വേരുകൾ തേടി: നൈജീരിയയിലെ വർദ്ധിക്കുന്ന ക്രിസ്തീയപീഡനങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം

നൈജീരിയയിലെ അബുജയുടെ തെക്കുകിഴക്കായി മകുർദി രൂപതയിലെ അഭയാർത്ഥി ക്യാമ്പിനു സമീപമുള്ള ഒരു ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കത്തോലിക്കർ ആയിരുന്നു. നാളുകളായി നൈജീരിയയിൽ നിന്നും ഉയർന്നുകേൾക്കുന്ന ക്രിസ്ത്യൻ പീഡനപരമ്പരയിലെ രക്തച്ചൊരിച്ചിലിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമായിരുന്നു ഇത്.

ഇതൊരു അവസാനമല്ല; തുടർച്ചയാണ്. നിത്യസംഭവമായിക്കൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ കൊലപാതകങ്ങൾ, ദേവാലയ ആക്രമണങ്ങൾ, വൈദികരുടെയും സന്യസ്തരുടെയും മതാധ്യാപകരുടെയും തട്ടിക്കൊണ്ടു പോകലുകൾ… അതെ, നൈജീരിയൻ ക്രൈസ്തവർ നിലവിളിക്കുകയാണ്. ഇവരുടെ നിലവിളിക്ക് ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. കേൾക്കേണ്ടവർ കേൾക്കുന്നില്ല. ഇതാണ് നൈജീരിയയുടെ അവസ്ഥ.

വേദനകളും അടിച്ചമർത്തലുകളും, എപ്പോൾ വേണമെങ്കിലും വിരുന്നെത്താവുന്ന ക്രൂരമായ മരണം ഭീതിപ്പെടുത്തുന്നുണ്ടെങ്കിലും അവർ-നൈജീരിയൻ ക്രൈസ്തവർ-ധീരരാണ്. തങ്ങളുടെ വിശ്വാസത്തിൽ അവർ നിലനിൽക്കുകയാണ്. നാളുകളായി നൈജീരിയയിൽ നടമാടുന്ന അറുതിയില്ലാത്ത ക്രിസ്തീയപീഡനങ്ങൾക്ക് എന്താകും കാരണം? ഇവരുടെ കണ്ണീർവഴികളിലൂടെ ചരിത്രത്തിന്റെ ഏടുകളിലേക്ക് നമുക്കും നടക്കാം…

ക്രിസ്ത്യാനികൾ ഭീതിയോടെ ജീവിക്കുന്ന നാട്

“കത്തോലിക്കരെ, പ്രത്യേകിച്ച് പുരോഹിതന്മാരെയും മറ്റ് കത്തോലിക്കാ നേതാക്കളെയും കൊലപ്പെടുത്തുന്നതും തട്ടിക്കൊണ്ടു പോകുന്നതും വളരെയധികം ശ്രദ്ധിക്കപ്പെടുന്നു. ഇത് പ്രശസ്തിക്കും ജനങ്ങളെ ഭീതിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ക്രിസ്ത്യൻ കൊലപാതകങ്ങൾ വർദ്ധിക്കുന്നതിനും ഒരു കാരണമാണ്” – മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ അന്താരാഷ്ട്ര ബിസിനസിലും മാനുഷിക സഹായപദ്ധതികളിലും 35 വർഷത്തെ പരിചയമുള്ള റാഷെയുടെ വാക്കുകളാണ് ഇത്.

ലോകത്തിനു മുന്നിൽ തങ്ങളുടെ ഭീകരത പ്രദരർശിപ്പിക്കുന്നതിനായി ഇസ്ലാമിക തീവ്രവാദികൾ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിപ്പിക്കുന്നു. ബൊക്കോ ഹറാം, ഫുലാനി ഇടയന്മാർ, ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പുകൾ എന്നിവയാണ് നൈജീരിയയിൽ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്നത്.

ക്രിസ്ത്യൻ പീഢനത്തിന്റെ ലോകസൂചിക ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിന്റെ കാര്യത്തിൽ നൈജീരിയയെ ഒന്നാമതായി ഉയർത്തിക്കാട്ടുന്നു. ലോകമെമ്പാടും കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളിൽ 89% നൈജീരിയയിലാണെന്നും 2021 ജനുവരിക്കും 2022 ജൂണിനുമിടയിൽ 7,600 -ലധികം നൈജീരിയൻ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ യഥാർത്ഥത്തിൽ കൊല്ലപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം ഇതിലും ഏറെയാണെന്നും പല കൊലപാതകങ്ങളും അറിയപ്പെടുന്നില്ല എന്നും റാഷെ പറയുന്നു.

