പാപ്പാ സമാധാനത്തിന്റെ വക്താവെന്നു യുഎൻ സെക്രട്ടറി ജനറല്‍

ഫ്രാന്‍സിസ് പാപ്പയുടെ ലോകസമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് അഭിനന്ദനവുമായി യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. വത്തിക്കാന്‍ സന്ദര്‍ശനത്തിന്റെ മുന്നോടിയായി ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ സ്റ്റാംപാ’ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

ഇറ്റലി സന്ദര്‍ശനത്തിടയില്‍ ഗുട്ടെറസ് ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും. കാലാവസ്ഥാ പ്രതിസന്ധി, ദാരിദ്ര്യം, അസമത്വം, അഭയാര്‍ത്ഥികളുടെ സംരക്ഷണം, നിരായുധീകരണം പോലെയുള്ള വിഷയങ്ങള്‍ പാപ്പയുമായി ചര്‍ച്ച ചെയ്യുമെന്നും ഈ വിഷയങ്ങളിലെ ഒരുറച്ച ശബ്ദമാണ് ഫ്രാന്‍സിസ് പാപ്പയുടേതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലെ മതസ്വാതന്ത്ര്യ ലംഘനങ്ങളെക്കുറിച്ചും വിശുദ്ധ സ്ഥലങ്ങളുടെ സംരക്ഷണവും, മതസ്വാതന്ത്ര്യ അവകാശങ്ങളെ ഉയർത്തിപ്പിടിക്കുന്ന കർമ്മ പദ്ധതികളെകുറിച്ചും ചർച്ചകൾ നടക്കും.

സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, സാംസ്കാരിക-സമാധാന പുനസ്ഥാപനം തുടങ്ങിയ തങ്ങളുടെ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വിവിധ പ്രവർത്തികളിലൂടെ പാപ്പാ തങ്ങളെ സഹായിക്കുന്നുണ്ട് എന്നും ഗുട്ടെറസ് ചൂണ്ടിക്കാട്ടി.