
“ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാവുന്ന ഉതഥാന അനുഭവം അയാളുടെ മാത്രം പരിശ്രമം കൊണ്ടുണ്ടാകുന്നതല്ല. മറിച്ച്, അയാളോട് ബന്ധപ്പെട്ടുനില്ക്കുന്ന പലരുടെയും കൂട്ടായ ശ്രമത്തിന്റെ ഫലമാണ്” കഴിഞ്ഞ മാസം ഒരു ഇറ്റാലിയന്‍ ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഫ്രാന്‍സീസ് മാര്‍പ്പാപ്പ അഭിപ്രായപ്പെട്ടു. ഈ ചിന്തയുടെ വെളിച്ചത്തില്‍ 2020-ലെ ദുഃഖവെള്ളിയാഴ്ച ദിനത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്ക് വിചിന്തനങ്ങള്‍ എഴുതാന്‍ പാപ്പാ ചുമതലപ്പെടുത്തിയത് ആരെയാണെന്നോ? പാദുവായിലെ ‘ദുവേ പലാറ്റ്സി’ എന്ന ജയിലുമായി ബന്ധപ്പെട്ട സഭാ വിശ്വാസികളെ. തടവുകാര്‍ മാത്രമല്ല, ജയിലര്‍, മജിസ്ട്രേറ്റ്, തടവുകാരുടെ കുടുംബാംഗങ്ങള്‍, കുറ്റകൃത്യത്തിന് വിധേയരായവര്‍,തുടങ്ങി പല വ്യക്തികള്‍ തങ്ങളുടെ ജീവിതാനുഭവങ്ങളുടെ പശ്ചാലത്തില്‍ കുരിശിന്റെ വഴിയുടെ ഓരോ സ്ഥലങ്ങളും ധ്യാനിച്ചെഴുതാന്‍ മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. നിരപരാധി ആയിരുന്നിട്ടും കുറ്റക്കാരനായി വിധിക്കപ്പെട്ട ഒരു വൈദികനും അതില്‍ ഉള്‍പ്പെടുന്നു.
ഏപ്രില്‍ മൂന്നാം തീയതി ഇത്തരത്തിലുള്ള പതിനാലു പേരുടെ വിചിന്തനങ്ങള്‍ ഉള്‍പ്പെടുത്തിയ ‘കുരിശിന്റെ വഴി’ ഇറ്റാലിയന്‍ ഭാഷയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എല്ലാവരുടെയും സ്വകാര്യത മാനിക്കപ്പെടാന്വേണ്ടി എഴുതിയവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. കുരിശിന്റെ വഴികളിലൂടെ യഥാര്‍ത്ഥ ജീവിതത്തില്‍ കടന്നുപോകുന്നവരുടെ ഈ വിചിന്തനങ്ങള്‍ നിശ്ചയമായും നമ്മുടെ കണ്ണുകളെ ഈറനണിയിക്കും.
വ്യത്യസ്തത നിറഞ്ഞ ഈ കുരിശിന്റെ വഴിയിലൂടെ സമൂഹത്തില്‍ മാറ്റിനിര്ത്തപ്പെടുന്നവരെ ചേര്‍ത്തുപിടിച്ച ക്രിസ്തുഹൃദയം തന്നെയാണ് തന്റേത് എന്ന് ഒരിക്കല്‍ക്കൂടി ഫ്രാന്‍സിസ് പാപ്പാ തെളിയിക്കുകയാണ്. ഈ വ്യാകുലനാളുകളില് തങ്ങള്‍ ഒറ്റപ്പെട്ടുപോയെന്ന് ആര്‍ക്കും തോന്നരുതെന്ന് ആ നല്ല ഇടയന് സ്നേഹശാഠ്യം ഉള്ളതുപോലെ തോന്നും. കുരിശിന്റെ വഴി ‘പ്രകാശത്തിന്റെ വഴി’ ആയി മാറുന്ന ഈ വിചിന്തനങ്ങള്‍ ധ്യാനാത്മകമായി വായിക്കുന്നത് നമ്മുടെ ആത്മീയജീവിതത്തിന് ഈ ദിവസങ്ങളില്‍ തീര്‍ച്ചയായും ഉപകരിക്കും.
പ്രാരംഭ പ്രാര്‍ത്ഥന
ഓ ദൈവമേ, സര്‍വ്വശക്തനായ പിതാവേ, അങ്ങയുടെ ഏകജാതനായ ഈശോയുടെ കുരിശുമരണത്തിലൂടെ മനുഷ്യകുലത്തിന്റെ സകലവിധ മുറിവുകളും യാതനകളും അവിടുന്ന് ഏറ്റെടുത്തല്ലോ. അതിനാല്‍ തന്നെ, നല്ല കള്ളനോട് ചേര്‍ന്ന് ‘എന്നെയും ഓര്‍ക്കണമേ’ എന്ന് നിലവിളിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യം ലഭിച്ചിരിക്കുന്നു. ഈ തടവറയുടെ ഇരുട്ടില്‍ ഒറ്റപ്പെട്ടവനായി ദാഹിക്കുന്നവനും നഗ്നനും പരിത്യക്തനുമായ ഞാനിതാ അങ്ങയുടെ തിരുമുമ്പില്‍ നില്ക്കുന്നു. എന്റെ മുറിവുകളില്‍ ക്ഷമയുടെയും ആശ്വാസത്തിന്റെയും തൈലം പുരട്ടി സുഖപ്പെടുത്തേണമേ. ഹൃദയത്തില്‍ സാഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും ബലം പകരുന്ന വീഞ്ഞ് നിറയ്ക്കണമേ. അങ്ങേ കൃപ എന്നെ സുഖപ്പെടുത്തട്ടെ. നിരാശയില്‍ പ്രത്യാശ കൈവിടാതിരിക്കാന്‍ എന്നെ പഠിപ്പിച്ചാലും.
എന്റെ കര്‍ത്താവേ, എന്റെ ദൈവമേ, ഞാന്‍ വിശ്വസിക്കുന്നു. എന്റെ അവിശ്വാസം പരിഹരിച്ച് തുണയാകണമേ. കരുണയുള്ള ദൈവമേ, പുതിയ അവസരങ്ങള്‍ തന്നും ദിവ്യസ്നേഹത്താല്‍ പൊതിഞ്ഞും ഇപ്പോഴും അങ്ങ് എന്നില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ടെന്ന് തെളിയിക്കേണമേ. അവിടുത്തെ സഹായത്താലും പരിശുദ്ധാത്മകൃപയാലും എനിക്കും അങ്ങയെ തിരിച്ചറിയാനും സഹോദരങ്ങളില്‍ അങ്ങേയ്ക്ക് ശുശ്രൂഷ ചെയ്യാനും സാധിക്കട്ടെ. ആമേന്‍.
ഒന്നാം സ്ഥലം: ഈശോ മരണത്തിനു വിധിക്കപ്പെടുന്നു (ലൂക്ക 23:20-25)
വിചിന്തനം: ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ഒരാള്‍
‘അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക’ എന്ന ആക്രോശം എത്രയോ തവണ കോടതിമുറികളിലും പത്രമാധ്യമങ്ങളിലും ഞാനും കേട്ടിരിക്കുന്നു. വിക്കനായിരുന്നതിനാല് കുഞ്ഞുനാളിലേ ആരംഭിച്ചതാണ് എന്റെ കുരിശാരോഹണങ്ങള്. എല്ലാവരാലും പരിഹസിക്കപ്പെട്ട് പഠനം ചെറിയ ക്ലാസ്സിലെ അവസാനിപ്പിക്കേണ്ടിവന്നു. തുടര്‍ന്ന്, ഓരോ തരത്തിലുള്ള ജോലികള്‍ ചെയ്തു ജീവിക്കുന്നതിനിടെ ജീവിതം കൈവിട്ടു പോകുന്നത് ഞാന്‍ അറിഞ്ഞില്ല. പതിയെ ഒരു ബറാബ്ബാസ് ആയി മാറുകയായിരുന്നു ഞാന്‍. ഏറ്റവും വലിയ ശിക്ഷ ഞാനിപ്പോള്‍ അനുഭവിക്കുന്നത് മനഃസാക്ഷിയില്‍ നിന്നു തന്നെയാണ്. ഈ തടവറയില്‍ ഏകനായിരുന്ന് ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ വിതുമ്പിക്കരയാറുണ്ട്. ഇതിനുള്ളില്‍ ഇരുപത്തിയൊന്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇനിയും കരയാന്‍ കണ്ണീര് എനിക്ക് ശേഷിക്കുന്നുണ്ട്. കണ്ണീരൊഴുക്കുന്ന ശിമയോനും ദുഷ്ടനായ ബറാബ്ബാസും ആര്‍ത്തിപൂണ്ട യൂദാസുമൊക്കെ എന്റെ ഉള്ളില്‍ത്തന്നെ മിന്നിമറയുന്നത് ഞാന്‍ അറിയുന്നു.
ഞാനും എന്റെ പിതാവും ഒരുമിച്ചാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. തൊട്ടപ്പുറത്തെ സെല്ലില്‍ നിന്ന് പല രാത്രികളിലും അദ്ദേഹത്തിന്റെ തേങ്ങല്‍ കേള്‍ക്കാമായിരുന്നു. അദ്ദേഹം ഇപ്പോള്‍ ജീവനോടെയില്ല. സത്യത്തില്‍, ഈ ഇരുമ്പഴികള്‍ എന്നെ രക്ഷയിലേയ്ക്ക് നയിക്കാന്‍ കാരണമായെന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. നിരപരാധിയായിരുന്നിട്ടും ശിക്ഷയ്ക്കു വിധിക്കപ്പെട്ട ക്രിസ്തു എന്റെ ഇരുളടഞ്ഞ ജീവിതത്തിലേയ്ക്ക് കടന്നുവന്ന് പലപ്പോഴും സാന്ത്വനപ്പെടുത്തുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. ബറാബ്ബാസിനെപ്പോലെ ജീവിക്കാനിടയായ നാളുകളോര്‍ത്ത് പശ്ചാത്തപിക്കുകയും ദൈവകരുണ യാചിക്കുകയും ചെയ്യാറുണ്ട്.