നൈജീരിയയിൽ 53.5% മുസ്ലിങ്ങളും 10.6% റോമൻ കത്തോലിക്കരും 35.3% മറ്റ് ക്രിസ്ത്യാനികളുമാണ് CIA വേൾഡ് ഫാക്റ്റ്ബുക്ക് പ്രകാരമുള്ളത്. അടിക്കടിയുള്ള കുറ്റകൃത്യങ്ങൾ, ആഭ്യന്തരകലാപം, തട്ടിക്കൊണ്ടു പോകൽ, തീവ്രവാദം എന്നിവയാൽ ഈ രാജ്യം, സഞ്ചാരികൾ പോലും പോകാൻ പേടിക്കുന്ന ഒന്നായി മാറുന്നു.

മുഹമ്മദ് ബുഹാരിയും ഒരു കാരണം

നൈജീരിയയിൽ ക്രൈസ്തവർക്കു നേരെ വർദ്ധിക്കുന്ന പീഡനങ്ങളിൽ ഇപ്പോഴത്തെ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്കും വ്യക്തമായ പങ്കുണ്ട്. ബുഹാരിയുടെ നിലവിലെ ഭരണത്തിൻകീഴിൽ വികസിച്ച ശിക്ഷാരഹിത സംസ്കാരത്തിന്റെ ഫലമാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പീഡനങ്ങൾ വർദ്ധിക്കുന്ന അവസ്ഥക്കു കാരണം. നിശബ്ദമായി ക്രൈസ്തവർക്കുമേൽ ആക്രമണം നടത്താൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്ന സമീപനമാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. സ്വന്തം ആളുകളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഈ ഭരണകൂടം ശരിക്കും താളം തെറ്റിയിരിക്കുന്നു. പ്രാഥമിക ഇരകളിൽ പ്രധാനപ്പെട്ടത് കത്തോലിക്കാ സഭയും അതിലെ പുരോഹിതരുമാണ്.

ഇസ്ലാമിക ചിന്താഗതിയുടെ അതിപ്രസരം

നൈജീരിയയിൽ വർദ്ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങൾക്ക് ഒരു കാരണം ഇസ്ലാമിക റാഡിക്കലിസത്തിന്റെ വേരുകളാണെന്ന് മൈദുഗുരി രൂപതയുടെ മുൻ കമ്മ്യൂണിക്കേഷൻ ഡയറക്ടർ ഫാ. ഗിഡിയൻ ഒബാസോഗി വെളിപ്പെടുത്തുന്നു. അന്യമതങ്ങളോട് അസഹിഷ്ണുത പുലർത്താൻ ജനങ്ങളെ പഠിപ്പിക്കുന്ന തീവ്രവാദികളായ ഇസ്ലാമിക നേതാക്കളെയാണ് ഇന്നും നൈജീരിയയിൽ കാണാൻ സാധിക്കുന്നത്. അതിനാൽ സ്വന്തം കുടുംബത്തിൽ ഉള്ളവരെ, സഹോദരങ്ങളെയും പള്ളിയിൽ പോകുന്ന ക്രൈസ്തവനെയും മറ്റും ശത്രുവായി കാണാനുള്ള ഒരു മനോഭാവത്തിലേക്ക് ഒരോ ഇസ്ലാമിക യുവാവും വളരുന്നു. പള്ളിയിൽ പോകുന്നവൻ ശത്രുവാണെന്നു പഠിപ്പിക്കുന്ന സംസ്കാരത്തിൽ വളരുന്ന കുട്ടിയിൽ നിന്നും ആക്രമണം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കണ്ടതില്ലല്ലോ?

നൈജീരിയയിലെ ചില പ്രദേശങ്ങളിൽ തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളായ ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ്-വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ, തീവ്രവാദികളായ ഫുലാനി ഇടയന്മാർ എന്നീ തീവ്രവാദി സംഘടനകളുടെ എണ്ണം പെരുകിവരികയാണ്.

