സീറോ മലങ്കര ജൂലൈ 05 ലൂക്കാ 10: 1-12 രക്ഷാകര പദ്ധതിയിലെ പങ്കുചേരല്‍

ദൈവത്തിനു മാത്രം സാദ്ധ്യമായ സൃഷ്ടികര്‍മ്മത്തില്‍ പങ്കുചേരാന്‍ ദൈവം മനുഷ്യനെ അനുഗ്രഹിക്കുന്നുണ്ട്. അതേപോലെ തന്നെ ദൈവത്തിനു മാത്രം സാദ്ധ്യമായ രക്ഷാകര പദ്ധതിയില്‍ പങ്കുചേരാനും ദൈവം മനുഷ്യന് അവസരം നല്‍കി.

ദൈവരാജ്യം സമാഗതമായി എന്ന സന്ദേശം വിവിധയിടങ്ങളില്‍ പ്രഘോഷിക്കാന്‍ കര്‍ത്താവ് എഴുപത്തിരണ്ട് പേരെ അയക്കുന്നു. ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കാന്‍ പുറപ്പെടുമ്പോള്‍ ഉണ്ടാകേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് അയക്കപ്പെട്ടവരോട് അവന് പറയാനുള്ളത്. വചനം ജാഗ്രതയോടെ പറയണം. ദൈവവചനം ദൈവത്തിന്റെ ജീവന്റെ ഭാഗമാണ്. ദൈവജീവന്റെ അംശം ഓരോ ദൈവവചനത്തിലുമുണ്ട്. കേള്‍ക്കുന്നവര്‍ക്ക് ജാഗ്രതയില്ലെന്നു വരാം. എന്നാല്‍ ദൈവവചനം പ്രസംഗിക്കുന്നവന്‍ ജാഗരൂകനായിരിക്കണം.

കേള്‍ക്കുന്നവരില്‍ നിന്നും ഒരു പ്രതിഫലവും ഇച്ഛിക്കരുത്‌ എന്ന് മിശിഹാ പഠിപ്പിക്കുന്നു. കയ്യില്‍ ഒന്നും കരുതരുത് എന്നും അവിടുന്ന് അതിനാല്‍ അവരെ ഉദ്ബോധിപ്പിച്ചു. ഒരു വാക്കു കൊണ്ടുപോലും ദൈവവചനം പറയുന്ന വ്യക്തി വീണുപോകരുത്. സമാധാനം എന്ന ആശംസ മാത്രമേ ഏതു സാഹചര്യങ്ങളിലും അവന്റെ അധരങ്ങളില്‍ നിന്നും വരാവൂ എന്ന നിര്‍ബന്ധവും കര്‍ത്താവിനുണ്ട്. സുവിശേഷം പ്രസംഗിക്കുന്നവരുടെ അധരം സുന്ദരമാണ്.

ഫാ. റെഞ്ചി മണപ്പറമ്പില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.