ജീവിതാസ്വാദനത്തിന്റെ രഹസ്യം

ഒരു ശിശുവിനെപ്പോലെയാവുക എന്നതാണ് ഒരാളുടെ ജീവിത പരിണാമത്തില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല മാനസികാവസ്ഥ എന്ന് ക്രിസ്തു നമ്മെ പഠിപ്പിക്കാന്‍ ഒരു കാരണമുണ്ട്. നിഷ്‌കളങ്കതയോടെ ജീവിതത്തെ നോക്കിക്കാണാന്‍ ഒരു ശിശുവിനു മാത്രമേ സാധിക്കൂ. ശിശുവിനു് ഭൂതകാലത്തിന്റെ നിറമുള്ള കണ്ണാടികളോ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകളോ ഇല്ല. സ്വച്ഛതയോടെ ജീവിതം ഒരു ശിശുവിന്റെ മുന്‍പില്‍ പരന്നു കിടക്കുന്നു. മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും സംരക്ഷണം നല്‍കുന്ന സുരക്ഷിതത്വബോധം ആകുലതകളില്‍ നിന്നും അതിനെ സംരക്ഷിക്കുന്നു. അതുകൊണ്ടാണ് ദൈവപിതാവില്‍ ആശ്രയിച്ചുകൊണ്ട് വളരാന്‍ ഈശോ നമ്മെ ഉപദേശിച്ചത്. ദൈവത്തിലുള്ള ഈ അശ്രയബോധം ദൈവത്തില്‍ നിന്നുള്ള ഒരു സമ്മാനവും അനുഗ്രഹവുമാണെന്നു എനിക്കു തോന്നിയിട്ടുണ്ട്. കാരണം ബൗദ്ധികമായ ഒരു ചിന്തയ്ക്ക് ഇത്തരം മനോഭാവം സമ്മാനിക്കുവന്‍ കഴിയുകയില്ല.

ജീവിതത്തിലെ തന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു യുവാവ് ഒരു വൃദ്ധനോട് സംസാരിച്ചു. ചെയ്യുന്ന ഒരു കാര്യവും ശരിയാകുന്നില്ല. സമാധാനവും സന്തോഷവുമില്ല. വൃദ്ധന്‍ യുവാവിനോട് പറഞ്ഞു: നീ പക്ഷപാതപരമായല്ലാതെ ജീവിതത്തെ നോക്കുക. യുവാവിന് കാര്യം മനസ്സിലായില്ല. വൃദ്ധന്‍ അയാളോട് പ്രകൃതിയിലേയ്ക്ക് മടങ്ങാന്‍ ഉപദേശിച്ചു. അയാള്‍ ജോലിയില്‍ നിന്നും ലീവെടുത്ത് മലഞ്ചെരുവിനടുത്തുള്ള തന്റെ വീട്ടിലെത്തി. അടുത്തുള്ള കുന്നു കയറുമ്പോള്‍ അയാള്‍ പ്രകൃതിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അനന്തമായ ആകാശം. മനോഹരമായ പുല്‍മേടുകള്‍. മന്ദമാരുതന്‍. അയാള്‍ തന്റെ ബാല്യത്തെക്കുറിച്ചോര്‍ത്തു. വര്‍ഷങ്ങള്‍ക്കു മുന്‍പ് താന്‍ ഒരു കൊച്ചു കുട്ടിയായിരുന്നപ്പോള്‍ പൂന്തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരുന്നതിന്റെ ഓര്‍മ്മ മനസ്സില്‍ തികട്ടി. അന്ന് തനിക്ക് എന്തു സന്തോഷമായിരുന്നു. ആകുലതയില്ലാതെ ചെയ്യുന്ന കാര്യം ആസ്വദിച്ചു കൊണ്ടാണ് അന്ന് താന്‍ ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ തന്റെ ഓരോ പ്രവര്‍ത്തിയിലും ഭൂതകാലത്തിന്റെ നിഴലോ ഭാവിയുടെ ആശങ്കയോ ഉണ്ട്. വര്‍ത്തമാനകാലത്ത് ജീവിക്കുവാന്‍ തനിക്കു കഴിയുന്നില്ലന്ന് അയാള്‍ തിരിച്ചറിഞ്ഞു.

ശരിക്കും വര്‍ത്തമാനകാലത്ത് ജീവിക്കാന്‍ കഴിയാതിരിക്കുക എന്നത് യുവജനങ്ങളുടെ മാത്രം പ്രശ്‌നമല്ല, പലപ്പോഴും ജീവിത സാഹചര്യങ്ങള്‍ കൊണ്ട് മനുഷ്യമനസ്സിനു സംഭവിക്കുന്ന വൈകല്യമാണിത്. വിശാലമായ ആകാശത്തേയ്ക്കു നോക്കുമ്പോള്‍നമുക്കിന്ന് ആകാശം കാണാന്‍ കഴിയുന്നില്ല, ഭൂമിയിലേയ്ക്കു നോക്കുമ്പോള്‍ ഭൂമിയും. നമ്മുടെ കാഴ്ചകള്‍ക്ക് കെട്ടു പിണയുന്നു.

