നമുക്ക് ഓണ്‍ലൈന്‍ കുര്‍ബാന മാത്രം ചൊല്ലി ഇരുന്നാല്‍ മതിയോ?

കീര്‍ത്തി ജേക്കബ് 

കീര്‍ത്തി ജേക്കബ്

അനശ്ചിതത്വത്തിന്റെ നാളുകളിലൂടെയാണ് നാമെല്ലാവരും കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. കോവിഡ് 19 മാറ്റിമറിയ്ക്കുന്ന ലോകക്രമത്തിന് മുന്നില്‍ അമ്പരപ്പോടെയാണ് നാം നില്‍ക്കുന്നതും. എങ്കിലും നഷ്ടധൈര്യരാകാതെ നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം ലോകം മുഴുവനിലെയും ജനത അതത് രാജ്യങ്ങളിലേയും സംസ്ഥാനങ്ങളിലേയും നേതാക്കളുടെ സഹായത്തോടെ നടത്തുകയും ചെയ്യുന്നു. കൊറോണയ്‌ക്കെതിരെ ഏതാനും മാസങ്ങളായി ലോകം നടത്തിവരുന്ന ഈ പോരാട്ടത്തിന്റെ ഭാഗമായി ഗതിമാറി ഒഴുകേണ്ടി വന്ന അനേകം പ്രസ്ഥാനങ്ങളില്‍ ഒന്നാണ് ആഗോള കത്തോലിക്കാ സഭ. ശാന്തമായും തീക്ഷ്ണമായും മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്ന സഭാനൗകയേയും കോവിഡ് മഹാമാരി ഉലച്ചു.

എന്നാല്‍ അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമെന്ന നിലയില്‍ സഭയും സഭാമക്കളും ചേര്‍ന്ന് തങ്ങളുടെ ദേവാലയങ്ങള്‍ അടച്ചു. മാമ്മോദീസ, ആദ്യകുര്‍ബാന, വിവാഹം, കുമ്പസാരം തുടങ്ങിയ കൂദാശകളെല്ലാം മാറ്റിവച്ചു. മരണാനന്തര ചടങ്ങുകള്‍ സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചുള്ള ആളുകളെ മാത്രം പങ്കെടുപ്പിച്ച് നടത്തി. എന്നാല്‍ സ്വര്‍ഗീയ വിരുന്നിന്റെ മുന്നാസ്വാദനവും സഭയുടെ കേന്ദ്രവുമായ വിശുദ്ധ കുര്‍ബാനയ്ക്ക് മാത്രം പകരം സംവിധാനം ഏര്‍പ്പെടുത്തി. തങ്ങളുടെ അജഗണങ്ങള്‍ക്കുവേണ്ടി പുരോഹിതഗണം തങ്ങളുടെ അനുദിന ബലിയര്‍പ്പണം നവമാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യാനുള്ള സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തി. സഭയ്ക്കും സഭാമക്കള്‍ക്കും പൊതുസമൂഹത്തിനും പരാതിയില്ലാത്ത വിധത്തില്‍ ഇവയെല്ലാം കൈകാര്യം ചെയ്‌തെന്നിരിക്കിലും ചില ചോദ്യങ്ങള്‍ അവിടിവിടെയായി അവശേഷിക്കുന്നുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍

ദൈവജനം ദേവാലയത്തിലെത്തി ബലിയര്‍പ്പിക്കുന്ന സാഹചര്യം ഇല്ലാത്ത ഈ കാലഘട്ടത്തിലും എല്ലാ ദേവാലയങ്ങളിലും ബലിയര്‍പ്പണം തീക്ഷ്ണതയോടും ഭക്തിയോടും കൂടെ നടക്കുന്നു എന്നതും വിശ്വാസിസമൂഹം ഇതില്‍ ആത്മീയമായി പങ്കുചേരുന്നു എന്നതും മാത്രം കണ്ട് നിര്‍വൃതി അടയാന്‍ ഒരു കത്തോലിക്കന് കഴിയുമോ? ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ഇക്കാര്യത്തിലുള്ള തന്റെ ആശങ്ക പലപ്പോഴായി വെളിപ്പെടുത്തുകയുണ്ടായി. അതില്‍ പലതും വൈദികരെ അഭിസംബോധന ചെയ്തുകൊണ്ടുമായിരുന്നു. പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കാന്‍ വൈദികരും സന്ന്യാസിനികളും ഇന്നത്തെ പ്രത്യേക സാഹചര്യത്തിലും ഇറങ്ങിത്തിരിക്കുന്നത് നല്ലകാര്യമാണെന്ന് ലോക്ഡൗണ്‍ കാലത്ത് പാപ്പാ പറയുകയുണ്ടായി. അതുപോലെ തന്നെ വിശ്വാസികളുടെ സാന്നിധ്യവും പങ്കാളിത്തവുമില്ലാതെ സഭ പൂര്‍ണമാകുന്നില്ലെന്നും ലോക്ഡൗണ്‍ കാലത്തെ സഭയുടെ അവസ്ഥയില്‍ തനിക്ക് ആശങ്കയുണ്ടെന്നും പരിശുദ്ധ പിതാവ് തുറന്നു പറഞ്ഞു. കൂടാതെ കുടുംബങ്ങളെയും വ്യത്യസ്തമായ ജീവിതാസ്ഥകളിലൂടെ കടന്നു പോകുന്നവരെയും പാപ്പാ അനുദിന ബലിയില്‍ അനസ്മരിക്കുകയും നിയോഗം വച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറയുന്നത്

