ജപമാലയെ കൂടുതൽ സ്നേഹിക്കാൻ സഹായിക്കുന്ന വിശുദ്ധരുടെ വാക്കുകൾ

ഒക്ടോബർ മാസം ജപമാല മാസമാണല്ലോ. ഈ കോവിഡ് പകർച്ചവ്യാധിയുടെ സമയങ്ങളിൽ പരിശുദ്ധ അമ്മയുടെ പ്രത്യേക മാധ്യസ്ഥം യാചിക്കുവാൻ ജപമാലയിൽ നമുക്ക് ആശ്രയിക്കാം. കാരണം, പതിമൂന്നാം നൂറ്റാണ്ടിൽ പരിശുദ്ധ അമ്മയുടെ അഭ്യർത്ഥനപ്രകാരം, ആരംഭിച്ച പ്രാർത്ഥനയാണല്ലോ ഇത്. വിശുദ്ധരായ വ്യക്തികൾ ജപമാലയിൽ ആശ്രയം വെച്ചുകൊണ്ട് ജീവിച്ചവരാണ്. അവരിൽ ചിലർ ജപമാലയെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്ന ചില കാര്യങ്ങൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1. വി. പത്താം പീയൂസ്

“നിങ്ങളുടെ കുടുംബങ്ങളിലും ദേശത്തും സമാധാനം ഭരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ മുടങ്ങാതെ ജപമാല ചൊല്ലുക.”

2. വി. ഫ്രാൻസിസ് ഡി സെയിൽസ്

“ജപമാല ചൊല്ലി പ്രാർത്ഥിക്കുക എന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലിയാണ്, ഒപ്പം സന്തോഷകരവുമാണ്. കാരണം ഞാൻ പ്രാർത്ഥിക്കുമ്പോൾ ഏറ്റവും പ്രിയപ്പെട്ടതും ഔദാര്യവതിയുമായ അമ്മയോടാണ് ഞാൻ സംസാരിക്കുന്നതെന്ന് എനിക്കറിയാം.”

3. വി. ഡോൺ ബോസ്‌കോ

“എന്റെ എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളും, പരിശുദ്ധ അമ്മയോടുള്ള ഭക്തിയും ജപമാല പാരായണവും അടിസ്ഥാനമാക്കിയുള്ളതാണ്. ജപമാല പ്രാർത്ഥനയെ ഒരുകാലത്തും ഞാൻ ഉപേക്ഷിക്കുകയില്ല.”

4. വി. കൊച്ചുത്രേസ്യാ

“ജപമാലയിലൂടെ എല്ലാം നേടാനാകും. അത് ആകാശത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു കണ്ണിയാണ്. അതിന്റെ ഒരറ്റം നമ്മുടെ കൈയിലും മറ്റേ അറ്റം പരിശുദ്ധ അമ്മയുടെ കൈയ്യിലുമാണ്. ജപമാല പ്രാർത്ഥിക്കുന്നിടത്തോളം കാലം ദൈവത്തിന് ലോകത്തെ ഉപേക്ഷിക്കാൻ കഴിയില്ല, കാരണം ഈ പ്രാർത്ഥന അവിടുത്തെ ഹൃദയത്തിന് വളരെ ഇഷ്ടമാണ്.”

5. വി. ജോൺ പോൾ രണ്ടാമൻ 

“സന്തോഷത്തിന്റെ നാളുകളിലും വേദനയുടെ നാളുകളിലും ജപമാല എന്നോടൊപ്പം ഉണ്ടായിരുന്നു. എന്റെ ആശങ്കകളിൽ ആശ്വാസവും ജപമാല വഴി എനിക്ക് ലഭിച്ചിട്ടുണ്ട്.”

6. വി. ജോൺ ഇരുപത്തിമൂന്നാമൻ

“ജപമാല, ധ്യാനാത്മക പ്രാർത്ഥനയായി മറിയത്തിന് കൊടുക്കുന്ന ഒരു മികച്ച കിരീടമാണ്.”

7. വി. മദർ തെരേസാ

“ഐവി ഇലകൾ മരത്തെ മുറുകെ പിടിക്കുന്നതുപോലെ ജപമാല മുറുകെ പിടിക്കുക; കാരണം പരിശുദ്ധ അമ്മയില്ലാതെ നമുക്ക് ജീവിക്കാനാവില്ല.”

8. വി. പാദ്രേ പിയോ

“പരിശുദ്ധ അമ്മയെ എല്ലായ്‌പ്പോഴും സ്നേഹിക്കുക. നിരന്തരം ജപമാല ചൊല്ലുക.”

9. വി. പോൾ ആറാമൻ

“ജപമാല ചൊല്ലുന്നതിന് ശാന്തമായ ഒരു താളവും ഭംഗിയും ആവശ്യമാണ്. കാരണം, അത് കർത്താവിന്റെ ജീവിതത്തിലെ രഹസ്യങ്ങളുടെ ധ്യാനമാണ്. കർത്താവിനോട് ഏറ്റവും അടുത്ത് നിൽക്കുന്ന പരിശുദ്ധ അമ്മയുടെ ഹൃദയത്തിലൂടെ അത് കാണാനാകും.”

10. വി. അൽഫോൻസ് ലിഗോരി

“ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ മോചിപ്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പരിശുദ്ധ അമ്മയോട് അവർക്കായി പ്രാർത്ഥിക്കുക. ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നത് അവർക്ക് ഒരുപാട് സഹായകമാകും.”

2 COMMENTS

  1. എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ജപമാല praying എന്റെ അമ്മ എൻ്റെ കുടെ ഉണ്ട് 🙏🙏🙏🙏🙏

Leave a Reply to AnonymousCancel reply