വയല്‍പ്പൂക്കള്‍

വയല്‍പ്പൂക്കളെ കണ്ടുപഠിക്കുക എന്നു പറഞ്ഞ ക്രിസ്തു എന്തെങ്കിലുമൊക്കെ മനസ്സില്‍ കരുതിയിട്ടുണ്ടാവും. നസ്രായന്‍ എത്ര അടുത്തായിരുന്നു. നമ്മുടെ പൊട്ടിച്ചിരികളില്‍ ഒപ്പം കൂടി, ചെമ്മണ്‍പാതകളില്‍ തോളോടുതോള്‍ ചേര്‍ന്ന്, ദുഃഖങ്ങളുടെ കനലില്‍ മഴപെയ്ത്തായി, ദാരിദ്ര്യദുഃഖങ്ങളില്‍ വിരുന്നായി, സ്വകാര്യനൊമ്പരങ്ങളുടെ തീപ്പൊള്ളലുകളില്‍ ശീതളിമ പകരുന്ന സൗഹൃദമായി ഒപ്പം ഉണ്ടായിരുന്നില്ലെ? എന്നിട്ടും, ഗത്സമനിയുടെ ചോര പൊടിയുന്ന ഏകാന്തതകളിലും പരിഹാസങ്ങളുടെ വാള്‍മുനകള്‍ നിറയുന്ന അരമനകളിലും കാരിരുമ്പാണികളുടെ ക്രൂരതകളിലുമൊക്കെ അവനെ ഉപേക്ഷിച്ച് തിരികെ നടന്നവര്‍ നമ്മളൊക്കെയാണ്.

എത്രയോ പ്രിയതരമാണീ വയല്‍പ്പൂക്കള്‍. ആശിക്കാനൊന്നു മില്ലാതെ പുലരിയില്‍ വിടരുകയും പരാതികള്‍ ഒന്നുമില്ലാതെ പ്രദോഷത്തില്‍ വാടുകയും ചെയ്യുന്ന ഈ നറുമലരുകള്‍ വിരിയുന്നതും വാടുന്നതും അപരനുവേണ്ടി; സ്വന്തമെന്ന് ഒന്നും കരുതാതെ പകുത്തും പങ്കുവെച്ചും…

ഭൂമിയിലെ ഏറ്റവും ചെറിയ നിസാരതയില്‍ ദൈവം ഏറ്റവും വലിയ സൗന്ദര്യം ഒരുക്കുന്നു എന്ന് തിരുവചനം. സ്വന്തമെന്ന് ഒന്നും പറയാനില്ലെങ്കിലും ദൈവം നിനക്കായി മാത്രം എന്തൊ ക്കെയോ കരുതിവെയ്ക്കുന്നുണ്ട് സുഹൃത്തേ. നിനക്ക് ഏറ്റവും സ്വന്തമായിരുന്നവരും പ്രിയപ്പെട്ടവരും താന്താങ്ങളുടെ ജീവിതസ്വഛതകളിലേയ്ക്ക് ലക്ഷ്യം തേടി യാത്രയാകുമ്പോള്‍, തനിച്ചിരുന്ന് നൊമ്പരപ്പെടുന്ന നേരത്ത് എത്രയോ മനസ്സുകളെ അവന്‍ നിനക്ക് പ്രിയപ്പെട്ടവരാക്കി മാറ്റുന്നു. നിന്റെ നഷ്ട ദുഃഖങ്ങള്‍ കാലപ്രയാണത്തില്‍ എത്രയോവട്ടം സൗഭാഗ്യങ്ങളാക്കി ദൈവം മടക്കിത്തരുന്നു.

നിരാശപ്പെടേണ്ട, ഭയക്കുകയും വേണ്ട. നിരാശയും തിക്തതയും പിടിമുറുക്കുമ്പോള്‍, ആത്മഭയത്തില്‍ ആണ്ടുപോകുമെന്ന് വിചാരപ്പെടുമ്പോള്‍ നിനക്ക് ധ്യാനിക്കാന്‍ ഒരു ചെറുപൂവെങ്കി ലും ഉണ്ടെങ്കില്‍ ധാരാളം മതി. ഈ ചെറുപൂവിലും ദൈവം തന്റെ അത്ഭുതത്തെ മിഴിപൂട്ടിയുറക്കുന്നു; നിറവും മണവും സൗന്ദര്യവുമായി.

പ്രിയ സുഹൃത്തേ, ഈ വയല്‍പ്പൂക്കള്‍ നിനക്ക് സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കുകയാണ്. താണ്ടിയ നടവഴികള്‍ക്കിരുപുറവും നീ മറികടന്നു പോയത്  നിനക്കായി വിരിഞ്ഞ ദൈവത്തിന്റെ സ്‌നേഹപ്പൂക്കളാണന്ന് നീ മറന്നതെന്താണ്? സൗഹൃദങ്ങളുടെ കൈപിടിച്ചു സ്വന്തബന്ധങ്ങളാല്‍ ഊടും പാവും നെയ്ത നിന്റെ ജീവിതലക്ഷ്യങ്ങള്‍ക്ക് ഈ ചെറുപൂക്കള്‍ ഇത്തിരി സുഗന്ധവും നിറവും നല്‍കും; തീര്‍ച്ച.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.