കുമ്പസാരം കേള്‍ക്കുന്നതില്‍ നിന്നും വിശുദ്ധ കുര്‍ബാന നല്‍കുന്നതില്‍ നിന്നും വൈദികരെ ആര്‍ക്കും പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും കുര്‍ബാനയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കിലും, വിശുദ്ധ കുര്‍ബാന നല്‍കണമെന്നും, കുമ്പസാരിപ്പിക്കണമെന്നും വൈദികരോട് ആവശ്യപ്പെടാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നുമുള്ള ആരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറയുടെ വാക്കുകള്‍ പാപ്പായുടെ നിര്‍ദേശത്തോട് ചേര്‍ത്തു വായിക്കാവുന്നതാണ്. വിശ്വാസികള്‍ക്കു വേണ്ടി ഓണ്‍ലൈന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ക്യാമറയില്‍ ആയിരിക്കരുത് വൈദികരുടെ ശ്രദ്ധയെന്നും കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ പറയുന്നു.

പരിഹാര മാര്‍ഗങ്ങളെക്കുറിച്ച് ചിന്തിക്കാം

ചുരുക്കത്തില്‍, ഏത് പ്രതിസന്ധിയുടെ പേരിലായാലും ഒരു ഓണ്‍ലൈന്‍ കുര്‍ബാനയില്‍ ഒതുക്കേണ്ടതാണോ ഒരു കത്തോലിക്കന്റെ ആത്മീയ ജീവിതം എന്നതിനെക്കുറിച്ച് നാം ചിന്തിക്കേണ്ടിയിരിക്കുന്നു എന്നാണ് പാപ്പായുടെയും കര്‍ദിനാള്‍ സാറയുടെയുമെല്ലാം വാക്കുകള്‍ സൂചിപ്പിക്കുന്നത്. പരസ്യ ആരാധനയ്ക്ക് അനുമതി ലഭിക്കാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടി വരും എന്ന സ്ഥിതിക്ക് ദൈവജനത്തിന്റെ ആത്മീയ പരിപോഷണത്തിനുവേണ്ടി, സര്‍ക്കാരും അധികാരികളും അനുവദിക്കുന്ന ഇളവുകളുടെ പരിധിയില്‍ നിന്നുകൊണ്ടു തന്നെ കൂടുതലായി എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതല്ലേ.

കുമ്പസാരത്തിന്റെ കാര്യം

ഉദാഹരണമായി പറഞ്ഞാല്‍ കുമ്പസാരത്തിനുള്ള അവസരം. പല വിദേശ രാജ്യങ്ങളിലും വൈദികര്‍ ആളുകളെ ഒരു മീറ്റര്‍ പരിധി പാലിച്ചുകൊണ്ട് കുമ്പസാരിപ്പിക്കുന്നുണ്ട്. പുറത്ത് കസേരയിട്ടിരിക്കുന്ന വൈദികനോട് വാഹനങ്ങളുടെ ഉള്ളില്‍ ഇരുന്ന് ആളുകള്‍ കുമ്പസാരിക്കുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും നാം കാണുകയും ചെയ്തതാണ്. ഇത്തരത്തില്‍ കുമ്പസാരത്തിനായി ആളുകള്‍ക്ക് അവസരമൊരുക്കാന്‍ നമുക്കും സാധിക്കുകയില്ലേ. ദേവാലയങ്ങളില്‍ സമയം നിശ്ചയിച്ച്, കൃത്യമായ അകലവും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഓരോ ദിവസവും നിശ്ചിത ആളുകള്‍ക്ക് അതിന് അവസരം നല്‍കാമല്ലോ.

