തീരദേശത്തിനായി 3500 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കണമെന്നു പ്രധാന മന്ത്രിയോട് ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ 3500 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നു ലത്തീന്‍ സഭാ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരം, ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, മുന്‍ കുരതല്‍ സ്വീകരിക്കല്‍ തുടങ്ങി മത്സ്യത്തൊഴിലാളികള്‍ക്കായി ഇനി നടപ്പിലാക്കേണ്ട ക്ഷേമ പദ്ധതികള്‍ വിശദീകരിച്ചു കൊണ്ടാണ് നിവേദനത്തില്‍ പാക്കേജ് ആവശ്യപ്പെട്ടത്.

കേരള കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യത്തിന്റെ നേതൃത്വത്തിലുള്ള ലത്തീന്‍ സഭാസംഘം തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ടു നല്‍കിയ നിവേദനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ദുരന്തത്തില്‍ മരിച്ചവര്‍ക്കും കാണാതായവര്‍ക്കും രണ്ടു ലക്ഷം രൂപ നല്‍കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തുക പത്തു ലക്ഷമായി ഉയര്‍ത്തണം. ഇതിനായി സ്ഥിരമായ ഒരു നഷ്ടപരിഹാര ഫണ്ട് രൂപീകരിക്കണമെന്നും നിവേദനത്തിലുണ്ട്.

നേവി, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് സ്‌റ്റേഷനുകള്‍, മറൈന്‍ പോലീസ് തുടങ്ങിയ സ്ഥലങ്ങളില്‍ 30 ശതമാനം നിയമനങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നീക്കി വയ്ക്കണം. തീരഗ്രാമങ്ങളിലെ 6030 മത്സ്യത്തൊഴിലാളികളെ ചുഴലിക്കാറ്റ് നേരിട്ടു ബാധിച്ചതായും നിവേദനത്തില്‍ പറയുന്നു. ആര്‍ച്ച്ബിഷപിനൊപ്പം തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, വികാരി ജനറാള്‍ മോണ്‍. യൂജിന്‍ പെരേര, അതിരൂപത അല്മായ കമ്മീഷന്‍ ഡയറക്ടര്‍ ആര്‍ക്ക് ഏയ്ഞ്ചല്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.