മതപീഡനം: വിശ്വാസികളുടെ നിശബ്ദത അപമാനകരം

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിലുള്ള പീഡനങ്ങൾ വർദ്ധിക്കുമ്പോഴും വിശ്വാസികളായ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നിശബ്ദത അപമാനകരമാണ് എന്ന് ചൂണ്ടിക്കാട്ടി എയ്ഡ് ടു ദി ചർച്ച്‌ ഇൻ നീഡ് പബ്ലിക് അഫയേഴ്സ് ആൻഡ് റിലീജിയസ് ഫ്രീഡം ഡയറക്ടർ മാർക്ക് റെഡ്മാൻ.

മതപീഡനത്തിന് ഇരകളായ ആളുകളെ അനുസ്മരിക്കുന്നതിനായി ഒരു ദിവസം മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിൽ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം ചൂണ്ടിക്കാട്ടിയത്. മതവിശ്വാസത്തിന്റെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളാണ് പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ക്രിസ്ത്യാനികൾ.

ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം, പ്യൂ റിസേർച് സെന്റർ, എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ് തുടങ്ങിയവ നടത്തിയ പഠനങ്ങളെല്ലാം തന്നെ ഇത് തെളിയിക്കുന്നു. ഇറാഖിലും സിറിയയിലും ആഫ്രിക്കൻ നാടുകളിലും ക്രിസ്തീയപീഡനങ്ങൾ ദിനംതോറും വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലും നാം നിശബ്ദത പുലർത്തുന്നത് അപമാനകരമാണ് – അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മതപീഡനങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതിനായിട്ടാണ് ഓഗസ്റ്റ് 22 എന്ന ദിവസം പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നത്. അത് പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. എന്നാൽ അവിടംകൊണ്ട് ഒന്നും അവസാനിക്കുന്നില്ല – അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ 70 വർഷമായി മതപീഡനങ്ങൾക്ക് ഇരയാകുന്നവരെ സഹായിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന സന്നദ്ധസംഘടനയാണ് എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്.