കൊച്ചിയിലെ ഈശോ അഥവാ ജീസസ് ജാക്‌സൺ

മരിയ ജോസ്

അടുത്തത് ഒരു ചെറിയ സ്കിറ്റാണ്. അനൗൺസ്മെന്റിനു ശേഷം യുവജനങ്ങളാൽ തിങ്ങിനിറഞ്ഞ തൃശൂർ നിർമ്മലാ കോളേജിന്റെ ആ ഹാൾ നിശബ്ദമായി. ലൈറ്റുകൾ അണഞ്ഞു. എല്ലാവരുടെയും ശ്രദ്ധ സ്റ്റേജിന്റെ നടുക്കു തെളിഞ്ഞ നീല പ്രകാശത്തിലേയ്ക്ക് തിരിഞ്ഞു. അവിടെ ഒരു കുഞ്ഞിനെ താലോലിക്കുന്ന ഈശോ. തന്റെ മടിയിലിരുത്തി കുട്ടിയെ താലോലിച്ച്‌ ആശ്ലേഷിക്കുന്ന ഈശോ അവരുടെ കണ്ണുകളെ കീഴടക്കി. ഒരു നിമിഷത്തേയ്ക്കു കുട്ടികൾ പോലും സ്തബ്ധരായി. നീലക്കണ്ണുള്ള, നീണ്ട താടിയുള്ള, പാറിപ്പറക്കുന്ന ചെമ്പൻ മുടിയുള്ള ഈശോ! ചിത്രങ്ങളിലൂടെ അവർ കണ്ട ഈശോ തന്നെ! വിരലുകൾ ചൂണ്ടി ഈശോയിലേയ്ക്ക് അവർ കാഴ്ചയും കേൾവിയും മനസും ഹൃദയവും കൊണ്ടുവന്നു.

സ്കിറ്റ് കഴിഞ്ഞ മാത്രയിൽ ഒരു യുവാവ് ഓടി ആ ഈശോയുടെ പക്കലെത്തി. കാൽക്കൽ വീണു കരഞ്ഞു. ആ നിമിഷം അവിടെയുണ്ടായിരുന്ന അനേകം യുവതീ-യുവാക്കൾ കണ്ണീർ പൊഴിക്കുകയായിരുന്നു.

ഇത് ജാക്സൺ. വെറും ജാക്സൺ എന്നു പറഞ്ഞാൽ പോര. ‘ജീസസ് ജാക്സൺ’ എന്നു പറഞ്ഞാൽ, കൊച്ചിയിലെ ഏതു ഭാഗത്ത് വന്നുപെട്ടാലും അദ്ദേഹത്തിന്റെ പക്കൽ ആളുകൾ കൊണ്ടെത്തിക്കും. അത്രയ്ക്ക് സുപരിചിതനാണ് അദ്ദേഹം. കഴിഞ്ഞ 44 വർഷമായി ക്രിസ്തുവേഷത്തിലൂടെ അനേകരുടെ ജീവിതങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്ന ജീസസ് ജാക്സൺ തന്റെ ജീവിതം ലൈഫ് ഡേയുമായി പങ്കുവയ്ക്കുകയാണ്.

ക്രിസ്തുവിനെ പ്രതിഫലിപ്പിച്ച നീലക്കണ്ണുകൾ 

കൊച്ചിയിലെ നസ്രത്ത്‌ എന്ന സ്ഥലത്താണ് ജീസസ് ജാക്സൺ ജനിച്ചു വളർന്നത്. ജനിച്ചപ്പോൾ ‘വെറും ജാക്സൺ’ ആയിരുന്ന അദ്ദേഹത്തിൽ ക്രിസ്തുരൂപം ഒളിഞ്ഞുകിടക്കുന്നത് ആദ്യമായി കണ്ടെത്തിയത് അമ്മയുടെ ബന്ധുവായിരുന്നു. ഒരു മേയ്ക്കപ്പ് മാൻ  ആയിരുന്ന അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് നസ്രത്തിലെ ഹോളി ഫാമിലി ദേവാലയത്തിൽ ആദ്യമായി ജാക്സൺ ക്രിസ്തുവേഷം ധരിക്കുന്നത്. അന്ന് അധികമാരും ശ്രദ്ധിച്ചില്ല എങ്കിലും അമ്മാവൻ തലയിൽ കൈവച്ച്‌ അനുഗ്രഹിച്ചു – “നന്നായി വരും. ഞാൻ ഒരുക്കിയവരൊന്നും ഒരു നിലയിൽ ആകാതെ വന്നിട്ടില്ല.” ആ അനുഗ്രഹം പിന്നീട് യാഥാർത്ഥ്യമാവുകയായിരുന്നു.

