പിറന്നാള്‍ പപ്പായ: കുഞ്ഞു യോനായുടെ പിറന്നാള്‍

നിറയെ കായ്ച്ചു നില്‍ക്കുന്ന ഒരു പപ്പായ മരം. അതിന് ചുവട്ടില്‍ മഞ്ഞനിറത്തിലുള്ള വലിയൊരു പപ്പായയില്‍ തല ചായ്ച്ച് കുറുമ്പ് കലര്‍ന്ന നിഷ്‌കളങ്കതയോടെ പുഞ്ചിരിക്കുന്ന മൂന്നു വയസ്സുകാരന്‍. അടുത്ത ഫോട്ടോയില്‍ ചേട്ടന്‍മാരുടെയും ചേച്ചിമാര്‍ക്കും ഒപ്പം നിന്ന് ‘പിറന്നാള്‍ മംഗളാശംസകള്‍ യോന’ എന്നെഴുതിയ പപ്പായ മുറിച്ച് ഹാപ്പി ബര്‍ത്ത്‌ഡേ പാടുന്നുണ്ട് ഈ നാല് സഹോദരങ്ങളും. ഡിസംബര്‍ 6 ന് സന്തോഷ് അറയ്ക്കല്‍ എന്ന ചെറുപ്പക്കാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് തന്റെ മൂന്നുവയസ്സുകാരന്‍ മകന്‍ യോനയുടെ പിറന്നാള്‍ ആഘോഷങ്ങളായിരുന്നു.

പിറന്നാള്‍ പപ്പായ

പപ്പായ പിറന്നാള്‍ മധുരമായ കഥയെക്കുറിച്ച് സന്തോഷ് വിശദീകരിക്കുന്നു. ”നാല് മക്കളാണ് ഞങ്ങള്‍ക്ക്. അവര്‍ നാല് പേരും ചേര്‍ന്ന് ഒരു ഹര്‍ത്താല്‍ ദിനത്തിലാണ് പപ്പായ മരം നടുന്നത്. അതില്‍ നിന്ന് ആദ്യത്തെ പഴം പറിക്കാറായപ്പോള്‍ ഇളയവന്റെ പിറന്നാളും വന്നു. കേക്കിനെക്കാള്‍ എന്തുകൊണ്ടും പോഷക സമ്പന്നമാണ് പപ്പായ എന്ന് എനിക്ക് വ്യക്തമായി അറിയാം. ഫാസ്റ്റ്ഫുഡ്ഡിന്റെ ദോഷഫലങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുന്ന വ്യക്തി കൂടിയാണ് ഞാന്‍. അതുകൊണ്ട് കേക്കിന് പകരം പപ്പായ മുറിച്ചാലോ എന്നൊരു ചിന്ത. അങ്ങനെ പപ്പായ പിറന്നാള്‍ കേക്കിന് പകരമായി. എന്തായാലും കേക്ക് കഴിക്കുന്നതിനേക്കാള്‍ വേഗത്തില്‍ പപ്പായ അവര്‍ കഴിച്ചു തീര്‍ത്തിരുന്നു.” മരത്തിന് ചുവട്ടില്‍ വച്ച് തന്നെ ബാംബൂ കൊണ്ടുള്ള ഒരു പ്ലേറ്റിലാണ് പപ്പായ വച്ചത്. നാലുമക്കളും അച്ഛനും അമ്മയും ചേര്‍ന്ന് പിറന്നാള്‍ പപ്പായ മുറിച്ചു; മറ്റാരെയും ക്ഷണിച്ചില്ല.

pappaya-piranal-1പപ്പായ മുറിക്കുമ്പോള്‍ വളരെ സാധാരണയായ ഒരു കാര്യം എന്നേ സന്തോഷ് അപ്പോള്‍ കരുതിയുളളൂ. അതുകൊണ്ട്  തന്നെയാണ് അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഒരു കപ്പൂച്ചിന്‍  വൈദികനാണ് ആദ്യം ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. സന്തോഷിന്റെ സുഹൃത്തു കൂടിയായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ പോസ്റ്റ് വാര്‍ത്തയാക്കിയപ്പോള്‍ നവമാധ്യമങ്ങളില്‍ ഈ പ്രവര്‍ത്തനം വൈറലാകാന്‍ അധികസമയം വേണ്ടി വന്നില്ല. ”ഈ രീതിയില്‍ എന്റെ മകന്റെ പിറന്നാള്‍ ആഘോഷം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുമെന്ന് ഞാന്‍ വിചാരിച്ചതേയില്ല. ധാരാളം പേര്‍ വിളിച്ചു; അഭിനന്ദിച്ചു. അതൊക്കെ ഒരുപാട് സന്തോഷം നല്‍കുന്ന കാര്യങ്ങളായിരുന്നു. ഇപ്പോഴും ഇത് പല ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് പോകുന്നുണ്ട്.” സന്തോഷ് തന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല.

പ്രകൃതിയെ സ്‌നേഹിക്കുകയും അതിനൊപ്പം ജീവിക്കുകയും ചെയ്യുന്ന ഒരച്ഛന്‍ ഇതില്‍പ്പരം എന്ത് പിറന്നാള്‍ സമ്മാനമാണ് തന്റെ കുഞ്ഞുമകന് നല്‍കുക? ആയിരങ്ങള്‍ പൊടിച്ച് പിറന്നാളും കല്യാണവും മറ്റ് ചെറിയ ആഘോഷങ്ങള്‍ പോലും അടിപൊളിയാക്കുന്ന ആധുനിക ആഘോഷങ്ങള്‍ക്കിടയില്‍  ഇതൊരു വ്യത്യസ്ത ആഘോഷം തന്നെയാണ്. ”പ്രകൃതി സ്‌നേഹം വാക്കുകളില്‍ മാത്രം പോരല്ലോ? അത് പ്രവര്‍ത്തിയിലും തെളിഞ്ഞു കാണണ്ടേ? അങ്ങനെയൊരു ലക്ഷ്യം മനസ്സില്‍ വച്ചാണ് പിറന്നാള്‍ ഇങ്ങനെ ആഘോഷിക്കാം എന്ന് ഞങ്ങള്‍ തീരുമാനിച്ചത്. കേക്ക് വാങ്ങിക്കാം എന്ന് ആദ്യം കരുതിയിരുന്നു. പക്ഷേ അതില്‍ അടങ്ങിയിരിക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പുള്ളത് കൊണ്ട് ആ തീരുമാനം വേണ്ടെന്ന് വച്ചു.”

