‘മരിയ ബംബീന’ എന്ന അത്ഭുത മരിയൻ തിരുസ്വരൂപത്തിന്റെ കഥ

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിൽ ‘മരിയ ബംബീന’ എന്ന അത്ഭുത തിരുസ്വരൂപത്തെ നമുക്ക് പരിചയപ്പെടാം.

ഇറ്റാലിയൻ ഭാഷയിൽ മരിയ ബംബീന “Maria Bambina” എന്നുപറഞ്ഞാൽ ‘ശിശുവായ മറിയം’ എന്നാണ്. വി. ജോൺ എഡ്യൂസ്, വി. ജോസഫ് കുപ്പർത്തീനോ, വി. പാദ്രേ പിയോ തുടങ്ങി നിരവധി വിശുദ്ധർ ഉണ്ണിമരിയയോടുള്ള അഥവാ ശിശുവായ മറിയത്തോടുള്ള ഭക്തിയുടെ പ്രചാരകരാണ്. ശിശുവായ മറിയത്തോടുള്ള അടുപ്പം ഈ വിശുദ്ധരെപ്പോലെ പരിശുദ്ധ മറിയത്തോടുള്ള ഭക്തിയിലും അവളുടെ പുണ്യപൂർണ്ണതയിലും നമ്മെയും വളർത്തും. യേശുക്രിസ്തുവിന്റെ ഏറ്റവും ഉത്തമശിഷ്യയെന്ന നിലയിൽ പരിശുദ്ധ മറിയം നമ്മുടെ കർത്താവിനെ, അവന്റെ എല്ലാ പുണ്യങ്ങളിലും അനുകരിച്ചു. ഉണ്ണീശോയുടെ വിശുദ്ധ കുട്ടിക്കാലത്തെ പുണ്യങ്ങളും അനുസരിക്കാൻ ദൈവം അവൾക്ക് അവസരം നൽകി.

ഇറ്റലിയിലെ തോദിയിലുള്ള ‘പാവപ്പെട്ട ക്ലാരയുടെ സഹോദരിമാർ’ എന്ന മഠത്തിലെ സുപ്പീരിയർ സി. ഇസബെല്ലാ ക്യാര ഫോർനാരി എന്ന കന്യാസ്ത്രീയാണ് 1735 -ൽ മരിയ ബംബീനയുടെ മെഴുകുരൂപം മെനഞ്ഞെടുത്തത്. പതിനാറാം നൂറ്റാണ്ടിലെ കൗണ്ടർ റിഫോർമേഷൻ സമയത്ത് ഉണ്ണീശോയുടെയും ഉണ്ണിമരിയയുടെയും മെഴുകുപ്രതിമകളോടുള്ള വണക്കം യൂറോപ്പിൽ വ്യാപകമായിരുന്നു.

1738 -ൽ ആൽബെറികൊ സിമൊനെത്ത മെത്രാൻ (Bishop Alberico Simonetta) മരിയ ബംബീനയുടെ മെഴുകുപ്രതിമ, സ്വദേശമായ മിലാനിലേക്കു കൊണ്ടുവന്നു. ആൽബെറികൊ സിമൊനെത്തയുടെ മരണശേഷം വി. മരിയ ദെല്ലി ആഞ്ചെലി (St. Maria degli Angel) ആശ്രമത്തിലെ കപ്പൂച്ചിൻ സിറ്റേഴ്സിന് മരിയ ബംബീനയുടെ രൂപം കൈവശം വയ്ക്കാൻ മെത്രാന്റെ സഹോദരൻ അനുവാദംനൽകി. യുവാക്കളുടെയും കുട്ടികളുടെയും വിദ്യാഭ്യാസത്തിലും കത്തോലിക്കാ പ്രബോധനങ്ങൾ പഠിപ്പിക്കുന്നതിലും തൽപരയായതിനാലാണ് മരിയ ബംബീനയുടെ രൂപം സിസ്റ്റേഴ്സിനു കൈമാറാൻ മെത്രാന്റെ സഹോദരനെ പ്രേരിപ്പിച്ചത്. ഈ കപ്പൂച്ചിൻ സന്യാസിമാർ ഉണ്ണിമരിയുടെ ഭക്തി പ്രചരിപ്പിക്കുന്നതിൽ പ്രധാനപങ്കു വഹിച്ചു.

