ദിവ്യകാരുണ്യ അത്ഭുതം ദര്‍ശിച്ച് വിശുദ്ധിയിലേക്ക്

സാധാരണ ജീവിതത്തിലൂടെയായിരുന്നില്ല മദര്‍ മരിയ അഡ്‌ല ഗാര്‍നിയര്‍ കടന്നു പോയത്. ആത്മീയവും ശാരീരികവുമായ സഹനങ്ങളിലൂടെയും നിരവധി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയും അവര്‍ കടന്നുപോയി. മദറിന്റെ ജിവിതത്തിന്റെ വിശുദ്ധിയും മൂല്യങ്ങളും കണക്കിലെടുത്ത് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ കോസസ് ഓഫ് സെയ്ന്റ്‌സ് ദൈവദാസി പദവി നല്‍കി നാമകരണ പ്രക്രിയകള്‍ക്കുള്ള ആദ്യപടിക്ക് തുടക്കം കുറിച്ചു. ടൈബേണ്‍ സിസ്‌റ്റേഴ്‌സ് എന്ന സന്യാസസമൂഹത്തിന്റെ സ്ഥാപകയാണ് മദര്‍ മരിയ അഡ്‌ല ഗാര്‍ണിയര്‍.

”ഈ സന്യാസിനിയുടെ വര്‍ദ്ധിച്ചു വരുന്ന ആത്മീയ പ്രസിദ്ധിയും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചു കൊടുക്കുന്നതിലെ വേഗതയും മധ്യസ്ഥതയും ഈ വിശുദ്ധയെ ആത്മീയ പദവിക്ക് പ്രാപ്തയാക്കിയിരിക്കുന്നു. വൈകാതെ മദര്‍ വിശുദ്ധ പദവിയിലെക്ക് എത്തുമെന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.” സഭാ വെബ്‌സൈറ്റില്‍ പറയുന്നു.

1838 ആഗസ്‌ററ് 15 ന് ഡിജിയോണ്‍ രൂപതയിലാണ് മദര്‍ ജനിച്ചത്. പ്രാര്‍ത്ഥനയിലും ദൈവിക കാര്യങ്ങളിലും തത്പര ആയിരുന്നെങ്കിലും സന്യാസിനി ആകാനാണ് തന്റെ നിയോഗമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ആറാമത്തെ വയസ്സില്‍ അമ്മ മരിച്ചതിന് ശേഷം മരിയയെ ബോര്‍ഡിംഗ് സ്‌കൂളിലാക്കി. പതിനാറാമത്തെ വയസ്സില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി വീട്ടിലെത്തിയ മരിയ വിവാഹത്തിന് സന്നദ്ധയായി. വിവാഹത്തിന് ശേഷം മരിയയുടെ ഈശ്വരഭക്തി ഒഴിവാക്കുമെന്ന പ്രതിശ്രുതവരന്റെ തമാശ മരിയയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. അവള്‍ വിവാഹത്തില്‍ നിന്ന് പിന്മാറി. നിരാശനായ പ്രതിശ്രുതവരന്‍ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.

അതിന് ശേഷം മരിയ ഒരു ഫ്രഞ്ച് കുടുംബത്തില്‍ ഗൃഹാദ്ധ്യാപിക ആയി ജോലി ചെയ്തു. അവരുടെ വീട്ടില്‍ ദിവ്യബലിക്കായുള്ള ഒരുക്കങ്ങള്‍ നടത്താനുള്ള ചുമതല മരിയയ്ക്കായിരുന്നു. അവിടെ വച്ചാണ് ആദ്യമായി തിരുവോസ്തിയില്‍ മരിയ യേശുമുഖം ദര്‍ശിക്കുന്നത്. ഫ്രാന്‍സില്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നതും അക്കാലത്താണ്. വളരെ ആഴമേറിയ ആത്മീയ ശൂന്യതയിലൂടെയും കഷ്ടപ്പാടിലൂടെയും അവള്‍ കടന്നു പോയി. എങ്കിലും ദൈവത്തിലുള്ള  അടിയുറച്ച വിശ്വാസവും ദിവ്യകാരുണ്യ അനുഭവവും അവളെ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ കരുത്തുള്ളവളാക്കി. 1924 ജൂണ്‍ 17 ന് മരിയ മരിച്ചു.

ദൈവമഹത്വത്തിനായി ദിവ്യകാരുണ്യത്തിന്റെ നിത്യാരാധനയും ലോകനന്മയ്ക്കായി പ്രാര്‍ത്ഥനയുമാണ് ഇന്ന് ആവശ്യമെന്ന് മദറിന്റെ ജീവിതം ലോകത്തോട് ആഹ്വാനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.