പുരോഹിതര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന സിനിമാതാരം

ബോസ്റ്റണ്‍: പൗരോഹിത്യത്തിന്റെ വളര്‍ച്ചയ്ക്കും നന്മയ്ക്കുമായി താന്‍ നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ടെന്ന് സിനിമാ താരം മാര്‍ക്ക് വോല്‍ബര്‍ഗ്ഗ്. തന്റെ ജീവിതവിജയത്തില്‍ പൗരാഹിത്യത്തിന്റെ മൂല്യങ്ങള്‍ക്ക് വലിയ സ്ഥാനമുള്ളതു കൊണ്ടാണ് ഈ പ്രാര്‍ത്ഥനയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു വീഡിയോയിലൂടെയാണ് മാര്‍ക്ക് വോല്‍ബര്‍ഗ്ഗ് ഇക്കാര്യം സമൂഹത്തോട് പങ്ക് വച്ചത്.

തന്റെ സ്വദേശമായ ബോസ്റ്റണില്‍ നടക്കുന്ന രൂപതാ വൊക്കേഷന്‍ ഡയറക്ടര്‍മാരുടെ നാഷണല്‍ കോണ്‍ഫറന്‍സിന് ആശംസ നല്‍കുന്നതിനായിട്ടാണ് മാര്‍ക്ക് വീഡിയോ തയ്യാറാക്കിയത്. ”പൗരോഹിത്യ ശുശ്രൂഷയോടുള്ള എന്റെ പിന്തുണയും സ്‌നേഹവും നിങ്ങള്‍ അറിയണമെന്നാണ് എന്റെ മോഹം. കാരണം എന്റെ മക്കള്‍ക്കും ഇന്നത്തെ തലമുറയ്ക്കും അവരുടെ ജീവിതത്തില്‍ ഒരു നല്ല പുരോഹിതനുണ്ടായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് ഉണ്ടായിരുന്നത് പോലെ.” സോഷ്യല്‍ മീഡിയയിലൂടെയാണ് ഈ വീഡിയോ പുറത്തു വന്നത്.

”എന്റെ ജീവിതത്തില്‍ ഞാന്‍ ചെയ്യുന്ന എല്ലാക്കാര്യങ്ങളെയും പിന്തുണയ്ക്കുന്നത് എന്റെ കത്തോലിക്കാ വിശ്വാസമാണ്. ദിവസേനയുള്ള പ്രാര്‍ത്ഥനയില്‍ ഞാന്‍ ദൈവത്തോട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചോദിക്കാറുണ്ട്. നല്ല ഭര്‍ത്താവാകാനും പിതാവാകാനുള്ള ശക്തി എനിക്ക് നല്‍കുന്നത് എന്റെ പ്രാര്‍ത്ഥനയും വിശ്വാസവുമാണ്. ദ് പെര്‍ഫെക്റ്റ് സ്റ്റോം, പ്ലാനറ്റ് ഓഫ് ദ് ഏപ്‌സ്, ദ്, ഡിപാര്‍ട്ടഡ്, ദ് ഫൈറ്റര്‍ മുതലായവയാണ് മാര്‍ക്കിന്റെ പ്രശസ്തമായ സിനിമകള്‍. ഇവയിലൂടെ എല്ലാം തന്റെ വിശ്വാസവും സഭയോടുളള സ്‌നേഹവും വിശ്വാസവും മാര്‍ക്ക് ഉറക്കെ പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദിവ്യബലിയില്‍ പങ്കെടുക്കുമെന്ന് മാത്രമല്ല, ഇടതടവില്ലാതെ തന്റെ വിശ്വാസ ജീവിതം പങ്ക് വയ്ക്കാനും ഇദ്ദേഹം മറക്കാറില്ല.

കുടുംബങ്ങളുടെ ആഗോള സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സീസ് പാപ്പ ഫിലാഡല്‍ഫിയയില്‍ എത്തിയപ്പോള്‍ അവതാരകനായി മാര്‍ക്ക് എത്തിയിരുന്നു. തന്റെ ജീവിതത്തെ അനുഗ്രഹിച്ച ഏറ്റവും മികച്ച പൗരോഹിത്യ വ്യക്തിത്വങ്ങളെക്കുറിച്ചും മാര്‍ക്ക് ഈ വീഡിയോയില്‍ പറയുന്നുണ്ട്. ”ഇപ്പോഴും ചില പ്രതിസന്ധികളില്‍ ഒരു പുരോഹിതന്റെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ തേടാറുണ്ട്” മാര്‍ക്ക് വെളിപ്പെടുത്തി. ”ഒരു പുരോഹിതന്റെ സാന്നിദ്ധ്യത്തിലാണ് ഞാന്‍ വിവാഹം ചെയ്തത്. എന്റെ മക്കളെ മാമ്മോദീസ നടത്തിയത് ഒരു പുരോഹിതനാണ്. എന്റെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചുപോകുകയാണെങ്കില്‍ അവരെ അടക്കം ചെയ്യാനും ഒരു പുരോഹിതന്‍ ആവശ്യമാണ്. ദിവ്യ ബലിയില്‍ പങ്കെടുക്കുമ്പോള്‍ പുരോഹിതനില്‍ നിന്നാണ് ഞാന്‍ ക്രിസ്തുവിന്റെ ശരീരവും രക്തവും സ്വീകരിക്കുന്നത്. ഇവയെല്ലാം എന്റെ കത്തോലിക്കാ വിശ്വാസത്തെ ബലപ്പെടുത്തുന്ന കാര്യങ്ങളാണ്.” മാര്‍ക്ക് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.