തുര്‍ക്കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയോട് ഗ്രീക്ക് പ്രസിഡന്റിന്റെ അഭ്യര്‍ത്ഥന

ഹാഗിയ സോഫിയ മുസ്ലിം മോസ്‌കാക്കി മാറ്റാതെ സംരക്ഷിക്കണമെന്ന് തുര്‍ക്കിയോട് ആവശ്യപ്പെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഗ്രീക്ക് പ്രസിഡന്റ് കാതറീന സാകെല്ലാരോപോലോ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫോണില്‍ വിളിച്ചു.

മാനവികതയുടേയും സംസ്‌കാരത്തിന്റേയും കേന്ദ്രമായി വര്‍ത്തിക്കുന്ന ഈ സ്മാരകം അനേക വിശ്വാസികളുടെ ഹൃദയങ്ങളെ വേദനിപ്പിക്കുന്നതാണെന്നും തുര്‍ക്കിയുടെ ഈ നടപടിയെ ആഗോളതലത്തില്‍ എതിര്‍ക്കുകയും അപലപിക്കുകയും ചെയ്യേണ്ടതാണെന്നും കാതറീന പാപ്പായോട് പറഞ്ഞു.

ഇക്കാരണങ്ങളാല്‍ ഹാഗിയ സോഫിയ സംരക്ഷിത സ്മാരകമായി തുടരുന്നതിനുവേണ്ടി തുര്‍ക്കിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആഗോള തലത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥന നടത്തണമെന്നും ഗ്രീക്ക് പ്രസിഡന്റ് പറഞ്ഞു.

തുര്‍ക്കി പ്രസിഡന്റിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെക്കുറിച്ച് പരാമര്‍ശിച്ച പാപ്പാ അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടുമുള്ള ഗ്രീസിന്റെ അനുകൂല നയത്തില്‍ നന്ദി അറിയിക്കുകയും രാജ്യം സന്ദര്‍ശിക്കാനുള്ള ക്ഷണം പരിഗണനയിലുണ്ടെന്ന് അറിയിക്കുകയും ചെയ്തു. ഹാഗിയ സോഫിയ സന്ദര്‍ശിക്കാന്‍ തുര്‍ക്കി പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പായെ ക്ഷണിച്ചതിന് പിന്നാലെയാണ് കാതറീന സാകെല്ലാരോപോലോ പാപ്പായെ നേരിട്ട് ഫോണില്‍ വിളിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.