സന്യാസവും തീവ്രവാദവും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ – സിനിമ

1996 – ല്‍ അള്‍ജീരിയയില്‍ നിന്നു മുസ്ലീം തീവ്രവാദികളാല്‍  തട്ടിക്കൊണ്ടു പോകപ്പെട്ട ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസിമാരുടെ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍ എന്ന സിനിമ

സന്യാസവും തീവ്രവാദവും ഏറ്റുമുട്ടുമ്പോള്‍ സംഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് ഈ സിനിമയുടെ പ്രമേയം.

സങ്കീര്‍ത്തകന്റെ പുസ്തകത്തില്‍ നിന്നുള്ള ഈ ഉദ്ധരണിയില്‍ നിന്നാണ് ‘ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍’ എന്ന സിനിമ ആരംഭിക്കുന്നത്. “ഞാന്‍ പറയുന്നു; നിങ്ങള്‍ ദൈവങ്ങളാണ്. നിങ്ങളെല്ലാവരും അത്യുന്നതന്റെ മക്കളാണ്. എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ  മരിക്കും. ഏതു പ്രഭുവിനേയും പോലെ വീണു പോകും.”

ofgodsandmen-png1

സോഷ്യല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ‘ഓഫ് ഗോഡ്‌സ് ആന്‍ഡ് മെന്‍’ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ സംവിധായകന്‍ സേവ്യര്‍ ബോവോയ്‌സ് ആണ്. ലാം ബെര്‍ട്ട് വില്‍സണ്‍,  മൈക്കിള്‍ ലോന്‍സ്‌ഡേല്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ദൈവത്തിന്റേയും ജനത്തിന്റേയും എന്നര്‍ത്ഥം വരുന്ന ‘ഡെസ്‌ഹോമസ് എറ്റ് ഡെസ് ഡിയക്‌സ്’ എന്ന ഫ്രഞ്ച് വാക്കാണ് ഈ സിനിമയുടെ പേരിന്റെ കാരണം. ഈ ചലച്ചിത്രത്തിന്റെ കഥാബിന്ദു ബൈബിളില്‍ നിന്നും കടം കൊണ്ടതാണെന്ന്  സിനിമയുടെ തുടക്കത്തില്‍ തന്നെ കാണിക്കുന്നുണ്ട്. ടിഫിറിന്‍ എന്ന ദേശത്തെ ഒരു ആശ്രമത്തേയും അവിടെ ജീവിച്ചിരുന്ന ഒന്‍പത് ട്രാപ്പിസ്റ്റ് സന്യാസിമാരെയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ട് പോകുന്നത്. മുസ്ലീം മത വിഭാഗക്കാര്‍ തിങ്ങിപാര്‍ക്കുന്ന ആ പ്രദേശത്ത് അവര്‍ വളരെ ഐക്യത്തോടെ ജീവിച്ചിരുന്നു.

1996- ലെ ആഭ്യന്തര യുദ്ധത്തില്‍ അവരില്‍ ഏഴ് പേര്‍ തട്ടികൊണ്ട് പോകപ്പെടുകയും പിന്നീട് വധിക്കപ്പെടുകയും ചെയ്യുന്നതോടെ കഥാഗതി മാറുന്നു.  തികച്ചും സാധാരണക്കാരായി ജീവിച്ചിരുന്ന  ക്രിസ്ത്യന്‍-മുസ്ലീം ജനതയുടെ ജീവിതത്തില്‍ പുറം ശക്തികളുടെ കടന്നുകയറ്റത്തോടെ അശുഭകരമായ സംഭവങ്ങളാണ് പിന്നീടുണ്ടാകുന്നത്.  ഗവണ്‍മെന്റിന്റെ പതനം, വളരുന്ന തീവ്രവാദം എന്നിവയാണ് പിന്നീട് കാണിക്കുന്നത്. ഒടുവില്‍ സന്യാസ സമൂഹത്തോട്‌ തീവ്രവാദികളും ഗവണ്‍മെന്റും എതിരാകുന്നു. അത് സന്യാസികളുടെ  മരണത്തില്‍ കലാശിക്കുന്നു.of-gods-and-men-3