പൊടിമീശ പോലും മുളയ്ക്കാത്ത പ്രായം. അന്നു കെട്ടിയ ഈശോവേഷത്തിന് അധികമാരെയും സ്വാധീനിക്കാൻ തക്ക ശക്തിയുണ്ടായിരുന്നില്ല. അത് ആളുകളിൽ നിന്നും പതിയെ മാഞ്ഞുതുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് അയൽവാസിയുടെ സഹായത്തോടെ ഒരു ടാബ്ലോയ്ക്കു വേണ്ടി ഈശോയുടെ വേഷം കെട്ടിയത്. അന്നു മുതലാണ് ‘ജീസസ് ജാക്സണി’ലേയ്ക്കുള്ള ‘വെറും ജാക്സന്റെ’ പ്രയാണം ആരംഭിക്കുന്നത്.

ചാപല്യങ്ങളിൽ നിന്ന് ദൈവം തിരഞ്ഞെടുത്ത ഉപകരണം

നസ്രത്തിൽ വളർന്ന ഈശോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർന്നു എന്നാണ് പറയുക. എന്നാൽ, കൊച്ചിയിലെ ഈശോ അങ്ങനെ ആയിരുന്നില്ല. ജീവിതം അടിച്ചുപൊളിക്കണം. അതു മാത്രമായിരുന്നു കുഞ്ഞുജാക്സന്റെ മുന്നിലുണ്ടായിരുന്ന ഏക ലക്ഷ്യം. അതിനാൽ തന്നെ കൂട്ടുകാരുമൊത്ത് ക്ലാസുകൾ കട്ട് ചെയ്തു കറങ്ങിനടക്കുന്ന ശീലം ആരംഭിച്ചു. അത് ഒടുവിൽ, പത്താം ക്ലാസിൽ പഠനം അവസാനിപ്പിക്കുന്ന നിലയിൽ എത്തിച്ചേർന്നു.

വിദ്യാഭ്യാസമാണ് മറ്റെല്ലാത്തിലും വലുതെന്ന് ഉപദേശിക്കുവാൻ ധാരാളം ആളുകളുണ്ടായിരുന്നുവെങ്കിലും പ്രായത്തിന്റെ ചോരത്തിളപ്പിൽ അതൊക്കെ പാഴ് ഉപദേശങ്ങളായേ ആ പതിനഞ്ചു വയസുകാരന് തോന്നിയിരുന്നുള്ളൂ. അങ്ങനെ ജീവിതം അടിച്ചുപൊളിച്ച്‌ മുന്നോട്ടുപോയി. ‘പൊളി’ ജീവിതത്തിന് കളർ കൂട്ടാനായി കള്ളും കഞ്ചാവുമൊക്കെ എത്തി. ജീവിതം മൊത്തം കുത്തഴിഞ്ഞ അവസ്ഥ. ആ അവസ്ഥയിലും കുരിശിൽ കിടന്ന് കർത്താവ് അവനെ വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ, കേൾക്കാൻ അവൻ ഒരുക്കമായിരുന്നില്ല എന്നു മാത്രം.

അതിനിടയിൽ മാതാപിതാക്കളോടുള്ള ദേഷ്യം മറ്റൊരു വഴിക്കും. എന്നാൽ, പിതാവിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ സ്നേഹം ജാക്സൺ മനസിലാക്കിയത്. ആ തിരിച്ചറിവ് ജാക്സണിൽ വല്ലാത്ത കുറ്റബോധം ഉളവാക്കി. ആ കുറ്റബോധത്തിൽ നിന്ന് ‘ഇനി ജീവിക്കണ്ട’ എന്നൊരു തോന്നലിലേയ്ക്ക് എത്താൻ ജാക്സണ് അധികസമയമൊന്നും വേണ്ടിവന്നില്ല. അങ്ങനെ, ‘ആത്മഹത്യ ചെയ്യാം’ പിന്നീട് അതായിരുന്നു ഉള്ളിൽ.

