തടവിലാക്കപ്പെട്ട 370 ദിനങ്ങൾ ധ്യാനത്തിനായി മാറ്റിവച്ച ഒരു മിഷനറിയുടെ ധീരസാക്ഷ്യം

2023 നവംബർ മാസം അൽക്വയ്ദയുടെ തടവിൽനിന്നും മോചിപ്പിക്കപ്പെട്ട ആഫ്രിക്കയിലെ മിഷനറിയായ ഫാ. ഹാൻസ് യോവാക്കിം എന്ന വൈദികൻ തന്റെ 370 തടവുദിനങ്ങളെ ധ്യാനനിരതമാക്കിയ കഥ പങ്കുവയ്ക്കുകയാണ്. ജർമ്മൻ മിഷനറി വൈദികനായ അദ്ദേഹത്തെ അവർ മതംമാറ്റാനും ശ്രമിച്ചു. തുടർന്നു വായിക്കുക.

പ്രിയപ്പെട്ടവർ ഫാ. ഹാ യോ എന്നുവിളിക്കുന്ന ഹാൻസ് യോവാക്കിം എന്ന പുരോഹിതൻ ക്രിസ്തുരാജന്റെ തിരുനാൾദിനത്തിൽ പരിശുദ്ധ കുർബാനയർപ്പിക്കാൻ ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമായ ബമാക്കോയിലെ ഒരു ഗ്രാമത്തിലേക്കു പോകുകയായിരുന്നു. മാർഗമധ്യേ ഒരു വാഹനം അദ്ദേഹത്തിന്റെ അരികിൽ വന്നുനിർത്തി. “ഫാദർ, പേടിക്കണ്ട, ഞങ്ങൾ നിങ്ങളെ ബന്ദിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോൾ തന്നെ നിങ്ങൾ ഈ വാഹനത്തിൽ കയറുക” – അവർ ആവശ്യപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ ചിന്തിച്ചുനിൽക്കുന്ന സമയംകൊണ്ടുതന്നെ അദ്ദേഹത്തെ അവർ ബന്ധനസ്ഥനാക്കി.

അൽ ക്വയ്ദ തട്ടിക്കൊണ്ടുപോകുന്നു

കാറിൽ കയറ്റി കൊണ്ടുപോകുന്നതിനിടയിൽ അവർ അദ്ദേഹത്തോടു പറഞ്ഞു:
“ഭയപ്പെടേണ്ട, ഞങ്ങൾ നിങ്ങളെ ഒന്നും ചെയ്യാൻപോകുന്നില്ല. ഞങ്ങൾ നല്ല ആളുകളാണ്. അൽ ക്വയ്ദയിൽ നിന്നുമുള്ളവർ!” യാത്ര മണിക്കൂറുകളോളം നീണ്ടു. ഒടുവിൽ വിശുദ്ധ കുർബാനയർപ്പണത്തിനായി അദ്ദേഹം കരുതിയിരുന്ന ആരാധനയ്ക്കുപയോഗിക്കുന്ന വസ്ത്രങ്ങളും സാമഗ്രികളും ബൈബിളും ജപമാലയുമുൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ വസ്തുക്കളും അവർ പിടിച്ചുവാങ്ങിച്ചു. ക്രിസ്തുരാജന്റെ തിരുനാൾദിനമായ അന്ന് അദ്ദേഹം ധരിച്ചിരുന്ന ടി-ഷർട്ടിൽ ‘ഐ ലവ് മൈ കിംഗ്’ (എന്റെ രാജാവിന്റെ ഞാൻ സ്നേഹിക്കുന്നു) എന്ന് പ്രിന്റ് ചെയ്തിരുന്നു. അതൊഴികെ ബാക്കിയെല്ലാം അവർ കത്തിച്ചുകളഞ്ഞു.

“അവർക്ക് എന്റെ സാധനങ്ങൾ കത്തിച്ചുകളയാൻ സാധിച്ചു. എന്നാൽ എന്റെ വിശ്വാസം കത്തിച്ചുകളയാൻ കഴിഞ്ഞില്ല” – ഫാ. യോവാക്കിം പറയുന്നു.

പ്രാർഥിക്കാനായി ഒരു കാലം 

നീണ്ട 28 വർഷങ്ങളായി മാലിയിൽ ശുശ്രൂഷചെയ്തിരുന്ന ഈ പുരോഹിതൻ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോകുന്നതിനുമുൻപ് തന്റെ അധികാരികളോട് ഒരുവർഷത്തെ ഒരു ഇടവേള ആവശ്യപ്പെട്ടിരുന്നു. മറ്റൊന്നിനുമല്ല, തന്റെ തിരക്കാർന്ന ജീവിതത്തിൽ ക്രിസ്തുവുമായി കൂടുതൽ ആഴപ്പെടാൻവേണ്ടി എല്ലാ തിരക്കുകളും മാറ്റിവച്ചു പ്രാർഥിക്കാനായിരുന്നു അങ്ങനൊരു ഇടവേളയുടെ ആവശ്യം ഉന്നയിച്ചത്.

