അമ്മയെന്തിനാണ് കരയുന്നത്?

ഷീന്‍ പാലക്കുഴി

ഫാ. ഷീൻ പാലക്കുഴി

“അമ്മയെന്തിനാണ് കരയുന്നത്?” മുമ്പൊരിക്കൽപ്പോലും ഞാനമ്മയോട് ചോദിച്ചിട്ടില്ലാത്ത ഒരു ചോദ്യമായിരുന്നു അത്. അമ്മ കരയുന്നത് കുട്ടിക്കാലത്ത് പലവട്ടം കണ്ടിട്ടുണ്ടെങ്കിലും അതിനെക്കുറിച്ചു ചോദിക്കാൻ അന്നൊന്നും എനിക്കു ധൈര്യമുണ്ടായിരുന്നില്ല.

പതിനഞ്ചാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസായി, തിരുവനന്തപുരത്തെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ഞാൻ ചേരാനെത്തിയ ദിവസമായിരുന്നു അത്. റെക്ടർ ഗീവർഗ്ഗീസച്ചന്റെ ശിക്ഷണത്തിൻ കീഴിൽ എന്നെ കൈപിടിച്ചേൽപ്പിച്ച ശേഷം മടങ്ങും മുമ്പ് ഒരിക്കൽക്കൂടി യാത്ര പറയാൻ, എന്റെ അടുത്തേക്കു വന്നതായിരുന്നു അമ്മ. അപ്പോഴാണ് അമ്മയുടെ മിഴികളിൽ നിന്ന് പുത്രവിരഹത്തിന്റെ പുഴകൾ പുറപ്പെട്ടത്.

ഇനി ഒരിക്കലും തിരികെ ചോദിക്കില്ലെന്ന ഉറപ്പിൽ ആകെയുണ്ടായിരുന്ന ഒരാൺതരിയെ എന്നെന്നേക്കുമായി ദൈവത്തിനു വിട്ടുകൊടുക്കുന്ന നിയോഗം നിവർത്തിയാകാൻ പോകുന്നു! അപ്പോൾ ആ അമ്മക്കണ്ണുകൾക്ക് എല്ലാ അതിരുകളും ഭേദിച്ച് ഒന്നു കവിഞ്ഞൊഴുകാൻ അവകാശമുണ്ടല്ലോ!
അഭിമുഖീകരിക്കാൻ ധൈര്യമില്ലാതിരുന്ന ആ സങ്കടത്തെ ഞാൻ നേരിട്ടത് തീരെ ദുർബലമായിപ്പോയ ആ ചോദ്യം കൊണ്ടായിരുന്നു; ‘അമ്മയെന്തിനാണ് കരയുന്നത്?’ അതിന്റെ ഉത്തരം ഗ്രഹിക്കാനുള്ള പക്വത എനിക്കില്ലാത്തതു കൊണ്ടാണോ എന്നറിയില്ല, അമ്മ മറുപടിയൊന്നും പറഞ്ഞില്ല; കണ്ണു തുടച്ച് മറ്റെവിടേക്കോ മിഴിനട്ട് നിശബ്ദയായി നിന്നു! മോറിയാ മലമുകളിലേക്ക് തന്റെ ഏകജാതനെ ദൈവത്തിനു ബലികൊടുക്കാൻ കൊണ്ടുപോയ അബ്രാമിനെ തെല്ലിട ഓർത്തെന്ന പോലെ.
ജീവിതത്തിലെ നേരിടാൻ പ്രയാസമുള്ള ചില നേരങ്ങളിൽ, ചില ചോദ്യങ്ങൾക്ക് മൗനമാണ് ശരിയുത്തരം!

1997 ജൂൺ പത്തൊൻപത്, വ്യാഴാഴ്ച! വിശുദ്ധ അലോഷ്യസ് ഗൊൺസാഗയുടെ തിരുനാളിന് രണ്ടുദിനങ്ങൾ കൂടി മാത്രം. പട്ടത്തെ സെന്റ് അലോഷ്യസ് മൈനർ സെമിനാരിയുടെ കവാടം അന്ന് നവാഗതർക്കായി മലർക്കെ തുറന്നിട്ടിരുന്നു. പലയിടങ്ങളിൽ നിന്നും പുതിയ കുട്ടികൾ സെമിനാരിയിൽ ചേരാൻ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമൊപ്പം രാവിലെ മുതൽത്തന്നെ വന്നു തുടങ്ങിയിരുന്നു. 