അങ്ങനെ ആത്മഹത്യ ചെയ്യാനൊരുങ്ങി. മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കളെ എല്ലാവരെയും കണ്ടു. തിരികെ കുടുംബത്തിലെത്തി. സ്ഥിരം അവിടെ നിന്നാണ് കുളിക്കുന്നത്. ജാക്സൺ കുടുംബവീട്ടിൽ എത്തിയപ്പോൾ അവിടെ ഒരുകൂട്ടം സ്ത്രീകൾ ഇരുന്ന് പ്രാർത്ഥിക്കുന്നതും സ്തുതിക്കുന്നതുമൊക്കെയാണ് കണ്ടത്. കുറച്ചുനേരം അവിടെ നോക്കിനിന്നു. കുളി കഴിഞ്ഞ് മടങ്ങാൻ നേരം അവിടെ ഒരു ചേച്ചി വഴി പ്രാർത്ഥനാ ഗ്രൂപ്പിലെ ലീഡർ ജാക്സണെ വിളിച്ചു. എന്നിട്ട് ചോദിച്ചു: “മോനേ, ഞാൻ നിന്റെ തലയിൽ കൈവച്ചു പ്രാർത്ഥിക്കട്ടെ?” കൊച്ചി സ്റ്റൈലിൽ ‘ഓ…’ എന്ന് സമ്മതം മൂളി.

ആ ചേച്ചി തലയിൽ കൈവച്ചു പ്രാർത്ഥിക്കുവാൻ തുടങ്ങി. പെട്ടന്ന് എന്തെന്നില്ലാത്ത ഒരു അനുഭൂതി ജാക്സന്റെ ഉള്ളിൽ നിറഞ്ഞു. അതുവരെ അലട്ടിയിരുന്ന നിരാശ, കുറ്റബോധം, മനസിലെ വലിയ ഭാരം ഒക്കെ അകന്ന് ഫ്രീ ആയപോലെ തോന്നി. പ്രാർത്ഥന കഴിഞ്ഞ് ‘മരിക്കാൻ പോകണം’ എന്നു ചിന്തിച്ചിരുന്ന ജാക്സൺ, ആ ചേച്ചിയോട് ചോദിച്ചു: “എനിക്ക് ധ്യാനിക്കാൻ പോണം. എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല. എന്നെ സഹായിക്കാമോ?” വെറും ജാക്സണിൽ നിന്ന് അർത്ഥപൂർണ്ണമായ ജീസസ് ജാക്സണിലേക്കുള്ള പരിവർത്തനം അവിടെ, ആ ചോദ്യത്തിൽ തുടങ്ങുകയായിരുന്നു.

പിന്നീട് ധ്യാനം കൂടി ദൈവവുമായി അടുത്ത് ഒരു ജീവിതത്തിലേയ്ക്ക് കടന്നുവന്നു. അപ്പോഴും ചില പ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. ആളുകളെ നോക്കാൻ, സംസാരിക്കാൻ, ഒരു വേദിയിൽ എന്തെങ്കിലും പറയാൻ… ഒക്കെ പേടി. ആ പേടിയുമായി ഒതുങ്ങിക്കൂടി നിൽക്കുന്ന സമയത്താണ് വിശുദ്ധ ഗ്രന്ഥം പള്ളിയിൽ വച്ച് വായിക്കണം എന്ന ആഗ്രഹം തോന്നിയത്. പക്ഷേ, ഭയം ആണ്. എന്തു ചെയ്യും? ഒരു ശ്രമം നടത്തിയെങ്കിലും ഗംഭീരമായി പാളിപ്പോയി. വളരെ സങ്കടത്തോടെ അന്ന് രാത്രി കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഒരു സ്വരം കേട്ടു: “എന്റെ ആലയത്തിൽ പോയി ബൈബിൾ വായിക്കുക.” പതിയെ എഴുന്നേറ്റു നോക്കി. ആരെയും കണ്ടില്ല. അതുകൊണ്ട് കിടന്നു. വീണ്ടും അതേ കാര്യം തന്നെ ആരോ പറയുന്നതായി കേട്ടു. ‘എന്നാൽ, തോന്നിയതാവും’ എന്നു കരുതി ഒന്നുകൂടെ ചുരുണ്ടു കിടന്ന ജാക്സണെ അങ്ങനെ വിടാൻ ദൈവം ഒരുക്കമായിരുന്നില്ല. മൂന്നാം തവണ ചന്തിക്കിട്ട് രണ്ടു-മൂന്നു അടി കൊടുത്തിട്ട് ആ അശരീരി പറഞ്ഞു: “നിന്നോടല്ലേ എന്റെ ആലയത്തിൽ പോയി ബൈബിൾ വായിക്കാൻ പറഞ്ഞത്.”  അടി കിട്ടിയ മാത്രയിൽ ജാക്സൺ ചാടിയെണീറ്റു. ദൈവമാണ് തന്നോട് സംസാരിക്കുന്നതെന്ന് അവന് മനസിലായി. വേഗം ഒരുങ്ങി പള്ളിയിലേയ്ക്ക് പോയി.

