ക്രൈസ്തവർ കണ്ണുതുറക്കേണ്ട സമയം പണ്ടേ കഴിഞ്ഞിരിക്കുന്നു

ബിനീഷ് പാമ്പയ്ക്കല്‍

നമ്മളൊക്കെ ഏതാണ്ട് വല്യ നിലയിലെത്തിയെന്നും നമ്മുടെയൊക്കെ ഭാവി സുരക്ഷിതമാണെന്നും സേഫ് സോണിൽ ആണെന്നും ആണ് ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും അല്ലെങ്കിൽ ക്രിസ്ത്യൻ നാമധാരികളും ധരിച്ചു വച്ചിരിക്കുന്നത്. ആ ഒരു അബദ്ധധാരണയിൽ മയങ്ങി ഇനിയിപ്പോൾ നമുക്ക് നമ്മളൊക്കെത്തന്നെ മതിയെന്നും, അത്യാവശ്യം തമ്മിൽത്തല്ലും ചെളി വാരിയെറിയലും കൊമ്പ് കോർക്കലും കുതികാൽവെട്ടും ഒക്കെയായാലും ഒരു കുഴപ്പവും ഇല്ലെന്നും, സഭയോ സഭാ സംവിധാനങ്ങളോ ഇനി തനിക്ക് ആവശ്യമില്ലെന്നും, അതൊന്നുമില്ലെങ്കിലും തങ്ങളൊക്കെ ഒരു കുഴപ്പവുമില്ലാതെ ജീവിച്ചുപോകുമെന്നാണ് പലരുടെയും വിശ്വാസം.

ഒരു പരിധി വരെ ഇതൊക്കെ ശരിയാണ് താനും. ഒരു കുഴപ്പവുമില്ലാതെ അവരങ്ങട് ജീവിക്കും. രക്തസാക്ഷികളുടെ ചുടുനിണത്തിൽ ഉയർന്ന, അപ്പനപ്പൂപ്പന്മാരായി ഒട്ടനവധി ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിച്ച് നിലനിർത്തിയ ഒരു സഭയും അതിന്റെ സംവിധാനങ്ങളും ഇവിടെയുള്ളപ്പോ അതിനൊരു പ്രശ്നമുണ്ടാവുകയില്ല. പക്ഷേ, അതിനു ശേഷം വരുന്ന, വരാനിരിക്കുന്നൊരു തലമുറയുണ്ട്. ഇനി വരാനിരിക്കുന്ന തലമുറകളുണ്ട് (ഇനി വരാനുള്ള കാലങ്ങളിലും ക്രിസ്ത്യൻ തലമുറകൾ ഉണ്ടാകുമെന്ന് തൽക്കാലം നമുക്ക് വിശ്വസിക്കാം).

അനുഭവിക്കാൻ പോകുന്നത് അവരാണ്. മതേതരത്വത്തിന്റെയും മാനവികതയുടെയും യുക്തി-നിരീശ്വര വാദങ്ങളുടെയും കടന്നുകയറ്റത്തിൽ പിടിച്ചു നിൽക്കാനാവാതെ നട്ടം തിരിയുന്ന, ഏതു നിമിഷവും കൈവിട്ടുപോകാവുന്ന, യാതൊരു ഉറപ്പുമില്ലാത്ത വിശ്വാസത്തിൽ കെട്ടിപ്പൊക്കിയൊരു തലമുറ. പല ക്രിസ്ത്യൻ കുടുംബങ്ങളും ഇനിയൊരു തലമുറയേ ഉണ്ടാവാതെ നാമാവശേഷമാകുന്ന അവസ്ഥ. നമുക്കതിനെക്കുറിച്ചൊന്നും ശ്രദ്ധിക്കാൻ സമയമില്ലെന്നതാണ് യാഥാർത്യം. കുറെയേറെ കാശുണ്ടാക്കാനുള്ള ബദ്ധപ്പാടിൽ, എല്ലാവരെയും സന്തോഷിപ്പിക്കാനായി മതേതരൻ ആകാനുള്ള ബദ്ധപ്പാടിൽ സ്വന്തം വിശ്വാസവും സ്വത്വവും ഒലിച്ചുപോകുന്നത് ആരുമറിയുന്നില്ല.