ജോസഫ് രണ്ടാമൻ ചക്രവർത്തിയും നെപ്പോളിയൻ ചക്രവർത്തിയും 1810 -ൽ സന്യാസ സഭയ്ക്ക് വിലക്കേർപ്പെടുത്തിയപ്പോൾ അവസാനത്തെ കപ്പൂച്ചിൻ സന്യാസിനിയായ ബാർബറ വ്യസ്സോലിയ എന്ന സിസ്റ്ററിന്റെ കൈയ്യിൽ ഈ രൂപം വന്നെത്തി. സി. ബാർബറ, ചില സിസ്റ്റേഴ്സ് രഹസ്യമായി താമസിച്ചിരുന്ന കാനോനിക്കേസെ ലത്തറ നേസി ഇൻ വിയ ദെൽ അനുൺച്ചാത്തൊയി ലം എന്ന ആശ്രമത്തിലേക്ക് (Canonichesse Lateranensi in Via dell’ Annunciato) ഈ രൂപത്തെ കൊണ്ടുപോയി. പിന്നീട് സി. ബാർബറ തന്റെ മരണത്തിനുമുമ്പ് ഉണ്ണിമരിയയുടെ തിരുസ്വരൂപം സാന്താ മാർക്കോ പള്ളിയിലെ വികാരി ലൂയിജി ബാസീസിയൊ അച്ചനു കൈൈമാറി. ലൂയിജി അച്ചൻ ഈ തിരുസ്വരൂപം 1842 -ൽ ചിച്ചേറി ഹോസ്പിറ്റലിൽ ശുശ്രൂഷചെയ്തിരുന്ന ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മദർ സുപ്പീരിയർ തെരേസാ ബോസിയോയ്ക്കു കൈമാറി.

1876 ഏപ്രിൽ 24 -ാം തീയതി ഉണ്ണിമേരിയുടെ മെഴുകുപ്രതിമ ഇപ്പോൾ സൂക്ഷിച്ചിരുന്ന ചാരിറ്റി സിസ്റ്റേഴ്സിന്റെ മദർ ഹൗസിൽ കൊണ്ടുവന്നു. ഈ സമയം മരിയ ബംബീനനയോടുള്ള ഭക്തി ചാരിറ്റി സന്യാസ സഭയിലെ സിസ്റ്റേഴ്സിനും നോവീസിനുമായി പരിമിതപ്പെടുത്തിയിരുന്നു. നവ സന്യാസഭവനത്തിൽ പ്രതിഷ്ഠിച്ചിരുന്ന ഈ തിരുസ്വരൂപം പരിശുദ്ധ മാതാവിന്റെ ജനനത്തിരുനാൾ ദിനമായ സെപ്റ്റംബർ എട്ടു തുടങ്ങി തുടർന്നുവരുന്ന എട്ടു ദിവസങ്ങൾ ചാപ്പലിൽ പ്രതിഷ്ഠിച്ചിരുന്നു. കാലഹരണപ്പെട്ടതിനാൽ രൂപത്തിന്റെ മുഖകാന്തി നഷ്ടപ്പെട്ടിരുന്നു.