അവിടെ ചെന്ന് വിശുദ്ധ ഗ്രന്ഥം വായിച്ചു. ജീവിതത്തിൽ ആദ്യമായി തെറ്റു കൂടാതെ മലയാളം വായിച്ചു, പത്താം ക്ലാസിൽ പഠിപ്പു നിർത്തിയ ആ മനുഷ്യൻ. ആ സമയം വായന കേട്ടുകൊണ്ടിരുന്ന അനേകരിലേയ്ക്ക് ദൈവം തന്റെ ശക്തി അയച്ചു. ആ ഒരു ബൈബിൾ വായനയിലൂടെ അതുവരെ ജാക്സണെ അലട്ടിയിരുന്ന പേടി, സദസിനെ അഭിമുഖീകരിക്കാനുള്ള ഭയം എന്നിവയൊക്കെ പൂർണ്ണമായും ദൈവം എടുത്തുമാറ്റി.

ജീസസ് യൂത്തിലൂടെ ‘ജീസസ് ജാക്സനായി’  

മുമ്പുവരെ പല നാടകങ്ങളിലും നിശ്ചലദൃശ്യങ്ങളിലും ഈശോയുടെ വേഷം ധരിച്ചിട്ടുണ്ട് എങ്കിലും, ജാക്സണെ സംബന്ധിച്ചിടത്തോളം അതൊക്കെ വെറും നേരമ്പോക്കോ വരുമാനത്തിനുള്ള മാർഗ്ഗമോ മാത്രമായിരുന്നു. എന്നാൽ, താൻ കെട്ടുന്ന ഈശോയുടെ വേഷത്തിലൂടെ ദൈവം തന്നെ ഉപയോഗിക്കുകയാണ് എന്ന തിരിച്ചറിവുണ്ടായത് ജീസസ് യൂത്ത് എന്ന മൂവ്മെന്റിൽ വന്നതിനു ശേഷമായിരുന്നു.  കുറേ പിള്ളേർ കിടന്നു തുള്ളുന്നു. ആക്ഷൻ സോങ് ചെയ്യുന്നു. ഇടയ്ക്ക് സ്തുതിക്കുന്നു. സംഗതി ആദ്യമൊക്കെ അത്ര പന്തിയല്ല എന്ന് തോന്നിനിന്ന ജാക്സൺ, അപ്രതീക്ഷിതമായിട്ടാണെങ്കിലും ഈ മൂവ്മെന്റിന്റെ ഭാഗമായി മാറുവാൻ ദൈവം വഴിയൊരുക്കുകയായിരുന്നു. അങ്ങനെ ഓഡിയോ – വിഷ്വൽ മിനിസ്ട്രിയുടെ ഭാഗമായി മാറിക്കൊണ്ട് ക്രിസ്തുവിനെ പകരുവാനുള്ള അവസരം ജാക്സണ് ലഭിച്ചു. അവിടെ നിന്നായിരുന്നു ജീസസ് ജാക്സന്റെ ശരിയായ യാത്ര ആരംഭിക്കുന്നത്.

പിന്നീടുള്ള യാത്ര മുഴുവൻ ക്രിസ്തുവിനൊപ്പമായി, ക്രിസ്തുവിന്റെ യുവജനങ്ങൾക്കൊപ്പമായി. അവർക്കൊപ്പം ക്രിസ്തുവിനെ അവതരിപ്പിച്ചുകൊണ്ട്, സ്നേഹിക്കുന്ന ഈശോയേയും ഈശോയുടെ പീഡാനുഭവത്തേയും അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം നടത്തിയ സ്‌കിറ്റുകൾ അനേകം യുവജനങ്ങളെ മാറ്റത്തിന്റെ പാതയിലെത്തിച്ചു. അനേകരെ ക്രിസ്തുവിനായി നേടിയെടുത്തു. അനേകർക്കു മുന്നിൽ ക്രിസ്തുവായി, ജീവിതത്തിലേയ്ക്കുള്ള വഴികാട്ടിയായി.