അമ്മയും കൂടെ വന്നവരും ആ സെമിനാരി ആദ്യമായി കണ്ടത് അന്നാണ്. എന്നെയും കൂട്ടി അന്ന് ആ കളരിമുറ്റത്ത് കാലുകുത്തിയ സമയം മുതൽ അമ്മയുടെ കണ്ണും കാതും മനസ്സും അവിടമാകെ പരതി നടക്കാൻ തുടങ്ങി.

‘ഇന്നു മുതൽ തന്റെ ഏകമകൻ ചവിട്ടി നടക്കേണ്ട മണ്ണാണിത്. അവൻ ശ്വസിക്കേണ്ട വായു, അവനെ തഴുകേണ്ട കാറ്റ്, അവനെ പൊതിയേണ്ട അന്തരീക്ഷം. പൊന്നുപോലെ നോക്കില്ലേ നിങ്ങൾ? ഒന്നുമറിയാത്ത കുഞ്ഞാണവൻ!’ പരിസരങ്ങൾ ആ ഹൃദയ വിചാരങ്ങളെ അലിവോടെ ഏറ്റുവാങ്ങിയിട്ടുണ്ടാവണം. അല്ലെങ്കിൽപ്പിന്നെ അപ്പോൾ പെയ്തു തുടങ്ങിയ ചാറ്റൽ മഴയുടെ അർത്ഥമെന്താണ്? 

കൂടെ വന്നവരെ അവരുടെ വഴിക്കു വിട്ടിട്ട് അമ്മ ആ പരിസരങ്ങളെ സൂക്ഷ്മമായി ഹൃദയത്തിൽ സംഗ്രഹിക്കാൻ തുടങ്ങി.
പുണ്യപിതാവായ ദൈവദാസൻ മാർ ഇവാനിയോസ് തിരുമേനി താമസിച്ചിരുന്ന വീട്! ചുറ്റിനും ഇരുൾ പരന്ന സായംകാലങ്ങളിൽ, ചാട്ടവാറു കൊണ്ടു സ്വയം പ്രഹരിച്ച്, സാഷ്ടാംഗം വീണു കിടന്ന്, അദ്ദേഹം കണ്ണീരോടെ പ്രാർത്ഥിച്ച, അനുഗ്രഹം മണക്കുന്ന പഴയ അരമനച്ചാപ്പൽ. അമ്മ അവിടെ മുട്ടുകുത്തി. കാൽവരിക്കുരിശിൻ ചുവട്ടിലെന്ന പോലെ, ആത്മദാനത്തിന്റെ പരകോടിയിൽ ആ മനസ്സിൽ ഒരവകാശക്കൈമാറ്റം നടന്നിരിക്കണം: ‘ഇതാ നിന്റെ മകൻ; കൊണ്ടു പൊയ്ക്കൊള്ളുക, നിന്റെ മുന്തിരിത്തോപ്പുകളുടെ ഉഴവു ചാലുകളിലേക്ക്!’ അതായിരിക്കണം അമ്മ ദൈവത്തോടു പറഞ്ഞത്.

ആ വൈദികപരീശീലന ഭവനം അമ്മയ്ക്കൊരു പുതിയ അനുഭവമായിരുന്നു. തലമുറകളുടെ അധ്യയനം നടന്ന പഠനമുറികൾ! പാദപതനം കൊണ്ടു തേഞ്ഞു മിനുസപ്പെട്ട വരാന്തകൾ. വെളിച്ചത്തെ കടത്തി വിടുന്നതിൽ പിശക്കു കാട്ടിയിരുന്ന, തണുത്ത ഇടനാഴികൾ! നഗ്നപാദയായി അമ്മ എല്ലാം തൊട്ടറിഞ്ഞു.
പഴയ കാലത്തെ മരം കൊണ്ടുള്ള പടിക്കെട്ടുകൾക്കുയരെ കട്ടിലുകൾ നിരത്തിയിട്ടിരുന്ന നീളൻ കിടപ്പുമുറികൾ. രാത്രികാലങ്ങളിൽ നക്ഷത്രങ്ങൾ യഥേഷ്ടം കഥകൾ പറയാനെത്തിയിരുന്ന അഴികളില്ലാത്ത തുറന്ന ജനാലകൾ!