നിര്‍മമതയുടെ കാഴ്ചകളാണ് നമുക്കു വേണ്ടത്. മുറിവേറ്റ മനസ്സ് അറിയാതെ ഒരു മുറിവിനെ പ്രതീക്ഷിക്കുന്നു. ദുരന്തങ്ങളുടെ ഭൂതകാലമുള്ള ഒരുവന്‍ ദുരന്തങ്ങള്‍ കടന്നു വരുന്നുണ്ടോ എന്ന് കാതോര്‍ത്തിരിക്കുന്നു. കുറെ പരാജയങ്ങള്‍ക്കുശേഷം ഒരുവിജയത്തെ പ്രതീക്ഷിക്കാന്‍ നമ്മുടെയൊക്കെ മനസ്സിനു കഴിയാതെ വരുന്നു. നമ്മുടെ ജീവിതം ദൗര്‍ബല്യങ്ങളുടെ പരിശീലനകളരികളിലാണ്. ദുഖവെള്ളികളെ സ്‌നേഹിച്ചും താലോലിച്ചും ഉയിര്‍പ്പിന്റെ ദൈവശാസ്ത്രം മനസ്സിലാക്കുവാന്‍ നമുക്കിന്നു കഴിയുന്നില്ല. സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും വിജയത്തിന്റെയും സുവിശേഷത്തെ നമ്മള്‍ മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ്. മരണാനന്തരം മാത്രമേ ക്രിസ്ത്യാനിക്കു സന്തോഷിക്കുവാന്‍ സാധിക്കൂ എന്നാണ് നമ്മള്‍ വിശ്വസിച്ചു ജീവിക്കുന്നതും മറ്റുള്ളവരെ പഠിപ്പിക്കുന്നതും. സന്തോഷവും സമാധാനവും അനുഭവങ്ങളുടെ സ്വാഭാവിക പരിണതികള്‍ മാത്രമാണെന്ന് നാം വിശ്വസിക്കുന്നു.

ഭാരത പൗരാണികതയുടെ ആശംസയാണ് ‘ഓം ശാന്തി’ എന്നത്. സന്യാസാശ്രമത്തിന്റെ സവിശേഷതയുമാണത്. ജീവിതാനുഭവങ്ങളുടെ സമൃദ്ധിയില്‍ നിന്നാണ് ശാന്തി അനുഭവത്തിലേയ്ക്ക് നാം നടന്നടുക്കുക. നൈരന്തര്യം സമ്മാനിക്കുന്ന ഒരുതരം നിസ്സംഗതയാണ് ശാന്തി അനുഭവത്തിലേയ്ക്ക് ഒരാളെ നടത്തുക. അനുഭവങ്ങള്‍ പക്വമാക്കുന്ന മനസ്സിന്റെ പ്രതികരണമാണിത്.അതുകൊണ്ടാണ് സമയമാണ് (പ്രായം) ഒരാളെ പക്വതയുള്ളവനോ പക്വതയുള്ളവളോ ആക്കുന്നത് എന്ന് നാം പറയുന്നത്. വൈകാരികതയും ബുദ്ധിയും മുന്നനുഭവങ്ങളും കാലവും എല്ലാം ചേര്‍ന്ന് ഒരാള്‍ക്കു വരുത്തിത്തീര്‍ക്കുന്ന സ്വഭാവ സവിശേഷതയാണ് പക്വത. ഉള്‍ക്കാഴ്ച കുറയുന്നവര്‍ക്ക് പക്വത കുറയും. ബാഹ്യനേത്രങ്ങളുടെ ദൃശ്യബോധത്തില്‍ നിന്ന് വ്യത്യസ്തമായ ദര്‍ശനമാണ് ഉള്‍ക്കാഴ്ച. അതൊരു അനുഗ്രഹവും ജ്ഞാനത്തിന്റെ ആരംഭവുമാണ്. ബൈബിളിലെ ജ്ഞാനസാഹിത്യഗ്രന്ഥങ്ങള്‍ ഇത്തരം ഉള്‍ക്കാഴ്ചയുടെ നേരുകളാണ് നമുക്കു പകര്‍ന്നു നല്കുന്നത്. ”എന്തെന്നാല്‍ അവിടുന്ന് ഇത് ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവെച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തി. അതായിരുന്നു അവിടുത്തെ അഭീഷ്ടം” (ലൂക്കാ. 11: 21) എന്ന് ഈശോ പറയുന്നതും ഈ പശ്ചാത്തലത്തില്‍ നിന്നാണ്. കാഴ്ചയ്ക്കപ്പുറം ഒരു ദര്‍ശനം സമ്മാനിക്കുവാന്‍ ദൈവത്തിനു കഴിയും. അത് ദൈവത്തിന്റെ സമ്മാനമാണ്.

