കത്തോലിക്കാ സഭയില്‍ മാത്രമാണ് ദിവ്യകാരുണ്യത്തെ ദര്‍ശിക്കുവാന്‍ കഴിഞ്ഞത്: യുവതിയുടെ സാക്ഷ്യം

    ദിവ്യകരുണ്യം ആണ് എന്നെ കത്തോലിക്കാ സഭയിലേയ്ക്ക് നയിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സ്വിറ്റ്സര്‍ലന്‍ഡ് സ്വദേശിയായ എലീസ് അമേസ്-ദ്രോസ്‌. ഇവാഞ്ചലിക്കല്‍ സഭയില്‍ അംഗമായി യുവത്വത്തില്‍ വളര്‍ന്നുവന്ന എലീസിന് ഒരിക്കല്‍പ്പോലും താന്‍, ചെറുപ്പത്തില്‍ വളര്‍ന്ന വിശ്വാസത്തെ ഉപേക്ഷിക്കണം എന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല.

    പഠനത്തിന്റെ തിരക്കുകളിലേയ്ക്ക് കടന്ന എലീസിന് ഇടയ്ക്കെപ്പഴോ തന്റെ ജീവിതത്തിന് ഒരു അര്‍ത്ഥമില്ലാത്തതു പോലെ തോന്നിത്തുടങ്ങി. പ്രത്യേകിച്ച് ഒരു ഉപയോഗവുമില്ലാതെ ജീവിക്കുന്നു എന്നു തോന്നിയ നിമിഷം മുതല്‍ തന്റെ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടം ആരംഭിക്കുകയായിരുന്നു എന്ന് എലീസ പറയുന്നു. അങ്ങനെയിരിക്കെയാണ് ഒരു ദിവസം വി. കുര്‍ബനയ്ക്കായി പോകുന്ന ഒരു സുഹൃത്തിനെ കണ്ടുമുട്ടിയത്. ആ സുഹൃത്തിനൊപ്പം വി. കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ അവള്‍ തീരുമാനിച്ചു. അത് അവളുടെ ആദ്യത്തെ വി. കുര്‍ബാന ആയിരുന്നു. ചുമ്മാ ഒന്ന് പോയിനോക്കാം എന്നു കരുതി ഇറങ്ങിയ അവള്‍ക്ക് അത് വലിയൊരു അനുഭവമായി മാറി. ആ സുഹൃത്തിനൊപ്പം അവള്‍ കഴിയുന്ന സമയത്തൊക്കെ ബലിയില്‍ പങ്കെടുക്കുവാന്‍ തുടങ്ങി.

    കൂടാതെ, കത്തോലിക്കാ വിശ്വാസത്തെക്കുറിച്ചുള്ള തന്റെ സംശയങ്ങള്‍ ദുരീകരിക്കുവാനും ആ സുഹൃത്തിന്റെ സഹായം തേടി. പിന്നീട് വാഷിംഗ്‌ടണില്‍ എത്തിയ അവള്‍ക്ക് നിരവധി കത്തോലിക്കാ സുഹൃത്തുക്കളെ ലഭിച്ചു. അവള്‍ അവരുടെ ജീവിതത്തെ നിരീക്ഷിക്കുകയായിരുന്നു. അവര്‍ ആഴമായ വിശ്വാസമുള്ളവരും പ്രതിഫലം കൂടാതെ നിരവധിയാളുകളെ സഹായിക്കുന്നവരുമായിരുന്നു. അവരുടെ ജീവിതം കൂടുതല്‍ സന്തോഷപ്രദമായിരിക്കുന്നതായി അവള്‍ക്ക് കാണുവാന്‍ കഴിഞ്ഞു.

    അവരുടെ സന്തോഷത്തിന്റെ കാരണം തേടിയുള്ള യാത്ര ചെന്നവസാനിച്ചത്‌ കത്തോലിക്കാ സഭയെക്കുറിച്ച് കൂടുതല്‍ പഠിക്കുക എന്ന തീരുമാനത്തിലേയ്ക്കാണ്. അതിനായുള്ള പ്രത്യേക പരിപാടിയില്‍ ചേര്‍ന്ന എലീസ, ദേവലയങ്ങളിലൂടെ ഒരു യാത്ര നടത്തി. വിശുദ്ധരുടെ പുസ്തകങ്ങള്‍ വായിച്ചുകൂട്ടി. അതൊക്കെ അവളെ ആഴമായ വിശ്വാസത്തിലേയ്ക്ക് നയിക്കുകയായിരുന്നു. വി. കൊച്ചുത്രേസ്യയുടെ ജീവിതം അവളെ ആഴത്തില്‍ സ്പര്‍ശിച്ചു. ഇത്ര ചെറുപ്രായത്തില്‍ ഇത്രയധികം വിശുദ്ധിയില്‍ ജീവിക്കുവാന്‍ കഴിഞ്ഞ ആ കൊച്ചുവിശുദ്ധയെ അവള്‍ മാതൃകയാക്കി.

    ഒപ്പംതന്നെ കത്തോലിക്കാ വിശ്വസത്തിലേയ്ക്ക് അവളെ നയിക്കുവാന്‍ കാരണമായത് മറ്റു രണ്ട് പ്രധാനഘടകങ്ങളായിരുന്നു. ഒന്ന് വി. കുര്‍ബാനയും മറ്റൊന്ന് കുമ്പസാരവും. കത്തോലിക്കാ സഭയില്‍ മാത്രമാണ് വി. കുര്‍ബന എന്ന ഏറ്റവും വലിയ അത്ഭുതം തനിക്ക് കാണുവാന്‍ സാധിച്ചതെന്നും അതാണ് തന്നെ ഈ വിശ്വാസത്തിലേയ്ക്ക് ആകര്‍ഷിച്ചതെന്നും എലീസ വെളിപ്പെടുത്തുന്നു. ഇന്ന് വി. കുര്‍ബാനയിലൂടെ മനുഷ്യര്‍ക്കൊപ്പം വസിക്കുന്ന ദൈവത്തിനായി ജീവിക്കുകയാണ് എലീസ.