അന്നുവരെ ക്രിസ്തുവായി അഭിനയിക്കാൻ ചുരുക്കം ചില വേദികൾ മാത്രം ലഭിച്ചിരുന്നുള്ളൂവെങ്കിൽ, ഓഡിയോ – വിഷ്വൽ മിനിസ്ട്രിയിലൂടെ ദൈവം ജാക്സണെ സാധ്യതകളുടെ ലോകത്തിലേയ്ക്ക് കൈപിടിച്ചു നടത്തി. സാധ്യതകളുടെ ലോകം എന്നാൽ, വലിയ സമ്പത്തോ പരിപാടികൾ കഴിഞ്ഞു ലഭിക്കുന്ന വലിയ പ്രതിഫലമോ ഒന്നുമല്ല. മറിച്ച്, തനിക്കായി അനേകരെ മാറ്റുന്നതിനുള്ള സാധ്യതകളുടെ ലോകമാണ് ദൈവം ജാക്‌സന്റെ മുന്നിൽ തുറന്നത്. ഇന്നും ഈശോ ആയി വേഷം ചെയ്യുമ്പോൾ, ജീസസ് യൂത്തിന്റെ ഭാഗമായി പരിപാടികൾ ചെയ്യുമ്പോൾ ഒരിക്കൽപ്പോലും അദ്ദേഹം പ്രതിഫലത്തെക്കുറിച്ച് ചിന്തിക്കാറില്ല. കാരണം, അത് തന്റെ ശുശ്രൂഷയാണ് എന്ന് അദ്ദേഹത്തിനറിയാം.

താനും ഭാര്യയും നാല് മക്കളും അടങ്ങുന്ന കുടുംബം പോറ്റാൻ പെയിന്റിങ്ങിലൂടെയാണ് അദ്ദേഹം വരുമാനം കണ്ടെത്തുന്നത്. എങ്കിൽ തന്നെയും ഒരു കുറവും വരുത്താതെ ദൈവം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തേയും സംരക്ഷിച്ചുപോരുന്നു.

ശരീരഭാഷയുടെ സുവിശേഷവുമായി യുവജനങ്ങൾക്കിടയിൽ

‘മുജേ ഏക് ഓട്ടോഗ്രാഫ് ദീജിയെ’ ഹിന്ദി കേട്ടതും ഈശോ സ്ഥലം വീടാനുള്ള പണി നോക്കിത്തുടങ്ങി. എന്നാൽ ഓട്ടോഗ്രാഫ് വാങ്ങിക്കാൻ വന്നവരും അഭിനന്ദിക്കാൻ വന്നവരും അദ്ദേഹത്തെ വിടാൻ ഒരുക്കമായിരുന്നില്ല. തങ്ങളുടെ മുന്നിൽ ഈശോയായി അഭിനയിച്ച, ഹൃദയം കവർന്ന ആളെ അഭിനന്ദിക്കാതെ എങ്ങനെ വിടും? പക്ഷെ, നമ്മുടെ ഈശോയ്ക്കുണ്ടോ ഇംഗ്ലീഷിലും ഹിന്ദിയിലും പരിജ്ഞാനം.