ഈശോയെ, ഇന്നും നിന്നെ കുരിശില്‍ തറയ്ക്കാന് ആക്രോശിക്കുന്നവരുടെ കൂട്ടത്തില്‍ ഒരുപക്ഷേ, ഞങ്ങളും ഉണ്ടായേക്കാം. ഞങ്ങള്‍ അത് തിരിച്ചറിയുന്നുണ്ടാവില്ല. ഈ തടവറയ്ക്കുള്ളില്‍ നിന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. നിന്നെപ്പോലെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലഴികള്‍ക്കുള്ളില്‍ കഴിയുന്ന എല്ലാവരോടും യുഗാന്ത്യത്തില്‍ നിന്റെ യഥാര്‍ത്ഥ വിധി കാത്തിരിക്കുന്ന സകലരോടും കരുണയായിരിക്കേണമേ.
നമുക്ക് പ്രാര്‍ത്ഥിക്കാം
ദൈവമേ, അനുരഞ്ജനകൂദാശയിലൂടെ അവിടുത്തെ കരുണാര്‍ദ്രസ്നേഹം അനുഭവിക്കുവാന്‍ ഞങ്ങള്ക്കിടയാകുന്നുവല്ലോ. എല്ലാവരിലുമുള്ള ദൈവസാന്നിധ്യം തിരിച്ചറിഞ്ഞു പരസ്പരം മാനിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപയരുളേണമേ
രണ്ടാം സ്ഥലം: ഈശോയുടെ മേല്‍ ഭാരമുള്ള കുരിശ് ചുമത്തപ്പെടുന്നു (മര്‍ക്കോ. 15:16-20)
വിചിന്തനം: കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
ഞങ്ങളുടെ രണ്ടു പെണ്മക്കളില് ഒരാള്‍ അവളുടെ സുഹൃത്തിനൊപ്പം ദാരുണമായി കൊല്ലപ്പെട്ടു. മറ്റെയാള്‍ അക്രമിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും ഭീകരമായ ആ അനുഭവം അവളുടെ പുഞ്ചിരി എന്നേയ്ക്കുമായി മായ്ച്ചുകളഞ്ഞിരിക്കുന്നു. ദൈവം എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് പലപ്പോഴും ചോദിച്ചുപോയിട്ടുണ്ട്. തോളില്‍ വയ്ക്കപ്പെട്ട കുരിശിന്റെ ഭാരം നാളുകള്‍ പിന്നിട്ടിട്ടും തെല്ലും കുറഞ്ഞിട്ടില്ല. പ്രതീക്ഷിച്ചിരുന്ന നീതിയും സമാധാനവും ലഭിച്ചിട്ടില്ല. വാര്‍ദ്ധക്യത്തിലെത്തിയ ജീവിതം ഇപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇരുളിന്റെ നിഴലിലാകേണ്ടതാണ്. എന്നാല്‍, ഞങ്ങള്‍ ഇതിനെ മറികടക്കുന്നത് എങ്ങനെയെന്നോ? പരസ്പരം സ്നേഹിച്ചും മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ ലഭിക്കുന്ന ഓരോ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടും. ഞങ്ങള്‍ വഹിക്കുന്നതിലും ഭാരമേറിയ കുരിശ് സ്വയം ഏറ്റെടുത്തു കാല്‍വരി കയറി ക്ഷമയുടെയും കരുണാര്‍ദ്രസ്നേഹത്തിന്റെയും മാതൃക കാണിച്ചുതന്ന ക്രൂശിതനായ ഈശോയിലാണ് ജീവിതത്തിന്റെ സന്ധ്യാവേളയില്‍ ഞങ്ങള്‍ പ്രകാശം കണ്ടെത്തുന്നത്’.
കര്‍ത്താവേ, നിരപരാധിയായിരുന്നിട്ടും നിന്നെ ഉപദ്രവിക്കുകയും നഗ്നനാക്കുകയും പരിഹസിക്കുകയുകയും ചെയ്തതോര്‍ത്ത് ഞങ്ങള്‍ ദുഖിക്കുന്നു. അതിക്രമങ്ങളും തിന്മകളും അനുഭവിക്കേണ്ടിവന്ന സകലരെയും ദൈവപിതാവിന്റെ കരങ്ങളിലേയ്ക്ക് ഭരമേല്പിക്കുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഏകജാതനെ ഞങ്ങളുടെ രക്ഷയ്ക്കായി അനുവദിച്ചുതന്ന പിതാവേ, ഞങ്ങളുടെ ഇരുളടഞ്ഞ ജീവിത സാഹചര്യങ്ങളില്‍ പ്രത്യാശയുടെ കിരണം വീശണമേ. ‘അവിടുത്തെ രാജ്യം വരണമേ’ എന്ന് നിത്യം പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ സഹനങ്ങളില്‍ ആശ്വസവും പരീക്ഷകളില്‍ തുണയുമാകേണമേ.
മൂന്നാം സ്ഥലം: ഈശോ ഒന്നാം പ്രാവശ്യം വീഴുന്നു( ഏശയ്യ 53:46)
വിചിന്തനം: ഒരു തടവുകാരന്
‘ഒരു തവണയേ ഞാന്‍ വീണിട്ടുള്ളു, എന്നാല്‍, ആ വീഴ്ച മാരകമായിരുന്നു; മറ്റൊരാളുടെ ജീവന് അപഹരിക്കാന്‍ മാത്രം ഗൗരവമേറിയത്. അന്നുവരെ നിര്ദോഷമായിരുന്ന ജീവിതത്തില്‍ ‘കൊലപാതകി’ എന്ന ലേബല്‍ പതിച്ചുകിട്ടാന്‍ വൈകാരിക വിക്ഷോഭത്തിന് അടിമയായിപ്പോകുന്ന ഒരൊറ്റ നിമിഷം മതി എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
‘എന്നെയും ഓര്‍ക്കണേ’ എന്ന് കുരിശില്‍ നിലവിളിച്ച വലതുവശത്തെ കള്ളന്റെ പുതിയ പതിപ്പാണ് ഞാന്‍ എന്ന് തോന്നാറുണ്ട്. പലരില്‍ നിന്നും മുറിവേറ്റ ഒരു ബാല്യകാലമായിരുന്നു എന്റേത്. എല്ലാവരും തങ്ങളുടെ താല്പര്യങ്ങള്ക്കുവേണ്ടി ചൂഷണം ചെയ്യുന്നതായി തോന്നി. ഒരുതരം പകയോടെ വളര്‍ന്നുവരാന്‍ അത് ഇടയാക്കി. ഉള്ളില്‍ വെറുപ്പിന്റെ കൊടിയ വിഷം പടരുന്നത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും ഒരു മനുഷ്യജീവന്റെ ഉത്തരവാദിയായി ഞാന്‍ മാറിയിരുന്നു. തടവറയ്ക്കുള്ളില്‍ എല്ലാവരില്‍ നിന്നും പീഡനമേല്‍ക്കേണ്ടി കൂടി വന്നപ്പോള്‍ ജീവനൊടുക്കാന്‍ പലതവണ ആലോചിച്ചതാണ്.
കുടുംബത്തിന്റെ സല്‍പ്പേര് ഞാന്‍ കളഞ്ഞുകുളിച്ചു. ചെയ്തു പോയ തെറ്റിന് ഒരു തരത്തിലുള്ള ന്യായീകരണത്തിനും മുതിരുന്നില്ല. എന്നാല്‍, നഷ്ടപ്പെട്ടുപോയ ദൈവവിശ്വാസം തിരികെക്കിട്ടാന്‍ ജയിലില്‍ കണ്ടുമുട്ടിയ ചിലര്‍ ഇതിനോടകം സഹായിച്ചു. സത്യത്തില്‍, എന്റെ ആദ്യവീഴ്ച ലോകത്തിലെ നന്മ തിരിച്ചറിയാന്‍ കഴിയാതെപോയി എന്നതാണ്. അതിന്റെ ഒരു പരിണിതഫലം മാത്രമായിരുന്നു ഞാന്‍ ചെയ്ത കൊടിയ പാതകം.
ഈശോ പരിക്ഷീണിതനായി നിലത്തു വീണുവല്ലോ. ഒരുപക്ഷേ, അപ്രതീക്ഷിതമായ ആ ആദ്യവീഴ്ചയിലായിരിക്കാം അവിടുന്ന് ഏറ്റവുമധികം വേദന അനുഭവിച്ചത്. തങ്ങള്‍ക്ക് വന്നുപോയ വീഴ്ചകള്‍ അംഗീകരിക്കാതെ അതിനെ ന്യായീകരിക്കുന്ന സകലരെയും മാനസാന്തരത്തിനായി തിരുക്കരങ്ങളിലേയ്ക്ക് സമര്‍പ്പിക്കുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
ദൈവമേ, പാപത്തില്‍ വീണുപോയ മനുഷ്യകുലത്തെ പുത്രനെ അയച്ചു കൈപിടിച്ചുയര്‍ത്താന്‍ അങ്ങ് തിരുമനസ്സായല്ലോ. ഞങ്ങളുടെ ബലഹീനതകളില്‍ തുണയാവുകയും പ്രപഞ്ചം നിറഞ്ഞിരിക്കുന്ന അങ്ങയുടെ സ്നേഹം ഞങ്ങളുടെ അനുദിന ജീവിതത്തിലനുഭവിക്കുവാന് സഹായിക്കുകയും ചെയ്യണമേ.
നാലാം സ്ഥലം: ഈശോ തന്റെ അമ്മയെ കണ്ടുമുട്ടുന്നു (യോഹ 19:25-27)
വിചിന്തനം: ഒരു തടവുകാരന്റെ അമ്മ
കുറ്റക്കാരനായി വിധിക്കപ്പെട്ട എന്റെ മകനെ തള്ളിപ്പറയാന്‍ ഒരു നിമിഷം പോലും എനിക്ക് തോന്നിയിട്ടില്ല. അവനെ അറസ്റ്റ് ചെയ്ത നാള് മുതല്‍ എന്റെയും കുടുംബം മുഴുവന്റെയും മനസ്സ് അവനോടൊത്താണ്. ആളുകളുടെ ക്രൂരമായ വാക്കുകളും പരിഹാസം കലര്‍ന്ന നോട്ടവും എന്റെ ഹൃദയം വ്യാകുലവാളാല്‍ പിളര്‍ത്തുന്നുണ്ട്. ഈ സങ്കടവേളകളിലൊക്കെ പരിശുദ്ധ മറിയത്തിന്റെ സാന്ത്വനം ഞാന്‍ അനുഭവിക്കുന്നുണ്ട്. സമാനമായ വേദനയിലൂടെ കടന്നുപോയ അവള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് എന്നെ മനസ്സിലാക്കാനാകുക!