ആട്ടിൻതോലിട്ട ചെന്നായ്ക്കൾ ചുറ്റിനുമുണ്ടെന്നും, ഏതു നിമിഷവും ആക്രമിക്കാൻ തയ്യാറായി വട്ടമിട്ട് നടക്കുകയാണെന്നുമൊക്കെ വിശ്വസിക്കാനോ, ഒരുമിച്ച് നിൽക്കാനോ ഇതുവരെ ആർക്കും തോന്നിയിട്ടില്ലെന്ന് മാത്രമല്ല, വിഘടന വാദം കൂടുതലായി ഉയരുന്ന അവസ്ഥയാണിപ്പോൾ സംജാതമായിരിക്കുന്നത്. ഒന്നിച്ചു നിൽക്കേണ്ട അവസരത്തിൽ പുറത്തുനിന്നുള്ള വിഷം നിറഞ്ഞ പ്രലോഭനങ്ങൾക്ക് വിധേയരായി കൂടുതൽ കൂടുതൽ മതേതരരാകാൻ ശ്രമിക്കുന്ന കാഴ്ച. എന്നാൽ മതേതരത്വം എന്നത് സ്വന്തം വിശ്വാസത്തെ കൈവിടാതെ മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതാണെന്ന് മനസ്സിലാക്കാതെ സ്വന്തം വിശ്വാസത്തെ തള്ളിപ്പറഞ്ഞാലേ മതേതരൻ ആവുകയുള്ളൂ എന്ന അബദ്ധധാരണയിൽ എല്ലാരും ആഞ്ഞു കിടന്ന് പ്രയത്നമാണ് മതേതരനാവാൻ.

നമ്മളെയൊന്നും ആർക്കും തൊടാനാവില്ലയെന്നും, വിശ്വാസവും സഭയുമൊക്കെ ഒരു ഭാരമാണെന്ന ചിന്ത പലരിലും വേരൂന്നി തുടങ്ങിയിരിക്കുന്നതിന്റെ പരിണിതഫലമാണ് ഇന്ന് നമുക്ക് ചുറ്റും കാണുന്നതൊക്കെ. ഞാനിത് എഴുതുമ്പോഴും പരിഹാസവും അവജ്ഞയും കലർന്ന മുഖത്തോടെ പ്രതികരിക്കുന്ന പലരുടെയും മുഖങ്ങളാണ് മുന്നിൽക്കൂടി കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പക്ഷേ, പറയാനുള്ളത് പറയാതിരിക്കാനാവില്ലല്ലോ. കാര്യങ്ങളെ അതിന്റെ ഗൗരവത്തോടെ കാണാനും, കൂടുതൽ അവധാനതയോടെ പ്രശ്നങ്ങളെ നോക്കിക്കാണാനും ഒരാളെങ്കിലും ശ്രമിച്ചാൽ അത്രയുമായി.

ഇതിൽ ശ്രദ്ധിക്കേണ്ട ഒരു വിഷയമെന്താണെന്ന് വച്ചാൽ, വിശ്വാസികളുടെ ഈ നിസ്സംഗതയിൽ സഭാധികാരികൾക്കും ചെറിയൊരു പങ്കുണ്ട് എന്നതാണ്. വിശ്വാസികൾ ഒരിക്കലും ക്രൈസ്തവ വിശ്വാസം കൈവിടില്ല എന്ന തെറ്റായ വിശ്വാസത്തിൽ അവരുടെ ഭാഗത്തു നിന്നുണ്ടായ നിസ്സംഗതയും അലംഭാവവും ഈ മാറ്റങ്ങൾക്ക് ആക്കം കൂട്ടിയെന്നതും അവഗണിക്കാനാവാത്ത സത്യമാണ്. മുൻപെങ്ങും ഇല്ലാതിരുന്ന തീവ്രതയോടെ നാലു വശത്തു നിന്നും നാരകീയ ശക്തികൾ ആഞ്ഞടിക്കുമ്പോൾ തളരാതെ നിൽക്കാൻ വിശ്വാസികളെ ഉത്‌ബോധിതരാക്കി, സജ്ജരാക്കി നിർത്തേണ്ടിയിരുന്ന അധികാരികളും ആത്മീയ നേതൃത്വവും അല്പനേരത്തേക്കെങ്കിലും കണ്ണടച്ചു എന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇനിയെങ്കിലും നിസ്സംഗതയും അലംഭാവവും വെടിഞ്ഞ് വിശ്വാസികളുടെ കൂടെ നിന്ന്, അവരുടെ ആത്മീയ-സാമുദായിക-സാംസ്കാരിക പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്താൻ അധികാരികൾക്കും ആത്മീയനേതൃത്വത്തിനും കഴിഞ്ഞില്ലെങ്കിൽ അതിനു വലിയ വില നൽകേണ്ടിവരും.

