മാലാഖമാര്‍ പാടിയ ഗാനത്തിന്റെ അര്‍ത്ഥം

ബെത്‌ലഹെമിലെ ഒരു കാലിത്തൊഴുത്തില്‍ മറിയം എന്ന കന്യകയിലൂടെ ദൈവം മനുഷ്യനായി ഭൂജാതനായി. പെട്ടെന്ന്, സ്വര്‍ഗീയസൈന്യത്തിന്റെ ഒരു വ്യൂഹം പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ടു പറഞ്ഞു: “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം.” സ്വര്‍ഗം ഭൂമിയിലിറങ്ങി വസിച്ച നിമിഷങ്ങളായിരുന്നു തിരുപ്പിറവിയുടെ സമയം.

മാലാഖവൃന്ദം പാടിയ കീര്‍ത്തനം രണ്ട് വലിയ ആത്മീയസത്യങ്ങള്‍ നമുക്ക് പറഞ്ഞുതരുന്നു. ഒന്ന്, ഈ തിരുപ്പിറവി ദൈവമഹത്വത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. എന്തെന്നാല്‍, നമുക്കൊരു ശിശു ജനിച്ചിരിക്കുന്നു. ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും (ഏശയ്യാ 9:6).

രണ്ട്, ഈ ദിവ്യപൈതലിലൂടെ ദൈവകൃപ മനുഷ്യമക്കളിലേയ്ക്ക് ഒഴുകും. ആ കൃപ സ്വീകരിക്കുന്നവര്‍ സമാധാനം അനുഭവിക്കുകയും ദൈവമക്കളുടെ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുകയും ചെയ്യും. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്കി (യോഹ. 1:12).

ഈ ക്രിസ്തുമസ് സമയം, പുല്‍ക്കൂട്ടില്‍ പിറന്നുവീണ രക്ഷകനായ യേശുവിന്റെ പരിശുദ്ധിക്കു മുമ്പില്‍, ദൈവത്വത്തിനു മുമ്പില്‍, സ്‌നേഹത്തിനു മുമ്പില്‍, മഹത്വത്തിനു മുമ്പില്‍ നമുക്ക് നമ്മുടെ അയോഗ്യതകള്‍ ഏറ്റുപറയാം, പശ്ചാത്തപിക്കാം. മാലാഖമാരോടൊത്ത് നമുക്കും പാടി പ്രാര്‍ത്ഥിക്കാം.. “അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം! ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം.”