സ്നേഹിച്ചവരൊക്കെ തള്ളിപ്പറഞ്ഞപ്പോഴും ഭയന്നോടിമറഞ്ഞപ്പോഴും പിന്മാറാതെ കുരിശിന്റെ ചുവട്ടില്‍ നിന്ന മറിയമാണ് എന്റെ മാതൃക. അവളുടെ വാത്സല്യം നിറഞ്ഞ മിഴികളില്‍ നോക്കിയാവണം ക്രിസ്തു കുരിശിലേറാനുള്ള ധൈര്യം സംഭരിച്ചത്. എന്റെ കുഞ്ഞിന് വന്നുപോയ തെറ്റുകള്‍ക്ക് ഞാന്‍ എന്നെത്തന്നെയാണ് കുറ്റപ്പെടുത്തുന്നത്. അവന് ഈ ശിക്ഷാനാളുകള് നന്മയിലേയ്ക്ക് തിരികെവരാനുള്ള അനുതാപകാലമാക്കി മാറ്റാന്‍ തീക്ഷ്ണമായി ഞാന്‍ പ്രാര്ഥിക്കുന്നുണ്ട്’.
ഈശോയെ, കുരിശുമായുള്ള യാത്രയില്‍ അമ്മയെ കണ്ടുമുട്ടിയ നിമിഷമാവും അവിടുന്ന് ഏറ്റവും വ്യാകുലപ്പെട്ടത്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കു സംഭവിച്ച ദുര്‍വിധിയോര്‍ത്ത് പരിതപിക്കുന്ന സകലരെയും പരിശുദ്ധ മറിയത്തിന്റെയും ഈശോയുടെയും ആര്‍ദ്രമായി പരസ്പരം നോക്കിനിന്ന മിഴികള്ക്കിടയിലേയ്ക്ക് സമര്‍പ്പിക്കുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
മറിയമേ, ദൈവമാതാവേ, തിരുസഭയുടെ അമ്മേ, തങ്ങളുടെ മിഴിനീര് എന്നേയ്ക്കുമായി തുടച്ചുമാറ്റപ്പെടുന്ന ആ നാളിനായി നോക്കിപ്പാര്‍ക്കുന്ന സകലരെയും അവിടുത്തോടെ അനുകമ്പാര്‍ദ്ര നോട്ടത്തിനായി ഭരമേല്‍പ്പിക്കുന്നു. ആമേന്‍.
അഞ്ചാം സ്ഥലം: ശിമയോന് ഈശോയെ സഹായിക്കുന്നു (ലൂക്ക 23:26)
വിചിന്തനം: ഒരു തടവുകാരന്
അനേകം വിദ്യാര്‍ത്ഥികളെ എന്റെ ഇടപെടലിലൂടെ ആത്മവിശ്വാസത്തിലേയ്ക്ക് വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ട്. എന്നാല്‍, ഒട്ടും നിനച്ചിരിക്കാതെയാണ് ജീവിതഗതി തന്നെ മാറ്റിമറിച്ചുകൊണ്ട് അപകീര്‍ത്തികരമായ ഒരു കുറ്റം ആരോപിക്കപ്പെട്ടത്. അത് സാധൂകരിക്കാന്‍ എന്റെ ജോലി തന്നെ അവര്‍ ആയുധമാക്കി. തടവറയ്ക്കുള്ളിലായി ഞാന്‍, തടവറ എന്നിലും. നാട്ടിലും വീട്ടിലും ദുഷിക്കപ്പെട്ടവനായി, ജീവിതം കൈവിട്ടുപോയി. പലപ്പോഴും ഈ അവസ്ഥയ്ക്ക് കാരണക്കാരനായ ആ കുട്ടിയുടെ ചിത്രം മനസ്സില്‍ തെളിയാറുണ്ട്.
മുഷിഞ്ഞ ഷൂസും ഡ്രസ്സും ധരിച്ച അവനെപ്പോലെ തന്നെയായിരുന്നു ഒരിക്കല്‍ ഞാനും. മൂന്നു പോലീസുകാര്‍ വന്ന് എന്നെ അറസ്റ്റ് ചെയ്ത ആ നിമിഷമോര്‍ക്കുമ്പോള്‍ ഇപ്പോഴും ഞടുങ്ങാറുണ്ട്. എന്റെ മേല്‍ വച്ചുതന്ന ഭാരമേറിയ കുരിശിനോട് പൊരുത്തപ്പെടാന്‍ ഞാന്‍ എന്തുമാത്രം ക്ലേശിച്ചുവെന്നോ! എത്രയോ രാത്രികള്‍ അതോര്‍ത്ത് വ്യസനിച്ച് ഉറക്കമില്ലാതെ കഴിച്ചുകൂട്ടി!
എന്നാല്‍, ഇവിടെ വച്ചാണ് ഞാന്‍ കൈറീന്‍കാരനായ ശിമയോനെ കണ്ടുമുട്ടിയത്. എന്റെ കുരിശിന്റെ ഭാരം ലഘൂകരിക്കാന്‍ സഹായിച്ച ഓരോരുത്തരും എനിക്ക് ശിമയോനാണ്. എന്റെ ഭാര്യ ആദ്യം എന്നെ സന്ദര്‍ശിക്കാന്‍ ജയിലില്‍ വന്നപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന മിഠായിപ്പൊതി അവള്‍ക്കു കൊടുക്കാന്‍ നിര്‍ബന്ധിച്ചു തന്നുവിട്ട സഹതടവുകാരന് മുതല്‍ അനേകരുണ്ടിപ്പോള് എനിക്ക് ചുറ്റും ശിമയോനായി. എനിക്ക് പ്രായമേറി വരികയാണ്. എങ്കിലും എന്റെ ആഗ്രവും പ്രാര്‍ത്ഥനയും ഇതാണ്: ജീവിതത്തില്‍ ഇനിയും മറ്റുള്ളവരെ വിശ്വസിക്കാന്‍ എനിക്ക് കഴിയുന്ന ഒരു നാള് വരണം, ചിലരുടെയെങ്കിലും കുരിശു താങ്ങാന്‍ സഹായിക്കുന്ന ശിമയോനാകണം.
കര്‍ത്താവായ ഈശോയെ, പുല്ക്കൂടു മുതല്‍ കുരിശു വരെ അവിടുത്തേയ്ക്ക് മനുഷ്യന്റെ സഹായവും തുണയും വേണമായിരുന്നല്ലോ. ഭാരമേറിയ നുകങ്ങള് വഹിക്കുന്ന സഹോദരങ്ങള്‍ക്ക് തുണയാകുന്ന ശിമയോനാകാന്‍ ഞങ്ങള്‍ക്കും സാധിക്കട്ടെ.
നമുക്ക് പ്രാര്‍ത്ഥിക്കാം
പാവങ്ങളുടെ സങ്കേതവും വേദനിക്കുന്നവരുടെ സമാശ്വാസവുമായ തമ്പുരാനേ, അങ്ങയുടെ സ്നേഹത്തിന്റെ പ്രമാണം മടികൂടാതെ വഹിച്ചുകൊണ്ട് ജീവിതവഴിയില്‍ സഞ്ചരിക്കാന്‍ ഞങ്ങളെ തുണയ്ക്കണമേ.
ആറാം സ്ഥലം: വെറോണിക്ക ഈശോയുടെ തിരുമുഖം തുടയ്ക്കുന്നു (സങ്കീ. 27: 8-9)
വിചിന്തനം: ജയിലിലെ മത പ്രബോധകന്
തകര്‍ന്ന ഹൃദയത്തോടെ നിലവിളിച്ചു കരയുന്ന പലരുടെയും കണ്ണീരൊപ്പാന്‍ തടവറയില്‍ ദൈവം എന്നെ ഉപകരണമാക്കുന്നുണ്ട്. പലപ്പോഴും അവ ഒഴുകിത്തീരാന്‍ ഞാന്‍ അനുവദിക്കാറുമുണ്ട്. തങ്ങള്‍ക്ക് അതിജീവിക്കാനാകാത്ത തിന്മയുടെ പിടിയിലമര്‍ന്ന് കരകയറാന്‍ സാധിക്കാതെ നിരാശയുടെയും പരാജയത്തിന്റെയും ഏകാന്തതയുടെയും പശ്ചാത്താപത്തിന്റെയും ചിന്തകളുമായി കരള്‍ നീറിക്കഴിയുന്ന അനേകര്‍ ഇവിടുണ്ട്. എന്റെ സ്ഥാനത്ത് ഈ തടവറയില്‍ ഈശോ ആയിരുന്നു നിയോഗിക്കപ്പെട്ടിരുന്നതെങ്കില് ഇവരെ എങ്ങനെ സമാശ്വാസിപ്പിക്കുമായിരുന്നു എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
ഉത്തരം മനുഷ്യന്റെ കേവലയുക്തിക്ക് അപ്പുറമാണെങ്കില്പ്പോലും ഇങ്ങനെ ചെയ്യാന്‍ എന്നോട് ഈശോ ആവശ്യപ്പെടുന്നതായി പലപ്പോഴും തോന്നാറുണ്ട്: ‘നീ മുന്‍വിധിയില്ലാതെ അവരുടെ അരികിലായിരിക്കുക, വേദനകള്‍ക്ക് കാതോര്‍ക്കുക, നിശബ്ദതയെ മാനിക്കുക. നിന്റെ കുറവുകളേയും പോരായ്മകളെയും ഞാന്‍ അനുകമ്പയോടെ കാണുന്നതുപോലെ അവരോടും പെരുമാറുക.’ ജീവനും പ്രതീക്ഷയും പകരുന്ന ക്രിസ്തുവിന്റെ കരുണാര്‍ദ്രമായ നോട്ടം എല്ലാവര്ക്കും പ്രത്യേകിച്ച് തടവറമക്കള്ക്ക് ഓരോ ദിവസവും നവീകരിക്കപ്പെടാനുള്ള അവസരം നല്കുന്നുണ്ടെന്നതില് സംശയമില്ല. അനുതപതിക്കുന്ന ഹൃദയത്തില്‍ നിന്ന് ഉതിര്‍ന്നുവീഴുന്ന കണ്ണുനീര്‍ത്തുള്ളികള്‍ കൃപയുടെ വിത്തുകളാണ്, നമുക്ക് സങ്കല്പിക്കാനാവാത്ത സൗന്ദര്യമുള്ള മണിമുത്തുകള്‍!