ഭക്ഷണശാലയ്ക്കരികിലൂടെ, അടുക്കളപ്പുറത്തുകൂടെ, അലക്കു കല്ലുകൾക്കിടയിലൂടെ, ശൗചാലയങ്ങളുടെയും കുളിമുറികളുടെയും വൃത്തിയെക്കുറിച്ചും കാലപ്പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ വാതിലുകളെക്കുറിച്ചുമൊക്കെ ആശങ്കപ്പെട്ട് അമ്മ എനിക്കൊപ്പം നടന്നു. അതിലിത്ര ആശങ്കപ്പെടാൻ എന്തിരിക്കുന്നു! ആൺകുട്ടികൾക്ക് അതൊക്കെത്തന്നെ ധാരാളമെന്ന് അമ്മയ്ക്കറിയാഞ്ഞിട്ടാണോ? കാര്യം അതൊന്നുമല്ല. ഉള്ളിൽ തിങ്ങി നിറയുന്ന പുത്രവിരഹദു:ഖം ആരുമറിയാതെ മറ്റു കൈവഴികളിലൂടെ ഗതിമാറി ഒഴുകുകയാണ്. 

പറമ്പിലങ്ങിങ്ങായി നിറയെ കായ്ച്ചു നിന്ന ജാതി വൃക്ഷങ്ങൾ അമ്മയ്ക്ക് പുതിയ കാഴ്ചയായിരുന്നു. വിശാലമായ കളിസ്ഥലങ്ങളും കൃഷിയിടങ്ങളും ദൂരെ നിന്ന് നിറഞ്ഞ വിസ്മയത്തോടെ അമ്മ കണ്ടു. എല്ലാത്തിനും മീതെ ആ അന്തരീക്ഷത്തെ ചൂഴ്ന്നു നിന്ന ദൈവാത്മാവിന്റെ ചിറകടിയൊച്ചകൾ അമ്മ തിരിച്ചറിഞ്ഞു.
മുഖം ക്ഷൗരം ചെയ്തു മിനുസപ്പെടുത്തിയ, എന്നെക്കാൾ ഒന്നോ രണ്ടോ വയസ്സു മൂപ്പുള്ള, ചെമ്മാച്ചൻ കുട്ടികൾ കറുത്ത പാന്റും വെളുത്ത ഫുൾക്കൈ ഷർട്ടുമിട്ട്, മായാത്ത പുഞ്ചിരിയോടെ എല്ലായിടത്തും കൂടെ വന്നിരുന്നു. അമ്മ അവരോട് എന്തൊക്കെയോ ചോദിക്കുകയും അവർ അതീവ വിനയത്തോടും സ്നേഹത്തോടും ഉത്തരങ്ങൾ നൽകുകയും ചെയ്യുന്നുണ്ടായിരുന്നു. അവരുടെ പെരുമാറ്റം അമ്മയെ വല്ലാതെ ആകർഷിച്ചിട്ടുണ്ടാവണം. അമ്മ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു; ‘കണ്ടു പഠിക്കുന്നുണ്ടോ ആവോ’ എന്ന മട്ടിൽ? 

സെമിനാരിയിൽ പതിവുള്ള ഉച്ചനമസ്കാരം കഴിഞ്ഞ് അടുക്കളയോടു ചേർന്നുള്ള റഫക്ടറിയിൽ മറ്റുള്ളവർക്കൊപ്പം ഊണു കഴിക്കാനിരിക്കുമ്പോൾ അമ്മയുടെ മുഖം മ്ലാനമായിരുന്നു. കുഴികളുള്ള സ്റ്റീൽ പ്ലേറ്റുകളിൽ വിളമ്പിവച്ച ആവി പറക്കുന്ന ചോറും കറികളും അമ്മ കഴിച്ചെന്നു വരുത്തിയതേയുള്ളൂ.
‘ഇതിപ്പോൾ അവന്റെ വീടാണ്. അവനാണ് ആതിഥേയൻ. ഇന്നു മുതൽ ഇവിടെ ഞാനവന്റെ അതിഥിയാണ്.’ ഒരു വീട്ടിൽ ഒരേ അന്നം പങ്കിട്ടിരുന്നവർ പെട്ടന്നൊരുനാൾ രണ്ടായ പോലെ. ആ അന്യതാബോധത്തിൽ അമ്മയുടെ വിശപ്പുകൾ കെട്ടുപോയിരിക്കുമോ? 