വിന്‍സന്ഷ്യന്‍ വൈദികര്‍ ജര്‍മ്മനിയില്‍ ആരംഭിച്ച ശൈലി നമുക്കും ഗവണ്മെന്‍റ് അനുവാദത്തോടെ തുടങ്ങാവുന്നതാണ്. അതിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം. വിശ്വാസികൾക്ക് സുരക്ഷിതമായ കുമ്പസാരം ഒരുക്കി വിൻസെൻഷ്യൻ വൈദികർ

www.lifeday.in/lifeday-safe-confession-at-berlin-by-vincentian-fathers/

വി. കുര്‍ബാന അര്‍പ്പണം

അതുപോലെ, നിലവില്‍ അഞ്ചു പേര്‍ക്ക് ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. എങ്കില്‍ ഇടവക നേതൃത്വത്തിന്റെ ഇടപെടലിലൂടെ ഓരോ ദിവസവും മാറി മാറി ആളുകള്‍ക്ക് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാക്കാമല്ലോ. സമാനമായ രീതിയില്‍ വിശുദ്ധ കുര്‍ബാനയുടെ വിസീത്തകളും നടത്താവുന്നതല്ലേ. ദൈവാലയങ്ങള്‍ തുറന്നിട്ടുകൊണ്ട് സമയം ക്രമീകരിച്ച് ഊഴമനുസരിച്ച് ആളുകള്‍ക്ക് എത്തി ആരാധനയും പ്രാര്‍ത്ഥനയും നടത്താന്‍ സാധിച്ചാല്‍ എത്ര നല്ല കാര്യമാണ്. പല ഇടവകകളിലും വൈദികര്‍ അഡ്മിന്‍മാരായുള്ള വിശ്വാസികളുടെ വാട്ട്‌സ്ആപ്പ് കൂട്ടായ്മകള്‍ വരെ സജീവമായിട്ടുള്ള ഈ കാലത്ത് വാര്‍ഡ് പ്രതിനിധികളുടെ സഹായത്തോടെ ഇക്കാര്യങ്ങള്‍ നടത്താന്‍ എളിയ പരിശ്രമം മാത്രം മതിയല്ലോ.

ഇടവകയിലെ ഓരോ കുടുംബങ്ങളിലേയ്ക്കും വൈദികര്‍ നേരിട്ട് വിളിച്ച് അവരുടെ ക്ഷേമവിവരങ്ങള്‍ തിരക്കുകയും ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്യുന്ന വാര്‍ത്ത കേരളത്തില്‍ തന്നെ പലയിടങ്ങളില്‍ നിന്നും കേള്‍ക്കുന്നുണ്ട്. കുടുംബങ്ങളോട് ഏറെ കരുതല്‍ പ്രകടിപ്പിക്കുന്ന പാപ്പായുടെ വാക്കുകളോട് കാണിക്കുന്ന അനുസരണം കൂടിയാണ് ഈ പ്രവര്‍ത്തിയെന്ന് പറയാം. ഇടവകയോടും വൈദികനോടും കൂടുതല്‍ അടുക്കാന്‍ ദൈവജനത്തെ അത് സഹായിക്കുമെന്നതും തീര്‍ച്ച. ഇടവകയിലെ സിസ്‌റ്റേഴ്‌സിന്റെ സഹായത്തോടെയും ഇക്കാര്യം നടപ്പിലാക്കാം.

ആത്മീയ ചൈതന്യം നിലനിര്‍ത്താന്‍

അതുപോലെ തന്നെ ഇടവക ജനത്തിന്റെ ബൈബിളിനോടുള്ള സ്‌നേഹവും ദൈവവചനത്തോടുള്ള അടുപ്പവും നിലനിര്‍ത്താനും അതില്‍ അവരെ ആഴപ്പെടുത്താനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സഹായം തേടാവുന്നതാണ്. ഓണ്‍ലൈന്‍ ബൈബിള്‍ ക്വിസ് പോലുള്ളവ പല ഇടവകകളും ഈ ലോക്ഡൗണ്‍ കാലത്ത് നടത്തി വരുന്നു എന്നത് അഭിനന്ദനീയമാണ്. യുവജനങ്ങളെ സഭയോട് ചേര്‍ത്തു നിര്‍ത്തുന്നതിനായി അവരുടെ മാര്‍ഗനിര്‍ദേശങ്ങളും സഹായവും ഇത്തരം കാര്യങ്ങളില്‍ വൈദികര്‍ക്ക് തേടുകയും ചെയ്യാം.

