
നോമ്പുകാലം ഈശോയുമായി കൂടുതല്‍ അടുക്കുന്ന സമയമാണ്. മനുഷ്യന്‍ ദൈവവുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുമ്പോഴാണ് സാത്താന്‍ കൂടുതല്‍ പ്രലോഭനങ്ങളുമായി നമുക്ക് മുന്‍പില്‍ എത്തുന്നതും. ദൈവപുത്രനായ ഈശോയെപ്പോലും പരീക്ഷിച്ച സാത്താന്‍ നമ്മുടെ ജീവിതത്തിലും പരീക്ഷണങ്ങളുമായി കടന്നുവരികയും പ്രലോഭിപ്പിക്കുകയും ദൈവത്തില്‍ നിന്ന് അകറ്റുവാന്‍ ശ്രമിക്കുകയും ചെയ്യും.
ഈ നോമ്പുകാലം, ദൈവവുമായി ഒന്നാകുവാന്‍ നാം തയ്യാറെടുക്കുന്ന സമയമാണ്. പ്രധാനമായും മൂന്നു തരത്തിലുള്ള പ്രലോഭനങ്ങളാണ് നമുക്ക് ഉണ്ടാകുന്നത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. നോമ്പ് അനുഷ്ടിക്കാതിരിക്കുവാനുള്ള പ്രലോഭനം
ദൈവത്തോട് അടുക്കുവാനും നമ്മുടെ തെറ്റുകള്‍ക്ക് പരിഹാരം അനുഷ്ടിക്കുവാനും ഒക്കെയാണല്ലോ നാം നോമ്പ് ദിനങ്ങളില്‍ ഉപവാസം അനുഷ്ടിക്കുകയും നമുക്ക് ഇഷ്ടമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, മദ്യപാനം, സീരിയല്‍, ഫോണിന്റെ ഉപയോഗം തുടങ്ങിയവ ഉപേക്ഷിക്കുകയും ചെയ്യുന്നത്. ഈ നോമ്പിന്റെ അവസരങ്ങളില്‍ നാം ഉപേക്ഷിക്കുവാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ കൂടുതലായി ഉപയോഗിക്കുവാനുള്ള പ്രേരണ നമുക്കുണ്ടാകും.
ഈശോ ഭക്ഷണം കഴിക്കാതെ ഉപവസിച്ചപ്പോള്‍ ഈ കല്ലുകളോട് അപ്പമാകുവാന്‍ പറയുക എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സാത്താന്‍ കടന്നുവരുന്നത്. നമ്മുടെ ജീവിതത്തിലും പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഈശോ പറഞ്ഞതുപോലെ അപ്പംകൊണ്ടു മാത്രമല്ല നാം ജീവിക്കുന്നത്, ദൈവത്തില്‍ നിന്നുള്ള വചനംകൊണ്ടു കൂടിയാണ് എന്ന് പറയുവാനും കൂടുതല്‍ പ്രാര്‍ത്ഥിക്കുവാനും ശ്രമിക്കാം.
2. പ്രാർഥിക്കാതെ ഇരിക്കുവാനുള്ള പ്രലോഭനം
ഈശോയെ പരീക്ഷിക്കുവാനായി സാത്താന്‍ പ്രയോഗിച്ച രണ്ടാമത്തെ തന്ത്രം സാത്താനെ ദൈവമായി കണ്ട് ആരാധിച്ചാല്‍ ഈ ലോകം മുഴുവന്‍ ഈശോയ്ക്ക് നല്‍കാം എന്നതാണ്. ഇതുപോലെ തന്നെ നോമ്പ് ദിനങ്ങളില്‍ ദൈവത്തില്‍ നിന്നും പ്രാർഥനയില്‍ നിന്നും അകന്ന് മറ്റു പല വസ്തുക്കളുടെയും വ്യക്തികളുടെയും പുറകെ പോകുവാനുള്ള പ്രലോഭനം നമുക്കുണ്ടാകും. പള്ളിയില്‍ പോകുവാനുള്ള സമയത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് പോകുക, ഫോണില്‍ ആവശ്യമില്ലാതെ സമയം ചെലവിടുക, കുടുംബപ്രാർഥനയില്‍ പങ്കെടുക്കുവാന്‍ മടി തോന്നുക തുടങ്ങിയ പ്രലോഭനങ്ങള്‍ ഉണ്ടാകാം. അപ്പോള്‍ ഈശോയെപ്പോലെ ദൂരെപ്പോകൂ സാത്താനെ, എന്നു പറയുവാന്‍ നമുക്ക് കഴിയണം. പ്രാർഥനയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം.
നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന ഈശോയുടെ വാക്കുകള്‍ ഈ നോമ്പുകാലം നമുക്ക് നമ്മുടെ ഹൃദയങ്ങളില്‍ അടിവരയിട്ടു സൂക്ഷിക്കുവാന്‍ ശ്രമിക്കാം.
3. ദാനധര്‍മ്മം ചെയ്യാതിരിക്കുവാനുള്ള പ്രേരണ
സാത്താന്‍ ഈശോയെ പരീക്ഷിക്കുവാനായി മൂന്നാമത് പറയുന്ന കാര്യം മുകളില്‍ നിന്ന് താഴേയ്ക്ക് ചാടുക എന്നതാണ്. ഈശോ ആ പരീക്ഷണത്തെ എതിര്‍ത്തു. നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ ഹിതങ്ങളെ തിരിച്ചറിയാതെ സ്വന്തം താല്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള പ്രവണത കൂടാം. ഒപ്പംതന്നെ മറ്റുള്ളവരെ സംരക്ഷിക്കുവാനും അവര്‍ക്ക് ആവശ്യമുള്ളത് നല്‍കുവാനും മടിക്കാത്ത പ്രവണതയും നമുക്കുണ്ടാക്കാം. ഈ അവസരങ്ങളിലൊക്കെ ഈശോയെ, അങ്ങയുടെ ഹൃദയം പോലെ എന്റെ ഹൃദയവും ആക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് മുന്നേറാം.
ഒപ്പംതന്നെ നമ്മുടെ ഈഗോയില്‍ നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റും മറ്റുള്ളവരെ താഴ്ത്തിക്കെട്ടുവാനും അവരെക്കുറിച്ച് ഇല്ലാത്തത് പറഞ്ഞുണ്ടാക്കുവാനും പ്രേരിപ്പിക്കും. ഈ അവസരങ്ങളില്‍ അത് പിശാചിന്റെ പ്രവണതയാണെന്ന് മനസിലാക്കി മറ്റുള്ളവര്‍ക്ക് കൂടുതല്‍ പിന്തുണയും സഹായവും നല്‍കിക്കൊണ്ട് ഒരു സമൂഹമായി ഉത്ഥിതനിലേയ്ക്ക് നമുക്ക് യാത്ര ചെയ്യാം.