കോംഗോയിൽ സന്യാസിനിയെ തട്ടിക്കൊണ്ടു പോയി

കോംഗോയിലെ കിവു പ്രദേശത്തു നിന്ന് ഡോട്ടേഴ്സ് ഓഫ് ദി റെസ്സറക്ഷൻ സന്യാസ സമൂഹത്തിലെ അംഗമായ സി. ഫ്രാൻസിനെ അക്രമികൾ തട്ടിക്കൊണ്ടു പോയതായി റിപ്പോർട്ട്. ജൂലൈ എട്ടിന് സന്യാസഭവനത്തിലേക്ക് സാധനങ്ങൾ വാങ്ങാനായി യാത്ര ചെയ്ത സിസ്റ്റർ പിന്നീട് തിരികെ വന്നില്ല. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് അക്രമികൾ പ്രാദേശിക ഇടവകാ ദൈവാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല.

കഴിഞ്ഞ കുറേ വർഷങ്ങളായി കോംഗോ, മിലിഷിയാ സംഘങ്ങളുടെ അധിനിവേശത്തിലാണ്. ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും കോംഗോയിൽ ഇപ്പോൾ നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണ് കോംഗോയിൽ നടക്കുന്നതെന്ന് കോംഗോയിലെ കത്തോലിക്കാ ബിഷപ്പുമാർ വെളിപ്പെടുത്തി.

“സായുധസംഘങ്ങൾ സ്‌കൂളുകളും ആശുപത്രികളും നശിപ്പിക്കുകയാണ്. അദ്ധ്യാപകരും വിദ്യാർത്ഥികളും കൊല്ലപ്പെടുന്നു. ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ പോലും അവർ രോഗികളെ കൊല്ലുന്നു. ആളുകൾ കൊല്ലപ്പെടാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല” – ബ്യുട്ടേമ്പോ-ബെനിയിലെ കത്തോലിക്കാ ബിഷപ്പ് പാലുകു സെകുലി പറഞ്ഞു. നിരവധിയാളുകളാണ് കോംഗോയിൽ നിന്ന് ആക്രമണം ഭയന്ന് പാലായനം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.