ഒരുമിച്ച് കൈ കോർക്കാം

ഫാ. അജോ രാമച്ചനാട്ട്

“അവന്‍ ശിഷ്യന്‍മാരോടു പറഞ്ഞു: വിളവധികം; വേലക്കാരോ ചുരുക്കം. അതിനാല്‍, തന്റെ വിളഭൂമിയിലേക്കു വേലക്കാരെ അയയ്‌ക്കാന്‍ വിളവിന്റെ നാഥനോടു പ്രാര്‍ഥിക്കുവിന്‍.” (മത്താ 9: 37-38)

സന്തോഷ് ജോർജ് കുളങ്ങരയുടെ ലോകസഞ്ചാരങ്ങൾ ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണല്ലോ. സഫാരി ചാനലിൽ ഒട്ടുമിക്കസമയങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ ആണുതാനും. സമയം കിട്ടുമ്പോഴൊക്കെ ഇരുന്നു കാണാറുണ്ട്. കാശുമുടക്കി ലോകം കറങ്ങാൻ പറ്റാത്ത നമ്മളെപ്പോലുള്ള ദരിദ്രനാരായണൻമാർക്ക് ഇതൊരു വലിയ അവസരമാണ് – പല നാടുകൾ, വ്യത്യസ്ത ഭൂപ്രദേശങ്ങൾ, നമുക്ക് അപരിചിതമായ സംസ്കാരങ്ങൾ, വിവിധ കലാരൂപങ്ങൾ…

സഞ്ചാരം കാഴ്ചകൾ ചിലപ്പോഴൊക്കെ മനസ്സിൽ അവശേഷിപ്പിക്കുന്ന ചിലതുണ്ട്. എന്താണെന്നോ? ചില നാടുകളുടെ ദാരിദ്ര്യാവസ്ഥകളും, സാംസ്കാരികാപചയങ്ങളും ഒക്കെ കാണുമ്പോൾ ഓർത്തിട്ടുണ്ട്, അവിടെ നല്ല ഒരു നേതാവ് ഉണ്ടായിരുന്നെങ്കിൽ എന്ന്. ചില ഇടങ്ങളിലൊക്കെ അവരെ ഉണർത്താൻ ഒരു ആത്മീയാചാര്യൻ ഉണ്ടായിരുന്നെങ്കിൽ എന്ന്. ചില നാടുകളുടെ സാധ്യതകളെയും സിദ്ധികളെയും കണ്ടെത്തുന്ന ഒരു ഭരണാധികാരി ആ നാടിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയേനെ.
ചില ജനസമൂഹങ്ങളിൽ കാഴ്ചപ്പാടുകൾ ഇല്ലാത്തതിന്റെ പേരിൽ ഉപയോഗിക്കപ്പെടാതെ പാഴായി പോകുന്ന ഭൗതിക സാഹചര്യങ്ങളും മനുഷ്യസമ്പത്തും ഊർജ്ജവും.

സുഹൃത്തേ, വിളവധികം എന്ന് ക്രിസ്തു മൊഴിഞ്ഞത് വെറുതെയല്ല. നമ്മുടെ ചുറ്റും തന്നെ നന്മ ചെയ്യണം എന്ന് മനസ്സ് വച്ചിറങ്ങിയാൽ എന്തൊക്കെ നമുക്ക് ചെയ്യാനാവും.
മനുഷ്യന്റെ ആവശ്യങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഒരു ഭരണസംവിധാനത്തിന്‌ കണക്കില്ലാതെ എന്തോരം കാര്യങ്ങളാണ് ചെയ്യാൻ പറ്റുക.
നാടിൻ്റെ ഉന്നമനത്തിനായി ഒരുമിച്ച് കൈ കോർത്താൽ തീരാത്ത എന്തുണ്ട് നമ്മുടെ മുൻപിൽ?

നൂറ്റാണ്ടുകൾക്ക് മുൻപ് ഈ നാട്ടിൽ വന്നിറങ്ങിയ മിഷനറിമാരും, നമ്മുടെ തന്നെ പൂർവികരായ വൈദികരും സന്യസ്തരും, മനുഷ്യസ്നേഹികളായ മനുഷ്യരും ചെയ്ത സേവനങ്ങളുടെ ചരിത്രം ഒന്നെങ്കിലും വായിച്ചിട്ടുണ്ടോ? കേരളത്തിലെ മിഷനറിമാർ അന്യനാടുകളിൽ ചെയ്ത് കൂട്ടുന്ന നൻമയുടെ കൂമ്പാരങ്ങൾ നമ്മളിൽ ആരറിയുന്നു? എന്നിട്ടും, സ്വാർത്ഥതയുടെയും അലസതയുടെയും പടുകുഴിയിൽ നമ്മൾ. ദൈവം തന്ന സമയവും ആരോഗ്യവും വെറുതെ നഷ്ടപ്പെടുത്തിക്കളയുന്ന നമ്മൾ. “ഒരു ദിവസം ഒരു നന്മയെങ്കിലും” എന്ന് ചാവറപ്പിതാവ് ഓർമ്മപ്പെടുത്തിയത് നമ്മളെപ്പോലുള്ള വരും കാലത്തെ മടിയന്മാരെ ഓർത്തിട്ടാവും. കൊറോണക്കാലം,
പുരയ്ക്കകത്ത് lock down ആയി നമ്മൾ…

കൊറോണക്കാലം ഇന്ന് വരെ എങ്ങനെ ചിലവഴിച്ചു എന്നൊരു ആത്മശോധന നല്ലതാണ്. ചെയ്യാമായിരുന്നത്, ചെയ്യാതെ പോയത്, ചെയ്തത്…എന്നിങ്ങനെ. സുഹൃത്തേ, ഒരു പുത്തൻ പ്രഭാതം കൂടി, നൻമ ചെയ്യാനും, പ്രാർത്ഥിക്കാനും, സ്നേഹിക്കാനും ഒരു ദിവസം കൂടി.

ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.