തന്റെ പ്രാണനായവനെ കുരിശിനെ പ്രണയിക്കാൻ പഠിപ്പിച്ച പെൺകുട്ടി

വിവാഹം. വളരെയേറെ പ്രതീക്ഷയോടെ യുവാക്കൾ ഉറ്റുനോക്കുന്ന ഒരു ജീവിതാന്തസാണ്. തങ്ങളുടെ ജീവിതത്തിൽ താങ്ങും തണലും ആകുവാൻ ഒരാൾ കടന്നെത്തുന്ന ആ ദിനത്തെ ഏറെ പ്രതീക്ഷയുടെയും സന്തോഷത്തോടെയും ആണ് അവർ കാത്തിരിക്കുക. റയാൻ കോൾബി എന്ന യുവാവിന്റെ ജീവിതവും മറിച്ചായിരുന്നില്ല. ബ്രെ പേയ്ട്ടൻ എന്ന പെൺകുട്ടിയോടൊപ്പം ഉള്ള ജീവിതം സ്വപ്നം കണ്ട ദിനങ്ങൾ… വിവാഹം എന്ന കൂദാശയിലൂടെ അവർ ഒന്നാകാൻ കാത്തിരുന്നു.

എന്നാൽ വിധി മറ്റൊന്നായിരുന്നു.  2018 ഡിസംബർ 28. അന്നായിരുന്നു റയാൻ കോൾബിയുടെ ജീവിതത്തെ പിടിച്ചുലച്ച സംഭവം. താൻ വിവാഹം കഴിക്കാൻ നിശ്ചയിച്ചിരുന്ന പെൺകുട്ടി ബ്രെ പേയ്ട്ടൻന്റെ ആകസ്മിക മരണം! മരിക്കുമ്പോൾ വെറും 26 വയസുമാത്രമേ അവൾക്ക് ഉണ്ടായിരുന്നുളളൂ. ആ ദിവസങ്ങളിലെ തൻ്റെ അനുഭവത്തെക്കുറിച്ചു റയാൻ കോൾബി പറയുന്നു.”ബ്രെ മരിക്കുമ്പോൾ എന്റെ തന്നെ ഒരു ഭാഗം അടർന്നു വീണ അവസ്ഥയായിരുന്നു എനിക്കുണ്ടായിരുന്നത്. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. അപ്പോഴാണ് ഒരു  ദിവസം അവൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ ആണെന്ന വിവരം കേൾക്കുന്നത്.” റയാൻ കോൾബി ആ ദിവസങ്ങളിലെ തൻ്റെ അനുഭവത്തെക്കുറിച്ച് പറയുന്നു.

ആശുപത്രിയിൽ ആയ ശേഷം രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ബ്രെ മരിച്ചു. ജേർണലിസ്റ്റായിരുന്ന അവൾ നല്ലൊരു മകളും ഒരു സഹോദരിയും നല്ലൊരു എഴുത്തുകാരിയും ആയിരുന്നു. എല്ലാറ്റിനുമുപരി അവൾ ഒരു വിശ്വസ്തയായ സുഹൃത്തും ക്രിസ്തുവിനെ വളരെയധികം സ്നേഹിച്ചിരുന്നവളും ആയിരുന്നു. വെറും 26 വയസ് മാത്രമുള്ളപ്പോഴത്തെ അവളുടെ വേർപാടിൽ ഞാൻ അനുഭവിച്ച വേദന ശത്രുക്കൾ ആയവർക്ക് പോലും ഉണ്ടാകരുത് എന്ന് ഞാൻ ഇന്നും ആഗ്രഹിക്കുന്നു. എന്നെ സംബന്ധിച്ച് ആ വേർപാട് കടുത്ത വേദന ഉളവാക്കുന്നതായിരുന്നു. റയാൻ പറയുന്നു.