കര്‍ത്താവായ ഈശോയേ, സഹിക്കുന്ന ഒരാളില്‍ തമ്പുരാന്റെ മുഖം ദര്‍ശിച്ച് ആശ്വസിപ്പിക്കാന്‍ വെറോനിക്കായ്ക്കു സാധിച്ചുവല്ലോ. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ നിയുക്തരായിരിക്കുന്ന എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ അവിടുത്തെ കരങ്ങളിലേയ്ക്ക് ഏല്പ്പിച്ചുതരുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
സത്യപ്രകാശവും സകല വെളിച്ചത്തിന്റെ ഉറവിടവുമായ ദൈവമേ, ഞങ്ങളുടെ ബലഹീനതകളില്‍ അങ്ങേ സ്നേഹത്തിന്റെ ശക്തിയും തീവ്രതയും വെളിപ്പെടുത്തുന്നവനേ, തിരുമുഖഛായ ഞങ്ങളുടെ ഹൃദയങ്ങളിലും പതിപ്പിക്കണമേ. സഹിക്കുന്ന മനുഷ്യരില്‍ ദൈവഛായ ദര്‍ശിച്ച് അവരെ സമാശ്വസിപ്പിക്കുവാന്‍ അങ്ങനെ ഞങ്ങള്‍ക്കും സാധിക്കട്ടെ. ആമേന്‍
ഏഴാം സ്ഥലം: ഈശോ രണ്ടാം പ്രാവശ്യം വീഴുന്നു (ലൂക്കാ 23:34)
വിചിന്തനം: ഒരു തടവുകാരന്
പണ്ടൊക്കെ ഒരു ജയിലിന്റെ മുന്നിലൂടെ കടന്നുപോകാനിടയായാല്‍ ഞാന്‍ മുഖം തിരിച്ചുകളയുമായിരുന്നു. അഥവാ അങ്ങോട്ട് നോക്കാന്‍ ഇടയായാല്‍ തന്നെ ഉള്ളില്‍ സങ്കടവും ഇരുളും നിറഞ്ഞിരുന്നു. ജീവനുണ്ടെങ്കിലും മരിച്ചവര്‍ക്ക് തുല്യരായ കുറെ മനുഷ്യരെ മറവു ചെയ്തിരിക്കുന്ന സെമിത്തേരി സമാനമാണ് ജയിലെന്ന് എനിക്ക് തോന്നിയിരുന്നു. ‘ഞാന്‍ ഒരിക്കലും അവിടെ എത്തുകയില്ല’ എന്ന് അഹങ്കാരത്തോടെ ചിന്തിച്ചിരുന്നു. എന്നാല്‍, ഞാനിതെഴുതുന്നത് അവിടെ നിന്നാണ്. ഞാന്‍ മാത്രമല്ല എന്റെ കുടുംബം മുഴുവന്‍ ജയിലഴികള്ക്കുള്ളിലാക്കാന് എന്റെ ദുഷ്പ്രവര്‍ത്തികള്‍ ഇടയാക്കി. എന്റെ പിതാവും സഹോദരനും ഞാനും ഒരു മുറിയിലും ‘അമ്മ തൊട്ടപ്പുറത്തെ മുറിയിലുമായി ശിക്ഷ അനുഭവിക്കുന്നു.
എനിക്ക് എന്നെക്കുറിച്ചു വല്ലാത്ത ലജ്ജ തോന്നുന്നു. ഞാനൊരു മനുഷ്യനാണോ എന്നുപോലും ചിന്തിച്ചുപോകാറുണ്ട്. പാവം എന്റെ മാതാപിതാക്കള്‍… വാര്‍ദ്ധക്യത്തില്‍ ഞാന്‍ മൂലം അവര്‍ക്ക് ഈ ഗതി വന്നല്ലോ.
ജീവിതത്തില്‍ രണ്ടു തവണ വീണുപോയിട്ടുണ്ടെന്ന് ഏറ്റു പറയുന്നു. ആദ്യത്തേത്, ദിവസം പത്തു മണിക്കൂറോളം നടുവൊടിഞ്ഞു പണിയെടുത്ത് സമ്പാദിക്കുന്ന അപ്പനെ പുച്ഛിച്ച് പണമുണ്ടാക്കാന്‍ കുറുക്കുവഴി തേടി മയക്കുമരുന്ന് വില്ക്കാന് തുടങ്ങിയപ്പോഴാണ്. രണ്ടാമത്തേത്, ദുര്‍മാര്‍ഗ്ഗങ്ങളില്‍ സഞ്ചരിച്ച് കുടുംബം തകര്‍ത്ത ശേഷം ‘എനിക്കുവേണ്ടി മരിക്കാന്‍ ഞാന്‍ ക്രിസ്തുവിന് ആരാണ്’? എന്ന് ചോദ്യം ചെയ്ത് അവിടുത്തെ രക്ഷാകരസ്നേഹത്തെ തള്ളിപ്പറഞ്ഞപ്പോഴാണ്. എന്നാല്‍, ‘പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവരറിയുന്നില്ല, ഇവരോട് പൊറുക്കേണമേ’ എന്ന ക്രിസ്തുവിന്റെ നിലവിളി എന്റെ അകൃത്യങ്ങള്‍ മൂലം വേദന തിന്നുന്ന അമ്മയുടെ കണ്ണുകളില്‍ എനിക്ക് കാണാനായി.
പിന്നീട് ജയില്‍മുറിക്കുള്ളില്‍ നിശബ്ദനായി തേങ്ങിയിരുന്ന അപ്പന്റെ മുഖത്തും ഞാനത് കണ്ടു. ഉള്ളില്‍ ഇരുട്ട് നിറഞ്ഞ ആ നാളുകളില്‍ എന്താണ് ചെയ്തുകൂട്ടുന്നതെന്നു ഒരു വെളിവും ഇല്ലായിരുന്നു. ഇപ്പോള്‍ ദൈവസഹായത്താല്‍ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ പരിശ്രമിക്കുകയാണ്. ഞാന്‍ തെരുവിലാകാതിരിക്കാന് എനിക്കുവേണ്ടി തങ്ങള്‍ക്കുള്ള സമ്പത്തെല്ലാം വില്ക്കാന് തയ്യാറായ പൊന്നുമാതാപിതാക്കളോട് ഞാന്‍ എന്തുമാത്രം കടപ്പെട്ടിരിക്കുന്നുവെന്നോ! ഇനി ഒരിക്കലും തിന്മയുടെ വഴികളില്‍ സഞ്ചരിക്കയില്ലെന്നു തീരുമാനമെടുക്കാന്‍ എനിക്ക് സാധിച്ചത് വലിയ ദൈവാനുഗ്രഹമായി ഞാന്‍ കാണുന്നു.
ഈശോനാഥാ, തിന്മയോടുള്ള എന്റെ ആസക്തി മൂലമാണല്ലോ നീ വീണ്ടും മുഖംകുത്തി നിലത്തുവീണത്. ഇനിയും തിന്മയുടെ വശീകരണത്തില്‍ നിന്നു മോചിതരാകാന്‍ സാധിക്കാതിരിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി ഞങ്ങള്‍ സ്വര്‍ഗീയപിതാവിനോട് വിശ്വാസത്തോടെ കേണപേക്ഷിക്കുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഓ ദൈവമേ, അവിടുന്ന് ഞങ്ങളെ ഒരിക്കലും ഇരുളിലും മരണത്തിന്റെ നിഴലിലും ഉപേക്ഷിക്കുകയില്ലെന്നു വിശ്വസിക്കുന്നു. ഞങ്ങളുടെ ബലഹീനതകളില്‍ ബലം പകര്‍ന്നാലും, തിന്മയുടെ കെട്ടുകളില്‍ നിന്ന് സ്വതന്ത്രരാക്കി അങ്ങയുടെ കരുത്തേറിയ സംരക്ഷണത്താല്‍ പൊതിഞ്ഞു പിടിച്ചാലും. ആമേന്‍.
എട്ടാം സ്ഥലം: ഈശോ ജെറുസലേം നഗരത്തിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു (ലൂക്ക 23:27-30)
വിചിന്തനം: ജീവപര്യന്തം തടവനുഭവിക്കുന്ന ഒരാളുടെ മകള്‍
ജയിലില്‍ കഴിയുന്ന ഒരാളുടെ മകളെന്ന നിലയില്‍ എന്നോട് പലരും ചോദിച്ചിട്ടുണ്ട്: നീ നിന്റെ അപ്പനെ ഇപ്പോഴും സ്നേഹിക്കുന്നു. അയാള്‍ വേദനിപ്പിച്ച വ്യക്തികളെക്കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?’ ഈ കാലമത്രയും ഞാന്‍ മറുപടി നല്‍കിയിരുന്നത് ഇങ്ങനെയാണ്: ‘തീര്‍ച്ചയായും എനിക്കെങ്ങനെ അവരെക്കുറിച്ചു ചിന്തിക്കാതിരിക്കാനാകും!’ എന്നാല്‍, ഈ ചോദ്യമുന്നയിച്ചവരെയൊക്കെ ഞാന്‍ ഒരു കാര്യം കൂടി ഓര്മ്മിപ്പിക്കാതിരുന്നിട്ടില്ല. ‘എന്റെ അപ്പന്റെ ക്രൂരതയ്ക്ക് ഏറ്റവും അധികവും ഇരയാക്കപ്പെട്ടത് ആരാണെന്നറിയാമോ? അത് ഞാന്‍ തന്നെയാണ്.’
കഴിഞ്ഞ 28 വര്‍ഷങ്ങളായി അപ്പനില്ലാതെ വളരുക എന്ന ശിക്ഷ ഞാന്‍ അനുഭവിച്ചുവരുന്നു. ഇക്കാലമത്രയും ഞാന്‍ കടുത്ത അമര്‍ഷവും ഉത്കണ്ഠയും നിരാശയും പേറിയാണ് ജീവിച്ചത്. അപ്പന്റെ അസാന്നിധ്യം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിന് താങ്ങാനാകാത്ത ഭാരമാണ്. ഈ ഈ പ്രായത്തിനിടയില്‍ ഞാന്‍ ഇറ്റലിയിലെ നഗരങ്ങള്‍ എത്ര തവണ ചുറ്റിക്കറങ്ങേണ്ടി വന്നുവെന്നറിയാമോ? അവിടുത്തെ സ്മാരകങ്ങളും മറ്റു കാഴ്ചകളും കാണാനല്ല, മറിച്ച്,അപ്പന് കഴിയേണ്ടിവന്ന ജയിലുകള്‍ സന്ദര്‍ശിക്കാന്‍. തന്റെ അപ്പനെ തിരഞ്ഞു വര്‍ഷങ്ങള്‍ നടക്കേണ്ടിവന്ന ഹോമറിന്റെ ഒഡിസിയിലെ കഥാപാത്രമായ ടെലമാക്കസിന്റെ അവസ്ഥയായിരുന്നു ഇക്കാലമത്രയും എന്റേത്.
