ചരിത്രത്തിലിടം നേടിയ മൽസ്യതൊഴിലാളികളുടെ  യാത്രയുടെ കഥ  

ഫാ. ക്ലീറ്റസ് കാരക്കാടൻ

ആഗസ്റ്റ്‌ 16 വ്യാഴാഴ്ച, രാവിലെതന്നെ ആലപ്പുഴ ജില്ലാ കളക്റ്ററിന്റെ ഓഫീസിൽ പതിവിലേറെ തിരക്ക്‌ നിലയ്ക്കാത്ത ഫോൺകോളുകൾ അധികവും കുട്ടനാട്ടുകാരുടെ ചങ്കിടിപ്പു വർദ്ധിപ്പിച്ചുകൊണ്ട്  വെള്ളം ഉയർന്നുവരുന്നതിനെക്കുറിച്ചായിരുന്നു.
തന്റെ അധികാരമുപയോഗിച്ച്‌ ലഭിക്കാവുന്ന എല്ലാ രക്ഷാസൗകര്യങ്ങളും എത്തിക്കുവാൻ ഉണർന്നുപ്രവർത്തിക്കുകയാണു ജില്ലാകളക്റ്റർ.

രക്ഷാപ്രവർത്തകരായിവന്ന പോലീസും കൊച്ചീനാവികസേനയും കാര്യങ്ങൾ ദുഷ്കരമാണെന്ന് ധരിപ്പിച്ചപ്പോഴായിരുന്നു കളക്ടർ ആലപ്പുഴരൂപതാസൊസൈറ്റി ഡയറക്ടർ ഫാദർ സേവ്യർ കുടിയാഞ്ചേരിയെ ഫോണിൽ ബന്ധപ്പെട്ട്‌ മൽസ്യതൊഴിലാളികളുടെ വള്ളങ്ങളുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചനടത്തിയത്‌. തുടർന്ന് തുടക്കത്തിൽ അറപ്പക്കൽ പള്ളിവികാരി ഫാദർ ക്ലിഫി ഫെർണ്ണാണ്ടസ്‌ തരപ്പെടുത്തിയ നാലുവള്ളങ്ങളും കളക്റ്റർ ഏർപ്പെടുത്തിയ ലോറികളിൽ കയറ്റി സേവ്യറച്ചനും മൽസ്യതൊഴിലാളികളും ചരിത്രത്തിലിടം നേടിയ രക്ഷായാത്രയ്ക്ക്‌ തുടക്കം കുറിച്ചത്‌.

ആലപ്പുഴകളക്ട്രേറ്റിൽ നിന്നുള്ള ഇവരുടെ രക്ഷായാത്ര ഫേസ്ബുക്കും വാട്സാപ്പും വഴി കേരളത്തിന്റെ അതിർത്തികൾ ചാടിക്കടന്നുസഞ്ചരിച്ചു. മൽസ്യതൊഴിലാളികൾ ആദ്യഘട്ടങ്ങളിൽ രക്ഷിച്ച്‌ റിലീഫ്‌ ക്യാമ്പുകളെത്തിച്ചവരും അവരുടെ ബന്ധുക്കളും ഈ നന്മ ലോകത്തോട്‌ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ഓരോ മണിക്കൂറുകൾ കഴിയുമ്പോഴും കൂടുതൽ കൂടുതൽ സ്ഥലങ്ങളിലേക്ക്‌ ആർത്തലച്ചുകയറുന്ന പ്രളയജലത്തിൽ ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്നവരുടെ ആർത്തനാദവും തങ്ങളുടെ ബന്ധുകളുടെ ജീവന്മരണപ്പോരാട്ടത്തെക്കുറിച്ചുള്ള ബന്ധുക്കളുടെ ആശങ്കയും സോഷ്യൽമീഡിയയിൽ കണ്ണീർപ്പുഴയായി ഒഴുകിക്കൊണ്ടിരുന്നു അപ്പോഴും കരുണയുടെ ലേശമില്ലാതെ പ്രളയം എല്ലാതടസങ്ങളെയും പിഴുതെറിഞ്ഞു കേരളത്തിലങ്ങോളമിങ്ങോളം സംഹാരതാണ്ഡവമാടിക്കൊണ്ടിരുന്നു.

രാഷ്ട്രീയം പറഞ്ഞ്‌ മുതലെടുക്കാൻ ശ്രമിക്കാതെ ഭരണപ്രതിപക്ഷങ്ങൾ പ്രതിവിധികളെക്കുറിച്ച്‌ ചിന്തിക്കുന്നു. നേവിയും ഹെലികോപ്റ്ററുകളും സ്ഥിരം ഫോർമ്മാലിറ്റികൾക്കുവേണ്ടി കാത്തുനിൽക്കുന്നു. രക്ഷിക്കുവാൻ ഒരുകച്ചിത്തുരുമ്പുപോലും കാണാതെ കേരളാപോലീസ്‌ ആശങ്കയോടെ അലറിപ്പാഞ്ഞുനടക്കുന്നു.