‘പുനരൈക്യത്തിൻ മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ’ എന്ന അപേക്ഷാ വാചകമെഴുതി വച്ചിരുന്ന, വർഷങ്ങൾ പഴക്കമുള്ള ഒരു ഗ്രോട്ടോയുണ്ടായിരുന്നു മുറ്റത്ത്. മടങ്ങിപ്പോകും മുമ്പ്, കണ്ണാടിക്കൂട്ടിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ആ രൂപത്തിനു മുന്നിൽ, അൽപ്പനേരം അമ്മ നിന്നു. പിന്നെ നിറമിഴികൾ കൊണ്ട് എല്ലാം പറഞ്ഞേൽപ്പിച്ചു; വളരെക്കാലമായി പരിചയമുള്ള ഒരാളോടെന്ന പോലെ. 

ആത്മീയതയുടെ ചില പഴക്കമുള്ള അടയാളങ്ങൾ ചില നേരങ്ങളിൽ എന്തൊരാശ്വാസമാണ്! കാലദേശാന്തരങ്ങൾക്ക് അതീതമായി അവ നമ്മെ ധൈര്യപ്പെടുത്തും. മടക്കയാത്രയ്ക്കായി അമ്മയും കൂട്ടരും കയറിയ വാഹനം സെമിനാരിയുടെ മുറ്റത്ത് എന്നെ തനിച്ചാക്കി പൊടിപറത്തി മറയുമ്പോൾ അമ്മ പലവട്ടം എന്നെ തിരിഞ്ഞു നോക്കിയിട്ടുണ്ടാവും. നെഞ്ചിൻ കൂടിനുള്ളിലെ അമ്മക്കിളിയുടെ പിടച്ചിൽ ആരുമറിയാതിരിക്കാൻ, ഒരക്ഷരം പോലുമുരിയാടാതെ നൊമ്പരം കടിച്ചമർത്തിയിരുന്നിട്ടുണ്ടാവും. ഹൃദയം മുറിഞ്ഞ് രക്തം കിനിഞ്ഞിട്ടുണ്ടാവും!

പട്ടം കത്തീഡ്രൽ ദേവാലയത്തിന്റെ മുന്നിലെ വളവു തിരിഞ്ഞ് വാഹനം പൊടിപടലങ്ങൾക്കിടയിൽ മറയും വരെ, സെമിനാരിയുടെ പൂമുഖത്തിണ്ണയിൽ ഒരു തൂണിൽ ചാരി, ആൾക്കൂട്ടത്തിൽ തനിയേ എന്നവണ്ണം ഞാനാ കാഴ്ച കണ്ടുനിന്നത് എനിക്കു നല്ല ഓർമ്മയുണ്ട്. 

എവിടെ നിന്നാണെന്നറിയില്ല, അതിതീവ്രമായൊരു വിഷാദം പൊടുന്നനെ എന്റെ മനസ്സിലേക്കിരച്ചു കയറി. ഒരു നിമിഷാർദ്ധം കൊണ്ട് ആരുമില്ലാത്തവനായിപ്പോയ പോലെ. പൊക്കിൾകൊടിയിൽ നിന്ന് അപ്രതീക്ഷിതമായി വേർപെടുത്തപ്പെട്ട കുഞ്ഞു കണക്കെ ഒരു ഒറ്റപ്പെടൽ! ഒന്നു പൊട്ടിക്കരയണമെന്ന് എനിക്കു തോന്നി.
പരിശീലന ഭവനത്തിലെ മൂത്ത ജ്യേഷ്ഠൻമാരുടെ സ്നേഹത്തിൽ പൊതിഞ്ഞ കൈത്തലങ്ങൾ അപ്പോഴേക്കും എന്റെ വിറയാർന്ന തോളിൽ അമർന്നില്ലായിരുന്നുവെങ്കിൽ, സൗഹൃദത്തിന്റെ ബലിഷ്ഠമായ ആ സ്നേഹവള്ളികൾ എന്നെ ചുറ്റിവരിഞ്ഞില്ലായിരുന്നുവെങ്കിൽ, മറഞ്ഞു പോയ ആ വാഹനത്തിനു പിന്നാലെ കൈകൾ നീട്ടി നിലവിളിച്ചു കൊണ്ട്, ഒരു ഭ്രാന്തനെപ്പോലെ ഞാൻ ഓടിയേനേ! 

