411 പേരുടെ അമ്മ

2016- ലെ സമര്‍പ്പിതന്‍ അവാര്‍ഡിന് അര്‍ഹയായ സാമൂഹ്യപ്രവര്‍ത്തകയും അഭയഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടറുമായ മേരി എസ്തപ്പാന്‍ തന്റെ ജീവിതം പറയുന്നു.

പതിനെട്ട് വര്‍ഷം മുമ്പുള്ളൊരു ദിവസം. പഞ്ചായത്ത് ബ്ലോക്ക് മെമ്പറായി മത്സരിക്കാന്‍ തീരുമാനിച്ച മേരി എസ്തപ്പാന്‍ എന്ന വീട്ടമ്മ ആദ്യം പോയത് ഡിവൈന്‍ ധ്യാന കേന്ദ്രത്തിലേക്കായിരുന്നു. ദൈവാനുഗ്രഹത്തിനൊപ്പമാകണം വോട്ട് ചോദിക്കല്‍ എന്ന ചിന്തയായിരുന്നു അതിന് കാരണം. എന്നാല്‍ തന്റെ ജീവിതം മാറ്റിമറിക്കാന്‍ സാധ്യതയുളള ഒരു നിയോഗം ദൈവം തനിക്കായി അവിടെ കരുതി വച്ചിട്ടുണ്ടെന്ന് മേരി വിചാരിച്ചില്ല.

ധ്യാനം കഴിഞ്ഞ് മൂന്ന് മക്കള്‍ക്കൊപ്പംപുറത്തിറങ്ങിയ മേരി കണ്ടത് കീറിപ്പറിഞ്ഞ വസ്ത്രം ധരിച്ച് മുന്നില്‍ കൈനീട്ടി നില്‍ക്കുന്ന ഒരു മാനസിക രോഗിയെയാണ്. മേരിയുടെ കാതില്‍ അപ്പോള്‍ പ്രതിധ്വനിച്ചത് ധ്യാനത്തില്‍ അച്ചന്‍ പറഞ്ഞ വിശുദ്ധ യോഹന്നാന്റെ തിരുവചനമായിരുന്നു; ‘പ്രവര്‍ത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണ്.’ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. അയാളെയും കൂട്ടി മേരി വീട്ടിലെത്തി; അയാളെ കുളിപ്പിച്ച്, ഭക്ഷണം നല്‍കി. അന്ന് മേരി എസ്തപ്പാന്‍ എന്ന വീട്ടമ്മ തീരുമാനിച്ചു, ‘എന്റെ ജീവിതം ഞാന്‍ തെരുവില്‍ അഭയമില്ലാതെ അലയുന്നവര്‍ക്കായി മാറ്റിവയ്ക്കുന്നു.’ ബത്‌ലഹേം അഭയ ഭവന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആരംഭം ഇങ്ങനെയായിരുന്നുവെന്ന് മേരി എസ്തപ്പാന്‍ പറയുന്നു. 1998-ലാണ് ബത്‌ലഹേം അഭയഭവന്‍ എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്തത്.

ഒരു ധ്യാനാനുഭവത്തിന്റെ വെളിച്ചവും കൂടിയുണ്ട് ബത്‌ലഹേം അഭയഭവന്റെ പിറവിക്ക് പിന്നില്‍. അതിനെക്കുറിച്ച് മേരി പറയുന്നു. ”ഞങ്ങള്‍ക്ക് ധാന്യം പൊടിക്കുന്ന ഒരു മില്ലുണ്ടായിരുന്നു. ഒരു ദിവസം ജോലി ചെയ്തു കൊണ്ടിരിക്കെ എന്റെ കൈവിരലുകള്‍ മില്ലിലെ മെഷീന്റെ ഇടയില്‍ പോയി. വിരലുകള്‍ നിവരാത്ത അവസ്ഥയായിരുന്നു പിന്നീട്. ധ്യാനം കൂടിക്കൊണ്ടിരുന്ന സമയത്ത് എനിക്ക് ഈശോ എന്റെ ഈ അവസ്ഥയില്‍ നിന്നും എനിക്ക് സൗഖ്യം നല്‍കി. ഈശോ എന്നെ വന്ന് തൊട്ടിട്ട് പോയതു പോലെയാണ് എനിക്ക് തോന്നിയത്.”

