അടിയന്തര ശ്രദ്ധ എവിടെയൊക്കെ, എങ്ങനെയൊക്കെ വേണം?

പ്രളയവും നഷ്ടവും കടന്നു പോയി; സഹായവും പ്രത്യാശയും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രതീക്ഷയ്ക്കും അപ്പുറമെത്തിയ ചില ദുരന്തങ്ങള്‍ക്കും പ്രതീക്ഷിക്കാതെ എത്തിയ സഹായങ്ങള്‍ക്കും ഒക്കെ മലയാളി സാക്ഷിയായി. കൊള്ളേണ്ടത് കൈക്കൊണ്ടും ബാക്കിയുള്ളത് തിരസ്കരിച്ചും മുന്നോട്ട് നീങ്ങുമ്പോള്‍ നാം ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അല്ലെങ്കില്‍ പരിഗണന നല്‍കേണ്ട ചില മേഖലകളുണ്ട്.

ദുരന്ത മുഖത്തു നിന്ന് കരകയറുന്ന മലയാളികള്‍ മുൻഗണന നല്‍കേണ്ട മേഖലകളെ വായനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ലൈഫ് ഡേ.

1. ആരോഗ്യം

പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെ പല തരത്തില്‍ ഉള്ള മാരക രോഗങ്ങള്‍ ഉടലെടുക്കാന്‍ സാദ്ധ്യതകള്‍ ഏറെ ഉള്ള ഒരു സമയമാണ്. പനി, വയറിളക്കം, ഛര്‍ദി തുടങ്ങിയവ സര്‍വസാധാരണമായി കണ്ടു വരാന്‍ സാധ്യതയുണ്ട്.

  •  കൊതുകുകള്‍ വളരാന്‍ ഏറെ സാധ്യത ഉള്ളതിനാല്‍, കൊതുക് നശീകരണത്തിനായുള്ള ലായനികള്‍ക്ക് ഒപ്പം വീടുകളിലേക്ക് കൊതുക് വലയും നല്‍കുക. അവ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി ആളുകള്‍ക്ക് അവബോധവും നല്‍കണം.
  • പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി വോളന്‍റ്റിയര്‍മാര്‍ക്ക് ട്രെയിനിംഗ് നല്‍കുക. എപ്പിടെമിക് കണ്ട്രോള്‍ വോളന്‍റ്റിയര്‍സ്(ECV) എന്ന ഒരു വിഭാഗത്തെ തന്നെ വാര്‍ത്തെടുക്കുക.
  • പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനും നിയന്ത്രിക്കാനും ജനങ്ങളില്‍ അവബോധം വളര്‍ത്താനും സഹായിക്കാന്‍ കഴിയുന്ന വിധം വോളന്‍റ്റിയര്‍മാരെ പരിശീലിപ്പിക്കുക.
  •  പകര്‍ച്ചവ്യാധികളെക്കുറിച്ച് സമൂഹത്തിന് ബോധവത്കരണം നല്‍കുക.
  •  ഓ. ആര്‍. എസ് ലായനികള്‍ വിതരണം ചെയ്യുക. ഓരോ പ്രായക്കാരും ഇത് ഏത് തരത്തില്‍ ഉപയോഗിക്കണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുക. (ഛർദ്ദി-അതിസാരം പോലുള്ള രോഗങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന നിർജ്ജലീകരണം തടയുന്നതിനുള്ള വളരെ ലളിതമായ ഒരു ചികിത്സാരീതിയാണ്‌ ഓറൽ റീഹൈഡ്രേഷൻ ചികിത്സ (Oral rehydration therapy- ORT). ഒ.ആർ.ടി എന്ന് ചുരുക്കരൂപത്തിൽ ഇത് അറിയപ്പെടുന്നു. നിശ്ചിത അളവിൽ ഉപ്പ്, പഞ്ചസാര എന്നിവയുടെ ഒരു ലായനി തയ്യാറാക്കി കുടിക്കുന്നതാണ്‌ ഓറൽ റീഹൈഡ്രേഷൻ ചികിത്സ. ഈ ലായനിയെ ഒ.ആർ.എസ് ലായനി (Oral rehydration solution) എന്ന് വിളിക്കാറുണ്ട് ).
  • മലേറിയ പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാനും, ഉണ്ടായാല്‍ എങ്ങനെ നിയന്ത്രിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ പദ്ധതി നടപ്പാക്കുക.