തടവുകാരന്റെ മകളെന്ന നിലയ്ക്ക് എല്ലായിടങ്ങളിലും നിന്നും സ്നേഹം നിഷേധിക്കപ്പെട്ടു. ‘അമ്മ കടുത്ത മാനസിക നൈരാശ്യത്തിനടിമയായി. കുടുംബം തകര്‍ന്നു. ബാല്യമെന്തന്നറിയാതെ കുടുംബഭാരം മുഴുവന്‍ തുച്ഛമായ പ്രതിഫലമുള്ള ജോലി ചെയ്തു ചുമലിലേറ്റേണ്ടിവന്നു. നിങ്ങള്‍ക്കറിയാമോ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട ഒരാളുടെ വീട്ടില്‍ എന്നും കുരിശിന്റെ വഴിയാണ്. അപ്പന് ജീവനോടെ ഉണ്ടെങ്കില്‍ വിവാഹസമയത്ത് തന്റെ അരികിലുണ്ടാവണമെന്ന് ആഗ്രഹിക്കാത്ത ഏതു മകളാണുള്ളത്? എന്നാല്‍, അതും ജീവിതം എനിക്ക് നിഷേധിച്ചു. എല്ലാ വീടുകളിലും മക്കള്‍ക്ക് പ്രായപൂര്‍ത്തിയാകാന്‍ മാതാപിതാക്കള്‍ കാത്തിരിക്കയാണ് പതിവ്. എന്നാല്‍, എന്റെ വീട്ടില്‍ അങ്ങനെയല്ല, അപ്പന് തിരിച്ചുവരാന്‍ ഞാന്‍ എന്നും കാത്തിരിക്കയാണ്. പ്രത്യാശ കൈവിടാതിരിക്കുക എന്നത് ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു കടമ പോലെയാണ്.
ഈശോയേ, ജറുസലേം നഗരത്തിലെ സ്ത്രീകള്‍ക്ക് മാത്രമല്ല, ഞങ്ങള്‍ക്കെല്ലാം അവിടുന്ന് ഒരു മുന്നറിയിപ്പ് നല്കുകയായിരുന്നല്ലോ. മാനസാന്തരത്തിലേയ്ക്കും വൈകാരികതയ്ക്കപ്പുറം വചനാധിഷ്ഠിതമായ യഥാര്‍ഥ വിശ്വാസത്തിലേയ്ക്കും ഞങ്ങളെ ക്ഷണിക്കുകയായിരുന്നല്ലോ . അപമാനത്തിന്റെയും പരിക്ത്യക്തതയുടെയും ഒറ്റപ്പെടലിന്റെയും വേദനയനുഭവിക്കുന്ന എല്ലാവര്‍ക്കുംവേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. മാതാപിതാക്കളുടെ തെറ്റുകള്‍ക്ക് മക്കളെ അവിടുന്ന് ശിക്ഷിക്കരുതേ എന്നുകൂടി യാചിക്കുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഓ, ദൈവമേ, കരുണയുള്ള പിതാവേ, ജീവിതപരീക്ഷണങ്ങളില്‍ ഞങ്ങളെ ഉപേക്ഷിക്കരുതേ. അവിടുത്തെ കരുതലുള്ള സ്നേഹചിറകിനു കീഴെ എന്നും വിശ്രമിക്കാനും അങ്ങ് നല്കുന്ന ആശ്വാസത്തില്‍ എപ്പോഴും ആനന്ദിക്കുവാനും ഞങ്ങള്‍ക്കിടയാകട്ടെ.
ഒന്‍പതാം സ്ഥലം: ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു (വിലാ. 3:27-32 )
വിചിന്തനം: ഒരു തടവുകാരന്
വീഴുന്നത് ഒരിക്കലും സന്തോഷകരമായ ഒരനുഭവമല്ല, നിവര്ന്നുനില്ക്കാന് സാധ്യമല്ലാത്തതുപോലെ ഒരുവന് വീണ്ടുംവീണ്ടും വീഴുന്നതാകട്ടെ വളരെ വിനാശകരമാണുതാനും. എന്റെ ജീവിതം മുതിര്‍ന്നുകഴിഞ്ഞപ്പോള്‍ അത്തരത്തിലുള്ള ഒന്നായിരുന്നു. ഈ തടവറയിലിരുന്ന് ഇപ്പോള്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കുകയാണ്. നമ്മളൊക്കെ നടക്കാന്‍ പഠിച്ചുതുടങ്ങിയപ്പോള്‍ പലതവണ വീണിട്ടുണ്ട്. ഒരുപക്ഷേ, മുതിര്‍ന്നുകഴിയുമ്പോള്‍ സംഭവിക്കാനിടയുള്ളതിന് ജീവിതം മുന്‍കൂട്ടി ഒരു പരിശീലനം നല്കിയതാവാം.
ചെറുപ്പത്തില്‍ വീണപ്പോളൊക്കെ നമ്മള് എഴുന്നേറ്റിട്ടുണ്ടല്ലോ. ഇപ്പോഴും അത് മനസ്സുവച്ചാല്‍ സാധ്യമാണ്. ഓര്‍മ്മവച്ച നാള് മുതല്‍ എനിക്ക് വീട് ഒരു കാരാഗൃഹം പോലെയായിരുന്നു. ഭയവും ഒരുരാം ശ്വാസം മുട്ടലുമായിരുന്നു വീട്ടില്‍ നിറഞ്ഞുനിന്നിരുന്നത്. എന്നിലുള്ള നന്മ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ ശ്രമിച്ച ഒരേയൊരാള്‍ സി. ഗബ്രിയേല ആണ്. എന്റെ കുസൃതികള്‍ക്കെല്ലാം പത്രോസിനെപ്പോലെ ഓരോ ന്യായീകരണങ്ങള്‍ ഞാന്‍ കണ്ടെത്തിയിരുന്നു. എന്നിരിക്കിലും നന്മയുടെ ഒരു കൊച്ചുതിരിവെട്ടം കെടാതെ എന്റെയുള്ളില്‍ എങ്ങനെയോ ജ്വലിച്ചുനിന്നിരുന്നു. ഞാന്‍ ജയില്‍ ആയിരിക്കുമ്പോഴാണ് എന്റെ മകള്‍ പ്രസവിച്ചത്. എന്നെങ്കിലുമൊരിക്കല്‍ പേരക്കിടാവിനെ കാണാനിടയായാല്‍ ഈ നാളുകളില്‍ തിരിച്ചറിഞ്ഞ നന്മയുടെ കഥകള്‍ മാത്രം ഞാന്‍ പങ്കുവയ്ക്കും. എന്റെ ഇരുള്ജീവിതത്തിന്റെ കഥകള്‍ ആ കുഞ്ഞ് ഒരിക്കലും അറിയാതിരിക്കട്ടെ.
ജീവിതം അര്‍ത്ഥരഹിതമായി തോന്നുന്നു എന്നതാണ് തടവറ ഒരാളിലേല്പ്പിക്കുന്ന ഏറ്റവും മാരകമായ നിരാശ. മനംമടുപ്പിക്കുന്ന കടുത്ത ഏകാന്തത അനുഭവപ്പെടുന്നു, ജീവിതം ഉടഞ്ഞ മണ്‍പാത്രം പോലെ ചിതറിക്കപ്പെടുന്നു. എന്നാല്‍, ആ കഷണങ്ങള്‍ വീണ്ടും കൂട്ടി യോജിപ്പിക്കാനാവുമെന്ന് എനിക്കിപ്പോള്‍ ശുഭപ്രതീക്ഷയുണ്ട്. അത്ര എളുപ്പമല്ലെങ്കിലും അത് സാധിക്കും എന്ന വിശ്വാസമാണ് ഇനിയും ജീവിക്കാന്‍ തടവറയിലുള്ളവരെ പ്രേരിപ്പിക്കുന്നത്.
ഈശോയെ, മൂന്നാം പ്രാവശ്യവും നീ വീണപ്പോള്‍ കണ്ടുനിന്നവര്‍ കരുതി നിനക്കിനി എഴുന്നേറ്റ് മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്ന്. എന്നിട്ടും നീ പിടഞ്ഞെഴുന്നേറ്റ് മുന്നോട്ടു തന്നെ നീങ്ങിയല്ലോ. തടവറയുടെ ഇരുണ്ട ഗര്‍ത്തത്തില്‍ കഴിയുന്ന എല്ലാവരെയും നീ വഴി ദൈവപിതാവിന്റെ കരങ്ങളിലേക്ക് ഞങ്ങള്‍ ഭരമേല്പിക്കുന്നു. അവര്‍ക്ക് വീണ്ടും എഴുന്നേല്‍ക്കാനും മുന്നോട്ടു നീങ്ങാനും സാധിക്കട്ടെ.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഓ ദൈവമേ, അങ്ങയില്‍ പ്രത്യാശയര്‍പ്പിക്കുന്നവരെ ശക്തിപ്പെടുത്തേണമേ. ഇടറുന്ന പാദങ്ങളെ ബലപ്പെടുത്തണമേ. ഞങ്ങളുടെ അവിശ്വസ്തതയാല്‍ വീണുപോകുമ്പോഴൊക്കെ കരുണയോടെ അരികില്‍ വന്നു താങ്ങിയുയര്ത്തണമേ. ആശ്വാസത്തിന്റെ തൈലവും പ്രത്യാശയുടെ വീഞ്ഞും ഞങ്ങളുടെ മുറിവുകളില്‍ പുരട്ടി സൗഖ്യമേകിയാലും!
