ജപമാലകളുടെ ഉടയോന്‍

”ജപമാല മറ്റ് എല്ലാ പ്രാര്‍ത്ഥനകളേയുംകാള്‍ അധികമായി അനുഗ്രഹങ്ങളാല്‍ സമ്പുഷ്ടമാണ്. ദൈവമാതാവിന്റെ ഹൃദയത്തെ ഏറ്റവും കൂടുതലായി സ്പര്‍ശിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്. നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളില്‍ സമാധാനം നിലനില്‍ക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ മുടക്കമില്ലാതെ കുടുംബാംഗങ്ങള്‍ ഒരുമിച്ചു ചേര്‍ന്ന് ജപമാല ചൊല്ലണം.”                                      – വിശുദ്ധ പത്താം പീയൂസ് പാപ്പ

ഇലക്ട്രീഷ്യനാണെങ്കിലും കയ്യാത്ത് മാത്യു ഹിലരിക്ക് വൈദ്യുതോര്‍ജ്ജത്തേക്കാള്‍ പവര്‍ കൂടുതലനുഭവപ്പെട്ടിട്ടുള്ളത് ജപമാലയില്‍ നിന്നുള്ള ഊര്‍ജത്തില്‍ നിന്നാണ്. ജീവിതവഴികളില്‍ ഇരുള്‍ വീണപ്പോഴെല്ലാം പ്രകാശം പരത്തിയത് ഹാലോജന്‍ ബള്‍ബുകളോ നിയോണ്‍ ലാമ്പുകളോ അല്ല ജപമാലയാണ്. ഈ പ്രകാശവും ഊര്‍ജവുമാണ് അമ്മ കൊച്ചുത്രേസ്യ സമ്മാനിച്ച ഒരു കൊന്തയില്‍ നിന്നും വ്യത്യസ്തങ്ങളായ രണ്ടായിരത്തിലധികം കൊന്തകള്‍ ഉള്‍ക്കൊള്ളുന്ന ശേഖരത്തിന്റെ ഒരു ജപമാല പവര്‍ ഹൗസ് ഹിലരിക്കുണ്ടാക്കാനായത്. ഹിലരിക്ക് അമ്മ സമ്മാനിച്ച കൊന്ത അമ്മയ്ക്കു കിട്ടിയ മറ്റൊരു ഗിഫ്റ്റായിരുന്നു. അതിനാണെങ്കില്‍ കണ്ണീരിന്റെ നനവും ഉപ്പും കലര്‍ന്നൊരു ഫ്‌ളാഷ് ബാക്ക് ഉണ്ടെന്ന് ഹിലരി വെളിപ്പെടുത്തുന്നു. അതോര്‍മിക്കുമ്പോള്‍ ഇന്നും കഴുത്തിലണിഞ്ഞിരിക്കുന്ന ആ കൊന്തയിലെ കുരിശുരൂപത്തില്‍ കരങ്ങള്‍ ചേര്‍ത്തുപിടിച്ച് ഈറനണിഞ്ഞ മിഴികളോടെ ഹിലരി മൗനത്തിന്റെ വല്‍മീകത്തിലാകുന്നു.