ജീവിതത്തിന്റെഓരോ നിമിഷവും ദൈവത്തിന്റെ ഇടപെടലുകള്‍ ദര്‍ശിക്കുവാന്‍ കഴിയത്തക്കവിധം മനസ്സിനെ റ്റിയുണ്‍ ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത്. അതും ഒരു ദൈവീകദാനമാണ് എന്ന് പറയേണ്ടി വരും. എമ്മാവൂസിലേയ്ക്കു പോകുന്ന ശിഷ്യന്മാരെ നോക്കുക. ക്രിസ്തുവിന്റെ പീഢാനുഭവങ്ങളില്‍ പതറിപ്പോയ അവര്‍ക്ക് ക്രിസ്തുനാഥന്‍ ഹൃദയം തുറന്നു കൊടുത്തപ്പോഴാണ് ശരിയായ ദൈവദര്‍ശനവും തുടര്‍ന്ന് ജീവിത ദര്‍ശനവും കൈവരുന്നത്. ദുരന്തങ്ങളിലും തകര്‍ച്ചകളിലും അന്ധമാകുന്ന കണ്ണുകളാണ് മനുഷ്യന്റേത്. അതുകൊണ്ടുതന്നെ ഒരു ദൈവദര്‍ശനത്തിന് കാലത്തിന്റെ പാലം കടന്ന് അവന് തിരിഞ്ഞു നോക്കേണ്ടതുണ്ട്. തിരിഞ്ഞുനോട്ടത്തില്‍ തെളിയുന്നഉള്‍ക്കാഴ്ചകളാണ് വര്‍ത്തമാനത്തില്‍ ഒരു ഉള്‍ക്കാഴ്ച രൂപപ്പെടുത്തുവാന്‍ അവനെ സഹായിക്കുന്നത്. ഇവിടെയാണ് ജ്ഞാനത്തിന്റെ ആരംഭവും. വര്‍ത്തമാനകാലത്തെ നിസ്സംഗതയോടെ കാണണമെങ്കില്‍ അപാരമായ ദൈവാശ്രയബോധം ജീവിതത്തില്‍ രൂപപ്പെടേണ്ടതുണ്ട്. വി. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.” (റോമാ. 8: 28)

നമ്മുടെയൊക്കെ ജീവിതത്തില്‍ ഒരു വൈകാരികാവേശമായാണ് യൗവനം കടന്നെത്തുന്നതും കടന്നുപോകുന്നതും. ശാന്തമായ കാഴ്ചപ്പാടുകളിലേയ്ക്കു പിന്‍വലിയാന്‍ യൗവനത്തില്‍ കഴിയാതെ പോകുന്നു.വൈകാരികതയ്ക്കുമപ്പുറത്ത് വര്‍ത്തമാനത്തിന്റെ സൗന്ദര്യത്തിലേയ്ക്കും ദൈവത്തിന്റെ സംരക്ഷണത്തിലേയ്ക്കും കണ്ണുകള്‍ തിരിക്കുവാന്‍ കഴിയുക എന്നതാണ് സന്തോഷത്തിന്റെ രഹസ്യം. ജീവിതം ഒരു വിസ്മയമാണ്. ദൈവത്തിന്റെ അപാരതയിലേയ്ക്കുള്ള ഒരു ദര്‍ശനം വര്‍ത്തമാനകാലാവബോധം നമുക്കു നല്‍കുന്നു. പ്രഭാതവും പ്രദോഷവും മന്ദമാരുതനും സൂര്യനും കരയും കടലും സസ്യലതാദികളും മൃഗങ്ങളും ദൈവം നമുക്കായി സജ്ജമാക്കിയിരിക്കുന്ന ശരീരവും നമ്മുടെ ജീവിതവും എല്ലാം വിസ്മയങ്ങളാണ്. നമ്മുടെ ശ്വാസോച്ഛ്വാസവും ഹൃദയമിടിപ്പും എത്ര വലിയ അത്ഭുതങ്ങളാണ്! ഏതൊരു നിമിഷവും ചിന്നിച്ചിതറിപ്പോകാവുന്ന ജീവിതമെന്ന ചില്ലുപാത്രം ഏറ്റവും

