‘ദ 2 പോപ്സ്’ തിയേറ്ററുകളില്‍ എത്തി

ബനഡിക്ട് പാപ്പായുടെയും ഫ്രാൻസിസ് പാപ്പായുടെയും ജീവിതകഥ പറയുന്ന ചലച്ചിത്രം ‘ദ 2 പോപ്പ്‌സ്’ തീയറ്ററുകളിലെത്തി. രണ്ടുപേരും തമ്മിലുള്ള സൗഹൃദവും കൂട്ടായ്മയും പരസ്പര ബഹുമാനവും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം രണ്ടര മണിക്കൂർ ദൈർഘ്യം ഉള്ളതാണ്.

പത്രപ്രവർത്തകനും നോവലിസ്റ്റും സിനിമാ നിർമ്മാതാവുമായ ന്യൂസിലൻഡ് സ്വദേശി ആന്റണി മാക്കാർത്തൻ ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംവിധാനം ചെയ്തിരിക്കുന്നത് ബ്രസീലിൽ നിന്നുള്ള ഫെർണാണ്ടോ മെയ്‌റലസാണ്. ബനഡിക്ട് പതിനാറാമൻ പാപ്പായായി, ബ്രിട്ടൺ നടൻ സർ ആന്റണി ഹോപ്കിൻസ് അവതരിക്കുമ്പോൾ വെയിൽസ് സ്വദേശി ജൊനാഥൻ പ്രൈസ് ആണ് ഫ്രാൻസിസ് പാപ്പായായി എത്തുന്നത്.

നിലവിൽ പോർച്ചുഗീസ്, ഇംഗ്ലീഷ് ഭാഷകളിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എങ്കിലും, വൈകാതെ മറ്റു ഭാഷകളിലും തയ്യാറാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.