വരാപ്പുഴ അതിരൂപതയിലെ പോണേല്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവകാംഗമായ കയ്യാത്ത് സേവ്യര്‍ സാമാന്യം നല്ലൊരു കുമ്മായ ബിസിനസുകാരനായിരുന്നു. ബിസിനസ് ആവശ്യത്തിനായി ഉമ്മറത്തു നിരന്നു കിടന്നിരുന്ന ലോറികളിലോരോന്നിലും മൂന്ന് ആണ്‍മക്കളുടെ നാമവും – ആംസ്‌ട്രോങ്ങ്, ടെന്‍സിംഗ്, ഹിലരി. ചന്ദ്രനും എവറസ്റ്റുമൊക്ക കീഴടക്കിയ പ്രതിഭാശാലികളുടെ കിടിലന്‍ പേരുപോലെ തന്നെ ബിസിനസും കിടിലനായിരുന്നു. സ്വന്തമായി കക്ക നീറ്റി കുമ്മായം ഉല്പാദിപ്പിക്കുകയും ബിസിനസ് നടത്തുകയുമായിരുന്നു ഹിലരിയുടെ പിതാവ് സേവ്യര്‍. രാജ്യത്തിനകത്തും പുറത്തും കച്ചവടം തകൃതിയായി നടന്നു. കാലവര്‍ഷത്തില്‍ പ്രവചനങ്ങള്‍ക്കതീതമായി മഴയും കാറ്റും ഉണ്ടാകുന്നതുപോലെ ഒരുനാള്‍ കുമ്മായ ബിസിനസ് തകര്‍ച്ചയിലേക്ക് വീണു. വണ്ടികള്‍ ഒന്നൊന്നായി അപ്രത്യക്ഷമായി. കടബാധ്യത കാര്‍മേഘം കണക്കേ കയ്യാത്ത് കുടുംബത്തിനുമേല്‍ നിറഞ്ഞപ്പോള്‍ ഫ്രാന്‍സിസ്‌ക്കന്‍ മിഷണറീസ് ഓഫ് മേരി സന്യാസിനി സഭയിലെ ബാംഗ്ലൂര്‍ പ്രൊവിന്‍സംഗമായ ഒരു സിസ്റ്റര്‍ അമ്മ കൊച്ചുത്രേസ്യയ്ക്ക് ഒരു ജപമാല സമ്മാനിച്ച് സാന്ത്വനപ്പെടുത്തിക്കൊണ്ട് പറഞ്ഞു: ”എല്ലാം തിരിച്ചു പിടിക്കാം. പരിശുദ്ധ അമ്മയില്‍ ആശ്രയിക്കുക. ജപമാല മുടങ്ങാതെ ചൊല്ലുക. കാര്യങ്ങള്‍ ശുഭകരമാകും.” കാനായിലെ കല്ല്യാണവീട്ടില്‍ പരിശുദ്ധ അമ്മ ഇടപെട്ടപ്പോള്‍ കലവറയിലുണ്ടായ അനുഭവമാണ് പോണേക്കരയിലെ ഹിലരിയുടെ കുടുംബത്തിലും പിന്നീടുണ്ടായത്.

സിസ്റ്റര്‍ നല്‍കിയ ജപമാലയിലെ മണികള്‍ ഉരുട്ടി മുടക്കമില്ലാതെ കണ്ണീരോടെ കുടുംബ പ്രാര്‍ത്ഥന നടത്തിയപ്പോള്‍ കയ്യാത്ത് കുടുംബത്തിനുമേല്‍ ആവരണം ചെയ്യപ്പെട്ട കാര്‍മേഘം തെളിയുകയായിരുന്നു. ബിസിനസ് തിരിച്ചു പിടിച്ചില്ലെങ്കിലും കടബാധ്യതകളില്‍ നിന്നെല്ലാം മോചിതരായി സന്തോഷം നിറഞ്ഞ നാളുകള്‍ തിരിച്ചെത്തി. പിന്നീട് മരണം വരെ കൊച്ചുത്രേസ്യ ഈ ജപമാലയോ ജപമാല പ്രാര്‍ത്ഥനയോ ഉപേക്ഷിച്ചില്ല. തന്റെ അവസാന നാളുകളില്‍ ഇളയമകന്‍ ഹിലരിക്ക് ഒരു നിധി കണക്കേ അമ്മ സമ്മാനിച്ചത് ഈ അത്ഭുത ജപമാലയാണ്. ഹിലരി അത് സ്വീകരിച്ചത് അമ്മയുടെ ഹൃദയം കണക്കേയാണ്. അമ്മ നല്‍കിയ കൊന്ത തന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചപ്പോള്‍ ഹിലരി ഒരു തീരുമാനമെടുത്തു. അമ്മയുടെ ഓര്‍മ്മയ്ക്കും പരിശുദ്ധ അമ്മയുടെ സ്തുതിക്കുമായി ജപമാലകള്‍ ശേഖരിച്ച് ഒരു ജപമാല ലൈബ്രറി ഉണ്ടാക്കണം. ഒരു മരിയഭക്തന്റെ മരിയന്‍ തീര്‍ത്ഥാടനം ആരംഭിക്കുകയായിരുന്നന്ന്.

ഇന്ത്യന്‍ നിര്‍മ്മിതവും വിദേശ നിര്‍മ്മിതവുമായ രണ്ടായിരത്തിലധികം വൈവിധ്യങ്ങളായ കൊന്തകളുടെ ശേഖരണത്തിനുടമയാണ് ഇന്ന് മാത്യു ഹിലരി. അതില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന കൊന്തയും ഉള്‍പ്പെടുന്നു. ഹിലരിയുടെ ആന്റി സിസ്റ്റര്‍ എലിസബത്ത് പാപ്പു വത്തിക്കാനില്‍ പാപ്പായെ സന്ദര്‍ശിച്ചപ്പോള്‍ ഒരു തിരുശേഷിപ്പുകണക്കേ പാപ്പാ സമ്മാനിച്ച ജപമാലയാണിത്. ഹിലരി ഈ ജപമാല ഭക്ത്യാദരവോടെയാണ് കാത്തുസംരക്ഷിക്കുന്നത്. ഹിലരിയുടെ ജപമാല ശേഖരത്തില്‍ ജപമാല മണികളിലും വ്യത്യസ്തകള്‍ കാണാനാകും. മുത്ത്, നൂല്, മരം, ലോഹം, സെറാമിക്, ഉണക്കകായകള്‍ എന്നിവയില്‍ നിര്‍മ്മിച്ചിട്ടുള്ള ഒട്ടനേകം വര്‍ണ്ണമനോഹരങ്ങളായ കൊന്തകളുണ്ട്.