“എന്നെ തട്ടിക്കൊണ്ടുപോയപ്പോൾ മുതൽ ഞാൻ എന്റെ മനസ്സിൽ പറഞ്ഞു, ഞാൻ ആവശ്യപ്പെട്ട എന്റെ ഇടവേള ഇതാ ആരംഭിച്ചുകഴിഞ്ഞു. ഇനി അപ്പോയ്ന്റ്മെന്റുകളില്ല, സന്ദർശകരില്ല, ജോലികളില്ല, സംഘടിപ്പിക്കാൻ ഇനി കോൺഫറെൻസുകളില്ല, മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന യാതൊന്നുമില്ല, പ്രാർഥിക്കാൻ ഇഷ്ടം പോലെ സമയമുണ്ട്!” – അദ്ദേഹം നർമ്മം കലർത്തി പറയുകയാണ്.

സാധാരണഗതിയിൽ തട്ടിക്കൊണ്ടുപോകപ്പെടുന്ന വൈദികർ മോചിതരാകാൻ നാലുവർഷമെടുക്കാറാണ് പതിവ്. എന്നാൽ കൃത്യമായി ഒരുവർഷത്തിനുശേഷം മോചിതനായത് ദൈവം നേരിട്ടനുവദിച്ച ‘സെബാറ്റിക്കൽ ലീവ്’ ആയതുകൊണ്ടാണെന്നു അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.

തന്റെ മോചനത്തിന്റെ ദിനത്തെ ദൈവത്തിനു വിട്ടുകൊടുക്കുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. തന്റെ ഈ പ്രത്യേക ജീവിതാവസ്ഥയിൽ കൂട്ടിനായി ഒരു ബൈബിൾപോലും ഇല്ലെങ്കിലും ഓരോ അവസരങ്ങളിലും അതിനനുസരിച്ചുള്ള ബൈബിൾ വാക്യങ്ങളും സംഭവങ്ങളും അദ്ദേഹത്തിന്റെ മനസ്സിൽ കൃത്യമായി ദൈവം കൊണ്ടുവന്നിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

മതംമാറ്റാൻ ശ്രമം 

ഗാരോയിലെ മാലിയൻ ആർമിയെ സഹായിക്കാൻ ജർമ്മൻ സൈന്യം എത്തിച്ചേർന്നതുകൊണ്ടാണ് ജർമ്മൻ പൗരനായ തന്നെ തട്ടിക്കൊണ്ടുവന്നിരിക്കുന്നതെന്ന് അദ്ദേഹം സഹേലിൽ എത്തിച്ചേർന്നപ്പോഴാണ് മനസ്സിലാക്കിയത്. കുറച്ചു ദിവസങ്ങൾക്കുശേഷം അദ്ദേഹത്തെ അവർ മതംമാറ്റാനുള്ള ശ്രമം ആരംഭിച്ചു. മയക്കുമരുന്നും കലഹവുമില്ലാത്ത ശരിഅത് നിയമങ്ങളനുസരിച്ചുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി അവരുടെ മതത്തിൽ അംഗമാകാനും അവർ അദ്ദേഹത്തെ നിർബന്ധിച്ചു. എങ്കിലും അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കാൻ ഒരിക്കലും തയ്യാറായില്ല.

മാർപാപ്പയുടെ ക്രിസ്തുമസ് കുർബാന

അവർ അദ്ദേഹത്തിന് ഒരു റേഡിയോ നല്കിയിട്ടുണ്ടായിരുന്നു. ക്രിസ്തുമസ് കുർബാനയും ലോക യുവജനസമ്മേളനത്തിന്റെ തത്സമയ ശബ്ദരേഖയുമെല്ലാം അദ്ദേഹം റേഡിയോയിലൂടെ കേട്ട് മനസ്സിലാക്കുകയും ആത്മനാ പങ്കുചേരുകയും ചെയ്തു. വത്തിക്കാൻ ന്യൂസ് ലഭിച്ചപ്പോൾ പരിശുദ്ധ പിതാവിന്റെ ക്രിസ്തുമസ് ദിന വിശുദ്ധ കുർബാനയിൽ പങ്കുചേർന്ന നിമിഷത്തിൽ “എനിക്ക് അത്യധികം ആഹ്ളാദം തോന്നി” എന്ന് അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. ഇടയിലെപ്പോഴോ ഒരു മാലിയൻ റേഡിയോ സ്റ്റേഷൻ പുറത്തുവിട്ട വാർത്ത കേട്ട് അദ്ദേഹം തന്നെ അത്ഭുതപ്പെട്ടു.  “ക്രൈസ്തവരും മുസ്ലിങ്ങളുമടക്കം എന്റെ മോചനത്തിനായി പ്രാർഥിച്ചുകൊണ്ടിരിക്കുകയാണെന്ന വാർത്ത കേട്ട ആ നിമിഷത്തിനു മുൻപോ, ശേഷമോ ഞാൻ ഒരു മിഷനറിയാണെന്നു തോന്നിയിട്ടില്ല” – ഫാദർ പറഞ്ഞു.