ആ മരണത്തോടെ നഷ്ട്ടപ്പെട്ട ജീവിതത്തിന്റെ ഒരു ഭാഗം വീണ്ടും കൂട്ടിച്ചേർക്കപ്പെടുന്നത് സുവിശേഷത്തിൽ കണ്ടെത്തിയ കുരിശിന്റെ പാതയിലൂടെ ആണ്. ആ കുരിശിനെക്കുറിച്ച് എന്നോട് പറഞ്ഞത് ബ്രെ ആയിരുന്നു. വലിയ ഒറ്റപ്പെടൽ, ഉത്കണ്ഠ, ആശയക്കുഴപ്പം, സംശയം ഇവയെല്ലാം അദ്ദേഹത്തെ ആ കാലഘട്ടത്തിൽ വല്ലാതെ അലട്ടി. അദ്ദേഹത്തിൽ ആത്മീയ മനുഷ്യനും ലൗകീക മനുഷ്യനും തമ്മിൽ വലിയ വിലപേശൽ തന്നെ ആ കാലഘട്ടത്തിൽ നടന്നു. മറുഭാഗത്ത് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ എല്ലാമാണ് ആ മരണത്തോടെ തകർന്നടിഞ്ഞു ഇല്ലാതായത്. അവരുടെ വിവാഹം, കുട്ടികൾ, ഒന്നിച്ചുള്ള ജീവിതം, വാർദ്ധക്യം, പേരക്കുട്ടികൾ, ജീവിതത്തിന്റെ അവസാന നിമിഷം വരെ അവളോടൊത്തുള്ള ജീവിതം. ഇതെല്ലാം സ്വപ്നം കണ്ട അദ്ദേഹത്തിന് അതെല്ലാം ഒരു നിമിഷം കൊണ്ടാണ് നഷ്ടമായത്.

ബ്രെയുമായി റയാൻ നടത്തിയ അവസാന സംഭാഷണം ഇങ്ങനെ ആയിരുന്നു. മൂന്ന് വർഷം മുൻപ് ആദ്യമായി അവർ തമ്മിൽ കണ്ടുമുട്ടിയ ദിവസം മുതൽ അവരുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നതിനെക്കുറിച്ചായിരുന്നു. ആ സംസാരത്തിന്റെ അവസാനം അവൾ പറഞ്ഞത് കുരിശിനെക്കുറിച്ചായിരുന്നു. “കുരിശ് ഒരു തിരഞ്ഞെടുപ്പിന്റെ അടയാളമാണ്. ഏത് പാതയാണ് ജീവിതത്തിൽ തിരഞ്ഞെടുക്കേണ്ടത് എന്നത് തീരുമാനിക്കാൻ നമ്മെ സഹായിക്കുന്ന ഒരു അടയാളമാണ് എന്നതിനെക്കുറിച്ച്. നല്ലതിലേയ്ക്കും മോശമായതിലേക്കും പോകുവാനുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടത് നാം ഓരോരുത്തരുമാണ്. ഒന്നുകിൽ ക്രിസ്തുവിനെയും അവന്റെ സഹനങ്ങളെയും സ്വീകരിക്കുക, അല്ലെങ്കിൽ നാശത്തിന്റെ പാതയിലൂടെ സഞ്ചരിക്കുക. എന്താണ് ഞാൻ തെരഞ്ഞെടുക്കേണ്ട പാത എന്ന് തീരുമാനിക്കേണ്ടത് ഓരോരുത്തരും വ്യക്തിപരമായാണ്.” ബ്രെ പറഞ്ഞു നിർത്തി.

റയാൻ പറയുന്നു: ആ വേദനയുടെ നിമിഷം ക്രിസ്തുവിലേക്കുള്ള പാതയാണ് ഞാൻ തിരഞ്ഞെടുത്തത്. എന്റെ വേദനകളിലും സഹനങ്ങളിലും ക്രിസ്തു എന്നെ സഹായിക്കാനായി വന്നില്ല. എന്നാൽ എന്നെ വിശുദ്ധീകരിക്കുവാൻ ക്രിസ്തു എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ബ്രെ വിശ്വാസത്തിന്റെ ശക്തയായ ഒരു പ്രഘോഷകയായിരുന്നു. അവൾ സഹനങ്ങൾ മാറി പോകാനല്ല എന്നെ പഠിപ്പിച്ചിട്ട് കടന്നു പോയത്. സഹനങ്ങളെ ആത്മ വിശ്വാസത്തോടെ എങ്ങനെ തരണം ചെയ്യണമെന്ന് പഠിപ്പിക്കുന്നു. ഇന്നും പ്രതീക്ഷയോടെ ജീവിക്കുവാൻ ബ്രെ ആണ് എന്നെ പഠിപ്പിച്ചത്. എനിക്കറിയാം, ശൂന്യമായ കല്ലറ നിരാശയിലേക്കല്ല നമ്മെ നയിക്കുന്നത്, ക്രിസ്തു ഉയർത്തു എന്ന പ്രത്യാശയിലേക്കാണ്. റയാൻ പറഞ്ഞു നിർത്തി.