”പൂര്‍ണ്ണമായും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരാണ് ഞങ്ങള്‍. പച്ചക്കറികളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. വീട്ടില്‍ നെല്‍ക്കൃഷിയുണ്ട്. അരിപ്പൊടിയും മറ്റും ഞങ്ങള്‍ വീട്ടില്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് ജങ്ക് ഫുഡ്ഡോ മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങളോ പൊതുവെ നല്‍കാറില്ല. അതുപോലെ വാക്‌സിനേഷനും കുട്ടികള്‍ക്ക് നല്‍കിയിട്ടില്ല.” സന്തോഷിന്റെ കുടുംബം പ്രകൃതിയോട് കൂട്ട് കൂടുന്നത് ഇങ്ങനെയൊക്കെയാണ്.

വെളിച്ചം അണയ്ക്കാനുള്ളതല്ല

സാധാരണ എല്ലാവരുടെയും പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞു പോയ വര്‍ഷങ്ങളുടെ മെഴുകുതിരികള്‍ ഊതിയണച്ചു കൊണ്ടാണ്. എന്നാല്‍ യോനയുടെ പിറന്നാളിന്  വെളിച്ചം ഇല്ലാതാവുകയല്ല ചെയ്തത്. പുതിയൊരു അവബോധത്തിന്റെ വെളിച്ചം തെളിയുകയായിരുന്നു, ”എല്ലാവരും തിരി അണച്ചാണ് പിറന്നാള്‍ ആഘോഷിക്കുന്നത്. വെളിച്ചം ഇല്ലാതാകുമ്പോള്‍ അവിടെ ഇരുട്ടല്ലേ കടന്നു വരുന്നത്? ശുഭകാര്യങ്ങള്‍ എപ്പോഴും വെളിച്ചത്തിലാണ് സംഭവിക്കേണ്ടത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.” പിറന്നാളിന് തിരി തെളിക്കാത്തതിന്റെ കാരണം സന്തോഷ് പറയുന്നു. ദീപം തെളിഞ്ഞ് നിന്ന് പ്രകാശം പരത്താനുള്ളതാണെന്നാണ് സന്തോഷിന്റെ ഭാഷ്യം. പ്രകൃതിയായിരുന്നു യോനയുടെ പിറന്നാള്‍ വേദി. കൃഷിഭൂമിയും വിളവുകളുമായിരുന്നു പിറന്നാളിന് സാക്ഷികളായത്.

പപ്പായ മുറിച്ചതെന്തിനാണെന്ന് ചോദിച്ചവരോട് പപ്പായയുടെ ഗുണങ്ങള്‍ അക്കമിട്ട് നിരത്തി സന്തോഷ് ഫേസ്ബുക്കില്‍ പോസ്റ്റ്  ചെയ്തു. പിറന്നാള്‍ ആഘോഷം പോലെ അതും ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. പരിഭവം പറഞ്ഞവരും ഇപ്പോള്‍ ഈ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നുണ്ടെന്ന് സന്തോഷ് പറയുന്നു. ആയിരത്തി ഇരുനൂറ് സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓടിട്ട വീടും പ്രകൃതിയോടിണങ്ങി നിര്‍മ്മിച്ചിരിക്കുന്നതാണ്. മുളയും മണ്ണുമാണ് മുറികള്‍ക്കകത്ത് ഉപയോഗിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സന്തോഷും ഭാര്യ ലാലിയും മക്കളായ റൊണാള്‍ഡും ജോണ്‍പോളും ജന്നിഫറും യോനയും താമസിക്കുന്നത്. ചെറിയ ആഘോഷങ്ങള്‍ പോലും ധൂര്‍ത്തിലേക്ക് കൂപ്പു കുത്തുമ്പോള്‍ തീര്‍ത്തും ലളിതമായ പിറന്നാള്‍ ആഘോഷത്തിലൂടെ ശ്രദ്ധേയരാകുകയാണ് ഈ കുടുംബം. സന്തോഷ് അറയ്ക്കല്‍ എന്ന അച്ഛനും ലാലി എന്ന അമ്മയും യോന എന്ന തങ്ങളുടെ മകന് നല്‍കുന്ന ഏറ്റവും മികച്ച സമ്മാനമായിരിക്കും ഇത്. ആരവങ്ങളും തോരണങ്ങളും ഇല്ലാതെ അവനിലേക്ക് ഒഴുകിയെത്തിയിരിക്കുന്നത് നന്മയുടെ വെളിച്ചമാണ്.  ഒരു പക്ഷേ വരും തലമുറകള്‍ക്കും ഈ പാത അനുകരണീയമായിരിക്കും. നല്ല ഭക്ഷണം നല്ല ചിന്ത, നല്ല പഠനം തന്റെ മക്കള്‍ക്ക് നല്‍കാന്‍ ഈ മാതാപിതാക്കള്‍ കാത്തുവച്ചിരിക്കുന്ന അമൂല്യനിധികള്‍ ഇവയാണ്.

സുമം തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.