“ഞങ്ങള്‍ക്ക് സമാധാനം വേണം”: ആ വൈറല്‍ ചിത്രത്തിനു പിന്നിലെ വേദന

നിസ്സഹായതയുടെ വക്കിലെത്തിയ അവര്‍ തങ്ങളുടെ കൈകള്‍ കൂപ്പി, മുട്ടിലിരുന്നു, അപേക്ഷിച്ചു, “അക്രമങ്ങള്‍ അവസാനിപ്പിക്കൂ, ഞങ്ങള്‍ക്ക് സമാധാനം വേണം.”

വേദനയും നിസ്സഹായതയും തളം കെട്ടി നിന്ന അവരുടെ മുഖത്ത് പ്രതീക്ഷയുടെ നേരിയ ഒരു കണിക പോലും ഇല്ലായിരുന്നു. എന്നിട്ടും അവര്‍ അപേക്ഷിച്ചു. നിസ്സഹായത അവരുടെ കണ്ണുകളില്‍ നിലയ്ക്കാതെ തിളങ്ങുന്നുണ്ടായിരുന്നു.

അപേക്ഷകള്‍ ഉണ്ടാവുന്നത് മറ്റൊരു മാര്‍ഗവും ഇല്ലാതാവുമ്പോഴാണ്‌. സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഒടുവില്‍ മനസ്സും ശരീരവും തളര്‍ന്നാണ് അവര്‍ ചോദിക്കുന്നത്. മുട്ടിലിരുന്നു അപേക്ഷിക്കുന്നത്.

ഒരു വൈദികനും രണ്ടു കന്യാസ്ത്രീകളും,  സൈന്യത്തിന് മുന്നില്‍, മുട്ടിലിരുന്നു ജപമാല ചൊല്ലി അപേക്ഷിക്കുന്ന ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയി കഴിഞ്ഞു. മുട്ടിലിരുന്ന് അപേക്ഷിച്ചവരുടെ പട്ടികയില്‍ പുരോഹിതരും, വിദ്യാര്‍ഥികളും, മാധ്യമ പ്രവര്‍ത്തകരും, സാധാരണക്കാരായ സ്ത്രീകളും പുരുഷന്‍മാരും ഒക്കെ ഉണ്ടായിരുന്നു.

നിസ്സഹായതയുടെ ഏറ്റവും വൃണപ്പെട്ട അവസ്ഥയിലാണ് നിക്കരാഗ്വയിലെ ജനങ്ങള്‍. പ്രസിഡന്റ്‌ ഡാനിയല്‍ ഒര്‍ട്ടെഗയ്ക്കും വൈസ് പ്രസിഡന്റ്റായ ഭാര്യ റൊസാരിയോ മുറില്ലോയ്ക്കും എതിരായി ഏപ്രിലില്‍ തുടങ്ങിയ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ അതീവ ശോചനീയമായ അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്.

ഒര്‍ട്ടേഗയുടെ സ്വജന പക്ഷപാതവും ക്രൂരമായ അടിച്ചമര്‍ത്തലിലും പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഒര്‍ട്ടേഗയുടെ ഭരണത്തില്‍ വിയോജിപ്പ് അറിയിച്ച 40 പ്രതിഷേധക്കാരെ സുരക്ഷാ സേന വെടിവെച്ചു കൊലപ്പെടുത്തിയതോടുകൂടി നികരാഗ്വയില്‍ പ്രതിഷേധങ്ങള്‍ കലുഷിതമായി.

ഏപ്രിലില്‍ ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ 300 – ഓളം ആളുകള്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് പുതിയ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ഗവണ്‍മെന്‍റ് അനുകൂല സൈന്യം നാഷണല്‍ ഓട്ടോണോമസ് യൂണിവേര്‍സിറ്റി  ഓഫ് നിക്കരാഗ്വയിലെ രണ്ടു വിദ്യാര്‍ത്ഥികളെ കൊലപ്പെടുത്തിയതോട് കൂടി അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിക്കരാഗ്വയില്‍ നിലനില്‍ക്കുന്നത്. 200- ഓളം വിദ്യാര്‍ത്ഥികളും മറ്റു പ്രതിഷേധക്കാരും തങ്ങളുടെ എതിര്‍പ്പ് അറിയിക്കവെയാണ് സൈന്യം വെടിയുതിര്‍ത്തത്. സംഭവത്തെ തുടര്‍ന്ന്  രണ്ടു വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും, മറ്റുള്ളവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

  തലസ്ഥാന നഗരമായ മാനഗുവയിലെ ‘ജീസസ് ഓഫ് ദി ഡിവൈന്‍ മേര്‍സി’ ദേവാലയത്തില്‍, സൈന്യം ബന്ധികളാക്കി താമസിപ്പിച്ചിരുന്ന 200 – ഓളം വരുന്ന യൂണിവേഴ്സിറ്റി വിദ്യാർഥികളെയും, പുരോഹിതന്‍മാരെയും, പത്രപ്രവർത്തകരെയും കഴിഞ്ഞ ആഴ്ച്ച സഭയിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ടാണ് മോചിപ്പിക്കുന്നത്. ഒര്‍ട്ടേഗയുടെ ഭരണത്തില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ രണ്ടു മാസമായി സര്‍വകലാശാലയില്‍ താമസം ആക്കിയിരിക്കുകയായിരുന്നു. പാരാമിലിട്ടറി എന്ന് നാട്ടുകാര്‍ വിശേഷിപ്പിക്കുന്ന ആയുധ – ദാരികള്‍ വിദ്യാര്‍ഥികളെ അവിടെ നിന്നും ഇറക്കി, മാനഗുവയിലെ പള്ളിക്ക് സമീപമുള്ള ഇടുങ്ങിയ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.  12 മണിക്കൂറില്‍ കൂടുതല്‍ അവരെ അവിടെ വയ്ക്കുകയും ചെയ്തു. തങ്ങളെ കൊല്ലുക ആയിരുന്നു ലക്ഷ്യമെന്നു, അവരില്‍ ഒരാള്‍ അഭിപ്രായപ്പെട്ടു.
കുര്‍ബാന കഴിഞ്ഞു വരികയായിരുന്ന ബിഷപ്പ് ജുവാന്‍ അബെലാര്‍ദോയുടെ കാര്‍ തടഞ്ഞു നശിപ്പിച്ച സംഭവവും കഴിഞ്ഞ ആഴ്ച ഒടുവില്‍ ഉണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.