കുട്ടികളെ ശാന്തരാക്കാൻ പഠിപ്പിക്കാം ചെറുപ്പം മുതൽ  

വളരെ ശബ്‌ദമുഖരിതമായ ഒരു ചുറ്റുപാടിലാണ് നാം ജീവിക്കുന്നത്. ബാഹ്യമായും ആന്തരികമായും നിശബ്ദത ഒരു മനുഷ്യന്റെ വ്യക്തിത്വ വളർച്ചയ്ക്ക് അത്യാവശ്യ ഘടകമാണ്. ഒപ്പം ആത്മീയ ജീവിതത്തിന്റെ വളർച്ചയ്ക്കും നിശബ്തത കൂടിയേ തീരൂ. ഇന്ന് മൊബൈൽ ഫോണുകൾ, ടെലിവിഷൻ, മ്യൂസിക് മറ്റ് ശബ്ദങ്ങൾ… ആകെക്കൂടി ശബ്ദ മുഖരിതമായ അന്തരീക്ഷം. കുട്ടികളുടെ വളർച്ചയെ ഇത്തരം ശബ്ദങ്ങളുടെ അതിപ്രസരം വളരെ സാരമായി ബാധിക്കും.

ഈ നിശബ്ദത നാം ശീലിക്കുവാൻ തുടങ്ങുന്നത് ശാന്തമായ കുടുംബാന്തരീക്ഷത്തിൽ നിന്നാണ്. നമ്മൾ സംസാരിക്കുന്ന രീതി, മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്ന ശൈലി ഇവയിൽ നിന്നെല്ലാം ആരംഭിക്കുന്നതാണ് ഒരു വ്യക്തിയുടെ ശാന്തത. അമിതമായ ഒച്ചയിലും ബഹളത്തിലും ജീവിക്കുന്നവർ നിശബ്ദമായ അന്തരീക്ഷം ഇഷ്ട്ടപ്പെടുന്നവരായിരിക്കുകയില്ല. കുട്ടികളോടുള്ള സംസാര ശൈലിയും ശ്രദ്ധിക്കണം. അലറിവിളിച്ചും പൊട്ടിത്തെറിച്ചുമുള്ള സംസാര ശൈലി ഒഴിവാക്കണം. മറ്റുള്ളവർ പറയുന്നത് ശ്രവിക്കാൻ ചെറുപ്പത്തിലേ പരിശീലിക്കുക. അതിലൂടെ കൂടുതൽ ക്ഷമ അഭ്യസിക്കാൻ നാം  തുടങ്ങുന്നു.

കുട്ടികൾ അഭ്യസിക്കേണ്ട നിശബ്ദത

എപ്പോഴും ബഹളത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നത്. നമ്മുടെ വീടുകളിൽ രൂപപ്പെടേണ്ട കുട്ടികളുടെ സ്വഭാവത്തെ ഇത് വളരെ സാരമായി ബാധിക്കും. വീടുകളിൽ അനിയന്ത്രിതമായ ശബ്ദ കോലാഹലങ്ങൾ വർദ്ധിച്ചു വരുന്നു. പല വീടുകളിലും എപ്പോഴും ടെലിവിഷൻ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ ഇയർഫോണുകൾ എല്ലാവരുടെയും ചെവിയിൽ കാണും.  പ്രാർത്ഥനയ്‌ക്കോ നിശബ്തതയ്‌ക്കോ ഉള്ള ഒരു സ്ഥലം വീട്ടിൽ ഒരുക്കപ്പെടുന്നില്ല. അത് വളരുന്ന തലമുറയെ വളരെ സാരമായി ബാധിക്കും.

കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് മറ്റ് കാര്യങ്ങളിലേക്ക് തിരിഞ്ഞു പോകാം. അതിനാൽ ശാന്തമായ ഒരു അന്തരീക്ഷം വീട്ടിൽ നിന്നും തന്നെ ആരംഭിക്കട്ടെ. ശാന്തരാകാൻ ഉള്ള പരിശീലനം കുട്ടികൾക്ക് മാതാപിതാക്കൾ തന്നെ കൊടുക്കുക. ദൈവവുമായി ഒരുവനെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമാണ് നിശബ്ദത. അതിനാൽ കുട്ടികൾ വളർന്ന് വരുമ്പോൾ തന്നെ ആന്തരികമായ നിശബ്ദത ശീലിപ്പിക്കുന്നത് അവരുടെ സ്വഭാവ രൂപീകരണത്തിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഒപ്പം അവർ ഇടപെടുന്ന മേഖലകളിലും സാഹചര്യങ്ങളോട് ശാന്തമായി പ്രതികരിക്കുവാനുള്ള ക്ഷമ ഇതിലൂടെ ലഭിക്കുന്നു.