ഇങ്ങനെയൊക്കെയാണെങ്കിലും, ഇപ്പോൾ സഭയ്‌ക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ വ്യക്തമായ അജൻഡയോടും തിരക്കഥയോടും കൂടി നടത്തുന്ന ഒരു കൂട്ടായ അക്രമണമാണെന്നത് ചിലർക്കെങ്കിലും മനസ്സിലായി വരുന്നുണ്ടെന്നതാണ് എന്റെ ഒരു നിരീക്ഷണം. നമ്മുടെ പുത്തൻ തലമുറയിൽ ക്രൈസ്തവ വിശ്വാസം അല്പം കൂടെ ബലം പ്രാപിച്ചിട്ടുണ്ടെങ്കിലും കാലികമായ മാറ്റങ്ങൾ ഉൾപ്പെടുത്തി അവരെ സഭയോട് കൂടുതൽ അടുപ്പിച്ചു നിർത്താൻ സാധിച്ചില്ലെങ്കിൽ ഇന്നത്തെ കാലത്ത് ഉയർന്നുവരുന്ന പല പ്രലോഭനങ്ങളും അവരെ സ്വാധീനിക്കാൻ വളരെയധികം സാധ്യതയുണ്ട്.

ആഗോള ക്രൈസ്തവ സഭകളിൽ പ്രമുഖയായ, പ്രതാപത്തോടെ തലയുയർത്തി നിൽക്കുന്ന കത്തോലിക്കാ സഭയിൽ എന്ത് ചെറിയ പ്രശ്നം ഉണ്ടായാലും അതിനെ ഉടനടി വലിയൊരു പ്രശ്നമാക്കി മാറ്റാനും, അതിന്റെ പേരിൽ മാധ്യമ വിചാരണകളും അപഖ്യാതികളും ഊഹാപോഹങ്ങളും പരത്തി വലിയൊരു പ്രക്ഷോഭമാക്കി, സൂചി കൊണ്ട് എടുക്കേണ്ടിയിരുന്നതിനെ ബുൾഡോസർ കൊണ്ട് പോലും എടുക്കാൻ ആവാത്ത വിധത്തിൽ വളർത്തി വലുതാക്കി അതിന്റെ മറവിൽ വിശ്വാസികളെ തമ്മിലടിപ്പിക്കാനും ചോര കുടിക്കാനും തക്കം പാർത്തു നോക്കിയിരിക്കുന്ന കുടിലജന്മങ്ങളെ, ചെന്നായ്ക്കളെ കണ്ടില്ലെന്ന് നടിച്ചാൽ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് മാത്രമല്ല, ഉടനടി അനായാസമായൊരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകുമെന്നും പ്രതീക്ഷിക്കേണ്ട.

ആക്രമണത്തിനുള്ള അജൻഡയും ആസൂത്രണവും ആൾബലവും എപ്പോഴേ റെഡിയാണ്. വിശ്വാസത്തെ മുറുകെപ്പിടിച്ച്, വിശ്വാസത്തെ സംരക്ഷിച്ച്, ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിച്ച്, നസ്രായന്റെ കാലടികളെ ഇനിയും സധൈര്യം മുന്നോട്ടുപോകാൻ അവന്റെ മണവാട്ടിയായ സഭയും സഭാതനയരും തയ്യാറാണോ എന്നതാണ് പ്രസക്തമായ ചോദ്യം.

ബിനീഷ് പാമ്പക്കൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.