എന്റെ സന്തോഷം മാത്രമാണോ എന്റെ ലോകം?

ഫാ. അജോ രാമച്ചനാട്ട്

“അനേകം ഫരിസേയരും സദുക്കായരും സ്നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്‌ യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന്‌ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്‌?” (മത്തായി 3:7).

കണ്ണിൽ നോക്കി കാര്യം പറയുമെന്നതു മാത്രമല്ല, വാക്കുകൾക്ക് ഇത്ര മൂർച്ച കൊണ്ടുനടന്ന ഒരു പ്രവാചകനെ സ്നാപകനിലല്ലാതെ നമ്മൾ വേറെ കണ്ടുമുട്ടുമെന്നു തോന്നുന്നില്ല. സ്നാനം സ്വീകരിക്കാനെത്തിയ ഫരിസേയരെയും സദുക്കായരെയുമാണ് “അണലിസന്തതികളേ” എന്നു സ്നാപകൻ വിശേഷിപ്പിക്കുന്നത്.

അണലികളെപ്പറ്റി…

1. ഉഗ്രവിഷമുള്ള പാമ്പുകളാണ് അണലികൾ. ആരെയും ഭയക്കാനില്ലാത്തവർ എന്നർത്ഥം.

2. മറ്റ് പാമ്പുകൾ മുട്ടയിട്ട് വിരിയിക്കുമ്പോൾ അണലി പ്രസവിക്കുകയാണ്. പ്രസവിക്കുന്ന അണലിക്കുഞ്ഞുങ്ങൾ എല്ലാക്കാര്യങ്ങളിലും സ്വയംപര്യാപ്തരായിരിക്കുമത്രേ (ഗൂഗിളിൽ പരതിയാൽ വീഡിയോകൾ ലഭ്യമാണ്). ആരെയും ഒന്നിലും ആശ്രയിക്കേണ്ടതില്ലാത്തവർ എന്നാണർത്ഥം.

എല്ലാം തികഞ്ഞവരാണെന്നും സാധാരണക്കാരെക്കാൾ ഉയർന്നവരാണെന്നും അഹങ്കരിച്ചിരുന്നവരാണ് ഫരിസേയരും സദുക്കായരും. മാത്രമല്ല, രക്ഷകന്റെ വരവിനെയോ സ്നാപകന്റെ വഴിയൊരുക്കലിനെയോ അംഗീകരിക്കാത്തവരുമായിരുന്നു. ഇപ്പോഴും യഹൂദർ കാത്തിരിക്കുകയാണല്ലോ.

അണലികൾ അവിടെ സർവ്വസാധാരണമായിരുന്നിരിക്കണം. മാത്രവുമല്ല, ഹേറോദേസിനെ “കുറുക്കൻ” എന്നു വിളിച്ചവൻ “അണലിസന്തതികളേ” എന്ന വിളിയിൽ എല്ലാം സംഗ്രഹിക്കുകയാണ്. മനസിലാകേണ്ടവർക്ക് വ്യക്തമാവുകയും ചെയ്തു.

സ്നാപകന്റെ മുന്നിൽ ചെന്നുപെട്ടാൽ എന്നെയും നോക്കി ഈ വിളി എത്തുമോ എന്ന് ഒരു ആത്മപരിശോധനയാവാം.

ആരോടും കടപ്പാടും ആത്മാർത്ഥതയും ഇല്ലാത്തവനാണ് ഞാനെങ്കിൽ…
ആരെയും വകവയ്ക്കാത്തവനാണ്/ ളാണ് ഞാനെങ്കിൽ…
എന്റെ കഴിവിലും സ്വത്തിലും പ്രാപ്തിയിലും മതിമറക്കുന്നുണ്ടെങ്കിൽ…
എന്റെ വീട്, എന്റെ ജോലി, എന്റെ സന്തോഷം മാത്രമാണ് എന്റെ ലോകമെങ്കിൽ…
മാനസാന്തരത്തോട് വിമുഖതയാണെങ്കിൽ… ഞാനും അണലിസന്തതി തന്നെ.

സക്കേവൂസിനോടെന്നപോലെ “താഴെയിറങ്ങാനുള്ള വിളിയാണ്” ഇന്ന് വചനം എനിക്കും നൽകുന്നത്.

ഫാ. അജോ രാമച്ചനാട്ട്