അനീതിക്കെതിരെയുള്ള നിലപാടുകൾ

ഫാ. അജോ രാമച്ചനാട്ട്

“നീതിക്കുവേണ്ടി പീഡനം ഏല്‍ക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്‌.” (മത്താ 5:10)

ഈ വചനം വായിച്ച് മുഴുമിക്കുന്നതിനു മുൻപ് തന്നെ മനസ്സിലേയ്ക്ക് ഓടിയെത്തിയത് സി. കെ. ജാനുവിന്റെ മുഖമാണ്. ജാനു എന്ന ആദിവാസി നേതാവിനെ അറിയില്ലേ? മുത്തങ്ങ സമരമെന്ന പേരിൽ നാടറിഞ്ഞ ആദിവാസി സമരത്തിന്റെ നായിക.

2003 – ലായിരുന്നു അത്. ആദിവാസികൾ നിയമവിരുദ്ധമായി വനഭൂമി കയ്യേറി എന്നായിരുന്നു സർക്കാർ നിലപാട്. ജനിച്ചതും, വളർന്നതും വനത്തിലാണ്. അവിടെ നിന്നും ഇറങ്ങില്ല എന്ന് ആദിവാസികളും. പോലീസ് വെടിവയ്പിൽ ഒരു ആദിവാസി മരിക്കുകയും ചെയ്തതാണ്. അവർക്ക് വേണ്ട നീതി കിട്ടിയതുമില്ല. Mother Forest : The unfinished story of C. K. Janu എന്ന പേരിൽ ഒരു പുസ്തകമുണ്ട്. വായിക്കാനുണ്ടത്.

ആരുടേതാണീ ഭൂമി? മനുഷ്യൻമാരുടേതല്ലേ? മണ്ണിൽ ചവിട്ടിനിൽക്കാനും, ഒരു കൂര കെട്ടാനും, കിടന്നുറങ്ങാനും, നെല്ലോ കപ്പയോ വിളയിച്ച് കുഞ്ഞുങ്ങളുടെ വിശപ്പു മാറ്റാനും ഒരു മനുഷ്യൻ വേറൊരു മനുഷ്യനോട് യാചിക്കേണ്ടതുണ്ടോ? അങ്ങനെയെങ്കിൽ മനുഷ്യർ രണ്ടു തരമുണ്ടോ?

എന്റെ സുഹൃത്തേ, നീതിയ്ക്കുവേണ്ടിയുള്ള സമരമെന്നാൽ ലോകത്തെവിടെയും നിലനിൽപിനുവേണ്ടിയുള്ള സമരമാണ്. നമ്മളാൽ ചവിട്ടിയരയ്ക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ കണ്ണീർസമരമാണ്. ചരിത്രത്തിലെന്നും അങ്ങനെയായിരുന്നു. സൂക്ഷിച്ചുനോക്കൂ, അനീതിയ്ക്കെതിരെ സമരം ചെയ്യുന്ന സാധുക്കൾക്കിടയിൽ ക്രിസ്തു നിൽപുണ്ട്. ഒത്തിരിയൊന്നും നമുക്ക് വീമ്പടിക്കാനില്ലെന്നാണ്. കാരണം, ദൈവരാജ്യം നീതി ലഭിക്കാത്തവന്റേതെന്നാണല്ലോ ഇന്നത്തെ വചനം.

ഒത്തിരിയൊന്നും വേണ്ട. എന്റെ പരിസരങ്ങളിലെങ്കിലും, നീതി ലഭിക്കാതെ ഒരാളും നൊമ്പരപ്പെടരുത് എന്ന് തീരുമാനിക്കാനാവുമോ?

ഫാ. അജോ രാമച്ചനാട്ട്