കൂടുതലായി നമുക്ക് എന്തുചെയ്യാന്‍ കഴിയും?

ചെറിയ അജഗണമേ, ഭയപ്പെടേണ്ടാ. (ലൂക്കാ 12,32) എന്ന തലക്കെട്ടില്‍ ഫാ. ജേക്കബ് കാട്ടിപറമ്പിൽ വി. സി എഴുതിയ ലേഖനം ഇക്കാര്യത്തില്‍ നമുക്ക് വെളിച്ചം നല്‍കുന്നതാണ്. അതിനാല്‍ അതിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ നല്‍കുന്നു.

“പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം എനിക്കായ് കരുതീട്ടുണ്ട്” എന്നത് ഭാവനയല്ല യാഥാർത്ഥ്യമാണ്. കോവിഡ് പരീക്ഷയാണെങ്കിൽ ചെറിയ അജഗണം എന്നതാണ് പരിഹാരം. ഒരു പുരോഹിതന്‍ എന്ന നിലയില്‍ ‘കോവിഡ് ലോകത്തിലെ ബലിയർപ്പണം’ എന്നതാണിവിടെ ചിന്താവിഷയമാക്കുന്നത്.

ഇപ്പോള്‍ വിശ്വാസികൾക്ക് മുടങ്ങിക്കിടക്കുന്ന പരിശുദ്ധ കുർബാന പുനരാരംഭിക്കാൻ കൊറോണക്കാലം കഴിയട്ടെ എന്നു കരുതിയാൽ കാത്തിരിപ്പു തന്നെയാവും ഫലം. കോവിഡിൻറെ സാധ്യത നാട്ടില്‍ നിലനില്കെതന്നെ വൈറസ് വ്യാപനം ഇല്ലാതെ സർക്കാർ നിബന്ധനകളോട് സഹകരിച്ച് എങ്ങനെ ബലിയർപ്പിക്കാം എന്നാണ് ആലോചിക്കേണ്ടത്. ഇവിടെയാണ് യേശുവിന്റെ ‘ചെറിയ അജഗണം’ എന്ന ബോധനം മനനവിഷയമാക്കേണ്ടത്, യേശു തന്നെയും പ്രസംഗിച്ചത് ലക്ഷങ്ങളോടായിരുന്നില്ല ചെറു കൂട്ടങ്ങളോടായിരുന്നു. ചുരുങ്ങിയത് അന്ന് മൈക്ക് സംവിധാനങ്ങളൊന്നും ഇല്ലായിരുന്നു എന്നതെങ്കിലും പരിഗണിക്കാം, അതായത്‌ ഉച്ചത്തിൽ പറഞ്ഞാൽ കേൾക്കാവുന്നിടത്തോളം ആളുകളേ യേശു പറഞ്ഞത് നേരിട്ട് കേട്ടിട്ടുള്ളൂ. അപ്പം വർദ്ധിപ്പിക്കലിലെ ആൾക്കൂട്ടത്തെ അവഗണിച്ചുകൊണ്ടല്ല ഇതു പറയുന്നത് നമ്മുടെ വിഷയം ബലിയർപ്പണമാണല്ലോ, അതിനായി യേശു വിളിച്ചുകൂട്ടിയതാവട്ടെ പന്ത്രണ്ടു പേരെയും.