അമ്മയെന്ന വാക്കിന്റെ ആഴം ഞാൻ ശരിക്കും തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വിളിപ്പുറത്ത് അമ്മ കൂടെയില്ലാത്ത പകലുകൾ! ഇനി എന്നും അങ്ങനെയായിരിക്കുമെന്ന ചങ്കുപൊടിയുന്ന ആ സത്യത്തെ ഒരു വിതുമ്പലിന്റെ പിന്നിലൊളിപ്പിച്ച് ഉറങ്ങാതിരുന്ന രാത്രികൾ! ഉറക്കത്തിൽ പൊതിഞ്ഞു പിടിക്കാൻ അമ്മയുടെ സ്നേഹമില്ലാതെ തണുത്തു വിറങ്ങലിച്ചു കിടന്ന നോവിന്റെ പെരുമഴക്കാലങ്ങൾ!

അമ്മ കഴുകിയുണക്കാത്ത കുപ്പായങ്ങളിട്ട്, അമ്മ വിളമ്പാത്ത വിരുന്നുകളുണ്ട്, അമ്മ കൂടെയിരിക്കാത്ത ശയ്യകളിൽ പനിച്ചു കിടന്ന്, അമ്മ കൂടെ വരാതെ യാത്രകൾ ചെയ്ത്, അമ്മയുടെ മണമറ്റു പോയ ഒരു ചെമ്പനീർപ്പൂവായി ഞാൻ പതിയെ മാറുകയായിരുന്നു. ഒരുപാടു സമയമെടുത്തു ആ മാറ്റത്തിന്. അത്രയ്ക്ക് ആഴമുണ്ടായിരുന്നു ആ അമ്മവേരുകൾക്ക്.

അമ്മയെക്കൂടാതെ ജീവിക്കാൻ ശീലിച്ചു എന്നതായിരുന്നു ക്രിസ്തുവിന്റെ പുരോഹിതനാവാൻ വേണ്ടി ഏറ്റെടുത്ത ആദ്യത്തെ ത്യാഗം.
പക്ഷെ ഈ വിരഹത്തെ അമ്മ എങ്ങനെ ഉൾക്കൊണ്ടു എന്നതാണ് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. സ്വന്തമായി ഒരു ലക്ഷ്യവും നേടാനല്ലാഞ്ഞിട്ടു കൂടി, എകമകനെ ദൈവത്തിനു മടക്കിക്കൊടുക്കാൻ മനസ്സു കാട്ടിയ ഒരമ്മയുടെ ത്യാഗത്തിന്റെ പിന്നിലെ ആനന്ദത്തെയാണ് ഞാൻ തേടുന്നത്. 

ഒരിക്കലും അതിനേക്കുറിച്ച് അമ്മ എന്നോട് ഒന്നും പറഞ്ഞിട്ടില്ല; ഞാൻ ചോദിച്ചിട്ടുമില്ല. ഇനിയൊരവസരത്തിൽ എല്ലാം ചോദിക്കണം. അമ്മയുടെ മടിയിൽ തലചായ്ച്ചു കിടന്ന് ആ കഥ മുഴുവൻ കേൾക്കണം. കേട്ടു കേട്ട് കണ്ണീരണിയണം. അപ്പോൾ അമ്മ ചോദിക്കും: “എന്തിനാണു നീ കരയുന്നത്?”

ഷീന്‍ പാലക്കുഴി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.