2. ജലം, ശൌചാലയ മാര്‍ഗങ്ങള്‍, ശുചിത്വം (Water, Sanitation & Hygiene – WASH)

  •  ആദ്യ ഘട്ടത്തില്‍ ശുദ്ധീകരിച്ച, സുരക്ഷിതമായ കുടിവെള്ളം എത്തിക്കുക.
  • ജല സ്രോതസ്സുകള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരികുക.
  • നശിച്ചു പോയ പൊതുഇടങ്ങളിലെ പൈപ്പുകളും കണക്ഷനുകളും മറ്റും പുനരാരംഭിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.
  • ജല സ്രോതസ്സുകള്‍ മെച്ചപ്പെടും വരെ ഉപയോഗിക്കാന്‍ കഴിയുന്ന വാട്ടര്‍ പ്യൂരിഫയറുകള്‍ വിതരണം ചെയ്യുക.
  • വെള്ളം ഇറങ്ങാന്‍ താമസം എടുക്കുന്ന പ്രദേശങ്ങളില്‍, ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന താല്‍ക്കാലിക ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക.
  • സ്കൂളുകളിലെയും മറ്റു പൊതു ഇടങ്ങളിലെയും ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധമാക്കുക.
  • ശുചിത്വം ഉറപ്പു വരുത്താനും മെച്ചപ്പെടുത്താനുമായി ശുചീകരണ പദ്ധതികള്‍ നടപ്പാക്കുക.
  • വ്യക്തി ശുചിത്വം ഉറപ്പു വരുത്തുന്നത്തിന് സോപ്പ്, സാനിട്ടറി നാപ്കിനുകള്‍, ടൂത്ത്‌ബ്രഷുകള്‍ എന്നിവ വിതരണം ചെയ്യുക.

3. ഉപജീവനം; പോഷണം, ഭക്ഷ്യസുരക്ഷ

  • ആളുകളുടെ ജീവിതം പുനര്‍സ്ഥാപിക്കുന്നത്തിനുള്ള പദ്ധതികള്‍ ഒരുക്കുക.
  • സാമ്പത്തിക അടിത്തറ മെച്ചപ്പെടും വരെ ചെറിയ തോതില്‍ ഗ്രാന്‍റ്റുകള്‍ നല്‍കുക.
  • ചെറുകിട വ്യവസായ പദ്ധതികള്‍ ആരംഭിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് നല്ലതായിരിക്കും.
  • പ്രതിസന്ധി തരണം ചെയ്യുംവരെ പോഷക ആഹാരം ജനങ്ങള്‍ക്ക് ലഭിക്കത്തക്ക പദ്ധതികള്‍ക്ക് രൂപം നല്‍കുക.

4. പാര്‍പ്പിടം, മറ്റു അവശ്യ വസ്തുക്കള്‍

  • വീടുകള്‍ നിര്‍മ്മിക്കും വരെ ദുരിത ബാധിതര്‍ക്ക് താല്‍ക്കാലിക പാര്‍പ്പിട പദ്ധതികള്‍ ഒരുക്കുക.
  • അത്യാവശ്യം വേണ്ട വസ്ത്രങ്ങള്‍, പുതപ്പുകള്‍ , കമ്പിളി എന്നിവ നല്‍കുക.
  • ഭാഗികമായി നശിച്ച വീടുകളുടെ പുനരുദ്ധാരണത്തിന് സഹായം നല്‍കുക.

5. വിദ്യാഭ്യാസം

  • കുട്ടികളെ തിരികെ സ്കൂളുകളില്‍ എത്തിക്കാനുള്ള സഹായം നല്‍കുക.
  • കുട്ടികള്‍ക്ക് പഠിക്കാന്‍ ആവശ്യമായ വസ്തുകള്‍ നല്‍കിയെന്നു ഉറപ്പു വരുത്തുക.
  • കുട്ടികളെ തിരികെ സ്കൂളുകളില്‍ എത്തിക്കാന്‍ പ്രോത്സാഹിപ്പിക്കുക.

മേൽപ്പറഞ്ഞ മേഖലകളിൽ മുൻഗണന നൽകുവാൻ ശ്രദ്ധിക്കാം. തകർന്ന ഒരു സമൂഹത്തെ കെട്ടിപ്പടുക്കുവാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുക ആവശ്യമാണ്. പല കാര്യങ്ങൾക്കു പോകും മുൻപേ ഈ അവശ്യ ഘടകങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.