നമുക്കും ചെറിയ അജഗണങ്ങൾക്കുവേണ്ടി ബലിയർപ്പിച്ചുകൂടെ, എല്ലാവരും ഇടവക ദേവാലയത്തിൽ തടിച്ചുകൂടണമെന്ന ശാഠ്യം അത് അപ്രായോഗീകമായിരിക്കുന്ന ഈ സമയത്തെങ്കിലും ഉപേക്ഷിക്കാം. വീടിന് ഏറ്റവുമടുത്തുള്ള ദേവാലയത്തിൽ (അത് ഏതു റീത്തിൽപ്പെട്ടതാണെങ്കിലും) ബലിയർപ്പിക്കാനുള്ള സ്വാതന്തൃം വിശ്വാസികൾക്കുണ്ടെന്ന് അംഗീകരിക്കാം. കത്തോലിക്കാ മഠങ്ങളിലേയും ആശ്രമങ്ങളിലേയും ബലിപീഠങ്ങൾ ആ പ്രദേശത്തുള്ള വിശ്വാസികൾക്കായി ബലിയർപ്പിക്കാനുള്ളതാണെന്ന് പ്രഖ്യാപിച്ച് ആവശ്യത്തിന് പുരോഹിതരെ വിന്യസിച്ച് കാര്യങ്ങൾ ലളിതമാക്കാവുന്നതേയുള്ളു. ഒരു വിൻസെൻഷ്യൻ (പോപ്പുലര്‍ മിഷന്‍) മനസ്സോടെ പറയട്ടെ വീട്ടുമുറ്റങ്ങളും റബ്ബര്‍ തോട്ടങ്ങളും വരെ ഉപയോഗിച്ച് സകലർക്കും പരിശുദ്ധ കുർബാന സംലഭ്യമാക്കാവുന്നതേയുള്ളു. അപ്പസ്തോല കാലഘട്ടത്തിലേതുപോലെ ഭവനംതോറുമുള്ള (അപ്പ.2,46) ബലിയർപ്പണവും ആലോചനാവിഷയമാക്കേണ്ടതുണ്ട്. അതിനായി ആരോഗ്യ പ്രവർത്തകരേയും പൊതു പ്രവർത്തകരേയും പോലെതന്നെ സർക്കാർ അനുവാദത്തോടെ വാളണ്ടിയർമാരായി പുരോഹിതരേയും നിയമിക്കാനിടയാകണം.

ചുരുക്കി പറഞ്ഞാല്‍ ദൈവജനം ആത്മീയ തകര്‍ച്ചയിലേയ്ക്ക് നീങ്ങാന്‍ സാധ്യതയുള്ള ഈ സമയത്തെ വിവേകപൂര്‍വ്വം ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയ ആത്മീയ വളര്‍ച്ചയിലേയ്ക്ക് സഭയ്ക്ക് ഒന്നാകെ എത്തിച്ചേരാന്‍ കഴിയും. കൊറോണക്കാലത്തെ ഞെരുക്കങ്ങള്‍ നന്മകളാക്കി മാറ്റാന്‍ ദൈവജനത്തിനും കഴിയും. തനിക്ക് സ്വന്തമായുള്ളവരെ അവസാനം വരെ സ്‌നേഹിച്ച കര്‍ത്താവിനെ തന്നെ ഇക്കാര്യത്തില്‍ മാതൃകയാക്കിക്കൊണ്ട് നമുക്ക് പ്രവര്‍ത്തിച്ച് തുടങ്ങാം. ഭരണാധികാരികളുമായി ആലോചിച്ച് അവരുടെ അനുമതിയോടെ വേണ്ട ക്രമീകരണങ്ങള്‍ ഇക്കാര്യത്തില്‍ നമ്മള്‍ ചെയ്യേണ്ടതുണ്ട്.

കീര്‍ത്തി ജേക്കബ്

1 COMMENT

  1. വളരെ നല്ല കാര്യങ്ങൾ പറഞ്ഞു എന്നാൽ സഭയെ vimarsichu പറയുന്നവർ സഭയുടെ ജനങ്ങൾ വളരെ മോശം,ഈശോയുടെ കാലത്തും ഇതുപോലെ ഉണ്ടായിരിക്കാം, എന്നാൽ എന്നാൽ വളരെ വിവേകം ഉള്ള ആളുകൾ ഇങ്ങനെ സഭയുടെ കാര്യങ്ങൾ പറയുമ്പോൾ അവർ ഉൾകൊള്ളുന്നില്ല എന്താ ഇങ്ങനെ..ഒന്ന് കുമ്പസാരിക്കാനോ, വി കുർബാന കാണുവാനോ, ഉണ്ടായിരുന്ന സമയം കളഞ്ഞ സമയം ഓർക്കുമ്പോൾ, അതിന്റെ വില… അതുകൊണ്ട് എത്രയും വേഗം പഴയ പോലെ നമ്മുടെ ആലയങ്ങൾ തുറക്കട്ടെ, വി ബലിയർപ്പണം തുടരട്ടെ, വി കുമ്പസാരം തുടരട്ടെ.. കണ്ണുള്ളവൻ കാണട്ടെ, ചെവിയുള്ളവൻ കേൾക്കട്ടെ.. ആമേൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.