പത്താം സ്ഥലം: ഈശോയുടെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കുന്നു (യോഹ. 19:23-24 )
വിചിന്തനം: ജയിലിലെ ഒരു അദ്ധ്യാപകന്
തുണിയുരിക്കപ്പെട്ടതുപോലെയാണ് ജയിലഴികള്ക്കുള്ളിലേയ്ക്ക് ഓരോരുത്തരും കടന്നുവരുന്നത്. തങ്ങള്‍ ചെയ്ത കുറ്റം നിമിത്തം മറ്റുള്ളവരില്‍ നിന്നും സ്വയവും മതിപ്പു മുഴുവന്‍ നഷ്ടപ്പെട്ട് നഗ്നരാക്കപ്പെട്ടവരെപ്പോലെ. ദിവസങ്ങള്‍ കടന്നുപോകുന്തോറും മനഃശക്തിയൊക്കെ ചോര്‍ന്ന് നിസ്സാര കാര്യങ്ങള്‍ക്കു പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്ന ഒരു സ്ഥിതിയിലേയ്ക്ക് അവര്‍ എത്തിച്ചേരുന്നു. എന്തിന് ഒരു കത്തെഴുതാന്‍ പോലും എന്നോട് സഹായം തേടുന്ന വിദ്യാസമ്പന്നരെ ഞാന്‍ കണ്ടിട്ടുണ്ട്. തങ്ങള്‍ ചെയ്ത തെറ്റിന്റെ ഗൗരവം പോലും മനസിലാക്കാത്ത പലരുമുണ്ട്. ചിലപ്പോള്‍ അവര്‍ പരിശീലനം കിട്ടിയാല്‍ ശരിയാക്കിയെടുക്കാവുന്ന കൊച്ചുകുട്ടികളെപ്പോലെ പെരുമാറും. എനിക്ക് നല്ല ശുഭാപ്തിവിശ്വാസമുണ്ട്; തിന്മയില് നിന്ന് അകറ്റി നന്മയിലേയ്ക്ക് അവരെ നയിക്കാന്‍ സാധിക്കുമെന്ന്.
എന്നാല്‍, ദിനവും ഈ അമര്‍ഷത്തിനും നൈരാശ്യത്തിനും സാക്ഷ്യം വഹിച്ച് എന്റെ ശക്തിയൊക്കെ ചോര്‍ന്നുതുടങ്ങി. എന്റെ അമ്മ, മയക്കുമരുന്നിനടിമയായ ഒരു ചെറുപ്പക്കാരന് നിമിത്തം മരണപ്പെട്ടതാണ്. ഇത്തരത്തിലുള്ള ഒരു ജോലി ഏറ്റെടുത്ത് ജീവിതത്തിനു മറുപടി കൊടുക്കുന്നത് കൂടുതല്‍ അര്‍ത്ഥവത്തായി എനിക്കു തോന്നി. ഈ ജോലി ഇഷ്ടമാണെങ്കിലും അറിഞ്ഞുകൂടാ ഇങ്ങനെ എത്രനാള്‍ മുന്നോട്ട് പോകാനാകുമെന്ന്! ഓരോ ദിവസവും തകര്‍ച്ചയിലേയ്ക്ക് കൂപ്പുകുത്താവുന്ന ദുര്‍ബല ജീവിതങ്ങളെയാണ് ഞാന്‍ ഭരമേറ്റെടുത്തിരിക്കുന്നത്. അതുകൊണ്ടു ഞാന്‍ ബലഹീനനാകാന്‍ പാടില്ലതന്നെ.
ഈശോയെ നീ നഗ്നനാക്കപ്പെട്ടതോര്ക്കുമ്പോള് ഞങ്ങള്‍ക്ക് വല്ലാത്ത ഒരുതരം പ്രയാസവും നാണക്കേടും അനുഭവപ്പെടുന്നു. സത്യത്തിനു മുന്നില്‍ നില്ക്കാന് ധൈര്യപ്പെടാതെ മരങ്ങള്‍ക്കു പിന്നിലൊളിച്ച ആദ്യമനുഷ്യന് മുതല്‍ ഞങ്ങളെല്ലാം ഭീരുക്കളാണ്. മാന്യതയുടെ മൂടുപടവും കാപട്യത്തിന്റെ പുറങ്കുപ്പായവുമണിഞ്ഞു പണത്തിനും അധികാരത്തിനുംവേണ്ടി പാവങ്ങളുടെ പഴകിപ്പിഞ്ചിയ ഉടുവസ്ത്രങ്ങള്‍ ഞങ്ങള്‍ ഇന്നും ഉരിഞ്ഞെടുക്കാറുണ്ട്.
നമുക്ക് പ്രാര്‍ത്ഥിക്കാം
ദൈവമേ, സത്യത്താല്‍ ഞങ്ങളെ സ്വതന്ത്രരാക്കണമേ. ഞങ്ങളിലെ പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി സത്യത്തിന്റെ പ്രഭയുള്ള ഉടുവസ്ത്രമണിയിക്കണമേ. അങ്ങനെ ഞങ്ങള്‍ ലോകത്തില്‍ നിന്റെ മഹത്വത്തിന് സാക്ഷികളാകട്ടെ. ആമേന്‍.
പതിനൊന്നാം സ്ഥലം: ഈശോ കുരിശില്‍ തറയ്ക്കപ്പെടുന്നു (ലൂക്ക 23:33-43)
വിചിന്തനം: കുറ്റവിമുക്തനാക്കപ്പെട്ട ഒരു വൈദികന്
ഒരു വൈദികനെന്ന നിലയ്ക്ക് കുരിശില്‍ തറയ്ക്കപ്പെടുന്ന ഈശോയെക്കുറിച്ച് എത്രയോ തവണ ഞാന്‍ ധ്യാനിച്ചിട്ടുള്ളതാണ്. എന്നിട്ടും ഞാന്‍ കുരിശില്‍ തറയ്ക്കപ്പെട്ടപ്പോളാണ് കുരിശുമരത്തിന്റെ ഘനവും ഭീകരതയും യഥാര്‍ത്ഥത്തില്‍ എനിക്ക് ബോധ്യമായത്. എന്റെ കാല്‍വരി കയറ്റം അതികഠിനമായിരുന്നു. കുരിശിന്റെ ഭാരം എന്നെ അക്ഷരാര്‍ത്ഥത്തില്‍ പലതവണ നിലത്തു വീഴ്ത്തിയിട്ടുണ്ട്. ഓരോ ആരോപണങ്ങളും ആണിയടിച്ചിറങ്ങുന്നതുപോലെ മനസ്സില്‍ തറഞ്ഞിറങ്ങുകയായിരുന്നു. കണ്ണില്‍ ഇരുട്ട് കയറി നിമിഷം ഏതായിരുന്നെന്നോ? കോടതിമുറിക്കു വെളിയില്‍ എന്റെ പേര് കുറ്റവാളിപ്പാട്ടകയില് എഴുതിച്ചേര്ക്കപ്പെട്ടതു കണ്ടപ്പോള്‍!
നിഷ്കളങ്കത തെളിയിക്കേണ്ട കടമ എന്റേത് മാത്രമായി. ഒന്നും രണ്ടുമല്ല, നീണ്ട പത്ത് വര്‍ഷങ്ങള്‍ ഇടയ്ക്കിടെ കയ്പുനീര് മാത്രം രുചിച്ചുകൊണ്ട് ഞാന്‍ കുരിശില്‍ പുളഞ്ഞു കിടന്നു. എന്റെ കുരിശിന്റെ വഴിയിലും കള്ളസാക്ഷ്യങ്ങള്‍, പരിഹാസങ്ങള്‍, സംശയങ്ങള്‍ എല്ലാമുണ്ടായിരുന്നു. ഓരോ തവണ കോടതിമുറിയില്‍ നില്‍ക്കുമ്പോഴും വിചാരണയ്ക്ക് വിധേയമാക്കപ്പെടുമ്പോഴും എന്റെ കണ്ണുകള്‍ തറഞ്ഞിരുന്നത് ഒരിടത്തു മാത്രമായിരുന്നു; എനിക്ക് മുമ്പേ സമാനമായ യാതനകളിലൂടെ കടന്നുപോയ ക്രൂശിതനില്‍.
നാണക്കേടിന്റെ പാരമ്യത്തിലായിരുന്ന ഒരു ദിവസം ജീവനോടുക്കിയാലോ എന്ന് പോലും ചിന്തിച്ചുപോയതാണ്. എന്നാല്‍, എന്നും ഒരു പുരോഹിതനായി ജീവിക്കണം എന്ന ഉറച്ച തീരുമാനം എന്നെ ശക്തിപ്പെടുത്തുകയായിരുന്നു. എന്നെ ഏല്‍പ്പിച്ച കാസ അതിന്റെ മട്ടുവരെ പരാതിയില്ലാതെ കുടിച്ചുതീര്‍ത്തു. ഞാന്‍ സെമിനാരിയില്‍ പഠിപ്പിച്ചവരോടും അവരുടെ കുടുംബാംഗങ്ങളോടും വളരെ കടപ്പെട്ടിരിക്കുന്നു; കുരിശു താങ്ങിയ ശിമയോന്മാരായതിന്, കണ്ണീരൊപ്പുന്ന വേറോനിക്കയായതിന്. എനിക്കുവേണ്ടി മാത്രമല്ല, എനിക്കെതിരെ വ്യാജമായ ദുരാരോപണം നടത്തിയ യുവാവിനുവേണ്ടിയും അനേകര്‍ പ്രാര്‍ത്ഥിച്ചിരുന്നു. കുറ്റവിമുക്തനായപ്പോള്‍ സത്യത്തില്‍ പത്തുവര്‍ഷം മുമ്പ് എന്നതിനേക്കാള്‍ ഞാനീ നാളുകളില്‍ സന്തോഷവാനാണ്. തമ്പുരാന്റെ കരം ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നത് എനിക്ക് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു. എനിക്കായി നിശ്ചയിക്കപ്പെട്ട കുരിശില്‍ തൂങ്ങിക്കിടന്നുകൊണ്ട് പൗരോഹിത്യത്തിന്റെ മഹത്വം ഞാന്‍ തിരിച്ചറിഞ്ഞു.
ഈശോയെ, അവസാനം വരെ നീ ഞങ്ങളോട് കാണിച്ച സ്നേഹമാണല്ലോ കുരിശു വഹിക്കുവാന്‍ നിന്നെ പ്രാപ്തനാക്കിയത്. മരണനേരത്തു പോലും നീ ഞങ്ങളോട് നിരുപാധികം ക്ഷമിക്കുകയും നിത്യജീവന് നല്‍കുകയും ചെയ്തുവല്ലോ. ലോകചരിത്രത്തിലിന്നോളം അന്യായമായി വിധിക്കപ്പെട്ട എല്ലാവരെയും ദൈവപിതാവിന്റെ കരങ്ങളിലേക്ക് നീ വഴി ഭരമേല്പിക്കുന്നു. ‘ഇന്ന് നീ എന്നോടുകൂടെ പറുദീസായില്‍ ആയിരിക്കും’ എന്ന നിന്റെ വാക്കുകള്‍ അവരുടെയും കാതുകളില്‍ മന്ത്രിച്ചാലും.
