കർദ്ദിനാൾ, മോൺസിഞ്ഞോർ, നയതന്ത്രജ്ഞൻ എന്നിവർ ചേർന്ന് നാസികളിൽ നിന്നും രക്ഷപ്പെടുത്തിയ ഒരു യഹൂദൻ

റോമിലെ നാസി പീഡനത്തിൽ നിന്നും കൗമാരക്കാരനായ ഒരു യഹൂദനെ രക്ഷിച്ചതിന് മൂന്ന് ഫ്രഞ്ച് കത്തോലിക്കർക്ക് മരണാനന്തര ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. ‘രാഷ്‌ട്രങ്ങൾക്കിടയിൽ നീതിയുള്ളവർ’ (Righteous Among the Nations) എന്ന മരണാനന്തര ബഹുമതിയാണ് ഇവർക്കു ലഭിച്ചത്.

1943 -1944 കാലഘട്ടത്തിലാണ് ഒരു ജീവൻ രക്ഷിക്കാൻ മൂന്നു പേർ ചേർന്ന് പരിശ്രമിച്ചത്. കർദ്ദിനാൾ യൂജിൻ ടിസെറന്റ്, റോമൻ കൂരിയയിലെ പ്രമുഖ വൈദികരിൽ ഒരാളായ മോൺസിഞ്ഞോർ ആന്ദ്രെ ബൊക്വിൻ, റോമിലെ സെന്റ് ലൂയിസ് ഓഫ് ഫ്രഞ്ചിന്റെ റെക്ടർ എന്നിവരാണ് ആ മൂന്നു വ്യക്തികൾ. റോമിലെ നാസി പീഡനത്തിൽ നിന്നും മിറോൺ ലെർനർ എന്ന യഹൂദ കൗമാരക്കാരനെ രക്ഷിച്ചതിനാണ് ഇവർക്ക് ബഹുമതി ലഭിച്ചത്.

ഒഡെസയിൽ നിന്നുള്ള യഹൂദ മാതാപിതാക്കൾക്ക് 1927 -ൽ പാരീസിൽ വച്ചാണ് മിറോൺ ലെർനർ ജനിച്ചത്. 1937-ൽ മാതാപിതാക്കളുടെ മരണത്തെ തുടർന്ന് അദ്ദേഹവും മൂത്ത സഹോദരി റിവ്കയും അനാഥരായി. സുരക്ഷ തേടി, 1941-ൽ റിവ്ക മിറോണിനെ പാരീസിലെ ഒരു അനാഥാലയത്തിൽ നിന്ന് ഫ്രീ സോണിലുള്ള മൊയ്സാക്കിലേക്ക് മാറ്റാൻ ശ്രമിച്ചു. ഈ യാത്രയ്ക്കിടെ ആക്രമണം ശക്തമായതിനെ തുടർന്ന് 1943 -ൽ റോമിൽ എത്തിച്ചേരുവാനേ ഇവർക്ക് സാധിച്ചുള്ളൂ.

പല ഘട്ടങ്ങളിലായി നടന്ന രക്ഷാപ്രവർത്തനം

അവിടെ അവർ കോൺവെന്റുകളിലും ഹോട്ടലുകളിലും പലരുടെ വീടുകളിലും മാറിമാറി താമസിച്ചു. അവിടെ വച്ചാണ് മിറോൺ ലെർനർ, കപ്പൂച്ചിൻ സന്യാസിയായ ഫാ. പിയറി-മാരി ബെനോയിട്ടിനെ കണ്ടുമുട്ടുന്നത്. ഒരു ജൂത റെസ്ക്യൂ ഓർഗനൈസേഷനായ ഡെലസെമിലെ പ്രവർത്തകരും ആ കപ്പൂച്ചിൻ ആശ്രമത്തിൽ താമസിച്ചിരുന്നു. ഫാ. പിയറി-മേരി ഇവരെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടുവാൻ കഴിയുന്നത്ര സഹായിച്ചു.

മിറോണിന്റെ അവസ്ഥ കർദ്ദിനാൾ ടിസറന്റിനെ അറിയിക്കുകയും ഉടൻ തന്നെ അദ്ദേഹത്തെ കാണാൻ തീരുമാനിക്കുകയും ചെയ്തു. താൻ യഹൂദനാണെന്ന് യുവാവ് കർദ്ദിനാളിനോട് പറഞ്ഞപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു: “അത് അപ്രസക്തമാണ്. എനിക്ക് നിനക്കായി എന്തുചെയ്യാൻ കഴിയും?”

കർദ്ദിനാൾ ടിസെറന്റ് അവനെ വത്തിക്കാനിലേക്ക് ഒളിച്ചുകടത്തി. തുടർന്ന് വത്തിക്കാനിലെ ഫ്രഞ്ച് പ്രതിനിധിയുടെ സെക്രട്ടറി ഫ്രാങ്കോയിസ് ഡി വിയലിനെ ഏൽപ്പിച്ചു. ചിലർ അവനെ കുറച്ചു ദിവസം വീട്ടിൽ ഒളിപ്പിച്ചു. തുടർന്ന് വത്തിക്കാനിലെ ഒരു കോൺവെന്റിൽ അഭയം നൽകി. സ്ഥിതി വഷളായപ്പോൾ, ബിഷപ്പ് ടിസറന്റ് അദ്ദേഹത്തെ 1944 മെയ് മാസത്തിൽ ഫ്രഞ്ചിലെ സെന്റ് ലൂയിസ് പള്ളിക്കു സമീപമുള്ള കോൺവെന്റിലേക്കു മാറ്റാൻ തീരുമാനിച്ചു. 1945 ജൂൺ വരെ മിറോൺ ലെർനർ അവിടെ തുടർന്നു.

യുദ്ധം അവസാനിച്ചതിനു ശേഷം മിറോൺ ലെർനർ കുറച്ചുകാലം റോമിൽ താമസിച്ചു. പിന്നീട് അദ്ദേഹം പാരീസിലേക്കു മടങ്ങി. അവിടെ സഹോദരിയുമായി വീണ്ടും കണ്ടുമുട്ടാൻ സാധിച്ചു. നാസി പീഡനകാലത്ത് ലെർനർ ഉൾപ്പെടെ നിരവധി യഹൂദരുടെ ജീവൻ രക്ഷിച്ച വ്യക്തിയാണ് കർദ്ദിനാൾ യൂജിൻ ടിസെറന്റ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.