bethlahem-2പതിനെട്ട് വര്‍ഷമായി മേരി എസ്തപ്പാന്‍ തെരുവിന്റെ മക്കള്‍ക്കായി ജീവിക്കാന്‍ തുടങ്ങിയിട്ട്. ”ഇത്തരമൊരു സ്ഥാപനം തുടങ്ങണമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ആദ്യമൊക്കെ എല്ലാവരും എന്നെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. അനവധി അപമാനങ്ങളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. കാരണം തെരുവില്‍ നിന്ന് കിട്ടുന്നവരെ ഏറ്റെടുക്കുക എന്നത് എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ലായിരുന്നു. പക്ഷേ അതെല്ലാം ദൈവം എന്നെ ഏല്‍പിച്ച ഉത്തരവാദിത്വത്തിന്റെ പൂര്‍ത്തിയാകലിന് വേണ്ടിയായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരോടൊക്കെ ക്ഷമിച്ച് പ്രാര്‍ത്ഥിക്കാനുള്ള അനുഗ്രഹം ദൈവം എനിക്ക് നല്‍കിയിട്ടുണ്ട്. ദൈവത്തെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പീഡാസഹനങ്ങളിലൂടെ കടന്നു പോകേണ്ടതുണ്ട്.”

ജോലിക്കാരും അന്തേവാസികളുള്‍പ്പെടെ 411 പേരാണ് ഇവിടെയുളളത്. മിക്കവാറും പൊലീസുകാരാണ് മനോരോഗികളായവരെ അഭയഭവനില്‍ എത്തിക്കുന്നത്. മനോരോഗിയായ ഒരാള്‍ മുന്നില്‍ വന്നു പെട്ടാല്‍, അവര്‍ക്ക് മറ്റ് അഭയകേന്ദ്രങ്ങള്‍ ഇല്ല എന്ന് മനസ്സിലായാല്‍ മേരി അവരെ അഭയ ഭവനിലേക്ക് കൂട്ടിക്കൊണ്ട് പോരും. ”കിടക്കാന്‍ വീടും കഴിക്കാന്‍ ഭക്ഷണവുമില്ലാത്തവരെയാണ് ഞാന്‍ അന്വേഷിക്കുന്നത്. കാരണം അവര്‍ക്കാണ് സഹായം ആവശ്യമുള്ളത്.” മനോരോഗികളായവരെ ചികിത്സിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ഡോക്‌ടേഴ്‌സ് ഇവിടെ എത്തുന്നുണ്ട്. സഭയില്‍ നിന്ന് ഈ സ്ഥാപനത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിനുളള ഒരേക്കര്‍ ഭൂമി നല്‍കി.

മനസ്സില്‍ നന്മയുള്ള വ്യക്തികളും സംഘടനകളുമാണ് അഭയഭവന്റെ അടിത്തറയെന്ന് മേരി എസ്തപ്പാന്‍ പറയുന്നു. ”ഒരു ദിവസം ഇരുപത്തിനായിരം രൂപ വരെ മരുന്നിന് ആവശ്യമായി വരുന്നുണ്ട്. ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്ന് സഹായം ലഭിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് മതിയാകാതെ വരാറുണ്ട്. പക്ഷേ ആ സമയത്ത് ആരെങ്കിലും സഹായ ഹസ്തവുമായി എത്തിച്ചേരും.” ഉച്ചയ്ക്ക് ചോറ് വയ്ക്കാന്‍ അരിയില്ലാത്ത അവസ്ഥ വരെ വന്നിട്ടുണ്ട് എന്ന് മേരി എസ്തപ്പാന്‍ ഓര്‍ത്തെടുക്കുന്നു. ”പക്ഷേ ഞാന്‍ പറയും അരിയിടാന്‍ വെള്ളം അടുപ്പത്ത് വച്ചോളൂ എന്ന്. വെള്ളം തിളയ്ക്കുമ്പോഴേയ്ക്കും ചിലപ്പോള്‍ അന്നത്തെ ഭക്ഷണവുമായി ആരെങ്കിലും എത്തിയിരിക്കും.” ദൈവം കൂടെയുണ്ട് എന്ന ഉറപ്പുണ്ട് മേരി എസ്തപ്പാന്റെ വാക്കുകളില്‍. റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ് എന്നിവര്‍ നല്‍കുന്ന സഹായങ്ങളാണ് അഭയഭവനെ താങ്ങിനിര്‍ത്തുന്നത്. കൂടാതെ നാട്ടുകാരുടെ പിന്തുണയും വളരെ വലിയൊരു സഹായമാണ്.