മരുഭൂമിയിലെ തണുപ്പ് 

പിടിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ താവളങ്ങൾ മാറ്റുക ഇത്തരം സംഘങ്ങളുടെ പതിവാണ്. ഡിസംബർ മാസത്തിൽ അവർ അദ്ദേഹത്തെ ഒരു മരുഭൂമിയിലേക്കു കൊണ്ടുപോയി. അതികഠിനമായ ശൈത്യത്തിൽ ചൂടു നൽകാൻ ആകെയുണ്ടായിരുന്നത്‌ ഒരു കമ്പിളിവസ്ത്രം മാത്രമായിരുന്നു. എന്നാൽ മരുഭൂമിയിലെ ആ തണുപ്പിനെ പ്രതിരോധിക്കാൻ അത് മതിയാകില്ലായിരുന്നു. അവിടം മുതലായിരുന്നു ആ പുരോഹിതന്റെ യഥാർഥ ധ്യാനദിനങ്ങൾ ആരംഭിച്ചത്. ഒരു ദിവസത്തിന്റെ 24  മണിക്കൂറിൽ 22  മണിക്കൂറും ഒരു ടാർപോളിൻ ഷീറ്റിനടിയിൽ അദ്ദേഹം ചിലവഴിച്ചു. കാലൊന്നു നീട്ടിവയ്ക്കാൻപോലും സ്വാതന്ത്ര്യമില്ലായിരുന്നു. കൂടെയുണ്ടായിരുന്ന അൽ ക്വയ്ദ തീവ്രവാദി ഒരു വര വരച്ചിട്ടുണ്ടായിരുന്നു, അതിനുമപ്പുറത്തേക്ക് കാലുനീട്ടാൻ അവകാശമുണ്ടായിരുന്നില്ല. എങ്കിലും ഈ കാലയളവിൽ അവർ അദ്ദേഹത്തിന് ഭക്ഷണം നൽകി. നൽകിയതിൽ ഒരു ബ്രഡ് അദ്ദേഹം തന്റെ വിശുദ്ധ ബലിയർപ്പണത്തിനായി കരുതിവച്ചു.

കുർബാനയർപ്പണം 

“അപ്പംമാത്രം വവെച്ച് വീഞ്ഞില്ലതെയായിരുന്നു ഞാൻ എന്റെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള വിശുദ്ധ കുർബാന അർപ്പിച്ചിരുന്നത്. വീഞ്ഞില്ലാത്തതിനാൽ അത് ഒരുപക്ഷേ, സാധുവായിരിക്കില്ല. എന്നാൽ അതായിരുന്നു ഞാൻ അർപ്പിച്ച ഏറ്റവും പരിശുദ്ധവും ഉന്നതവും ഭക്തിനിർഭരവുമായിരുന്ന ബലികൾ. ഞാൻ എന്റെ ബമാകോയിലുള്ള ആളുകളുടെ ഇടയിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നതെന്നു മനസ്സിൽ വിചാരിച്ചുകൊണ്ടായിരുന്നു ഓരോ ബലിയർപ്പണവും.”

ഓരോ ബലിയിലും അദ്ദേഹം തന്റെ അഭാവത്തിൽ വിഷമിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന, തനിക്ക് അറിയുന്നവരും അറിയാത്തവരും തന്റെ പ്രിയപ്പെട്ടവർക്കുമായി പ്രാർഥിച്ചു. ഉച്ചസമയത്ത് ജപമാല ചൊല്ലിയായിരുന്നു അദ്ദേഹം പ്രാർഥിച്ചത്. വൈകുന്നേരങ്ങളിൽ രണ്ടുമണിക്കൂർ നേരം ധ്യാനം.

മോചിതനാകുന്നു 

ഒടുവിൽ 2023 നവംബര് 23-നു മോചിതനായ അദ്ദേഹം ദൈവത്തോടു നന്ദിപറഞ്ഞു. ഇപ്പോൾ വിശ്രമത്തിലായിരിക്കുന്ന അദ്ദേഹം തന്റെ പുതിയ മിഷൻ മേഖലയ്ക്കായി കാത്തിരിക്കുകയാണ്. തന്നെ തട്ടിക്കൊണ്ടുപോയ അന്നുമുതൽ ആശുപത്രിയിൽ ആയിരിക്കുന്ന 92 വയസ്സുള്ള തന്റെ വൃദ്ധമാതാവിനെ വീണ്ടും കാണാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷവാനാണ്. ഈ നിമിഷംവരെയും തന്നെ പിന്തുണച്ച എല്ലാവരോടുമായി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്:

“ഞാൻ ഇപ്പോൾ ഇങ്ങനെയായിരിക്കുന്നതിനു നിങ്ങളുടെ പ്രാർഥനയ്ക്ക് നന്ദിപറയുന്നു.”

സുനീഷാ വി. എഫ്

വിവർത്തനം: സുനിഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.