മദ്യപാനം പരിഹാരമല്ല – ഫ്രാന്‍സീസ് പാപ്പ

ആത്മീയ ശൂന്യതയ്ക്കും ജീവിത പ്രതിസന്ധികള്‍ക്കും പരിഹാരം മദ്യപാനവും ഉറക്കഗുളികകളുമല്ല, മറിച്ച് പ്രാര്‍ത്ഥനയാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ പറയുന്നു. പ്രശ്‌നങ്ങളെ മറി കടക്കാന്‍ പ്രാര്‍ത്ഥനയോളം ശക്തമായ മറ്റൊരു ആയുധമില്ലെന്നും പാപ്പ ഉറപ്പ് നല്‍കുന്നു. ”ഇത്തരം അവസ്ഥയിലൂടെ എല്ലാ മനുഷ്യരും കടന്നു പോകുന്നുവെന്ന് നമുക്കറിയാം. ആര്‍ക്ക് വേണമെങ്കിലും ഇത് സംഭവിക്കാം.  ചിലരില്‍ വളരെ ശക്തമാണെങ്കില്‍ ചില വ്യക്തികളില്‍ ഈ അവസ്ഥ വളരെ ദുര്‍ബലമായിരിക്കും.” സെപ്റ്റംബര്‍ 27 ലെ വിശുദ്ധ കുര്‍ബാന മധ്യേയാണ് ഫ്രാന്‍സീസ് പാപ്പ ഇപ്രകാരം പറഞ്ഞത്. നമ്മുടെ ഹൃദയങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്ന് നാം മനസ്സിലാക്കേണ്ടതാവശ്യമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ്മത്തിരുനാളിനോടനുബന്ധിച്ചായിരുന്നു ദിവ്യബലി. ജോബിന്റെ പുസ്തകത്തില്‍ നിന്നുമുളള ഭാഗങ്ങളാണ് വിശുദ്ധ കുര്‍ബാനയിലെ ആദ്യവായനയ്ക്കായി പാപ്പ തിരഞ്ഞെടുത്തത്. ”ആത്മീയ ശൂന്യത നമ്മുടെ ആത്മാവിനെ തകര്‍ക്കും. നമുക്കൊരിക്കലും വിജയിക്കാന്‍ സാധിക്കുകയില്ല. മാത്രമല്ല, നമുക്ക് ജീവിക്കാന്‍ പോലും തോന്നുകയില്ല.”

”മരണമാണ് കൂടുതല്‍ മികച്ചത് എന്നാണ് ജോബ് പൊട്ടിത്തെറിച്ച്  പ്രതികരിച്ചത്. ഇത്തരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ നല്ലത് മരിക്കുന്നതാണ്; ജീവിതത്തിലെ ഓരോ നിമിഷവും ഇരുള്‍ നിറഞ്ഞതാകുമ്പോള്‍ പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് നിങ്ങളും ചിന്തിച്ചിട്ടുണ്ടാകും.” പാപ്പാ ചോദിച്ചു: ”കുടുംബത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളും രോഗങ്ങളും നിങ്ങളെയും നിരാശരാക്കുന്നുണ്ടോ?”

ഈ നിരാശയില്‍ മുങ്ങിത്താഴുമ്പോള്‍ മിക്കവരും മദ്യത്തെയോ ഉറക്കഗുളികകളെയോ ആശ്രയിക്കുന്നു. ”പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവയ്ക്ക് ഒരിക്കലും കഴിയുകയില്ല.” ഫ്രാന്‍സിസ് പാപ്പ ഉറപ്പിച്ച് പറഞ്ഞു. ”പ്രാര്‍ത്ഥനയാണ് ഉത്തമപരിഹാരം. എല്ലാ ശക്തിയോടും കൂടി ദൈവത്തിന്റെ വാതില്‍ക്കല്‍ മുട്ടാന്‍ കഴിയുന്നത് പ്രാര്‍ത്ഥനയ്ക്കാണ്. ഇത്തരം ഭയങ്കരമായ നിമിഷങ്ങളില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് പിതാവായ ദൈവം നമ്മെ പഠിപ്പിച്ചിട്ടുണ്ട്.”

സങ്കീര്‍ത്തനത്തില്‍ പ്രാര്‍ത്ഥനയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിരിക്കുന്നു. ”എന്റെ മേല്‍ നിന്റെ കോപം നിപതിച്ചിരിക്കുന്നു. എന്റെ പ്രാര്‍ത്ഥന നിന്റെ തിരുസന്നിധിയില്‍ എത്തിക്കേണമെ.” ഇതാണ് യഥാര്‍ത്ഥമായ പ്രാര്‍ത്ഥന എന്ന് ഫ്രാന്‍സീസ് പാപ്പ പറയുന്നു. ജീവിതത്തിലെ ഏറ്റവും ഇരുള്‍ നിറഞ്ഞ, നിര്‍ജ്ജീവമായ, ഉത്സാഹശൂന്യമായ അവസരങ്ങളില്‍ നമ്മള്‍ ഇങ്ങനെയാവണം പ്രാര്‍ത്ഥിക്കേണ്ടത്. ജോബിന് ലഭിച്ചതു പോലെ രക്ഷയുടെ മാര്‍ഗ്ഗം വെളിപ്പെടുത്തി തരുന്ന യഥാര്‍ത്ഥ പ്രാര്‍ത്ഥനയാണിത്. ആത്മീയ ശൂന്യത എല്ലാവരിലും സംഭവിക്കുമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഈ അവസ്ഥയുടെ ആദ്യപടി നമ്മില്‍ എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാതെ നിരാശയിലേക്ക് വഴുതി വീഴുന്നതാണ്.

സങ്കീര്‍ത്തകന്‍ പറഞ്ഞിരിക്കുന്നത് പോലെ ‘എന്റെ പ്രാര്‍ത്ഥന നിന്റെ തിരുസന്നിധിയില്‍ എത്തിച്ചേരേണമെ’ എന്ന് പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. ആത്മീയശൂന്യത അനുഭവിക്കുന്നവനും പ്രതീക്ഷയില്ലാത്തവനുമായ ഒരു വ്യക്തിയെ കണ്ടുമുട്ടുകയാണെങ്കില്‍ നമ്മള്‍ നിശ്ശബ്ദരായിരിക്കണം. വെറും നിശ്ശബ്ദതയല്ല, സ്‌നേഹവും അടുപ്പവും സംരക്ഷണവും നിറഞ്ഞ നിശ്ശബ്ദതയാണ് അയാള്‍ക്ക് ആവശ്യം. അയാള്‍ക്ക് ഉപദ്രവം നല്‍കുന്ന ഉപദേശങ്ങള്‍ കൊടുക്കേണ്ട ആവശ്യമില്ല.

”ആത്മീയ ശൂന്യത തിരിച്ചറിയാനും പ്രാര്‍ത്ഥിക്കാനുമുള്ള അനുഗ്രഹം ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകുന്നവരെ സഹായിക്കാനുള്ള അനുഗ്രഹവും ദൈവം നല്‍കിയിട്ടുണ്ട് എന്ന് കൂടി ഓര്‍ക്കുക.” പാപ്പ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.