സങ്കടങ്ങളിലൂടെയും സഹനങ്ങളിലൂടെയുമാണ് പതിനെട്ടു വര്‍ഷവും മേരി എസ്തപ്പാന്‍ കടന്നു പോയത്. ഓര്‍ത്തെടുക്കാന്‍ ധാരാളമുണ്ട്; അവയില്‍ മിക്കതും സങ്കടപ്പെടുത്തുന്നവയാണെന്നും മേരി പറയുന്നു. ”നമ്മള്‍ തെരുവില്‍ നിന്ന് കണ്ടെടുത്ത് രോഗം സുഖമാക്കി ചിലരെ വീട്ടിലെത്തിക്കും. പക്ഷേ വീട്ടുകാര്‍ അവരെ തിരിഞ്ഞുനോക്കാന്‍ കൂടി തയ്യാറാകില്ല. കാരണം അവര്‍ക്ക് അവരെ വേണ്ട. അങ്ങനെയുള്ള അനുഭവങ്ങളാണ് കൂടുതലും. എന്നാല്‍ സ്‌നേഹത്തോടെ സ്വീകരിക്കുന്നവരുമുണ്ട്. അവര്‍ വളരെ കുറവാണ്. ആരെയും പേരെടുത്ത് പറഞ്ഞ് വേദനിപ്പിക്കുന്നില്ല.”

പൊതുജനങ്ങളില്‍ നിന്നും സഹായ മനസ്ഥിതിയോടെ പെരുമാറുന്നവരും അല്ലാത്തവരുമുണ്ടെന്ന് മേരി പറയുന്നു, ”കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. ഒരാള്‍ അവിടുത്തെ ചന്തയില്‍ മാലിന്യക്കൂമ്പാരത്തില്‍ കിടക്കുന്നുണ്ടെന്ന് വിളിച്ചയാള്‍ പറഞ്ഞു. ഒരു വണ്ടി വിളിച്ച് അയാളെ ഇങ്ങോട്ട് കൊണ്ടു വരാന്‍ ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ക്ക് അയാളുടെ ദേഹത്ത് തൊടാന്‍ പേടിയായിരുന്നു. ‘എല്ലു മാത്രമേ അയാളുടെ ദേഹത്തുള്ളൂ മേരിചേച്ചീ’ എന്നാണ് അയാള്‍ പറഞ്ഞത്. ഞാന്‍ ഇവിടെ നിന്ന് ആംബുലന്‍സും നഴ്‌സുമാരുമായി ചെന്നു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അയാളെ അഡ്മിറ്റ് ചെയ്തു. രാത്രി പന്ത്രണ്ട് മണിയായപ്പോള്‍ അയാള്‍ മരിച്ചു. പക്ഷേ അത്രയും നേരം ഞാന്‍ അയാളുടെ കൂടെയുണ്ടായിരുന്നു. മരിക്കാന്‍ നേരത്ത് അയാള്‍ക്ക് ഒരു തുള്ളി വെള്ളം കൊടുക്കാന്‍ സാധിച്ചു. അതൊരു പുണ്യമല്ലേ? ദൈവം അയാളെ എന്നെ ഏല്‍പ്പിച്ചത് പോലെയാണ് എനിക്ക് തോന്നിയത്.”

മക്കളായ അനുവും വിനുവും നിഷയും പൂര്‍ണ്ണപിന്തുണയുമായി മേരി എസ്തപ്പാന്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയ്‌ക്കൊപ്പമുണ്ട്. പിടിച്ചു കയറാന്‍ ഒരു കച്ചിത്തുരുമ്പ് നല്‍കിയാല്‍ രക്ഷപ്പെടുന്നവരാണ് തെരുവിന്റെ മക്കള്‍ എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്ന ഇവരെന്ന് മേരി പറയുന്നു. മെഴുകുതിരി നിര്‍മ്മാണം, കുട്ടനെയ്ത്ത്, ചവിട്ടി നെയ്ത്ത് തുടങ്ങിയ സ്വയംസംരംഭ പ്രവര്‍ത്തനങ്ങളും ബത്‌ലഹേം അഭയഭവനില്‍ സംഘടിപ്പിരിക്കുന്നു.

എം.സി.ബി.എസ്. സഭാ വൈദികനായിരുന്ന ഫാദര്‍ റോയി മുളകുപാടത്തിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന സമര്‍പ്പിതന്‍ അവാര്‍ഡിന് മേരി എസ്തപ്പാനാണ് ഇത്തവണ അര്‍ഹയായിരിക്കുന്നത്. ”നന്മചെയ്ത് ലോകം വിട്ട് പോയ ഒരു വൈദികന്റെ സ്മരണാര്‍ത്ഥമുള്ള അവാർഡാണിത്. കൂടുതല്‍ നന്മ ചെയ്യാനുള്ള അനുഗ്രഹം ഇതിലൂടെ ദൈവം എനിക്ക് നല്‍കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.” മേരി എസ്തപ്പാന്‍ പറഞ്ഞു നിര്‍ത്തി.

സുമം തോമസ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.