ഇതിനിടയിലേക്ക്‌ അവരിറങ്ങി കരളുറപ്പുള്ള കരുത്തന്മാർ. വർഷങ്ങളായി തിരമാലകളുമായി രാപകലില്ലാതെ യുദ്ധംചെയ്യുന്ന മൽസ്യതൊഴിലാളികൾക്ക്‌ പ്രളയജലത്തിന്റെ വായിലേക്ക്‌ വഞ്ചിയിറക്കുവാൻ ഭയലേശമില്ലായിരുന്നു. കരകാണാക്കടലിന്റെ വിരിമാറിൽ കൂറ്റൻ കപ്പലുകൾ കടന്നുപോകുന്ന ആഴക്കടലിൽ കൊടുങ്കാറ്റിനോട്‌ പടപൊരുതുന്ന കേരളതീരത്തെ മൽസ്യതൊഴിലാളിയുടെ ഉള്ളുപിടഞ്ഞുപോയത്‌ കിഴക്കൻ വെള്ളത്തിൽ തങ്ങളുടെ സഹോദരങ്ങൾ മുങ്ങിമരിക്കുമെന്ന ചാനൽ വാർത്തകൾ കേട്ടപ്പോഴാണ്‌. പിന്നെ മുൻപും പിൻപും നോക്കാതെയുള്ള ഒരു പടയൊരുക്കമായിരിന്നു. സൈന്യം യുദ്ധത്തിനിറങ്ങുന്നതുപോലെ അവരിറങ്ങി. വാട്ട്സാപ്പിലൂടെ ഫേസ്ബുക്കിലൂടെ അവരതറിയിച്ചു, കരുത്തന്മാർ വീടുവിട്ടുപുറത്തിറങ്ങി വഞ്ചി കടലിലേക്ക്‌ പോകുന്നതിനുപകരം റോഡിലേക്ക്‌ ഇറക്കി. ലോറികൾ റെഡി ആളുകൾറെഡി അവശ്യസാധനങ്ങളെല്ലാം റെഡി.. ടോർച്ചും കയറും സേർച്ചുലൈറ്റും ഒക്കെ റെഡി കുരിശുവരച്ചുപ്രാർത്ഥിച്ച്‌ അവരിറങ്ങി ഇരുനിലക്കെട്ടിടത്തോളമുയർന്ന ജലപ്പരപ്പിൽ അവർ ജീവന്റെതുടിപ്പിനായി പരതി. കണ്ണിൽകണ്ടവരെയെല്ലാം കരപറ്റിച്ചു.

കൊല്ലത്തിന്റെ കൊച്ചിയുടെ തിരുവനന്തപുരത്തിന്റെ ആലപ്പുഴയുടെ  തീരപ്രദേശത്തുനിന്നെല്ലാം അലിവാർന്ന മനസും കാരുണ്യത്തിന്റെ കണ്ണുകളും കാരിരുമ്പിന്റെ കരുത്തുമായി കേരളാസൈന്യം പ്രളയത്തിന്റെ വായിലേക്ക്‌ വഞ്ചിപായിച്ചു. പിന്നീട്‌ കേരളം കണ്ടതും കേട്ടതും പ്രത്യാശയുടെ മനുഷ്യസ്നേഹത്തിന്റെ  കരുതലിന്റെ ഇന്നുവരെ കേട്ടിട്ടില്ലാത്ത കഥകളായിരുന്നു. കാണാത്ത കാഴ്ചകളായിരുന്നു. മൽസ്യമേഖലയിലെ സംഘടനകളിലെ നേതാക്കന്മാരുടെ നേത്രുത്വത്തിലും തീരദേശത്തെ ഇടവകകളുടെ നേത്രുത്വത്തിലും സ്വാശ്രയസംഘങ്ങളുടെ നേത്രുത്വത്തിലും മൽസ്യതൊഴിലാളികൾ അവരുടെ സ്വന്തം നിലയിലുമെല്ലാം കേരളത്തിലങ്ങോളമിങ്ങോളം പ്രളയജലത്തിന്റെ വായിലേക്ക്‌ വഞ്ചിയും ബോട്ടുമിറക്കിപൊരുതി ജീവന്റെ മറുകരയിലെത്തിച്ചത്‌ ഒരുലക്ഷത്തിലേറെ ജീവിതങ്ങളെയാണെന്നു കേൾക്കുമ്പോൾ കോരിത്തരിക്കുകയാണു കേരളം. വൃദ്ധരെയും കുഞ്ഞുങ്ങളേയും അവർ എടുത്തുയർത്തി കാൽനനയാതെ വഞ്ചിയിലിരുത്തി, ഗർഭിണികൾക്ക്‌ ചവിട്ടിക്കയറാൻ തന്റെ മുതുക്‌ ചവിട്ടുപടിയാക്കി അങ്ങനെ ഒരു രാജ്യത്തിന്റെ സൈന്യം അവശ്യഘട്ടങ്ങളിൽ ചെയുന്നതെല്ലാം അവർ ചെയ്തു. അതുകേട്ടവരെല്ലം ഭരണാധികാരികൾ ഉൾപ്പെടെ പറഞ്ഞു ഇവരാണ്‌ ,ഈ മൽസ്യതൊഴിലാളികളാണ്‌ കേരളത്തിന്റെ സൈന്യം. മുഖ്യമന്ത്രി മുക്തകണ്ഡം പ്രശംസിച്ചു സമ്മാനമായി പാരിതോഷികം പ്രഖ്യാപിച്ചപ്പോൾ അത്‌ സ്നേഹത്തോടെ നിരസിച്ചുകൊണ്ടുപറഞ്ഞു ഞങ്ങളുടെ സഹോദരങ്ങളുടെ ജീവൻ രക്ഷിക്കേണ്ടത്‌ ഞങ്ങളുടെ കടമയാണ്‌ അതുകൊണ്ട്‌ ആ തുകകൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിൽ നിക്ഷേപിച്ച്‌ എല്ലാം നഷ്ടപ്പെട്ടവന്റെ കണ്ണീരൊപ്പാൻ സഹായിക്കുന്നതിലാണു ഞങ്ങൾക്ക്‌ സന്തോഷം. തീരുന്നില്ല പ്രളയജലം താണ്ഡവമാടി തളർന്ന് പിൻവാങ്ങുമ്പോഴും.