കെനിയയിലെ ആദിവാസി ഗോത്രക്കാര്‍ ഉപയോഗിക്കുന്ന ചെറിയ മുത്തുകള്‍ കൊണ്ടുള്ള ഒട്ടനവധി ജപമാലകളും ഹിലരിയുടെ ശേഖരണത്തിലുണ്ട്. 53 മണി കൊന്ത മാത്രമല്ല, 153 മണി, 10 മണി കരുണക്കൊന്ത, ഏഴുമണി കണ്ണീര്‍ക്കൊന്ത, ഒമ്പതുമണി പരിശുദ്ധാത്മാവിന്റെ കൊന്ത, മൂന്നു മണിവീതം ക്രമീകരിച്ചിട്ടുള്ള യേശുവിന്റെ പ്രായത്തെ അനുസ്മരിപ്പിക്കുന്ന 33 മണിക്കൊന്ത തുടങ്ങിയ അസാധാരണ കൊന്തകളും ഹിലരിയുടെ ജപമാല ലൈബ്രറിയിലെ അപൂര്‍വ്വ ജപമാലകളാണ്.

ജപമാലയിലെ രഹസ്യങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ഇറ്റലിയില്‍ നിന്നുള്ള ലോഹ ജപമാല, വത്തിക്കാനിലെ ബസിലിക്കകളുടെ ചിത്രലേഖനം ചെയ്ത ഫ്രാന്‍സില്‍ നിന്നുള്ള ജപമാല, അജാതശിശുക്കളുടെ ജപമാല തുടങ്ങിയ അമൂല്യ ജപമാലകളുടെ ഉടയോനാണ് ഹിലരി. ഡല്‍ഹിയില്‍ വച്ച് പരിചയപ്പെട്ട ഒരു ഹൈന്ദവ സന്യാസി തന്റെ സ്‌നേഹ സമ്മാനമായി ഹിലരിക്ക് നല്‍കിയത് രുദ്രാക്ഷ ജപമാലയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സമ്മാനമായിരുന്നത്.

തന്റെ ശേഖരത്തിലില്ലാത്തതും അത്യപൂര്‍വ്വമെന്ന് മനസ്സിലാക്കിയാലും ഹിലരി അതിന്റെ വില നോക്കാതെ അതിന്റെ മൂല്യം നോക്കി അത് സ്വന്തമാക്കിയിരിക്കും. ജപമാലയുടെ മൂല്യമറിയുന്ന ഈ ജപമാല ഭക്തന്‍ തന്റെ കുടുംബജീവിതത്തിലും ജപമാലയ്ക്ക് മുഖ്യസ്ഥാനം നല്‍കിയിട്ടുണ്ട്. കുടുംബത്തില്‍ ഭാര്യയും മക്കളുമൊത്ത് ജപമാലയര്‍പ്പിക്കാത്ത ദിനങ്ങളില്ല. കൊന്തകള്‍ ശേഖരിക്കുക മാത്രമല്ല, മുടക്കം കൂടാതെ ഈ സ്വര്‍ഗീയഹാരം കരങ്ങളിലേന്തി നന്മ നിറഞ്ഞ മറിയത്തെ സ്തുതിക്കുന്നതിനാല്‍ ജീവിതം അനുഗ്രഹപൂര്‍ണമാണെന്ന് ഹിലരി പറയുന്നു. മറ്റെന്ത് സാമ്പത്തിക അത്യാവശ്യമുണ്ടായാലും അതിനൊക്കെ രണ്ടാം സ്ഥാനം നല്‍കി ഹിലരിയുടെ മനസിനെ സ്പര്‍ശിച്ച ജപമാല എവിടെക്കണ്ടാലും അത് സ്വന്തമാക്കിയിരിക്കും. അങ്ങനെ ആയിരം രൂപ വില നല്‍കി വരെ കൊന്തകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