1884 സെപ്റ്റംബർ 9 മുതൽ ഉണ്ണിമരിയായോട് ഭക്തി പുലർത്തിയിരുന്നവർക്ക് അനുഗ്രഹങ്ങൾ ലഭിക്കാൻതുടങ്ങി. സി. ജുസെപ്പ വൊയ്നോവിച്ച് എന്ന ചാരിറ്റി സിസ്റ്ററിന്റെ കൈകാലുകൾ തളർവാതം നിമിത്തം തളർന്നതിനാൽ കിടന്നകിടപ്പിലായിരുന്നു. സെപ്റ്റംബർ എട്ടാം തീയതി സി. ജുസെപ്പ മദർ ജനറൽ നസാറിയോട്, മരിയ ബംബീനയുടെ തിരുസ്വരൂപം ഒരു രാത്രി താൻ കിടക്കുന്ന രോഗിമുറിയിൽ കൊണ്ടുപോകാൻ അനുവാദം ചോദിച്ചു. അടുത്ത പ്രഭാതത്തിൽ രോഗിയായിക്കിടക്കുന്ന സിസ്റ്ററിന്റെ മുറിയിൽ രൂപം കൊണ്ടുപോകാൻ മദർ അനുവാദം നൽകി. രോഗീപരിചരണ മുറിയിൽ ജൂല്യ മകാറിയൊ എന്ന മറ്റൊരു നവസന്യാസിനിയും രോഗിണിയായി കിടപ്പിലായിരുന്നു. രോഗപീഡകൾ നിമിത്തം കൈകാലുകൾ ചലിപ്പിക്കാൻ അവൾക്ക് ബുദ്ധിമുട്ടായിരുന്നു. വലിയ വിശ്വാസത്തോടെ ഉണ്ണിമേരിയുടെ രൂപം കൈകളിലെടുത്ത് സൗഖ്യത്തിനായി അവൾ കേണപേക്ഷിച്ചു. അത്ഭുതമെന്നു പറയട്ടെ, ആ നവസന്യസിനിക്ക് പൊടുന്നനെ രോഗസൗഖ്യം ലഭിച്ചു.

ഈ അത്ഭുതത്തിനുശേഷം ഉണ്ണിമേരിയുടെ രൂപം മദർ ജനറിലിന്റെ മുറിയിൽ സൂക്ഷിച്ചുപോന്നു. 1884 ഒക്ടോബർ പതിനെട്ടാം തീയതി, ദൈവമാതാവിന്റെ മാതൃത്വത്തിരുനാൾ ദിനത്തിൽ മരിയ ബംബീനയെ അലങ്കരിച്ച വസ്ത്രമണിയിച്ച് മനോഹരമായ ഒരു തൊട്ടിലിലാക്കി പ്രദിക്ഷണത്തോടെ ഭവനത്തിൽ താൽക്കാലികമായി ഉണ്ടാക്കിയ ഒരു ചാപ്പലിൽ ആഘോഷമായി പ്രതിഷ്ഠിച്ചു. മരിയ ബംബീനയുടെ മുമ്പിലൂടെ കടന്നുപോയിരുന്ന സിസ്റ്റേഴ്സ് പ്രാർത്ഥനയ്ക്കായി കുറച്ചുസമയം അവിടെ ചിലവഴിച്ചിരുന്നു.

അടുത്ത മാസങ്ങളിൽ സി. ക്രോച്ചിഫിസ്സ മിസ്മെത്തി, സി. ജുസെപ്പ വൊയ്നോവിച്ച് എന്നിവർ മരിയ ബംബീനയുടെ മാധ്യസ്ഥശക്തിയാൽ മാരകരോഗങ്ങളിൽനിന്ന് അത്ഭുതകരമായി സുഖമാക്കപ്പെട്ടു. നിരവധി അത്ഭുതങ്ങളും അനുഗ്രഹങ്ങളും ഉണ്ണിമേരിയുടെ മധ്യസ്ഥതവഴി സംഭവിച്ചു. ഇതിനിടയിൽ മദർ ജനറിലിനോട് ഉണ്ണിമരിയുടെ രൂപം രോഗീപരിചരണമുറിയിൽ കൊണ്ടുപോകുന്നതിന് ആദ്യമായി അനുവാദം ചോദിച്ച സി. ജുസെപ്പ വൊയ്നോവിച്ചും തളർവാതത്തിൽ നിന്നു സുഖംപ്രാപിച്ചു. മരിയ ബംബീനയുടെ മധ്യസ്ഥതയാൽ നിരവധി ചാരിറ്റി സിസ്റ്റേഴ്സിന് രോഗസൗഖ്യം ലഭിച്ചതിനാൽ അവരെ മരിയ ബംബീനയുടെ സിസ്റ്റേഴ്സ് എന്നും വിളിക്കുന്നു.