മനോഹരമായ യാഥാര്‍ഥ്യവുമാണ്. ശരിക്കും മണ്‍പാത്രങ്ങളില്‍ ലഭിച്ചിരിക്കുന്ന നിധി. ജീവിതത്തിലേയ്ക്ക്തിരിഞ്ഞുനിന്നു ചിന്തിക്കുവാന്‍ നമുക്കു കഴിയാതെ പോകുന്നത് ഭൗമികതയുടെ ചലനാത്മകതയില്‍ മനസ്സുടക്കിപ്പോകുന്നതുകൊണ്ടാണ്. ജീവിതം മനസ്സിലാക്കുന്ന മനസ്സിന്റെ നിഗൂഢസൗന്ദര്യം മനുഷ്യന്റെ മാത്രം പ്രത്യേകതയാണ്. മനസ്സിന്റെ ആഴങ്ങളില്‍ ചോദ്യം ചെയ്യപ്പെടാതെ പോകുന്ന ജീവിതം ചിതറിക്കിടക്കുന്ന അക്ഷരങ്ങള്‍ പോലെയാണ്. വ്യാകരണവും കാവ്യാത്മകതയും ചേരുമ്പോഴാണ് അത് സുന്ദരമാകുന്നത്. ജീവിതത്തിന്റെ വ്യാകരണം കണ്ടുപിടിക്കാനുള്ള ഒരു അന്വേഷണം അടങ്ങിയിരിക്കുന്നത് ആദ്ധ്യാത്മികതയിലാണ്. ജീവിതത്തിന്റെ നിസ്സാരതയും മൂല്യവും തിരിച്ചറിയുകയും ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ സാധിക്കത്തക്ക രീതിയില്‍ മനസ്സിനെ ക്രമീകരിക്കുകയും ചെയ്താല്‍ ജീവിതം കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാകും. ചെയ്യുന്ന പ്രവര്‍ത്തിയില്‍ മനസ്സിനെ നില നിര്‍ത്തുവാന്‍ കഴിയുക എന്നതിലാണ് ജീവിതാസ്വാദനത്തിന്റെ സാരം. പക്ഷേ നമ്മള്‍ വ്യഗ്രചിത്തരാണ്. ഭക്ഷണം കഴിക്കുമ്പോള്‍ നമുക്കു രുചിയറിയാന്‍ കഴിയുന്നില്ല. മനസ്സ് വേറെയെവിടെയൊക്കെയോ ആണ്. വായിക്കുമ്പോള്‍ അര്‍ത്ഥമറിയാനോ, പണിയെടുക്കുമ്പോള്‍ സന്തോഷിക്കാനോ,ദുഖങ്ങളില്‍ കരയാനോ, സന്തോഷത്തില്‍ ആഹ്ലാദിക്കുവാനോ ഒന്നും നമുക്കറിയില്ല. കിനാവുകളുടെ ലോകത്ത് എല്ലാം നാളത്തേയ്ക്കു മാറ്റിവെച്ച് അല്ലെങ്കില്‍ ആകുലതകള്‍ കൊണ്ട് എല്ലാം നേരത്തെ അനുഭവിച്ച് വര്‍ത്തമാനത്തില്‍ നിന്ന് നാം തെന്നിപ്പോകുന്നു.വര്‍ത്തമാനകാലത്തില്‍ ജീവിക്കുമ്പോഴാണ് ജീവിതം എത്ര സുന്ദരമാണെന്ന് നാം തിരിച്ചറിയുക. ”നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിനത്തിനും അതതിന്റെ ക്ലേശങ്ങള്‍ മതി” (മത്താ. 6: 34) എന്ന് ഈശോ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഈ മനശ്ശാസ്ത്ര പശ്ചാത്തലത്തില്‍ നിന്നാണ്.

സുന്ദരമായ ഈ ജീവിത ദര്‍ശനത്തിലേയ്ക്കും അനുഭവത്തിലേയ്ക്കും വളരണമേങ്കില്‍ അത് വളരെനിസ്സാരമാണ്. ഈശോ പറഞ്ഞതുപോലെ വീണ്ടും ജനിക്കുക. ഒരിക്കല്‍ക്കൂടി ഒരു ശിശുവായി, ശിശുവിന്റെ കണ്ണുകളോടെജീവിതത്തെ കണ്ടു തുടങ്ങുക. വിസ്മയങ്ങള്‍ കാണാന്‍ തക്കവിധത്തില്‍ മനസ്സിനെയും കണ്ണുകളെയും ശുദ്ധീകരിക്കുക. ദൈവം സംസാരിക്കും, ഒപ്പം ജീവിതവും.

ഫാ. ബിജു മഠത്തിക്കുന്നേല്‍ സി. എസ്. എസ്. ആർ.
ഇമെയിൽ അഡ്രസ്: mbijucssr@yahoo.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.