പ്രളയം തകർത്തവഴികളിൽ കാരുണ്യത്തിന്റെയും കരുതലിന്റെയും അരുവികൾ കേരളത്തിലങ്ങോളമിങ്ങോളം ചാലുകീറിയൊഴുകുന്നു. തലചായ്ക്കാനിടമായ്‌ വസ്ത്രമായ്‌ ഭക്ഷണമായ്‌ ആശ്വാസത്തിന്റെ വാക്കുകളായ്‌ കാരുണ്യം കടലുപോലെ പരക്കുകയാണ്‌. എല്ലാം നഷ്ടപ്പെട്ടവന്റെ ചങ്കുപൊട്ടുന്ന ആശങ്കകളെ അത്രപെട്ടെന്ന് നമുക്ക്‌ അകറ്റാനാകില്ല എങ്കിലും നിസ്വാർത്ഥമായി രാപകലില്ലാതെ അപരന്റെ വേദന സ്വന്തം വേദനയായിക്കണ്ട്‌ സമയവും സമ്പത്തും സൗകര്യങ്ങളും ആരോഗ്യവും അങ്ങനെ തങ്ങളാലാവുന്നതെല്ലാം ഉള്ളുതുറന്നുപങ്കുവെച്ച കേരളത്തിന്റെ മനസ്‌ ഒരു പ്രതീക്ഷയാണ്‌.ഈ ദുരന്തഭൂവിൽനിന്നും ഒരു ഫീനിക്സ്‌ പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കുവാനുള്ള മനക്കരുത്ത്‌ നൽകുന്ന പ്രതീക്ഷ.

നന്ദി കേരളത്തിന്റെ നീയമപാലകരോടു ചേർന്നുനിന്നു പ്രവർത്തിച്ച മൽസ്യതൊഴിലാളികൾക്കും ജീവസുറ്റ യുവജനങ്ങൾക്കും സഹായഹസ്തവുമായി നാനാഭാഗത്തേക്കും പാഞ്ഞുനടന്ന എല്ലാവർക്കും., ലോകത്തിന്റെ നാനാഭാഗത്തുമിരുന്ന് കണ്ണീരോടെ പ്രാർത്ഥിച്ചവർക്കും നന്ദി. കടൽ ഇനിയും പ്രക്ഷുബ്ധമായി തീരദേശത്തെ കവർന്നെടുത്തേക്കാം.

പുഴകൾ ഇനിയും കരകവിഞ്ഞ്‌ വഴിമാറി ഒഴുകിയേക്കാം. ഭൂമിയിളകി ഇനിയും മൺകൂനകളായി നമ്മെ ഭീഷണിപ്പെടുത്തിയേക്കാം. എന്നാലും ഒരിക്കലും വറ്റരുത്‌ കാരുണ്യത്തിന്റെ ഈ ഉറവകൾ.

ഫാ. ക്ലീറ്റസ് കാരക്കാടൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.