നമുക്ക് പ്രാര്‍ത്ഥിക്കാം
കരുണയുടെയും ദീര്‍ഘക്ഷമയുടെയും ഉറവിടമായ ദൈവമേ, മനുഷ്യന്റെ സഹനങ്ങളിലൂടെ അവിടുന്ന് തന്നെത്തന്നെ വെളിപ്പടുത്തുന്നുണ്ടെന്നു ഞങ്ങളറിയുന്നു. ക്രൂശിതന്റെ മുറിവുകളില്‍ നിന്ന് പ്രവഹിക്കുന്ന കൃപയാല്‍ ഞങ്ങളെ നിറയ്ക്കണമേ. അങ്ങനെ ജീവിതത്തിന്റെ ഇരുണ്ട പരീക്ഷണഘട്ടങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസസ്ഥിരത നല്കിയാലും. ആമേന്‍.
പന്ത്രണ്ടാം സ്ഥലം: ഈശോ കുരിശില്‍ മരിക്കുന്നു (ലൂക്ക 23:43-46)
വിചിന്തനം: ഒരു ന്യായാധിപന്
ഒരു ന്യായാധിപന് എന്ന നിലയ്ക്ക് തെളിവുകള്‍ നോക്കി വിധി കല്പിക്കയെന്നതിനപ്പുറം ഒരു മനുഷ്യനെയും ക്രൂശിക്കാന്‍ എനിക്ക് അവകാശമില്ല. ഒരാള്‍ ചെയ്ത തെറ്റിന് അയാള്‍ തക്കതായ വില നല്‍കിയേ മതിയാവൂ. അല്ലാതെ, വന്നാല്‍ അയാള്‍ ചെയ്ത തെറ്റ് മൂലം ശാരീരികമായും ധാര്‍മ്മികമായും വേദനിക്കുന്നവര്‍ക്ക് നീതി നിഷേധിക്കപ്പെടുകയും തെറ്റുകള്‍ നിസ്സാരവത്കരിക്കപ്പെടുകയുമാവും ഫലം. എന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ നീതി, തെറ്റു ചെയ്തയാളെ എന്നേയ്ക്കുമായി കുരിശില്‍ തറച്ച് ഇല്ലാതാക്കുകയെന്നതല്ല. മറിച്ച്, അയാളില്‍ നിശ്ചയമായും അവശേഷിച്ചേക്കാവുന്ന നന്മയുടെ ഒരു തീപ്പൊരി കണ്ടെത്തി അതിനെ തെളിയിച്ചെടുക്കുകയെന്നതാണ്. അയാളിലെ മനുഷ്യത്വം ഉണര്‍ത്തിയെടുത്ത് താന്‍ മൂലം വേദനിക്കേണ്ടി വന്നയാളില്‍ തന്നെത്തന്നെ കാണാന്‍ അയാളെ പ്രാപ്തനാക്കണം. അയാളുടെ നന്മയിലേക്കുള്ള വീണ്ടും ജനനം ദുഷ്കരമാകുന്നു എന്ന് കാണുകയും തിന്മയിലേക്കുള്ള ചായ്വ് വല്ലാതെ ശക്തമാണ് എന്ന് വെളിപ്പെടുകയും ചെയ്താല്‍ അയാളുടെ വ്യക്തിപരവും സാമൂഹികവുമായ മുന്‍കാല അനുഭവങ്ങള്‍ പുതുക്കിപ്പണിതെടുക്കാന് ഇതല്ലാതെ മറ്റു വഴിയില്ലതന്നെ.
ശിക്ഷയുടെ കാഠിന്യം ഒരുവനെ ഇരുത്തി ചിന്തിപ്പിച്ചേക്കാം. ജീവിതത്തിന്റെ മറ്റൊരു പക്ഷത്തു നിന്ന് കാര്യങ്ങള്‍ വിലയിരുത്താനും ആവശ്യമായ തിരുത്തലുകള്‍ വരുത്താനും അത് അയാളെ പ്രാപ്തനാക്കിയേക്കാം. തന്നില്‍ ഒരുപക്ഷേ, താന്‍ പോലുമറിയാതെ മറഞ്ഞുകിടന്ന ഇരുണ്ടമനുഷ്യനെ തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിയണം. നിശ്ചയിക്കപ്പെട്ട ശിക്ഷാകാലാവധി പൂര്‍ത്തിയാകുമ്പോള്‍ സമൂഹം തന്നെ തള്ളിക്കളയാതെ തിരികെ സ്വീകരിക്കുമെന്ന പ്രതീക്ഷ അയാളില്‍ എപ്പോഴും നിലനിര്‍ത്താനാവണം. എത്ര കുറ്റം ചെയ്തവനാണെങ്കിലും മനുഷ്യകുലത്തിലെ ഒരു അംഗമാണ് അയാളെന്നു വിസ്മരിച്ചുകൂടാ.
ഈശോയെ, നീതിയില്ലാതെ വിധിക്കുന്ന ന്യായാധിപരാല് നീ അതിക്രൂരമായ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടുവല്ലോ. പിതാവേ, അങ്ങയുടെ കരങ്ങളിലേയ്ക്ക് സകല കോടതിമുറികളിലും സേവനം ചെയ്യുന്ന ന്യായാധിപന്മാരെയും വക്കീലുന്മാരെയും ഭരമേല്പിക്കുന്നു. രാഷ്ട്രത്തെയും പൗരന്മാരെയും സേവിക്കാനുള്ള ശ്രേഷ്ഠമായ ദൗത്യം നിര്‍വഹിക്കുന്ന അവര്‍ എല്ലാവര്ക്കും, പ്രത്യേകിച്ച്, ദുര്‍ബലരായവര്‍ക്ക് ഉചിതമായ ന്യായം നടത്തികൊടുക്കാന്‍ കൃപയരുളേണമേ.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഓ ദൈവമേ, നീതിയുടെയും സമാധാനത്തിന്റെയും രാജാവേ, അവിടുത്തെ തിരുക്കുമാരന്റെ കുരിശിലെ നിലവിളി അങ്ങ് ശ്രവിച്ചത് മനുഷ്യകുലം മുഴുവന്റെയും രോദനമായിട്ടാണല്ലോ. കുറ്റവാളിയെയും അയാള്‍ ചെയ്ത കുറ്റത്തെയും വേറിട്ട് കാണാനും എല്ലാവരിലും അങ്ങയുടെ ആത്മാവിന്റെ വെളിച്ചമുണ്ടെന്നു തിരിച്ചറിയാനും ഞങ്ങളെ സഹായിക്കണമേ.
പതിമൂന്നാം സ്ഥലം: ഈശോയുടെ മൃതദേഹം മാതാവിന്റെ മടിയില്‍ കിടത്തുന്നു (ലൂക്ക 23:50-53)
വിചിന്തനം: ജയിലില്‍ വോളണ്ടീയറായ ഒരു സന്യാസ സഹോദരന്
കഴിഞ്ഞ അറുപതു വര്‍ഷങ്ങള്‍ തടവറകളിലെ ഇരുണ്ടലോകത്തിനുള്ളില് സാന്ത്വനമെത്തിക്കാന്‍ ജീവിതം അര്‍പ്പിക്കാന്‍ സാധിച്ചതില്‍ ഞാന്‍ തീര്‍ത്തും അനുഗ്രഹീതനാണ്. തടവറമക്കളില് നിന്ന് പല പാഠങ്ങളും പഠിക്കാന്‍ ഇതിനോടകം ഇടയായിട്ടുണ്ട് . ജീവിതം മറ്റൊരു ദിശയിലേയ്ക്ക് ഒന്ന് വ്യതിചലിച്ചിരുന്നുവെങ്കില്‍ ഞാനും അവരില്‍ ഒരുവനായി മാറിയേനെ എന്ന തികഞ്ഞ ബോധ്യത്തോടെയാണ് ഓരോ ദിവസവും ഞാന്‍ അവരെ സമീപിക്കുന്നത്. തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠതയുള്ളവരാണ് എന്ന മിഥ്യാബോധത്തോടെയാണ് നമ്മള് ക്രിസ്ത്യാനികള്‍ പലരെയും സമീപിക്കാറ്. എന്നാല്‍, അങ്ങനെയാവണമെന്നില്ല എന്ന് തടവറകള്‍ എന്നെ പഠിപ്പിച്ചു.
തന്റെ പരസ്യജീവിത കാലത്ത് ക്രിസ്തു കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നത് സമൂഹത്തിന്റെ അതിര്വരമ്പുകളിലായിരുന്നു. ആരും മാനിക്കാതിരുന്ന കുഷ്ഠരോഗികളെയും ഗണികകളെയും ചുങ്കക്കാരെയും പാപികളെയുമൊക്കെയാണ് അവന് ഏറ്റവും ചേര്‍ത്തുനിര്‍ത്തിയത്. അവരുടെ ദാരിദ്രവും ഒറ്റപ്പെടലും ഉത്കണ്ഠകളും ഈശോയും പങ്കിട്ടു. ഒരര്‍ത്ഥത്തില്‍ ‘ഞാന്‍ കാരാഗൃഹത്തിലായിരുന്നു, നിങ്ങള്‍ എന്നെ സന്ദശിച്ചു’ (മത്താ. 25:36) എന്ന തിരുവചനത്തിന്റെ പൊരുള്‍ ഇതുതന്നെയാവണം.
ഓരോ ജയില്‍മുറികളിലും കടന്നുചെല്ലുമ്പോള്‍ ഞാന്‍ കണ്ടുമുട്ടുന്നത് അക്ഷരാര്‍ത്ഥത്തില്‍ മരണതുല്യം ജീവിക്കുന്ന സഹോദരങ്ങളെയാണ്. കാരാഗൃഹം മനുഷ്യനെ ജീവനോടെ മറവുചെയ്യുന്നു. അവരുടെ കഥകള്‍ കേള്‍ക്കാന്‍ ആരുംതന്നെ യാതൊരു താല്പര്യവും കാണിക്കാറില്ല. ഓരോ തവണയും ക്രിസ്തു എന്നോട് മന്ത്രിക്കുന്നതുപോലെ തോന്നാറുണ്ട്: ‘മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുക. എന്റെ ഈ വത്സലമക്കളെ സാന്ത്വനപ്പെടുത്താന്‍ എനിക്ക് നിന്റെ കരങ്ങള്‍ ആവശ്യമുണ്ട്’ എനിക്ക് അവന്റെ വാക്കുകള്‍ നിരസിക്കാനാവില്ല.
