വാല്‍സിംഗ്ഹാം തീര്‍ത്ഥാടന പ്രോമോ റിലീസ് ചെയ്തു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിപ്പോരുന്ന യുകെ യിലെ ഏറ്റവും വലിയ മരിയന്‍ ആഘോഷമായ വാല്‍സിംഗ്ഹാം തീര്‍ത്ഥാടനത്തിനാമുഖമായി നിര്‍മിച്ച പ്രോമോ റിലീസ് ചെയ്തു. പ്രോമോയിലൂടെ അനുഗ്രഹ പെരുമഴ സദാ പൊഴിയുന്ന, കരുണയുടെയും സാന്ത്വനത്തിന്റെയും അനുഭവമേകുന്ന മാതൃ പുണ്യകേന്ദ്രമായ വാല്‍സിംഗ്ഹാമിലേക്ക് രൂപതയുടെ അഭിവന്ദ്യ അധ്യക്ഷന്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് വ്യക്തിപരമായി ഓരോരുത്തരെയും, യു കെ യിലെ മുഴുവന്‍ മാതൃഭക്തരെ ഒന്നായും, ക്ഷണിക്കുവാനും, ഇംഗ്ലണ്ടിലെ ‘നസ്രേത്ത്’ എന്ന മാതൃ പുണ്യ സന്നിധേയത്തെ പ്രഘോഷിക്കുവാനും ഈ അവസരം ഉപയോഗിക്കുകയാണ്.

യുകെയിലെ എല്ലാ മാതൃ ഭക്തരുടെയും ആവേശപൂര്‍വമായ കാത്തിരിപ്പിന് ഇനി മൂന്നുനാള്‍ മാത്രം ബാക്കിയിരിക്കെ, തീര്‍ത്ഥാടന വിജയത്തിനുള്ള പ്രാര്‍ത്ഥനാമഞ്ജരിയുമായി ഫാ.തോമസ് പാറക്കണ്ടത്തില്‍, ഫാ.ജോസ് അന്ത്യാംകുളം, ട്രസ്റ്റിമാരായ ടോമി പാറക്കല്‍, നിതാ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ഈ തീര്‍ത്ഥാടനത്തിന്റെ സംഘാടകരും, പ്രസുദേന്തിമാരുമായ ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സീറോ മലബാര്‍ കമ്യുണിറ്റിയായ കോള്‍ചെസ്റ്റര്‍, വന്നെത്തുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് വേണ്ട എല്ലാ ക്രമീകരണങ്ങള്‍ക്കുമുള്ള അവസാനവട്ട മിനുക്കു പണികളിലാണ്.

ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതിനു ദിവ്യകാരുണ്യ ആരാധനയോടെ തീര്‍ത്ഥാടന ശുശ്രുഷകള്‍ ആരംഭിക്കും. പതിനൊന്നിനു പ്രശസ്ത ധ്യാന ഗുരു ഫാ. ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഘോഷണം നടത്തും. രാവിലെ പത്തു മുതല്‍ കുട്ടികളെ മാതൃ സന്നിധിയില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.