“കണ്ടാൽ ഒരു സായിപ്പിനെപ്പോലെ തോന്നും. അതുകൊണ്ടു തന്നെ പരിപാടി കഴിഞ്ഞു ചറപറാ ഇംഗ്ലീഷുമായി പലരും അടുത്തുവരും. അതോടെ എന്റെ പിടിവിടും. വേറൊന്നും കൊണ്ടല്ല. മലയാളം അല്ലാതെ വേറൊന്നും അറിയാൻ പാടില്ലാത്തതു കൊണ്ടാണ്” – ജാക്സൺ തമാശരൂപേണ പറഞ്ഞു. ശരിയാണ് പത്താം ക്ലാസ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചതാണ്. അന്ന് വിദ്യാഭ്യാസത്തിന്റെ വില അറിഞ്ഞിരുന്നില്ല. എന്നാൽ, പിന്നീട് ഒരുപാട് ആഗ്രഹിച്ചു, പഠിക്കണമെന്ന്; കോളേജ് കാണണമെന്ന്. വഴിയില്ലായിരുന്നു അന്ന്. എന്നാൽ, ഇന്ന് മലയാളം മാത്രം അറിയാവുന്ന, ഇംഗ്ലീഷോ ഹിന്ദിയോ അറിയാത്ത ഈ ജാക്സൺ ഇന്ത്യയിലെ ഒട്ടുമിക്ക കോളേജുകളിലും കയറിയിറങ്ങി, ക്രിസ്തുവിനായി. അവിടെയൊക്കെ ദൈവം തന്ന അഭിനയമികവ്, തന്റെ ശരീരഭാഷ അതിലൂടെ ദൈവത്തെ പ്രഘോഷിക്കുകയായിരുന്നു ജാക്സൺ. സംസാരിക്കാനറിയില്ല എങ്കിലും ഓരോ സ്ഥലത്തെയും യുവജനങ്ങൾക്കൊപ്പം പരിപാടി ചെയ്യും.

ഈശോയെക്കുറിച്ച് ഒരു പ്രസംഗം നടത്തുന്നതിനേക്കാൾ വലിയ അനുഭവം പകരുവാൻ അഞ്ചോ പത്തോ മിനിറ്റ് നീണ്ടുനിൽക്കുന്ന ഒരു സ്കിറ്റിന് കഴിയും; കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ജാക്സണ് ഇത്ര ഉറപ്പ്. പരിപാടി കഴിഞ്ഞു കാറിനിലവിളിച്ച്‌ പല കുട്ടികളും ജാക്സന്റെ കാലിൽ വീണ അനുഭവങ്ങളുണ്ട്. സ്റ്റേജിൽ കണ്ട പീഡാനുഭവരംഗങ്ങൾ അനേകം ആൾക്കാരെ മാറ്റിമറിച്ചിട്ടുണ്ട്. കള്ളും കഞ്ചാവുമൊക്കെയായി ധ്യാനങ്ങൾ ഉഴപ്പാൻ വന്ന അനേകം കുട്ടികളുടെ ജീവിതത്തിൽ, ജീസസ് ജാക്സണിലൂടെ ദൈവം അത്ഭുതകരമായി ഇടപെട്ടിട്ടുണ്ട്. പിന്നീടുള്ള അവരുടെ ജീവിതം കണ്ട ജാക്സൺ ദൈവത്തിന്റെ മുന്നിൽ മുട്ടുകുത്തി ഒരായിരം നന്ദി പറഞ്ഞിട്ടുണ്ട്. ചുരുക്കത്തിൽ ജാക്സണിലൂടെ ദൈവം അനേകം യുവജനങ്ങളെ തന്നിലേയ്ക്ക് അടുപ്പിക്കുകയായിരുന്നു. അതിനായി ഉപയോഗിക്കുകയായിരുന്നു.

ഇനി യുവജനങ്ങളെ മാത്രമല്ല, മുതിർന്നവരുടെയും അനുഭവങ്ങൾ വേറിട്ടതല്ല. ഒരിക്കൽ എയർപോർട്ടിൽ നിന്ന ജാക്സൺ, തന്നെ അന്ധാളിപ്പോടെ നോക്കുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ കണ്ടു. പേരും മറ്റു വിവരങ്ങളും തിരക്കിയ ശേഷം ആ ഉദ്യോഗസ്ഥൻ പറഞ്ഞു: “താൻ വരുന്നത് കണ്ടപ്പോൾ ഈശോ അടുത്തേയ്ക്കു വരുന്നതുപോലെ അനുഭവപ്പെട്ടു” എന്ന്. ഈ കാര്യം അനേകം ആളുകളിൽ നിന്നും ജാക്സൺ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ, തന്നെ ഒരു ഉപകരണമാക്കിയതിന് ദൈവത്തിനു നന്ദി പറയും ഈ ജീസസ് ജാക്സണ്‍.