ഏത്ര ക്രൂരത മുറ്റിയ മുഖങ്ങളിലും ഞാന്‍ ദര്‍ശിക്കുന്നത് ക്രിസ്തുനാഥനെയാണ്; അവര്‍ക്ക് അവിടുത്തെക്കുറിച്ചുള്ള ഓര്‍മ്മ എത്ര മങ്ങിയതാണെങ്കില്‍ കൂടി. തിന്മ ഇരുളിലാഴ്ത്തിയ അവരുടെ മുഖങ്ങളിലേയ്ക്ക് തിരക്കു പിടിക്കാതെ വാത്സല്യപൂര്‍വ്വം ഉറ്റുനോക്കി നിശബ്ദമായി അരികിലിരുന്ന് അവരെയൊന്നു കേട്ടാല്‍ മാത്രം മതി. ഒരാളുടെ തെറ്റുകളിലേക്കല്ല, മറിച്ച്, ആ വ്യക്തിയിലേയ്ക്കാണ് ക്രിസ്തുവിന്റെ മിഴികളോടെ നമ്മള് നോക്കേണ്ടത്. ഇങ്ങനെ മാത്രമേ, ആത്മവിശ്വാസം വീണ്ടെടുക്കാനും ദൈവത്തിന്റെ അനുകമ്പാര്‍ദ്ര സ്നേഹത്തിലേയ്ക്ക് സ്വയം സമര്‍പ്പിക്കാനും ഒരാളെ ഒരുക്കിയെടുക്കാനാകൂ.
ഈശോ നാഥാ, തിന്മയുടെ കരാളഹസ്തങ്ങളാല്‍ വികൃതമാക്കപ്പെട്ട നിന്റെ പൂമേനി കച്ചകളില്‍ പൊതിഞ്ഞു കല്ലറയില്‍ വയ്ക്കപ്പെട്ടുവല്ലോ. ഇതാ ഒരു പുതിയ സൃഷ്ടി ഉദയം കൊള്ളുകയായി. നിന്റെ കുത്തിതുറക്കപ്പെട്ട പാര്‍ശ്വത്തില്‍നിന്ന് ജന്മമെടുത്ത തിരുസഭയെ ദൈവപിതാവിന്റെ കരങ്ങളിലേയ്ക്ക് ഭരമേല്പിക്കുന്നു. പരാജയങ്ങളിലും സഹനങ്ങളിലും തെല്ലും പതറാതെ ഈശോയുടെ കുരിശിന്റെ രക്ഷാകരസന്ദേശം ലോകം മുഴുവനറിയിക്കാന് സഭയെ പ്രാപ്തയാക്കേണമേ.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഓ ദൈവമേ, സകലത്തിന്റെയും ആദിയും അന്ത്യവും ആയവനേ, ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളിലൂടെ അവിടുന്ന് ലോകത്തെ വീണ്ടെടുത്തുവല്ലോ. ആനന്ദവും നന്ദിയും നിറഞ്ഞ ഹൃദയത്തോടെ അങ്ങേ തിരുഹിതത്തിനു പൂര്‍ണ്ണമായും വിധേയരാകാന്‍ കുരിശിന്റെ ജ്ഞാനം ഞങ്ങള്‍ക്കും പ്രദാനം ചെയ്താലും. ആമേന്‍.
പതിനാലാം സ്ഥലം: ഈശോയുടെ മൃതദേഹം കല്ലറയില്‍ സംസ്കരിക്കപ്പെടുന്നു (ലൂക്ക 23:54-56)
വിചിന്തനം: ഒരു ജയില്‍ വാര്ഡന്
ജയിലര്‍ എന്ന നിലയില്‍, ദൗത്യനിര്‍വഹണത്തിനിടയില്‍ എത്രയോ തവണ തടവറകളിലുള്ളവരുടെ വേദനകള്‍ ഞാന്‍ നേരിട്ട് കണ്ടിരിക്കുന്നു. തിന്മയ്ക്ക് വശംവദരായി തങ്ങളുടെയും മറ്റുള്ളവരുടേയും ജീവിതത്തില്‍ ദുരന്തങ്ങള്‍ വരുത്തിവച്ച ഈ മനുഷ്യരെ ദിനവും അഭിമുഖീകരിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. തടവറയിലുള്ളത് ജീവിതത്തില്‍ പരാജയപ്പെട്ടുപോയതിന് വലിയ വില കൊടുക്കേണ്ടിവരുന്ന മനുഷ്യരാണെന്നോര്‍ക്കണം. നമ്മള് കാണിക്കുന്ന ഒരു ചെറിയ നിസ്സംഗത പോലും അവരുടെ മുറിവുകളുടെ ആഴം കൂട്ടിയെന്നുവരാം.
എന്റെ പരിശീലകന് കൂടിയായിരുന്ന ഒരു സുഹൃത്ത് പലപ്പോഴും ഇങ്ങനെ പറഞ്ഞു തരാറുണ്ടായിരുന്നു: ‘ജയില്‍ ജീവിതം ഒരാളില്‍ നിശ്ചയമായും പരിവര്‍ത്തനം വരുത്തും. നല്ല മനുഷ്യനെ അത് ചിലപ്പോള്‍ ക്രൂരനാക്കും, ദുഷ്ടനെ ശിഷ്ടനാക്കും’. ഇതില്‍ ഏത് സംഭവിക്കണമെന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം അവരുടെ അധികാരി എന്ന നിലയില്‍ എന്നിലും നിക്ഷിപ്തമായിരിക്കുന്നു. തെറ്റ് സംഭവിച്ചുപോയ ഒരാള്‍ക്ക് നന്മയിലേയ്ക്ക് മടങ്ങാന്‍ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ജയിലധികാരികളുടെ കടമ. അല്ലാതെ വെറുതെ ഒരു ജയില്‍ മുറി തുറക്കുകയും അടയ്ക്കുകയും ചെയ്യുക എന്നതല്ല. വളരെ മനുഷ്യത്വപരമായി വേണം ഒരു ജയിലര്‍ തന്റെ ഡ്യൂട്ടി ചെയ്യാന്‍.
ഓരോരുത്തരുടെയും സ്വഭാവം മനസ്സിലാക്കി കരുതലോടെ പെരുമാറിയാല്‍ തീര്‍ച്ചയായും നമുക്ക് വ്യക്തിബന്ധങ്ങളില്‍ വളരെ ക്രിയാത്മകമായ ഒരു മാറ്റം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. അത് ചിലപ്പോള്‍ നമ്മുടെ ചില വാക്കുകള്‍, ആംഗ്യങ്ങള്‍, പെരുമാറ്റശൈലികള്‍ തുടങ്ങിയവയിലൂടെയായിരിക്കും. എന്തിന്, നമ്മള് അല്പം സ്വരം താഴ്ത്തി അവരോടു സംസാരിച്ചാല്‍ പോലും അത് സാധ്യമായെന്നു വരും. ഈ യൂണിഫോമില്‍ അവരുടെ കൂടെ നിത്യം ആയിരിക്കുമ്പോള്‍ ഞാന്‍ ഒരു ‘സ്ഥിര ഡീക്കന്‍’ ആണെന്ന് അഭിമാനത്തോടെ ചിന്തിക്കാറുണ്ട്. അതെ, യഥാര്‍ഥത്തില്‍ ഞാന്‍ അവരുടെ ശുശ്രൂഷകന് ആണല്ലോ.
സഹനങ്ങളും നിരാശയും നിറഞ്ഞ ഒരു ബാല്യകാലം എനിക്കും ഉണ്ടായിരുന്നു. അതുകൊണ്ടാവണം എനിക്കവരെ എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഇരുമ്പഴികള്‍ക്കുള്ളില്‍ വന്നുപെടുന്നവര്‍ക്ക് ചൂണ്ടിക്കാണിക്കാവുന്ന ഒരു പ്രചോദനാത്മക ജീവിതമാകണം എന്റേത് എന്ന് ഞാന്‍ കരുതാറുണ്ട്. ഒരു നാള് തിരികെച്ചെന്നാലും സമൂഹം മുഴുവന്‍ തങ്ങളെ വെറുത്തുപേക്ഷിക്കുമെന്ന് ഭയപ്പെടുന്ന അവരുടെ ജീവിതത്തില്‍ പ്രത്യാശയുടെ തിരിവെട്ടം കൊളുത്താനാണ് എന്റെ എളിയശ്രമം മുഴുവന്‍.
ഈശോയെ. ഇതാ നിന്റെ ശരീരം ഒരിക്കല്‍ക്കൂടി ഇപ്പോള്‍ മനുഷ്യരുടെ കരങ്ങളില്‍ ഏല്പിക്കപ്പെട്ടിരിക്കുകയാണ്. എന്നാല്‍, അത് നിന്നെ സ്നേഹിക്കുന്ന അരിമത്തിയാക്കാരന്‍ ജോസഫിന്റെയും നിക്കോദേമോസിന്റെയും ഭക്തസ്ത്രീകളുടെയും കരങ്ങളിലാണല്ലോ. നിന്റെ തിരുശരീരത്തിന്റെ വില അറിയാവുന്നവരാണവര്‍. അവരുടെ കരങ്ങള്‍ ഇന്നും മടുപ്പു കൂടാതെ ലോകത്തില്‍ നിന്നെ ശുശ്രൂഷിക്കുന്നവരുടെ പ്രതീകമാണ്. ചുറ്റും തിന്മയുടെ ഇരുള് പരക്കുമ്പോഴും ഒരു നല്ല ലോകം സാധ്യമാണ് എന്ന പ്രത്യാശ ഞങ്ങളില്‍ നിലനിര്‍ത്തുന്നത് അത്തരത്തിലുള്ള കരങ്ങളുടെ സാന്നിധ്യമാണ്. ഞങ്ങള്‍ക്ക് അങ്ങേ കൃപമാത്രം മതി തമ്പുരാനേ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജയിലുകളില്‍ ജോലി ചെയ്യുന്ന സകല അധികാരികളെയും മറ്റു ജീവനക്കാരെയും ഞങ്ങള്‍ അങ്ങേ തിരുക്കരങ്ങളിലേയ്ക്ക് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു.
നമുക്ക് പ്രാര്‍ത്ഥിക്കാം
ഓ നിത്യപകാശമായ ദൈവമേ, എണ്ണമില്ലാത്ത സ്ഥലങ്ങളിലും രീതികളിലും മനുഷ്യര്‍ക്ക് സഹനങ്ങളില്‍ തുണയായി വര്‍ത്തിച്ച് അങ്ങയെ മഹത്വപ്പെടുത്തുന്ന എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കേണമേ. ആമേന്‍.
പരിഭാഷ തയ്യാറാക്കിയത്:
ഫാ. സാബു തോമസ് (ഫാ.ജോസഫ് കുമ്പുക്കല്‍)
സേക്രഡ് ഹാര്‍ട്ട് കോളേജ്, തേവര