കൊറോണ വൈറസിനെതിരെ പോരാടുന്ന ഈ ചൈനീസ് ആശുപത്രിക്കും അവകാശപ്പെടാനുണ്ട് കത്തോലിക്കാ പാരമ്പര്യം

ചൈനയിലെ വുഹാൻ നഗരം. ലോകം ഭയപ്പെട്ട കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട സ്ഥലം. അനേകം ആളുകൾ രോഗബാധിതരായി മരിച്ചുവീണു. ചൈന അവരെക്കൊണ്ട് ചെയ്യാൻ കഴിയുന്ന ചികിത്സകളൊക്കെയും ലഭ്യമാക്കി. കൊറോണ വൈറസിനെതിരെ ആദ്യമായി ചികിത്സ ആരംഭിച്ച കമ്മ്യൂണിസ്റ് ഭരണകൂടമായ ചൈനയിലെ ആശുപത്രി ഒരു കത്തോലിക്കാ മിഷനറിയുടെ സ്മരണാർത്ഥം സ്ഥാപിച്ചതാണ്.

പകർച്ചവ്യാധികൾക്കായുള്ള വുഹാൻ ജിൻ‌യിന്റാൻ ഹോസ്പിറ്റൽ 1926-ലാണ് സ്ഥാപിച്ചത്. ഫാ. മെയ് മെമ്മോറിയൽ കാത്തലിക് ഹോസ്പിറ്റൽ എന്നാണ് ഈ ആശുപത്രി അറിയപ്പെട്ടിരുന്നത്. ഫാ. പാസ്കൽ ഏഞ്ചെ (ഏഞ്ചലിക്കസ്) മെലോട്ടോ എന്നായിരുന്നു ആ മിഷനറിയുടെ യഥാർത്ഥ പേര്. ഈ പേര് ചൈനീസ് ഭാഷയിൽ മെയ് എന്ന് വിളിക്കപ്പെട്ടു.

1902-ൽ ചൈനയിൽ എത്തിയ അദ്ദേഹം ചൈനയിലെ ജനങ്ങളുടെയിടയിൽ സുവിശേഷമൂല്യങ്ങൾ പകർന്നുകൊടുക്കുവാൻ ശ്രമിച്ചു. 1923-ൽ മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് ആയുധധാരികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി. രക്ഷിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊല്ലുകയായിരുന്നു. ചൈനയിലെ ജനങ്ങൾക്കായി മരിക്കുവാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷവാനായിരുന്നു. ഈ മഹാമിഷനറിയുടെ സ്മരണാർത്ഥമാണ് ആശുപത്രി പണികഴിപ്പിച്ചത്.