1885 ജനുവരി 16 -ന് ഉണ്ണിമേരിയുടെ രൂപത്തിന് രൂപാന്തരീകരണം സംഭവിക്കുകയും കൂടുതൽ നിറമുള്ളതും സൗന്ദര്യമുള്ളതാവുകയും ചെയ്തു. 1888 സെപ്റ്റംബർ എട്ടാം തീയതി പുതിയ മദർ ജനറൽ ക്ലമൻ്റിനാ ലാച്ച്മാൻ മരിയ ബംബീനയുടെ രൂപം പുതിയ ചാപ്പലിൽ പ്രതിഷ്ഠിച്ചു. മദർ ഹൗസിലെ ചാപ്പലിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെ വിശ്വസികൾക്ക് ഉണ്ണിമേരിയെ വണങ്ങുന്നതിന് അവസരം ഒരുക്കിയിരുന്നു. 1904 മെയ് 31 -ന് കർദിനാൾ ഫെറാറി ഉണ്ണിമേരിയുടെ ശിരസ്സിൽ കിരീടം അണിയിച്ചു.

തുടർന്നുള്ള വർഷങ്ങളിൽ മരിയ ബംബീനയുടെ ബഹുമാനാർഥം “League of the Innocent” എന്ന ഭക്തസംഘടനയ്ക്ക് രൂപംനൽകി. നവദമ്പതികൾക്ക് വിവാഹസമ്മാനമായി മരിയ ബംബീനയുടെ ഒരു ചെറിയ മെഴുകുപ്രതിമ സമ്മാനമായി നൽകുന്നതുപതിവായി. ചുരുങ്ങിയ കാലയളവുകൊണ്ട് മരിയ ബംബീനയോടുള്ള ഭക്തി മിലാനിൽ നിന്ന് ഇറ്റലിയിലുടനീളം വ്യാപിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിനിടയിൽ 1942 ഒക്ടോബർ 24 -ാം തീയതി മദർ ഹൗസിൽ ബോംബ്‌ വർഷിക്കപ്പെട്ടതിനാൽ മദർ ജനറൽ മരിയ ബംബീനയുടെ തിരുസ്വരൂപം ഒരു സുരക്ഷിതസ്ഥലത്തേക്കു മാറ്റി. 1943 ആഗസ്റ്റ് 15, 16 തീയതികളിലുണ്ടായ തുടർച്ചയായ ബോംബാക്രമണത്തിൽ മദർ ഹൗസും ചാപ്പലും പൂർണ്ണമായി തകർന്നെങ്കിലും സിസ്റ്റേഴ്സും മിലാൻ നിവാസികളും പരിശുദ്ധ അമ്മുടെ ജനനത്തിരുനാൾ ആഘോഷിക്കുന്നതിൽനിന്നു പിന്മാറിയില്ല.

1945 സെപ്റ്റംബർ നാലാം തീയതി മരിയ ബംബീനയുടെ രൂപം മിലാനിലേക്ക് തിരികെ കൊണ്ടുവന്നു. ഉണ്ണിമേരിയുടെ ബഹുമാനത്തിനായി മൂന്നുദിവസം തിരുനാൾ ആഘോഷിച്ചു. അതിനുശേഷം പുതിയ സന്ദർശന ചാപ്പലിൽ പുനഃപ്രതിഷ്ഠിച്ചു. പിന്നീട് താൽക്കാലിക മദർ ഹൗസിലെ ചാപ്പലിലേക്കു മാറ്റി. 1953 നവംബർ 18 -ാം തീയതി മദർ ഹൗസിലെ പുതിയ ചാപ്പലിലേയ്ക്ക് മരിയ ബംബീനയെ മാറ്റി.

എല്ലാ വർഷവും പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾദിനത്തിൽ സിസ്റ്റേഴ്സ് ചെറിയ പഞ്ഞികൊണ്ട് മരിയ ബംബീനയുടെ തിരുസ്വരൂപം സ്പർശിക്കുകയും വിശ്വാസികൾക്കു നൽകുകയും ചെയ്യാറുണ്ട്.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.