ഫ്രാന്‍സിൽ പ്രത്യക്ഷപ്പെട്ടപ്പോൾ യൗസേപ്പ് പിതാവ് സമ്മാനിച്ച നീരുറവ

പരിശുദ്ധ മറിയത്തിന്റേതുമായി താരതമ്യം ചെയ്യുമ്പോൾ വിശുദ്ധ യൗസേപ്പ് പിതാവിന്റേതായി വളരെ കുറച്ച് പ്രത്യക്ഷീകരണങ്ങൾ മാത്രമേ തിരുസഭയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളു. 1660 ജൂൺ ഏഴിന് ഫ്രാൻസിലെ കോൺടിനാച്ചിൽ നടന്ന പ്രത്യക്ഷീകരണമാണ് അക്കൂട്ടത്തിലൊന്ന്.
അതികഠിനമായ വേനല്‍ക്കാലത്ത്, ദാഹമകറ്റാൻ ഒരു തുള്ളി വെള്ളത്തിനായി അലഞ്ഞ്, കിട്ടാതെ, തളർന്നിരുന്ന ഗാസ്പേഡ് റിച്ചാര്‍ഡ് എന്ന ആട്ടിടയനു മുന്നിലാണ് വിശുദ്ധ യൗസേപ്പ് പിതാവ് പ്രത്യക്ഷപ്പെട്ടത്.
റിച്ചാര്‍ഡിന്റെ അടുത്തേക്ക് നടന്നെത്തി ജോസഫ് എന്ന് പരിചയപ്പെടുത്തിയ ഒരു വൃദ്ധൻ, അടുത്തുണ്ടായിരുന്ന ഒരു വലിയ പാറ ചൂണ്ടിക്കാട്ടി പറഞ്ഞു, ഈ കല്ല് ഉരുട്ടിമാറ്റിയാൽ താങ്കൾക്ക് വെള്ളം ലഭിക്കും എന്ന്. എന്നാൽ, അത്ര വലിയ കല്ല് ഉരുട്ടിമാറ്റാൻ തനിക്ക് കഴിയില്ലെന്ന് റിച്ചാര്‍ഡിന് നന്നായി അറിയാമായിരുന്നു. എങ്കിലും അദ്ദേഹം ശ്രമിക്കുകയും എങ്ങനെയൊക്കെയോ കല്ലുരുട്ടി മാറ്റുകയും അതിന്റെ കീഴിൽ നീരുറവ കണ്ടെത്തുകയും ചെയ്തു.
എന്നാൽ, അക്കാര്യം കാണിച്ചുകൊടുക്കാനായി തിരിഞ്ഞപ്പോൾ ആ വൃദ്ധനെ കാണാനുണ്ടായിരുന്നില്ല. ഉടൻ റിച്ചാര്‍ഡ് ഇക്കാര്യം എല്ലാവരെയും അറിയിച്ചു. അതിൽ നിന്ന് പല തവണയായി ജലം ഉപയോഗിച്ച നിരവധിയാളുകൾക്ക് ആത്മീയവും ശാരീരികവുമായ സൗഖ്യം ലഭിക്കുകയും ചെയ്തു. വൈകാതെ തന്നെ അവിടെ ഒരു ദേവാലയവും സ്ഥാപിക്കപ്പെട്ടു. അന്ന് മുതൽ അവിടം തീർത്ഥാടനകേന്ദ്രവുമാണ്.