2010-ലെ കാന്‍ ഫെസ്റ്റിവലില്‍ ആയിരുന്നു ഈ ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം. കാന്‍ ഫെസ്റ്റിവലിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ അവാര്‍ഡ് ആയ ഗ്രാന്‍ഡ് പ്രിക്‌സ് അവാര്‍ഡ് ഈ സിനിമയ്ക്കായിരുന്നു. കൂടാതെ നല്ല ചിത്രത്തിനുള്ള ലൂമിയര്‍ അവാര്‍ഡും സീസര്‍ അവാര്‍ഡും ചിത്രത്തിന് ലഭിക്കുകയുണ്ടായി. നല്ല രീതിയില്‍ നിരൂപക പ്രശംസ പിടിച്ച് പറ്റിയതിനൊപ്പം തന്നെ വാണിജ്യ തലത്തില്‍ ബോക്‌സോഫീസ് വിജയമായി തീരുകയും ചെയ്തിരുന്നു ഈ സിനിമ.

സന്യാസിമാരുടെ സമാധാനപരമായ പ്രാര്‍ത്ഥനാചര്യയും  ആരോഗ്യപരിപാലനവും സമൂഹവുമായുള്ള നല്ല ഇടപെടലുകളും മുസ്ലീം മൗലീകവാദ ഗ്രൂപ്പുകളുടെ ഇടപെടല്‍ മൂലം തകരുന്നു. സന്യാസിമാരുടെ തിരഞ്ഞെടുക്കപ്പെട്ട നേതാവ് ക്രിസ്ത്യന്‍ ( ലാംബര്‍ട്ട് വില്‍സണ്‍) അല്‍ജീരിയയില്‍ തുടരണോ അതോ അവിടം വിട്ട് പോകണോ എന്ന ചോദ്യം മറ്റു സന്യസിമാരോട് ചോദിക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നത ഉടലെടുക്കുന്നു. അല്‍ജീരിയയില്‍ തുടരണോ അതോ അവിടം വിട്ട് പോകണോ എന്ന ഒരു പ്രതിസന്ധിയില്‍ സന്യാസിമാര്‍ എത്തിച്ചേര്‍ന്നു. പക്ഷേ അതിനൊരു ഉത്തരം കാണും മുന്‍പേ അലി ഭയാട്ടിയ നയിക്കുന്ന മൗലീക തീവ്രവാദ സംഘം ഒരു ക്രിസ്തുമസ് സായാഹ്നത്തില്‍ സന്യാസിമാരുടെ ആശ്രമ വളപ്പില്‍ കടന്ന് കയറുകയും അവിടുത്തെ ഡോക്ടറെയും മരുന്നും ആവശ്യപ്പെടുകയും ചെയ്തു.

പക്ഷേ, സന്യാസ സമൂഹം ആ ആവശ്യം നിരസിക്കുകയും അവരുടെ നല്ല മനസിന്റെ സൂചന പോലെ വിശുദ്ധ  ഖുര്‍ ആനിലെ വാക്കുകള്‍ ഉദ്ധരിക്കുകയും ചെയ്തു. അതില്‍ അത്ഭുതവും ബഹുമാനവും തോന്നിയ ഭയാട്ടിയ ആ ആശ്രമം വിട്ട് പോകുകയും അവരോട് അദ്ദേഹം സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവസാനം സൈന്യം അയാളെ തടവുകാരനാക്കുകയും പീഡിപ്പിച്ച് കൊല്ലുകയും ചെയ്തു. ആഭ്യന്തരയുദ്ധം വര്‍ദ്ധിക്കവേ സന്യാസ സമൂഹം തങ്ങളുടെ കീഴിലുള്ള പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരായി. അവരെല്ലാവരും ആ കലാപത്തില്‍ മരണത്തെ മുന്നില്‍ കാണുകയാണെന്നും മനസിലാക്കുന്നു.

of-gods-and-men-4

തീവ്രവാദികള്‍ രാത്രി കാലങ്ങളില്‍ സന്യാസിമാരെ പിടിച്ച് തടവിലാക്കുകയും, അടിമകളാക്കിയ അവരെ ഒരു മഞ്ഞ് പാതയിലൂടെ ആ അന്തിമ വിധിയായ മരണത്തിലേക്ക് കൊണ്ടു പോകുകുകയും ചെയ്യുന്നിടത്ത് സിനിമ അവസാനിക്കുന്നു.

1996 – ല്‍ അള്‍ജീരിയയില്‍ നിന്നു മുസ്ലിം തീവ്രവാദികളാല്‍  തട്ടിക്കൊണ്ടു പോകപ്പെട്ട ഏഴ് ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസിമാരുടെ യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ സിനിമ.

ഡോ. സിജു വിജയന്‍  

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.