പ്രാര്‍ത്ഥനയും പ്രലോഭനങ്ങളും

ആദ്യമൊക്കെ വെറും നേരമ്പോക്കോ മറ്റോ ആയിരുന്നു ഈ ക്രിസ്തുവേഷം എങ്കില്‍ പിന്നീട് വളരെ പ്രാര്‍ത്ഥിച്ച്‌ ഒരുങ്ങിയാണ് ഓരോ വേഷവും ചെയ്തത്. ക്രിസ്തുവിനെ അനുകരിക്കുന്ന തന്നില്‍, അതിനു തക്ക യോഗ്യതയും ഒരുക്കവും ഉണ്ടായിരിക്കണമെന്ന ബോധ്യമാണ് അതിനു പിന്നില്‍. ഓരോ തവണയും ഈശോയുടെ വേഷം ചെയ്യുന്നതിന് മുമ്പ് ഉപവസിച്ചു പ്രാര്‍ത്ഥിച്ച്‌ ഒരുങ്ങും. തങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും യുവജനങ്ങളില്‍ വലിയ പരിവര്‍ത്തനം ഉണ്ടാക്കണമെങ്കില്‍ ദൈവത്തിന്റെ ശക്തി, സാന്നിധ്യം അവിടേയ്ക്ക് ഒഴുകണം. അതിനായി കഠിനമായ പ്രാര്‍ത്ഥനയോടെയാണ് ഇവര്‍ തയ്യാറെടുക്കുക. ഒപ്പംതന്നെ, സ്റ്റേജില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ ആ പരിപാടിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുന്ന അനേകം ആളുകളുണ്ട്. എല്ലാവരും ചേര്‍ന്ന് വലിയ ഒരു പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തിലാണ് ഓരോ തവണയും ക്രിസ്തുവായി ജാക്സന്‍ സ്റ്റേജില്‍ കയറുന്നത്.

‘സംഭവം ഒക്കെ കാണുമ്പോ ഈസിയാല്ലേ? എന്നാല്‍, സ്റ്റേജിലെ അഭിനയം അത്ര ഈസിയല്ലാട്ടോ’ ജാക്സന്‍ കൂട്ടിച്ചേര്‍ത്തു. കാരണം, അഭിനയത്തിനിടെ ധാരാളം തവണ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടായിട്ടുണ്ട്. എങ്കിലും അതൊക്കെ കര്‍ത്താവിന്റെ സഹനത്തോട് ചേര്‍ത്തുവച്ച് മുന്നോട്ടു പോവുകയാണ് ഈ യേശുവേഷധാരി. അപകടത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് ജാക്സന്‍ തന്റെ ജീവിതത്തിലെ അത്ഭുതകരമായ ഒരു അനുഭവം പങ്കുവെച്ചത്. ഒരിക്കല്‍ പെയിന്റിംഗ് പണിക്കിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീഴുവാന്‍ ഇടയായി. മരണത്തെ മുഖാമുഖം കണ്ട നിമിഷം. തലയ്ക്ക് താഴോട്ട് കാര്യമായ പരിക്കില്ല എങ്കിലും കിട്ടിയത് മൊത്തം തലക്കായിരുന്നു. തലയോട്ടിയൊക്കെ പൊടിഞ്ഞ അവസ്ഥയിലാണ് ആശുപത്രില്‍ എത്തുന്നത്. പ്രതീക്ഷയ്ക്ക് വകുപ്പില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴും മഹാനായ ഡോക്ടറിന്റെ ജീവന്റെ പുസ്തകകത്തില്‍ നിന്നും ആ പേര് മായിച്ചുകളയാന്‍ ദൈവം തയ്യാറായിരുന്നില്ല. അന്ന് പെന്തക്കോസുകാർ പോലും പറഞ്ഞു: ‘അവന്‍ ദൈവത്തിന്റെ വേഷം കേട്ടുന്നവനാ. അവന്‍ മരിക്കില്ല. ജീവിതത്തിലേയ്ക്ക് തിരികെവരും’ എന്ന്. ഒടുവില്‍ അതു തന്നെ സംഭവിച്ചു.