ലക്ഷ്യം മോചനദ്രവ്യം

പലപ്പോഴും മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. നൈജീരിയയെ സംബന്ധിച്ചിടത്തോളം ഭൂരിഭാഗം ആളുകളും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരാണ്. വല്ലപ്പോഴുമുള്ള ജോലിയും തീവ്രവാദി സംഘങ്ങളുടെ ഭീഷണിയും മൂലം കൃഷിസ്ഥലങ്ങളും മറ്റും ഉപേക്ഷിച്ച്  ഓടിപ്പോകേണ്ട അവസ്ഥയും ആഭ്യന്തരയുദ്ധങ്ങളുമെല്ലാം ജനങ്ങളെ പട്ടിണിയിലേക്ക് എത്തിക്കുന്നു.

ഈ സാഹചര്യത്തിൽ തന്നെയാണ് ആയുധങ്ങൾ ഉപയോഗിച്ച് തീവ്രവാദി സംഘങ്ങൾ ആക്രമണങ്ങൾ നടത്തുന്നത്. മറ്റു വരുമാനങ്ങൾ ഒന്നുമില്ലാത്തതിനാൽ ആയുധങ്ങളും മറ്റ് സാധനങ്ങളും വാങ്ങാൻ അവർ ക്രൈസ്തവരെ തട്ടിക്കൊണ്ടു പോവുകയും വലിയ തുക മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്യുന്നു. പലപ്പോഴും മോചനദ്രവ്യം ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്ക് ഇരകളാകുന്നത് നൈജീരിയയിലെ വൈദികരും സന്യസ്തരും മിഷനറിമാരുമാണ്. അവരുടെ ജീവൻ തിരികെ കിട്ടുന്നതിനായി പലപ്പോഴും മോചനദ്രവ്യം നൽകാൻ സഭ തയ്യാറാകുന്നു എന്നത് ഇത്തരത്തിലുള്ള തട്ടിക്കൊണ്ടു പോകലുകളും ദേവാലയത്തിൽ കയറിയുള്ള മോഷണങ്ങളും മറ്റും വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

ഇത്തരം സംഭവങ്ങളൊക്കെ ഉണ്ടാകുമ്പോഴും ഭരണകൂടത്തിന്റെയും സുരക്ഷാസേനയുടെയും ഭാഗത്തു നിന്നു നിസ്സംഗമായ മനോഭാവമാണ് ക്രൈസ്തവർക്കു നേരെ ഉയരുന്നത്. അക്രമികളിൽ ഭൂരിഭാഗവും മുസ്ലിങ്ങളാണെന്നും ഈ പ്രവൃത്തികൾക്ക് ഇസ്ളാമിക മതമൗലികവാദികളുടെ മറവാണ് അവർ നൽകുന്നതെന്നും ആരും നിഷേധിക്കുന്നില്ല. ഇതു കൂടതെ തെരുവിൽ അലഞ്ഞുതിരിയുന്ന കുട്ടികളുടെ വലിയ ഒരു സംഘം നൈജീരിയയിലുണ്ട്. അവരെ റിക്രൂട്ട് ചെയ്ത് പരിശീലനം നൽകാനും ബൊക്കോ ഹറാം തീവ്രവാദികൾ ശ്രമം നടത്തിവരുന്നുണ്ട്. ഇത് ഭാവിയിൽ, നൈജീരിയയിൽ ആക്രമണങ്ങൾ വർദ്ധിക്കും എന്ന സൂചനയാണ് നൽകുന്നത്.

“ക്രിസ്ത്യാനികൾ എന്ന നിലയിൽ ഞങ്ങൾ പ്രത്യാശയുടെ ആളുകളാണ്. എന്താണ് ഞങ്ങൾക്കു പ്രതീക്ഷ നൽകുന്നത്? ഞായറാഴ്ച ഫാ. ആച്ചി കൊല്ലപ്പെട്ടു. അതിനു ശേഷം വന്ന ഞായറാഴ്ച മുമ്പത്തേതിലും കൂടുതൽ ആളുകൾ ദൈവാലയത്തിൽ ഉണ്ടായിരുന്നു. അത് പുരോഹിതർ എന്ന നിലയിൽ ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നു” – ഫാ. ഒബാസോഗി പറയുന്നു.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.