സഭയ്ക്ക് നവീനമായ പ്രേഷിതചൈതന്യം പകർന്ന്, ഫിയാത്ത് മിഷന്റെ മൂന്നാമതു ജിജിഎം മിഷൻ കോണ്‍ഗ്രസിനു സമാപനം. ഇന്നലെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലുള്ള ദിവ്യബലിയോടെയാണു മിഷൻ കോണ്‍ഗ്രസിനു സമാപനമായത്.
ആർച്ച്ബിഷപ് ഡോ. തോമസ് മേനാംപറമ്പിൽ, ബിഷപ്പുമാരായ ഡോ. ഫെലിക്സ് ലിയാൻ ഖെൻ താങ്, ഡോ. ചാക്കോ തോട്ടുമാരിക്കൽ, ഡോ. ജോണ്‍ തോമസ് കതൃക്കുടിയിൽ, ഡോ. വിക്ടർ ലിംങ്ദോ തുടങ്ങിയവർ സഹകാർമ്മികരായി.
സമാപനദിനത്തിലും മിഷൻ എക്സിബിഷൻ സന്ദർശിക്കാൻ നിരവധി പേരെത്തി. ആഫ്രിക്കൻ മിഷനെക്കുറിച്ച് അറിവ് പകർന്ന് എത്യോപ്യയിൽ നിന്നുള്ള മിഷനറിമാർ ഒരുക്കിയ സ്റ്റാൾ ശ്രദ്ധേയമായി. മിഷൻ ധ്യാനം, വൈദികരുടെയും സന്യസ്തരുടെയും അല്മായരുടെയും സംഗമങ്ങൾ, വിവിധ വിഷയങ്ങളിൽ സിംപോസിയങ്ങൾ എന്നിവയും നെടുമ്പാശേരി സിയാൽ ഗോൾഫ് കോഴ്സ് സെന്ററിൽ നടന്ന മിഷൻ കോണ്‍ഗ്രസിൽ ഉണ്ടായിരുന്നു.
നാലാമത് അന്തർദേശീയ മിഷൻ കോണ്‍ഗ്രസ് 2020 ഏപ്രിൽ 22 മുതൽ 26 വരെ അങ്കമാലി ക്രൈസ്റ്റ് നഗറിൽ നടക്കുമെന്ന് മിഷൻ കോണ്‍ഗ്രസ് ചെയർമാൻ ബിഷപ് മാർ റാഫേൽ തട്ടിൽ അറിയിച്ചു.