എന്നാൽ അപ്പോഴാണ് തന്റെ ജീവിതത്തില്‍, കരുതുന്ന ഒരു ദൈവത്തെ ജാക്സന്‍ കൂടുതല്‍ അടുത്തറിയുന്നത്. കാരണം, വെറും അഞ്ഞൂറ് രൂപ മാത്രമാണ്‌ ആശുപത്രിയില്‍ പോകുമ്പോള്‍ ജാക്സന്റെ കയ്യിലുണ്ടായിരുന്നത്. എന്നാൽ ലക്ഷങ്ങളോളം രൂപ ചിലവു വരുന്ന ചികിത്സയില്‍, അന്നുവരെ കാണാത്ത ആളുകള്‍ സഹായവുമായെത്തി. ചോദിക്കാതെ സഹായം നല്‍കി മടങ്ങിയവര്‍, പ്രാര്‍ത്ഥിക്കുന്നുണ്ട് എന്നു പറഞ്ഞു വീട്ടുകാരെ ധൈര്യപ്പെടുത്തിയവര്‍, അനേകം സ്ഥലങ്ങളില്‍ ഇരുന്നു പ്രാര്‍ത്ഥിച്ചവര്‍… ദൈവത്തിന്റെ ഇടനിലക്കാരായി വര്‍ത്തിച്ച അനേകരിലൂടെ ജാക്സന്‍ ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. അവിടം കൊണ്ടും തന്റെ ക്രിസ്തുവേഷം അവസാനിപ്പിക്കുവാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ദൈവം, കൂടുതല്‍ ചെയ്യിക്കാനായി തന്നെ ഒരുക്കുകയായിരുന്നു എന്ന് ജാക്സന്‍ വെളിപ്പെടുത്തുന്നു.

ബിഗ്‌ സ്ക്രീനിലേയ്ക്കും

നാടകങ്ങളില്‍ മാത്രമല്ല, നിരവധി സിനിമകളിലും ജാക്സൺ വേഷമിട്ടിട്ടുണ്ട്. ചാർളി, ജയിംസ് ആൻഡ് ആലീസ്, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, വീരം തുടങ്ങിയ സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത ജാക്സൺ, ‘ലാംപ് ഓഫ് ഗോഡ്’ എന്ന ഡോക്യൂമെന്ററിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി ഒരു സിനിമ അണിയറയിൽ ഒരുങ്ങുകയാണ്. വൈകാതെ തന്നെ ആ സിനിമയിൽ ഒരു നല്ല കഥാപത്രത്തെ അവതരിപ്പിക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് ജാക്സൺ.

തന്റെ ജീവിതത്തെ ഏതാണ്ട് മനസിലാകുന്ന ഭാഷയിൽ ജാക്സൺ ചേട്ടൻ പറഞ്ഞുനിർത്തി. അപ്പോൾ ദേവാലയമണി മുഴങ്ങുന്ന ശബ്ദം കേട്ടു. സമയം പന്ത്രണ്ട്. തന്നെ വളർത്തിയ, ദൈവത്തോട് അടുപ്പിച്ച ഇടവക ദേവാലയത്തിന്റെ മുറ്റത്തിരുന്നാണ് ഒന്നര മണിക്കൂർ അദ്ദേഹം സംസാരിച്ചത്. സംഭാഷണം അവസാനഘട്ടത്തിലാണ് എന്നു തോന്നിയപ്പോൾ അദ്ദേഹം ചോദിച്ചു: ‘ഇനി എന്തെങ്കിലും..?’ ‘ഇനി എന്താണ്? ഒരു ജീവിതം മുഴുവൻ പറഞ്ഞു കഴിഞ്ഞിരിക്കുന്നു. ഒരു ചോദ്യം കൂടെയുണ്ട്.’ ‘എന്താ? അത് ചോദിച്ചോളൂ’ അങ്ങേത്തലയ്ക്കൽ നിന്ന് മറുപടി കിട്ടി. ആ ധൈര്യത്തിൽ ഞാൻ ചോദിച്ചു: ‘ചേട്ടന്റെ പ്രായം?’ വലിയ ഒരു ചിരിയുടെ അകമ്പടിയോടെ ഉത്തരം പെട്ടന്നു തന്നെ കിട്ടി. “അത് ഞാൻ പറയില്ല.”

എന്തു തന്നെ ആണെങ്കിലും വീണ്ടും കണ്ടുമുട്ടാം എന്ന ആശംസയോടെ ആ ദൈർഘ്യമേറിയ സംഭാഷണം അവസാനിപ്പിച്ച് ജീസസ് ജാക്സൺ ദേവാലയത്തിന്റെ ശാന്തതയിലേയ്ക്ക് മടങ്ങി…

മരിയ ജോസ്