മാർ റാഫേൽ തട്ടിൽ സീറോമലബാർ സഭയുടെ പുതിയ മേജർ ആര്‍ച്ചുബിഷപ്പ്

സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ പുതിയ മേജർ ആര്‍ച്ചുബിഷപ്പായി മാർ റാഫേൽ തട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു. സഭയുടെ കാര്യാലയമായ കാക്കനാട്ട്, മൗണ്ട് സെന്റ് തോമസിൽ ചേർന്ന മുപ്പത്തിരണ്ടാമത് മെത്രാൻ സിനഡിന്റെ ആദ്യ സമ്മേളനത്തിലാണ് മാർ റാഫേൽ തട്ടിലിനെ മേജർ ആര്‍ച്ചുബിഷപ്പായി തെരഞ്ഞെടുത്തത്.

സീറോമലബാർ സഭയുടെ മൂന്നാമത്തെ മേജർ ആർച്ചു ബിഷപ്പായിരുന്ന കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 2023, ഡിസംബർ 7-ന് സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നാണ് പുതിയ മേജർ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുക്കേണ്ടി വന്നത്. സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ നാലാമത്തെ മേജർ ആര്‍ച്ചുബിഷപ്പാണ് മാർ റാഫേൽ തട്ടിൽ.

പൗരസ്ത്യ കാനോനികനിയമത്തിന്റെ നൂറ്റിയൻപത്തിമൂന്നാം കാനോന പ്രകാരം കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷൻ ഫ്രാൻസിസ് പാപ്പാ മാർ തട്ടിലിന്റെ തിരഞ്ഞെടുപ്പിനെ അംഗീകരിച്ചതോടെ, റോമിലും സീറോമലബാർ സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടിലും ഈ വാർത്ത പ്രസിദ്ധീകരിക്കുകയായിരുന്നു. 2024 ജനുവരി 9 ചൊവ്വാഴ്ചയാണ് മാർ തട്ടിലിനെ സീറോമലബാർ സഭാസിനഡ് തിരഞ്ഞെടുത്തത്.

നിലവിൽ ഷംഷാബാദ് രൂപതാധ്യക്ഷനായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു മാർ റാഫേൽ തട്ടിൽ. 1956 ഏപ്രിൽ 21-ന് തൃശൂരിലാണ് മാർ റാഫേൽ തട്ടിലിന്റെ ജനനം. വടവാതൂർ സെമിനാരിയിലെ പഠനത്തിനുശേഷം 1980 ഡിസംബർ 21-ന് പുരോഹിതനായി അഭിഷിക്തനായി. 

പിന്നീട് റോമിലെ പൊന്തിഫിക്കൽ ഓറിയെന്റൽ ഇൻസ്റ്റിട്യൂട്ടിൽനിന്ന് പൗരസ്ത്യകാനോനികനിയമത്തിൽ ഡോക്ടറേറ്റ് നേടി. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമൻ ഭാഷകൾ അദ്ദേഹം കൈകാര്യം ചെയ്യും. 1998 മുതൽ 2007 വരെ തൃശൂർ  മേരി മാതാ സെമിനാരിയുടെ റെക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

സീറോ മലബാർ സഭ ചരിത്രം

ക്രിസ്തുവര്‍ഷം 52-ല്‍ വിശുദ്ധ തോമ്മാശ്ലീഹാ തെക്കേ ഇന്ത്യയിലെ പുരാതന തുറമുഖമായിരുന്ന കൊടുങ്ങല്ലൂരില്‍ വരുകയും വിവിധ സ്ഥലങ്ങളില്‍ സുവിശേഷം പ്രസംഗിക്കുകയും ചെയ്തതിന്‍റെ ഫലമായി ഇവിടെ രൂപം കൊണ്ട ക്രിസ്ത്യൻ സമൂഹങ്ങളിൽ ഒന്നാണ് സീറോ മലബാര്‍ സഭ. 1992 ഡിസംബര്‍ 16-ാം തിയതി ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സീറോ മലബാര്‍ സഭയെ ‘മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭ’യായി  പ്രഖ്യാപിച്ചു. അതേസമയം തന്നെ മാര്‍ ആന്‍റണി പടിയറ സഭയുടെ ആദ്യ മേജര്‍ ആര്‍ച്ചുബിഷപ്പായി നിയമിതനായി. മാര്‍ അബ്രഹാം കാട്ടുമന സീറോ മലബാര്‍ സഭയില്‍ പേപ്പല്‍ ഡലഗേറ്റായും ചുമതലയേറ്റു. 1995 ഏപ്രിൽ 4 – ന്  മാര്‍ അബ്രഹാം കാട്ടുമന കാലം ചെയ്തു.

ആരോഗ്യപരമായ കാരണങ്ങളാൽ 1996 നവംബർ 11-ന് കർദിനാൾ  മാര്‍ ആന്‍റണി പടിയറ സ്ഥാനത്യാഗം ചെയ്തു. തുടർന്ന്, മാര്‍ വര്‍ക്കി വിതയത്തില്‍ ആദ്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആയും 1999, ഡിസംബര്‍ പതിനെട്ടാം തിയതി മേജര്‍ ആര്‍ച്ചുബിഷപ്പായും നിയമിതനായി.  സീറോ മലബാര്‍ സഭയിലെ രണ്ടാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്നു മാര്‍ വര്‍ക്കി വിതയത്തില്‍. 2011 ഏപ്രിൽ 1 -ന് കർദിനാൾ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു.

തുടർന്ന്,  സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ സിനഡ് തിരഞ്ഞെടുക്കുന്ന ആദ്യത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായി, മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി  2011 മെയ് 29 – നു സ്ഥാനമേറ്റു. സീറോ മലബാര്‍ സഭയിലെ മൂന്നാമത്തെ മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി 2023, ഡിസംബർ 7-ന് സ്ഥാനത്യാഗം ചെയ്തു.

അതിനെ തുടർന്ന്, 2024 ജനുവരി 8 – ന് സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ സമ്മേളിച്ച സിനഡിലാണ് പുതിയ മേജര്‍ ആര്‍ച്ചുബിഷപ്പിനെ തെരഞ്ഞെടുത്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.