ദൈവം എപ്പോഴാണ് മാലാഖമാരെ സൃഷ്ടിച്ചത്?

വിശുദ്ധ ഗ്രനഥത്തില്‍ മാലാഖമാരെക്കുറിച്ച് അധികം കാണാന്‍ കഴിയില്ല. അതേസമയം വിശുദ്ധ ഗ്രന്ഥത്തിലുടനീളം പലപ്പോഴായി മാലാഖമാര്‍ ശ്രദ്ധേയ ഇടപെടലുകള്‍ നടത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍, അവരുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം ബൈബിളില്‍ കാണാന്‍ കഴിയില്ല.

കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പറയുന്നതനുസരിച്ച്, സാത്താന്‍ എന്നത് ആദ്യം ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരു മാലാഖയായിരുന്നു. എന്നാല്‍ സ്വന്തം പ്രവര്‍ത്തിയുടെ ഫലത്താല്‍ അവന്‍ സാത്താനായി മാറുകയും നരകാഗ്നിയിലേയ്ക്ക് എറിയപ്പെടുകയുമായിരുന്നു. ഇതില്‍ നിന്ന് വ്യക്തമാകുന്നത്, ആദിമാതാപിതാക്കളുടെ വീഴ്ചയ്ക്ക് മുമ്പു തന്നെ സാത്താന്‍ രൂപമെടുത്തിരുന്നു എന്നാണ്. ഇത് സൂചിപ്പിക്കുന്നതാകട്ടെ, സൃഷ്ടിയുടെ ആറാം ദിവസത്തിന് മുമ്പു തന്നെ മാലാഖമാര്‍ സൃഷ്ടിക്കപ്പെട്ടിരുന്നു എന്നും.

അതുപോലെ, സഭയിലെ പല പഠനങ്ങളും സൂചിപ്പിക്കുന്നത്, സൃഷ്ടിയുടെ ആദ്യ ദിവസം തന്നെ മാലാഖമാര്‍ സൃഷ്ടിക്കപ്പെട്ടു എന്നും പിന്നീട് ദൈവം പ്രകാശം സൃഷ്ടിച്ച് അന്ധകാരത്തെ അകറ്റിയ സമയത്ത് സാത്താന്റെ വീഴ്ച സംഭവിച്ചു എന്നുമാണ്. സെന്റ് അഗസ്റ്റിനും ഇതേ കാര്യം ‘സിറ്റി ഓഫ് ഗോഡ്’ എന്ന തന്റെ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

മാലാഖമാരുടെ ജനനത്തെക്കുറിച്ച് ആധികാരിക തെളിവുകള്‍ ലഭ്യമല്ലെങ്കിലും കത്തോലിക്കാ സഭ ഉറപ്പിച്ചു പഠിപ്പിക്കുന്ന ഒരു സത്യമുണ്ട്. സൃഷ്ടിയുടെ ആരംഭത്തില്‍ തന്നെ മാലാഖമാര്‍ സന്നിഹിതരായിരുന്നു എന്നും, ഇന്നും വിമോചന ദൗത്യത്തില്‍ ശ്രദ്ധേയമായ പങ്ക് അവര്‍ വഹിക്കുന്നുണ്ട് എന്നും. കണ്ണുകൊണ്ട് കാണാനോ ചെവി കൊണ്ട് കേള്‍ക്കാനോ സാധിക്കുന്നില്ലെങ്കിലും ചെറുതും വലുതുമായ അനേകം ഇടപെടലുകള്‍ അവര്‍ നമ്മുടെ ജീവിതത്തില്‍ നടത്തുന്നുണ്ട് എന്നത് മനസിലാക്കാം.