കൊന്തകള്‍ ശേഖരിക്കുക മാത്രമല്ല ഹിലരി ചെയ്യുന്നത്. താന്‍ സമ്പാദിക്കുന്ന ഓരോ കൊന്തയെക്കുറിച്ചും അതിന്റെ നിര്‍മ്മാണ വൈധഗ്ധ്യത്തെക്കുറിച്ചും പൂര്‍ണ്ണമായും ഗ്രഹിക്കാനും ഹിലരി ശ്രദ്ധിക്കും. അതിനാല്‍ കൊന്തകളുടെ വൈവിധ്യമാര്‍ന്ന ചരിത്രങ്ങളും ഹിലരിക്ക് മനഃപാഠമാണ്. ജപമാലയുടെ അത്യപൂര്‍വ്വ ശേഖരവും ജപമാലകളെ ഓരോന്നിനെ സംബന്ധിച്ച ചരിത്രങ്ങളും അവയുടെ നിര്‍മിതികളുടെ പ്രത്യേകതയുമൊക്കെ ഹിലരിക്കറിയാമെങ്കിലും ഇതൊരു പ്രദര്‍ശനമായി പൊതുജനത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഈ യുവാവ് ശ്രമിച്ചിട്ടില്ല. തന്റെ ഇടവക വികാരിയുടെയും ജനങ്ങളുടെയും സ്‌നേഹ നിര്‍ബന്ധത്തിനു മുന്നില്‍ അനുസരണത്തിന് വിധേയനായിക്കൊണ്ട് ഇടവക പള്ളിയില്‍ ഒരേ ഒരു തവണ മാത്രമേ ജപമാലയുടെ ദൃശ്യവിസ്മയമൊരുക്കിയിട്ടുള്ളൂ.

ജപമാലയര്‍പ്പണത്തിലെ ഭക്തി തീക്ഷ്ണതപോലെ തന്നെ ജപമാലകള്‍ സൂക്ഷിക്കുന്നതിലും ഹിലരി ജാഗരൂകനാണ്. ജപമാലകളോരോന്നും വേര്‍തിരിച്ച് പ്രത്യേക പ്ലാസ്റ്റിക് കവറുകളിലാക്കി പൊതിഞ്ഞാണ് സൂക്ഷിച്ചിട്ടുള്ളത്. ഇടയ്ക്കിടക്ക് ഇതെടുത്ത് സുരക്ഷിതത്വം ഉറപ്പുവരുത്താറുമുണ്ട്.

പരിശുദ്ധ മാതാവിന്റെ അപൂര്‍വ്വ ചിത്രങ്ങളുടെ വലിയൊരു ശേഖരവും ഹിലരിയുടെ കൈവശമുണ്ട്. ഇലക്ട്രിക്കല്‍ കരാര്‍ തൊഴിലാളിയും കേരള ലേബര്‍ മൂവ്‌മെന്റിന്റെ സജീവ പ്രവര്‍ത്തകനുമായ ഹിലരിക്ക് മൂന്ന് സഹോദരങ്ങളാണുള്ളത്. റാഫേല്‍ ആംസ്‌ട്രോങ്, ജോസഫ് ടെന്‍സിംഗ്, മേരി കിസി. ഹിലരി ജപമാല ശേഖരിക്കുന്നതില്‍ കൂര്‍മ്മത പ്രദര്‍ശിപ്പിക്കുമ്പോള്‍ ഭാര്യ നീതു മുടക്കമില്ലാതെ ജപമാലയര്‍പ്പിക്കുന്നതില്‍ ജാഗ്രത പ്രദര്‍ശിപ്പിക്കുന്നു. കൊന്ത ശേഖരവും കൊന്ത ചൊല്ലലും ഒരു തപസു കണക്കേയാണ് ഇവര്‍ സ്വീകരിച്ചിട്ടുള്ളത്. ആരുടെ മുന്നിലും ജപമാലയ്ക്കായി കരങ്ങള്‍ നീട്ടാന്‍ ഇവര്‍ക്ക് മടിയില്ല. തന്റെ പിതാവ് സേവ്യര്‍ മക്കള്‍ക്ക് വ്യത്യസ്തങ്ങളായ പേരുകള്‍ ഇട്ടതിനാല്‍ ഹിലരി തന്റെ മക്കളുടെ പേരിലും വ്യത്യസ്തത ആഗ്രഹിച്ചു. അതിനായി ഇന്ത്യാചരിത്രവും കേരളചരിത്രവുമല്ല ഹിലരി പരതിയത്. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകളാണ്. അവിടെ കണ്ടെത്തി തന്റെ പൊന്നോമനകള്‍ക്കായുള്ള വിശുദ്ധ നാമങ്ങള്‍ നഥാനിയ, നെഹേമിയ.

നാളെ : ജപമാലയില്‍ തെളിഞ്ഞ പ്രകാശം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.