്കുന്ന മാലാഖ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കും. മാലാഖ ഒരു കൈകൊണ്ട് വിശുദ്ധയുടെ വസ്ത്രത്തിന്റെ വെളുമ്പ് അല്‍പം ഉയര്‍ത്തുന്നതായി കാണാം. ഇത് വിശുദ്ധയുടെ ഹൃദയത്തെ മുറിപ്പെടുത്താന്‍ തയ്യാറാണെന്ന് സൂചന തരുന്നു.

ഈ ശില്‍പ്പത്തില്‍ അരിച്ചിറങ്ങുന്ന പ്രകാശം വളരെ സ്വാഭാവികമായും മുകളില്‍ നിന്ന് വരുന്നതുപോലെയാണ് കലാകാരന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ദൈവികതയുടെ പരിവേഷം നല്‍കുന്ന ആ പ്രകാശസ്രോതസ്സ് തന്നെ ഈ ശില്‍പ്പത്തെ ഏറെ ആകര്‍ഷകമാക്കുന്നു; ഒപ്പം ദൈവികവും. ഇതിന്റെ സ്വാഭാവികതയ്ക്കു വേണ്ടി ബര്‍നീനി, കാഴ്ച്ചക്കാരന്റെ ശ്രദ്ധപതിയാത്ത രീതിയില്‍ ശില്‍പ്പത്തിനു മുകള്‍വശത്തായി ഒരു സുഷിരം തീര്‍ത്ത് അത് ശില്‍പ്പത്തിന്റെ ഭാഗമെന്ന രീതിയില്‍ ആക്കി എന്നത് എടുത്തു പറയേണ്ട സവിശേഷതയാണ്. പരിശുദ്ധാത്മാവിന്റെ അവരോഹണ വെളിച്ചം കൊണ്ടും പ്രാവിന്റെ രൂപത്തിലുള്ള ആകാശം കൊണ്ടും ഈ ഇടത്തെ ബെര്‍നീനി മോടിപിടിപ്പിച്ചിരിക്കുന്നു.

stteresaavila5-1

ഈ ശില്‍പ്പത്തെ പൂര്‍ണ്ണമായും മനസ്സിലാക്കണമെങ്കില്‍ ഇത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ദേവാലയവുമായുള്ള ഇതിന്റെ ബന്ധത്തെക്കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. കാരണം യഥാര്‍ത്ഥത്തില്‍ ആ ദേവാലയത്തില്‍ ബെര്‍നീനി തന്നെ രൂപകല്‍പ്പന ചെയ്തിരിക്കുന്ന മറ്റു ചിത്രങ്ങളുടെയും ശില്‍പ്പങ്ങളുടെയും ഒക്കെ കേന്ദ്രമായിട്ടാണ് ഈ ശില്‍പം സ്ഥിതി ചെയ്യുന്നത്. ദേവാലയത്തിലെ തൂണുകളുടെയും സ്റ്റൈയില്‍ ഗ്ലാസിന്റേയുമൊക്കെ ഇരുട്ടിനെ വകഞ്ഞു മാറ്റി ഈ ശില്പം ഏറെ തെളിഞ്ഞു നില്‍ക്കുന്നു. അങ്ങനെ എല്ലാ ഘടകങ്ങളേയും ഉള്‍ക്കൊള്ളുന്ന ഏക കലാരൂപമായി മാറുന്നു ഇത്.

വിശുദ്ധ തെരേസയ്ക്കുണ്ടാകുന്ന ആത്മീയാനുഭൂതിയുടെ സാക്ഷികളാകാന്‍ ഒരോ കാഴ്ചക്കാരനേയും ക്ഷണിക്കുന്നു ഈ ശില്‍പ്പം. മറ്റു സാക്ഷികള്‍ കാണപ്പെടുന്നത് ഇടതുവശത്തെ ഭിത്തിയിലാണ്. അവരെല്ലാം തന്നെ കൊര്‍ണാറോ കുടുംബത്തിലെ സംഭവത്തെ കുറിച്ച് ചര്‍ച്ച നടത്തുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇവിടെയുള്ള കഥാപാത്രങ്ങളെല്ലാം തന്നെ വെള്ള മാര്‍ബിളില്‍ കൊത്തിയെടുത്തതാണെങ്കിലും അതിന്റെ പശ്ചാത്തലവും മറ്റു കാര്യങ്ങളും കളര്‍ മാര്‍ബിളിലാണ് തീര്‍ത്തിരിക്കുന്നത്.

ചിത്ര ചരിത്രകാരനായ റുഡോള്‍ഫ് വില്‍കൊവര്‍ പറയുന്നത് ഇവിടെ കഥാപാത്രങ്ങളുടെ പ്രതീകാത്മകമായ ആവിഷ്‌ക്കാരത്തിനപ്പുറം ബെര്‍നീനി വിവിധ യാഥാര്‍ത്ഥ്യങ്ങളുടെ ഒരു വേര്‍തിരിവുതന്നെ നടത്തിയിട്ടുണ്ടെന്നാണ്. ഇടതുവശത്തെ കൊര്‍ണാറോ കുടുംബത്തിലെ അംഗങ്ങളെ ചിത്രീകരിച്ചിരിക്കുന്നത് തികച്ചും സ്വഭാവികവും മാനുഷികവുമായ ഘടകങ്ങള്‍ ഉപയോഗിച്ചാണെങ്കില്‍ മാലാഖയുടെ ചിത്രീകരണം അഭൗമികമായ അനുഭവങ്ങളുടെ അനുഭവം പകരുന്ന രീതിയിലാണ്.

ബെര്‍നീനി ഈ ശില്‍പചാരുതയിലൂടെ വിശുദ്ധ തെരേസയ്ക്കുണ്ടാകുന്ന അവാച്യമായ ആനന്ദാനുഭൂതിയെയാണ് വരച്ചുകാട്ടുന്നത്. ഓരോ കാഴ്ച്ചക്കാരനിലേക്കും ആത്മീയതയുടെ അതിസ്വാഭാവികമായ അനുഭവത്തിന്റെ തീക്ഷ്ണത അറിയാതെ തന്നെ കടന്നുവരുന്നുണ്ട് ഈ ശില്‍പത്തിലെ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ കാണുമ്പോള്‍.

1620 – ല്‍ ബെര്‍നീനി മരിക്കുന്നതിനു മുമ്പ്  അദ്ദേഹത്തിന്റെ വലതുകരം പൂര്‍ണ്ണമായി തളര്‍ന്നുപോയിരുന്നു എന്ന് ചരിത്രം പറയുന്നു. ശില്‍പകലയില്‍ ഇത്രയധികം വൈഭവം ലോകത്തിനു സമ്മാനിച്ച ആ അതുല്യ പ്രതിഭയുടെ വലതുകരം തളര്‍ന്നു പോയി എന്നത് കാലത്തിന്റെ വികൃതി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.